TopTop
Begin typing your search above and press return to search.

പര്‍ദ്ദ വിവാദം: സ്ത്രീകളെ ഇരുട്ടില്‍ നിര്‍ത്തുന്നവര്‍ എതിര്‍പ്പുയര്‍ത്തുമ്പോള്‍

പര്‍ദ്ദ വിവാദം: സ്ത്രീകളെ ഇരുട്ടില്‍ നിര്‍ത്തുന്നവര്‍ എതിര്‍പ്പുയര്‍ത്തുമ്പോള്‍

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

ഇസ്ലാമിലെ സ്ത്രീ, അല്ലെങ്കില്‍ ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അധികാരങ്ങളും... തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സംവാദങ്ങള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ആശയസമ്പന്നതകള്‍ എന്തൊക്കെയായാലും മതപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കൊണ്ട് മുസ്ലിം സ്ത്രീകള്‍ കേരളത്തിലെ മറ്റേതൊരു വിഭാഗം സ്ത്രീകളുമായി താരതമ്മ്യം ചെയ്യുമ്പോഴും പിന്നോക്കാവസ്ഥയിലാണ് എന്നത് വസ്തുതയാണ്. ഗള്‍ഫ് പണത്തിന്റെ 'ആഡംബരങ്ങള്‍' ആസ്വദിക്കുമ്പോള്‍ പോലും ഒരു സ്വത്വമുള്ള മനുഷ്യന്‍ എന്ന നിലയില്‍ കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ ജീവിതാവസ്ഥകള്‍ പിന്നോക്കം തന്നെയെന്നത് ആരും സമ്മതിക്കും. അത് സാംസ്‌കാരികവും സാമൂഹികവും മതപരവും വ്യക്തിപരവുമായ കാരണങ്ങള്‍ ഉള്‍ച്ചെര്‍ന്ന ഒന്നാണ് . എം.ഇ.എസ് സാരഥി ഡോ. ഫസല്‍ ഗഫൂര്‍ കഴിഞ്ഞ ദിവസം ഒരു സെമിനാറില്‍ പങ്കടുത്തു സംസാരിക്കവേ മുസ്ലിം സംസ്‌കാരത്തിന്റെ സ്വാധീനം ഇന്ത്യന്‍ വേഷവിധാനങ്ങളില്‍ എന്ന ആശയത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ വസ്ത്രം ഇസ്ലാമിക് സംസ്‌കാരത്തില്‍ നിന്ന് ഉണ്ടായതാണ് തുടങ്ങി മുഖം മറക്കുന്ന സ്ത്രീകളുടെ പര്‍ദ്ദയെ വിമര്‍ശിക്കാനും അദ്ദേഹം വേദി ഉപയോഗിച്ചു. എന്തൊക്കെ സാംസ്‌കാരിക ഉന്നമനം അവകാശപ്പെട്ടാലും കേരളത്തിലെ ഇസ്ലാമിക പൌരോഹിത്യം ഉണ്ടാക്കിയെടുത്തിട്ടുള്ള വിഡ്ഢികളും അടിമകളുമായ ഒരു സമൂഹം ഫസല്‍ ഗഫൂറിനെയും വികൃതമായി വിമര്‍ശിച്ചു. ശരീരത്തിന്റെ ഡോക്ടര്‍, ശരീ അത്തിന്റെ ഡോക്ടര്‍ ആവരുത് എന്നൊക്കെയായി വിമര്‍ശനം പൊടിപൊടിച്ചു. പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞു കീബോര്‍ഡ് ആക്രമങ്ങള്‍ ഗംഭീരമായി നടന്നു. ഫേസ് ബുക്കിലും ട്വിറ്ററിലുമൊക്കെ മോശമല്ലാത്ത രൂപത്തില്‍ ''ചോര പൊടിഞ്ഞു'.എന്താണ് പര്‍ദ്ദ? ആരാണ് അത് രൂപകല്‍പ്പന ചെയ്തത്? പര്‍ദ്ദ ഒരു ഇസ്ലാമിക വേഷമാണോ? ഖുര്‍ആനിലോ ഹദീസുകളിലോ പര്‍ദ്ദയെക്കുറിച്ച് പറയുന്നുണ്ടോ? മതവും പുരുഷകേന്ദ്രീകൃതമായ അതിന്റെ വ്യാഖ്യാതാക്കളും സൃഷ്ടിച്ചെടുത്ത ഒന്ന് മാത്രമേല്ല പര്‍ദ്ദ? തുടങ്ങിയ ചോദ്യങ്ങള്‍ എന്തായാലും ഈ വിവാദങ്ങള്‍ക്കിടയില്‍ പ്രസക്തമാണ് . ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ശാരീരിക, ലൈംഗിക ആക്രമണങ്ങളും അവരുടെ വസ്ത്രധാരണ രീതിയുമായി ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ കൊഴുക്കുന്ന കാലമാണിത്. യേശുദാസിന്റെ ജീന്‍സ് പരാമര്‍ശങ്ങള്‍ നവമാധ്യമങ്ങള്‍ മാസങ്ങളോളമാണ് ചര്‍ച്ച ചെയ്തത് .

