TopTop
Begin typing your search above and press return to search.

ഒളിംപിക്സ് ഇനി ഇവര്‍ക്ക് വിലക്കപ്പെട്ട കനിയല്ല; മദ്ധ്യപൂര്‍വേഷ്യന്‍ വനിതാ താരങ്ങളുടെ ജീവിതം

ഒളിംപിക്സ് ഇനി ഇവര്‍ക്ക് വിലക്കപ്പെട്ട കനിയല്ല; മദ്ധ്യപൂര്‍വേഷ്യന്‍ വനിതാ താരങ്ങളുടെ ജീവിതം

ചക്ക് കള്‍പെപ്പര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

മുന്‍ജനാലയിലൂടെ ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തെ നോക്കി ഈ കോഫിഹൗസിലിരിക്കുന്നത് മറ്റൊരു അഗ്രഗാമിയാണ്. ഇരുപത്തിയാറുകാരിയായ അറബ് മുസ്ലിം വെയ്റ്റ് ലിഫ്റ്റര്‍. ശബ്ദത്തില്‍ പ്രസരിപ്പും തലയില്‍ ഹിജാബുമുള്ള വനിത. റിയോ ഡി ജനീറോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ദേശീയടീമില്‍ താന്‍ അംഗമാകുമെന്ന് കുറച്ചുകാലം മുന്‍പുവരെ ആംന അല്‍ ഹദാദ് വിശ്വസിച്ചിരുന്നില്ല. വനിതാ കായികതാരങ്ങള്‍ എന്ന ആശയം മദ്ധ്യപൂര്‍വേഷ്യയില്‍ പതിയെ വേരോടുകയാണ്.

'അത് ചുരുളഴിയുന്നത് ഞാന്‍ കാണുകയാണ്,' അവര്‍ പറഞ്ഞു. ഏഴു രാജ്യങ്ങളില്‍നിന്നുള്ള 20 കായികതാരങ്ങളും പരിശീലകരും ഇത് ശരിവയ്ക്കുന്നു. മദ്ധ്യപൂര്‍വേഷ്യയില്‍ വനിതാ കായികതാരങ്ങളുടെ എണ്ണം കൂടിവരികയാണ്. ഒളിംപിക് നിലവാരത്തിനൊപ്പമെത്താന്‍ അവര്‍ക്കു മുന്നില്‍ പ്രതിബന്ധങ്ങള്‍ ഏറെയാണെങ്കിലും. വനിതകളുടെ ജീവിതം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച സാംസ്‌കാരിക മാനദണ്ഡങ്ങള്‍ തന്നെയാണ് തടസങ്ങളില്‍ പ്രധാനം.

നാലുവര്‍ഷം മുന്‍പ് ലണ്ടന്‍ ഒളിംപിക്‌സില്‍ സൗദി അറേബ്യ, ഖത്തര്‍, ബ്രൂണൈ എന്നിവര്‍ വനിതാ അറ്റ്‌ലറ്റുകളെ അയയ്ക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും അവസാനമെത്തിയവരായി. മദ്ധ്യപൂര്‍വേഷ്യയിലെ 16 മുസ്ലിം രാജ്യങ്ങള്‍ ലണ്ടന്‍ ഒളിംപിക്‌സിലേയ്ക്കയച്ചത് 158 വനിതകളെയാണ്. 37 പേരെ അയച്ച ഈജിപ്റ്റാണ് മുന്നില്‍. 1912 മുതല്‍ ഈജിപ്റ്റ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്.

മദ്ധ്യപൂര്‍വേഷ്യയ്ക്കു പുറത്ത് അള്‍ജീരിയ വോളീബോള്‍ ടീം ഉള്‍പ്പെടെ 21 വനിതാ കായിക താരങ്ങളെയാണ് അയച്ചത്. മൊറോക്കോ 18 പേരെയും. ടുണീഷ്യയുടെ ഹബീബ ഘ്രിബി 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ വെള്ളി നേടി രാജ്യത്തിന്റെ ആദ്യ വനിതാ മെഡല്‍ ജേതാവായി.

ഓഗസ്റ്റ് ആറിനാരംഭിക്കുന്ന റിയോ ഒളിംപിക്‌സില്‍ ഈ കണക്കുകള്‍ വീണ്ടും കൂടിയേക്കും. ഒരു തലമുറ മുന്‍പുവരെ വനിതകള്‍ കായികരംഗത്തെത്തുന്നത് വിലക്കുകയും നിരുല്‍സാഹപ്പെടുത്തുകയും ചെയ്തിരുന്ന പ്രദേശത്തെ സംബന്ധിച്ച് ഇത് കാര്യമായ പുരോഗതിയാണ്.

'ഇത് ചിലതിന്റെയൊക്കെ പിറവിയാണ്,' അബു ദാബിയിലെ ആറുവര്‍ഷം പ്രായമുള്ള ഫാത്തിമ ബിന്‍ മുബാറക് ലേഡീസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ വക്താവ് ഫാത്തിമ അദ്വാന്‍ പറയുന്നു. കായികരംഗത്ത് വനിതാ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ സ്ഥാപനമാണ് അക്കാദമി. ആഴ്ച തോറും അക്കാദമി സംഘടിപ്പിക്കുന്ന വര്‍ക്ക് ഔട്ടുകളില്‍ 1,300 വനിതകളാണു പങ്കെടുക്കുന്നത്.

'എന്തിനെയെങ്കിലും ഇല്ലാതാക്കാനല്ല ഞങ്ങളുടെ ശ്രമം,' അദ്വാന്‍ പറയുന്നു. ' സംസ്‌കാരം എന്താണോ അതുതന്നെയാണ്. അത് മനോഹരമായ സംസ്‌കാരവുമാണ്. കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ സംസ്‌കാരത്തിനു വിരുദ്ധമായി പെരുമാറേണ്ടതില്ല എന്നാണ് ഞങ്ങള്‍ പറയുന്നത്.'പ്രദേശത്തെ വനിതാ കായികതാരങ്ങള്‍ക്ക് ചൂള പോലുള്ള മനസാണ്. ആംന അല്‍ ഹദ്ദാദിനെ (അഞ്ചടി രണ്ടിഞ്ച്)പ്പോലെ ശരാശരിയെക്കാള്‍ ഉയരം കുറഞ്ഞവരാണെങ്കിലും എതിരാളിയോടുള്ള തുടര്‍ച്ചയായ ആക്രമണം പോലെയാണ് അവരുടെ സംസാരം. ഒരിക്കല്‍ നീണ്ടൊരു ഉത്തരത്തിന്റെ അവസാനം ഇങ്ങനെയായിരുന്നു: 'ഇപ്പോഴെന്താണു പറയുന്നതെന്ന് എനിക്കറിയില്ല. എന്നോട് ഒരു ചോദ്യം ചോദിക്കൂ.' ഉത്കര്‍ഷേച്ഛുക്കള്‍ മുതല്‍ വിനോദത്തിനായി കായികരംഗത്തെത്തുന്നവര്‍ വരെ ഇവരില്‍ മിക്കവാറും എല്ലാവര്‍ക്കും സര്‍ക്കാര്‍ പിന്തുണയുണ്ട്. പലപ്പോഴും അവര്‍ ചിന്തകളെ പുനരുജ്ജീവിപ്പിച്ചവരും സാമൂഹിക മാദ്ധ്യമങ്ങളിലെ വിമര്‍ശകരെ അവഗണിച്ചവരും വീടുകളെ മാറ്റിമറിച്ചവരുമാണ്.

'ഈ വീട്ടില്‍ എല്ലാവരെയും ആംന കായികപ്രേമികളാക്കി,' ആറു മക്കളുടെ അമ്മയായ അമീര ബുഡെബ്‌സ് പറയുന്നു. രണ്ടാമത്തെ മകളാണ് ആംന. ഇപ്പോള്‍ അവരുടെ വിശാലമായ വീട്ടിലെ സ്‌റ്റോറേജ് മുറി ഒരു ജിമ്മാണ്. സ്‌ക്വാറ്റ് റാക്കും സില്‍വര്‍ ബാര്‍ബെല്ലുമുള്ള പരിശീലന മുറി. ഇവിടെയാണ് ആംന പാട്ടുകേട്ട് വിശ്രമിക്കുന്നത്.