മിനി സ്കര്‍ട്ട് ഇട്ട് റിയാലിറ്റി ഷോയ്ക്ക് വന്ന ഗൗഹര്‍ ഖാന്‍ എന്ന സിനിമാ നടിയെ കായികമായി ആക്രമിക്കുന്ന വാര്‍ത്തയില്‍ ആണ് ഞാനിതെഴുതുമ്പോള്‍ എത്തി നില്‍ക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ പ്രസകതമെന്ന് തോന്നുന്നു. 'എല്ലാ അവയവങ്ങളും ലൈംഗിക അവയവങ്ങള്‍ ആയി മാറിയ പെണ്ണിന് എങ്ങനെ ഈ ഭാരങ്ങള്‍ അഴിച്ചുവച്ച് ഈ ഭൂമിയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനാകും?' നമ്മുടെ നവോഥാന മുന്നേറ്റങ്ങളും ഇടതുപക്ഷ സ്വാധീനങ്ങളും ഒന്നും തന്നെ പെണ്ണിന്റെതു മാത്രമായ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി കാണാന്‍ ശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ല എന്നത് തന്നെയാണ് സൂക്ഷ്മമായി ചരിത്രം അപഗ്രഥിക്കുന്നവര്‍ക്ക് മനസിലാവുക. ആണ്‍കോയ്മകള്‍ മതത്തില്‍ മാത്രമായിരുന്നില്ല, സാമൂഹ്യ മുന്നേറ്റങ്ങളിലും ഇടതുപക്ഷ നന്മകളുടെ വേരോട്ടങ്ങളില്‍ പോലും ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഇത് കാണിക്കുന്നത് .

പര്‍ദ്ദയുടെ ചരിത്രം
പര്‍ദാചരിത്രത്തിന്റെ ഏടുകള്‍ മറിച്ചു നോക്കുമ്പോള്‍ വ്യക്തമാവുന്നത് സ്ത്രീകളുടെ ശരീരം ആപാദചൂഡം മറയ്ക്കുന്ന വസ്ത്രധാരണ രീതി ഇസ്ലാമിന് മുമ്പും ഉണ്ടായിരുന്നു എന്ന വസ്തുതയാണ്. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ അക്കമെനീസ് രാജാക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെയും വെപ്പാട്ടിമാരെയും പൊതുജനദൃഷ്ടിയില്‍ നിന്നും മറച്ചുവെച്ചിരുന്നതായി ഗ്രീക്ക് ചരിത്രകാരന്‍ പ്ലൂട്ടാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി.ഇ 399-ന് മുമ്പ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഈജിപ്ഷ്യന്‍ നരവംശ ശാസ്ത്രകാരിയും ഇസ്ലാമികപണ്ഡിതയുമായ ഫാദര്‍ എന്‍. ഗിരന്റി പറയുന്നതും വ്യത്യസ്തമല്ല. അക്കമെനിസ് രാജാക്കന്മാര്‍ അവരുടെ ഭാര്യമാരെ മാത്രമല്ല വെപ്പാട്ടികളെയും അടിമപെണ്ണുങ്ങളെയും സംശയിച്ചത് കൊണ്ടാണ് അന്യരുടെ മുമ്പില്‍ നിന്ന് അവരെ മറച്ചു പിടിച്ചത്. സ്ത്രീകളെ അന്ത:പുരങ്ങളില്‍ത്തന്നെ തളച്ചിടുകയും വല്ലപ്പോഴും പുറത്തു പോവുമ്പോള്‍ നാല് വശവും തുണികൊണ്ട് മറച്ച വാഹനങ്ങളിലവരെ ഇരുത്തുകയും ചെയ്തു. സ്ത്രീ, പുരുഷന്റെ സ്വകാര്യ സ്വത്താണെന്ന ബോധവും, ജന്തുസഹജമായ ഇണയുടെ മേലുള്ള സ്വാര്‍ത്ഥതയുമാണ് (jealosuy) പുരുഷാധിപത്യപരമായ ഈ പ്രവണതക്ക് കാരണം. പുരാതന മെസോപ്പോട്ടെമിയയില്‍ വരേണ്യവനിതകള്‍ മാത്രമാണ് പര്‍ദ്ദ (ഹിജാബ്) ധരിച്ചിരുന്നത്. സമൂഹത്തില്‍ തരംതാഴ്ത്തപ്പെട്ട വേശ്യകള്‍, വേലക്കാര്‍ എന്നിവര്‍ പര്‍ദ്ദ ധരിക്കുന്നത് വിലക്കിയിരുന്നു. ജോലി ചെയ്യുന്നതിന് പര്‍ദ്ദ അസൗകര്യമായതിനാല്‍ അതു ധരിക്കുന്നതില്‍ നിന്ന് തൊഴിലാളിസ്ത്രീകളെ ഒഴിവാക്കിയിരുന്നു. പര്‍ദ്ദ എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ അസ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നെങ്കിലും സമൂഹത്തില്‍ തങ്ങള്‍ ഉന്നതരാണെന്ന് സ്ഥാനപ്പെടുത്താന്‍ അത് അവരെ 'സഹായിച്ചു'.