പൂന്തോട്ട കമ്പനി നടത്തുന്ന മുന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് എക്‌സിക്യൂട്ടിവ് സല്‍മാന്‍ അല്‍ ഹദ്ദാദാണ് ആംനയുടെ പിതാവ്. ജിമ്മില്‍ പോകുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്ത വനിതകളുടെ തലമുറയില്‍പ്പെട്ട ആംനയുടെ അമ്മ ഇപ്പോള്‍ ആഴ്ചയില്‍ മൂന്നുതവണ ജിമ്മിലെത്തുന്നു. 'എനിക്ക് സൂംബ ഡാന്‍സിങ് ഇഷ്ടമാണ്.'

അവരുടെ മകള്‍ സ്‌റ്റോര്‍ റൂമില്‍നിന്ന് സീയോള്‍, അക്രോണ്‍, ഓഹിയോ, താഷ്‌കെന്റ്, ഉസ്‌ബെക്കിസ്ഥാന്‍ എന്നിങ്ങനെ യാത്ര തുടങ്ങിക്കഴിഞ്ഞു.

2012ല്‍ സീയോളില്‍ നടന്ന ഒരു ക്രോസ്ഫിറ്റ് മല്‍സരത്തില്‍ തലമറച്ചു പങ്കെടുത്ത ഏക അത്‌ലറ്റ് ആംന ഹദ്ദാദ് മാത്രമായിരുന്നു. ഒരു ക്യാമറ ക്രൂ പിന്തുടരുക, അപരിചിതര്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുക, അഭിനന്ദിക്കുക എല്ലാം ആംനയ്ക്ക് ആദ്യ അനുഭവമായിരുന്നു.

വെയ്റ്റിലിഫ്റ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2015ല്‍ അക്രോണില്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ച ആംന പാചകം ചെയ്യാനും അലക്കാനും വൈ ഫൈ ബില്‍ അടയ്ക്കാനും പഠിച്ചു. മദ്ധ്യപൂര്‍വേഷ്യക്കാരിയായ ഒരു വനിതയെ സംബന്ധിച്ച് വളരെ അപൂര്‍വമായിരുന്നു ഇതെല്ലാം.

2016 ഏപ്രില്‍. താഷ്‌കെന്റില്‍ ഏഷ്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാനെത്തിയ ആംന ചൈനീസ് ടീമിന്റെ പ്രകടനം കണ്ട് അതിശയിച്ചു. തല മൂടി വരുന്ന കായികതാരങ്ങളുടെ എണ്ണം കൂടി വരുന്നതുകണ്ട് സന്തോഷിച്ചു. പാക്കിസ്ഥാനിലെ ആദ്യവനിത കുല്‍സൂം അബ്ദുല്ല, ഇറാക്ക് ടീം, തായ്‌ലന്‍ഡില്‍നിന്നുള്ള ഒരാള്‍. ആംനയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ടീമില്‍ ഏഴു വനിതകള്‍, മൂന്നു പുരുഷന്മാര്‍, ചില മിടുക്കരായ പെണ്‍കുട്ടികള്‍ എന്നിവരാണു മല്‍സരിച്ചത്. ഒളിംപിക് യോഗ്യതയുടെ രണ്ടുപോയിന്റിനുള്ളില്‍ വന്ന ടീം മുന്നിലുള്ള ടീമുകളുടെ ഡ്രഗ് ടെസ്റ്റ് ഫലം കാത്തിരുന്നു.

ആ 10 ദിവസങ്ങള്‍ക്കുള്ളില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനുള്ളിലെ സ്റ്റെയല്‍വെല്ലില്‍ സൗദി അറേബ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് സിംസിം ആംനയെ കണ്ടുമുട്ടി. 'നിങ്ങള്‍ നന്നായി ചെയ്യുന്നു. നിങ്ങളുടെ പെരുമാറ്റം വളരെ പ്രസിദ്ധമാണ്. ഒരുപക്ഷേ ഒരിക്കല്‍ സൗദിക്ക് വനിതാ വെയ്റ്റ് ലിഫ്റ്റിങ് ടീമുണ്ടാകും. അന്ന് നിങ്ങള്‍ക്ക് അവിടെ പരിശീലകയാകാം,' സിംസിം ഇങ്ങനെ പറഞ്ഞതായി ആംന ഓര്‍മിക്കുന്നു.


ആംന അല്‍ ഹദാദ്

യാഥാസ്ഥിതികരായ അയല്‍രാജ്യങ്ങളെക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികരാണ് സൗദിയെന്നാണു കരുതപ്പെടുന്നത്. എന്നിട്ടും ഇങ്ങനെയുള്ള ചിന്തയാണ് ഔദ്യോഗികതലത്തിലുള്ളത് എന്നത് ആശാവഹമാണ്. സിംസിമുമായുള്ള സംഭാഷണം തനിക്കു മറക്കാനാകില്ലെന്ന് ആംന പറയുന്നു.

കായികരംഗം കൊണ്ടുവരുന്ന സാമൂഹികമാറ്റങ്ങള്‍ പലയിടത്തും കാണാന്‍ കഴിഞ്ഞതായി ആംന പറയുന്നു. മൂന്നുവര്‍ഷം തുടര്‍ച്ചയായി (2013 -15) കൊളംബസില്‍ മല്‍സരിക്കുമ്പോള്‍ 'അവള്‍ തല മറച്ചിരിക്കുന്നു. എങ്കിലും മല്‍സരിക്കുന്നു. നാം വിചാരിക്കുന്നത്ര അടിച്ചമര്‍ത്തപ്പെട്ടവരാകില്ല അവര്‍,' എന്നതാണ് അമേരിക്കയില്‍ കാണികളിലുണ്ടായ ചിന്ത. തല മറച്ച് മല്‍സരിക്കാനിറങ്ങിയ കുവൈറ്റി ക്രോസ്ഫിറ്റ് താരം, ആളുകളുടെ തുറിച്ചുനോട്ടത്തെ അവഗണിച്ച് ജിമ്മില്‍ പോകുന്നതു തുടര്‍ന്ന പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നുള്ള ഒരു വനിത, ഭാര്യമാരെ ഒപ്പം കായികരംഗത്തേക്കു കൂട്ടിയ സൗദി പുരുഷന്മാര്‍ ഇവരൊക്കെ ആംനയ്ക്കു നന്ദി പറയുന്നു.

പൈറോ ദിമാസ്, വലേറിയോ ലിയോനിദിസ് തുടങ്ങിയ വെയ്റ്റ് ലിഫ്റ്റിങ് താരങ്ങളെ ആംന പരിചയപ്പെട്ടുകഴിഞ്ഞു. 2015 ജനുവരിയിലെ കോസ്‌മോ പൊളിറ്റന്റെ മുഖചിത്രത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഏഴ് വനിതാ വെയ്റ്റിലിഫ്റ്റര്‍മാര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടു. യുഎഇയില്‍നിന്ന് നൈക്കി സ്‌പോണ്‍സര്‍ ചെയ്യുന്ന കായികതാരമാണു താന്‍ എന്നതില്‍ അവര്‍ അഭിമാനിക്കുന്നു.

ആന്റി ഡിപ്രസന്റുകളില്‍ ആശ്രയം കണ്ടെത്തിയിരുന്ന പത്തൊമ്പതുകാരിയായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ഏഴുവര്‍ഷത്തെ യാത്രയാണ് ആംന പൂര്‍ത്തിയാക്കുന്നത്. ഇക്കാര്യം തുറന്നുപറയാന്‍ ആംനയ്ക്കു മടിയില്ല. ദുബായിലെ സാഫാ പാര്‍ക്കില്‍ നടക്കുമ്പോഴാണ് മരുന്നുകളുടെ അടിമത്തം ഉപേക്ഷിക്കാന്‍ ആംന തീരുമാനിച്ചത്. ഒറ്റയടിക്ക് മരുന്നുകള്‍ നിര്‍ത്തുന്നത് ആശാസ്യമല്ലെങ്കിലും അങ്ങനെ ചെയ്ത് പകരം 'ഫിറ്റ്‌നസ് ജങ്കി'യാകാനായിരുന്നു ആംനയുടെ തീരുമാനം. ശരീരത്തിന്റെ ശക്തി കൂട്ടുന്നത് കൊഴുപ്പിനെ കുറയ്ക്കുമെന്നു കണ്ടെത്തിയ ആംന ആ ശക്തിയെ വെയ്റ്റ് ലിഫ്റ്റിങ്ങിലേക്കു തിരിച്ചുവിടുകയായിരുന്നു.

'വെയ്റ്റ്‌ലിഫ്റ്റിങ് വളരെ ഇച്ഛാഭംഗമുണ്ടാക്കുന്ന ഒരു കായിക ഇനമാണ്. ആ ഇച്ഛാഭംഗത്തെ നേരിട്ടാണ് ആ കായിക ഇനത്തിനൊപ്പം ഞാന്‍ വളര്‍ന്നത്. എനിക്കു ക്ഷമാശക്തി കൂടി. രംഗം വിടാതിരിക്കാന്‍ ഞാന്‍ പഠിച്ചു. ഞാന്‍ പൊതുവേ ദേഷ്യസ്വഭാവമുള്ളയാളാണ്. എന്നാല്‍ വെയ്റ്റ് ലിഫ്റ്റിങ് എന്നെ ശാന്തയാക്കി. എങ്ങനെയെന്ന് എനിക്കറിയില്ല.'

മല്‍സര കാലം കഴിയുമ്പോള്‍ ആംനയുടെ നടുവ് നിലവിളിക്കുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പു നല്‍കിയിട്ടും അവര്‍ രംഗം വിട്ടില്ല. മേയില്‍ അനങ്ങാകാത്ത അവസ്ഥയിലെത്തിയപ്പോള്‍ ആറാഴ്ചത്തെ വിശ്രമം ഉപദേശിച്ചു ഡോക്ടര്‍. സാഫാ പാര്‍ക്കിലെ നടത്തത്തിനുശേഷം ആംനയുടെ ഏറ്റവും ദീര്‍ഘമായ വിശ്രമകാലമായിരിക്കും ഇത്.

തന്റെ പദ്ധതികളെക്കുറിച്ച് അമ്മയോടു പറഞ്ഞപ്പോഴത്തെ പ്രതികരണം ഇതായിരുന്നു: 'ഒരിക്കലും പറ്റില്ല. നിനക്ക് നമ്മുടെ സംസ്‌കാരം അറിയാമല്ലോ. ആളുകള്‍ ഇത് വളരെ വിചിത്രമെന്നു കരുതും'. 'ലക്ഷ്യബോധവും മനഃശക്തിയും കൊണ്ട് ആംന അതു നേടി. എന്നെ സംബന്ധിച്ച് അത് വിചിത്രമായിരുന്നു. അവള്‍ മനസുമാറ്റണമെന്നു ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ സ്വയം ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ടു വിശ്വസിപ്പിക്കുന്നയാളാണ് ആംന', ബുഡെബ്‌സ് പറഞ്ഞു.

രക്ഷിതാക്കളുടെ സമാനമായ വെളിപ്പെടുത്തലുകളാല്‍ നിറഞ്ഞതാണ് ഈ പ്രദേശം.


സാറാ ലാരി

അബുദാബിയില്‍ കഴിഞ്ഞ ദശകത്തിന്റെ പകുതിയില്‍ ഒരു പതിനൊന്നുകാരി ' ഐസ് പ്രിന്‍സസ് ' എന്ന ചലച്ചിത്രം കണ്ട് സ്‌കേറ്റ്‌സ് വാങ്ങാന്‍ തീരുമാനിച്ചു. അബദ്ധത്തില്‍ വാങ്ങിയത് ഹോക്കി സ്‌കേറ്റ്‌സായിരുന്നു. അബുദാബിയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സ്‌കേറ്റിങ് തുടങ്ങിയ സാറാ ലാരി പെട്ടെന്നുതന്നെ അവിടത്തെ പ്രധാനിയായി. മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാറയുടെ പിതാവ് ഫഥേല്‍ പറയും വരെ. സാറയുടെ അമ്മ റുഖിയ കൊച്‌റാന്‍ അത് ഓര്‍മിക്കുന്നു.

എന്നാല്‍ ദുബായില്‍ നടന്ന ഒരു സ്‌കേറ്റിങ് മല്‍സരം കാണാന്‍ കുടുംബത്തെ കൊണ്ടുപോകാന്‍ ഫഥേല്‍ തയാറായി. പരിശീലനം തുടര്‍ന്നിരുന്നെങ്കില്‍ സാറയ്ക്കും ഇതില്‍ പങ്കെടുക്കാമായിരുന്നു. പരിശീലനം തുടര്‍ന്നിരുന്ന സുഹൃത്തുക്കളെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു മല്‍സരത്തില്‍ സാറയുടെ സന്തോഷം. 'സാറയുടെ ആഹ്ളാദം ഫഥേലിന്റെ ഹൃദയം തകര്‍ത്തു. അവള്‍ മറ്റുള്ളവരെ പ്രോല്‍സാഹിപ്പിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള ദുഃഖം പ്രകടമായിരുന്നു. അതുകണ്ട പിതാവ് വീണ്ടും അവളെ സ്‌കേറ്റിങ് തുടരാന്‍ അനുവദിച്ചു.'

ഇരുപത്തിയൊന്നുകാരിയായ സാറ രണ്ടു സഹോദരന്മാരുടെയും പിതാവിന്റെയും പിന്തുണയിലാണ് കരുത്തുനേടുന്നത്. ' ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ പറയുന്നത് അദ്ദേഹം അവഗണിച്ചു. 'നിനക്കിഷ്ടമുള്ളത് നീ ചെയ്യുന്നു. അത് തെറ്റായ കാര്യവുമല്ല.' ആര് എന്തു പറഞ്ഞാലും അദ്ദേഹം അത് അവഗണിക്കുന്നു. അവര്‍ പറയുന്നതില്‍ കാര്യമില്ലെന്ന് എന്നോടു പറയുന്നു. 'ഞാനാണ് നിന്റെ പിതാവ്. നീ ചെയ്യുന്നതു തെറ്റായിരുന്നെങ്കില്‍ ഞാന്‍ നിന്നെ അതിന് അനുവദിക്കുമായിരുന്നില്ല' എന്നാണ് അദ്ദേഹം പറയുക,' സാറ പറയുന്നു.

അങ്ങനെ അബുദാബിക്കു തൊട്ടടുത്തുള്ള താമസസ്ഥലത്തെ വീട്ടില്‍ ഈ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി പുലര്‍ച്ചെ നാലുമണിക്ക് അലാം കേട്ടുണരുന്നു. പലതവണ വീണ്ടും ഉറങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നു. പിന്നെ 2018ലെ വിന്റര്‍ ഒളിംപിക്‌സിനെപ്പറ്റി ചിന്തിച്ച് നാലരയോടെ എണീറ്റ് ഐസ് റിങ്കിലേക്കു പോകുന്നു.

കായികരംഗത്തിന് അടിയുറച്ച പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍ പോലും ചിലപ്പോള്‍ മക്കളില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നു. 2004, 2008 വര്‍ഷങ്ങളില്‍ ബഹറൈനുവേണ്ടി ട്രയാത്‌ലണില്‍ പങ്കെടുത്ത സമീറ അല്‍ ബിട്ടറിന്റെ മാതാപിതാക്കളായ സെയ്ദ് അല്‍ ബിട്ടറും റാനിയ ദാലൗലും അവരില്‍പ്പെട്ടവരാണ്. നീന്തല്‍ മല്‍സരത്തില്‍ നീന്തല്‍ വേഷം ഉപയോഗിക്കുന്നതിനെപ്പറ്റി ഒരു പ്രാദേശിക പത്രത്തിലെ കോളമെഴുത്തുകാരന്‍ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ അത് അവഗണിക്കാന്‍ സമീറയ്ക്കു ധൈര്യം കൊടുത്തത് മാതാപിതാക്കളാണ്. 'അവളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കു പ്രേരണയായത് പരിശീലനത്തോടുള്ള അവളുടെ സമര്‍പ്പണവും സ്ഥിരതയുമാണ്.'

അബുദാബി ലോക പ്രഫഷനല്‍ ജിയു ജിറ്റ്‌സു ചാംപ്യന്‍ഷിപ്പില്‍ പുരുഷ, വനിതാ താരങ്ങള്‍ അടുത്തടുത്ത മാറ്റുകളില്‍ മല്‍സരിക്കവേ ലബനീസ് - സിറിയന്‍ പരിശീലകനായ ഖാലിദ് വാലിദ് മെരൈ മദ്ധ്യപൂര്‍വേഷ്യന്‍ വനിതകളുടെ പങ്കാളിത്തത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു: 'തലമുറകള്‍ മാറുന്നതനുസരിച്ച് മാറ്റം വന്നുകൊണ്ടേയിരിക്കും.'

15 യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ഇന്റര്‍ കൊളീജിയറ്റ് മല്‍സരങ്ങളില്‍ 550 പുരുഷന്മാരും 450 സ്ത്രീകളും പങ്കെടുക്കാറുണ്ടെന്നും അവരില്‍ 90 ശതമാനവും പ്രദേശവാസികളായ വനിതകളാണെന്നും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, അബുദാബിയിലെ അത്‌ലറ്റിക്‌സ് ഡയറക്ടര്‍ പീറ്റര്‍ ഡൈസ് പറയുന്നു. എല്ലാവരും - കളിക്കാരും പരിശീലകരും റഫറിമാരും സഹായികളും കാഴ്ചക്കാരും - വനിതകളായ വേദികളില്‍ അവര്‍ ഷോര്‍ട്‌സിട്ട് ഫുട്‌ബോള്‍ കളിക്കുന്നു. മുന്‍പ് കരുതിയിരുന്നതിനു വിപരീതമായി കായികരംഗത്തിന് അവരുടെ പഠനത്തെ സഹായിക്കാനാകുമെന്ന് വനിതകള്‍ കണ്ടെത്തിക്കഴിഞ്ഞു.

കായികരംഗത്തുള്ള മറ്റുള്ളവരെപ്പോലെ ആംന അല്‍ ഹദ്ദാദും നേരിടേണ്ടിവരുന്ന തടസങ്ങളെപ്പറ്റി പറയുന്നു. സമപ്രായക്കാരില്‍ നിന്നു മാറിനില്‍ക്കേണ്ടിവരുന്നതാണ് അതിലൊന്ന്. എല്ലാവരും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന സംസ്‌കാരത്തില്‍ 'വളരെ സുരക്ഷിതനായ' ഒരാളാകണം തന്നെ വിവാഹം കഴിക്കുന്നതെന്നാണ് ആംനയുടെ ആഗ്രഹം. 'ഞാന്‍ എന്റെ കാര്യങ്ങള്‍ സ്വയം നോക്കുന്നയാളാണ്. എന്തു ചെയ്യണമെന്നോ എന്തു ചെയ്യരുതെന്നോ എന്നോടു പറയാന്‍ ആര്‍ക്കുമാകില്ല.'

കാര്യങ്ങള്‍ വൈകി ചെയ്തുതുടങ്ങിയത് കൂടുതല്‍ വെല്ലുവിളികളും കൂടുതല്‍ പോരാട്ടങ്ങളും കൊണ്ടുവന്നു. 'ഞാന്‍ ആഗ്രഹിച്ചതുപോലെയല്ല പലപ്പോഴും എന്റെ ശരീരം പ്രതികരിച്ചത്. വയസ് കൂടുന്തോറും പഠനം ബുദ്ധിമുട്ടാകും. കുറച്ചുവര്‍ഷം മുന്‍പ് ഞാന്‍ ചെയ്തിരുന്നതുവച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് അതില്‍ത്തന്നെ ഒരു നേട്ടമാണ്.'

മറഞ്ഞിരുന്നു വിമര്‍ശിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് എപ്പോഴും ഒരു പ്രശ്‌നമാണ്. 'തല മറച്ച ഒരു സ്ത്രീ മല്‍സരത്തിനിറങ്ങുമ്പോള്‍ വിമര്‍ശിക്കാന്‍ സൗകര്യമാണ്. അത് വളരെ സാധാരണമല്ല. ചിലര്‍ക്ക് അത് നന്നായി കാണാനാകില്ല. അതുകൊണ്ട് എനിക്ക് വളരെയധികം മോശം കമന്റുകള്‍ കിട്ടുന്നു. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ഇത്തരം അഭിപ്രായങ്ങള്‍ക്കു വില കൊടുക്കാറില്ല. നല്ലതായാലും ചീത്തയായാലും. ഞാന്‍ ആരാണെന്നും എന്തു ചെയ്യാനാണു വന്നിരിക്കുന്നതെന്നും എനിക്കറിയാം. പിന്തുണയ്ക്കുന്നവരെ ഞാന്‍ ശ്ലാഘിക്കുന്നു. എതിര്‍ക്കുന്നവര്‍ എന്നെ സംബന്ധിച്ച് നിലനില്‍ക്കുന്നേയില്ല.'

എന്നാല്‍ വിമര്‍ശനം കുടുംബത്തിനുള്ളില്‍നിന്നാകുമ്പോള്‍ അത് പ്രതിബന്ധമാകുന്നു. 'കായിക ഇനങ്ങളെ സ്‌നേഹിക്കുകയും കുടുംബാംഗങ്ങള്‍ എന്തുപറയും എന്നു കരുതി പിന്മാറുകയും ചെയ്യുന്നവരെ എനിക്കറിയാം. ഞാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിനെക്കാള്‍, സ്‌നാച്ചിനെക്കാള്‍, ടോട്ടലിനെക്കാള്‍ മേലെയാണ്. എന്നോടു പലപ്പോഴും ആളുകള്‍ ചോദിക്കുന്നു, നിങ്ങള്‍ക്ക് എത്ര ഭാരം ഉയര്‍ത്താനാകും? എന്റെ മറുപടി ഇതാണ്: ഞാന്‍ ഒരു രാഷ്ട്രത്തെ ഉയര്‍ത്തുന്നു.'

മുന്നിലുണ്ടായിരുന്ന മൂന്നു ടീമുകള്‍ ഡോപ്പിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ യുഎഇ ടീം ഒളിംപിക്‌സിനു യോഗ്യത നേടി. മല്‍സരഫലങ്ങള്‍ അനുസരിച്ച് ഐഷ അല്‍ ബലൂഷിയാകും റിയോയില്‍ ടീമിനെ പ്രതിനിധാനം ചെയ്യുക. 'ഇതിന്റെ ഭാഗമായതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ഞാനാണ് ഇതു ചെയ്തതെന്ന് എനിക്കു പറയാനാകും,'' ആംന അല്‍ ഹദ്ദാദ് പറയുന്നു.

ഒരു തലമുറമുന്‍പ് ജോര്‍ദാന്‍ സര്‍വകലാശാലയില്‍ ചേരുക വഴി മാമൂലുകള്‍ തെറ്റിച്ച മറ്റൊരു വനിത മേയില്‍ അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ മുന്‍നിരയിലിരുന്നു. അവിടെ വിദ്യാര്‍ത്ഥികളോടും പ്രഫസര്‍മാരോടും ഉദ്യോഗസ്ഥരോടും സംസാരിക്കുന്നത് അമീര ബുഡെബ്‌സിന്റെ മകളാണ്. ആംന പൊതുവേദിയില്‍ സംസാരിക്കുന്നത് ബുഡെബ്‌സ് ഇതിനു മുന്‍പ് കേട്ടിട്ടുണ്ടായിരുന്നില്ല.

ഒരു മണിക്കൂറോളം തന്റെ വിഡീയോകള്‍ കാണിച്ചും പ്രോല്‍സാഹനജനകമായ വാക്കുകള്‍ പറഞ്ഞും ആംന സദസിനോടു സംസാരിച്ചു. ' ഞാന്‍ ഇവിടെ വരെയെത്താനുള്ള കാരണം ഞാന്‍ എന്നോടൊഴികെ ആരോടും മല്‍സരിച്ചില്ല എന്നതാണ്. ഞാന്‍ വളരെ ദേഷ്യക്കാരിയായിരുന്നു. ഇന്ന് വളരെ സന്തോഷവതിയും.'

പ്രസംഗം കഴിഞ്ഞപ്പോള്‍ ബുഡെബ്‌സ് പറഞ്ഞു, ' ഞാന്‍ എന്റെ മകളെയല്ല എന്റെ അദ്ധ്യാപികയെയാണു കേട്ടത്.'


Next Story

Related Stories