പേര്‍ഷ്യന്‍, ബൈസാന്റിയന്‍ അധിനിവേശത്തോട് കൂടിയാണ് ഇസ്ലാമില്‍ പര്‍ദ്ദ വന്നതെന്നു ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സര്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, ജോണ്‍ എസ്‌പോസിറ്റൊ അഭിപ്രായപ്പെടുന്നു. മണലാരണ്യത്തിലെ മണല്‍ക്കാറ്റില്‍ നിന്ന് രക്ഷ നേടാനാണ് ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രം ആവിഷ്‌കരിച്ചതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ധരിച്ചിരുന്ന പര്‍ദ്ദ സ്ത്രീയെ മറയ്ക്കുന്നതിനു വേണ്ടി മാത്രമുള്ള വസ്ത്രമായി രൂപാന്തരപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തത്. ഇസ്ലാമിക വിജ്ഞാനകോശം, ഹിജാബ് ഒരു വസ്ത്രമല്ലെന്നും ഒരു മറയാണെന്നും നിര്‍വചിക്കുന്നുണ്ട്.

തന്റെ ഭാര്യമാരുമായി സംസാരിക്കുമ്പോള്‍ വിശ്വാസികള്‍ മറവില്‍ നില്‍ക്കണമെന്ന് പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ഈ മറയാണ് ഹിജാബ്. ഖുറാനില്‍ ഹിജാബെന്നല്ല ജില്‍ബാബ് എന്ന പദമാണത്രേ ഉപയോഗിക്കുന്നത്. ഇതാവട്ടെ മുഖവും കയ്യും ഒഴികെയുള്ള ഭാഗം മാത്രം മറയ്ക്കുന്ന വസ്ത്രമാണ്. നബിയുടെ ഭാര്യമാരെ മാത്രം ഉദ്ദേശിച്ചായിരുന്നു ജില്‍ബാബ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അത് എല്ലാ സ്ത്രീകള്‍ക്കും ബാധകമാക്കുകയായിരുന്നു. സ്ത്രീകളുടെ വസ്ത്രവുമായി ബന്ധപ്പെട്ടു ഒട്ടേറെ പദങ്ങള്‍ ഇസ്ലാം ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. പര്‍ദ്ദയും, ബുര്‍ഖയും നമുക്ക് പരിചിതപദങ്ങളാണെങ്കിലും, ഹിജാബ്, നിഖാബ്, ജില്‍ബാബ്, ചാദോര്‍, ഖിമാര്‍ എന്നിവയൊക്കെ ഇസ്ലാമിക സ്ത്രീകള്‍ക്ക് മതം അനുശാസിക്കുന്ന വസ്ത്രമാണെന്ന്, വിശേഷിച്ചു മറ്റു മതക്കാര്‍ക്ക് അറിയാന്‍ വഴിയില്ല. വിവിധ രാജ്യങ്ങളില്‍ പലപേരുകളില്‍ അറിയപ്പെടുന്ന ഇവ അനുഷ്ഠിക്കുന്ന ധര്‍മം ഒന്ന് തന്നെ; സ്ത്രീയുടെ ശരീരം മൂടിപ്പുതപ്പിക്കുക.ഇസ്ലാമില്‍ പര്‍ദയുണ്ടോ ?
യഥാര്‍ത്ഥത്തില്‍ പര്‍ദ്ദ എന്ന പദം പോലും അറബി വാക്കല്ല. സ്ത്രീകള്‍ മുഖം മറച്ചു നടക്കണമെന്ന് ഖുറാനില്‍ പറയുന്നില്ല എന്നും അവര്‍ മാന്യമായ വസ്ത്രം ധരിക്കണം എന്ന് മാത്രമേ ഖുര്‍ ആന്‍ വാക്യം കൊണ്ട് അര്‍ത്ഥമാക്കുന്നുള്ളു. വിശ്വാസികളായ പുരുഷന്മാരോട് പറയുക അവര്‍ തങ്ങളുടെ ദൃഷ്ടി താഴ്ത്തുകയും അവരുടെ മാന്യത സൂക്ഷിക്കുകയും ചെയ്യണമെന്ന്‍. അത് അവര്‍ക്ക് വലിയ സംശുദ്ധി കൈവരുത്തും. അല്ലാഹു അവര്‍ ചെയ്യുന്ന എല്ലാം അറിയുന്നുണ്ട്. വിശ്വാസികളായ സ്ത്രീകളോട് പറയുക അവരുടെ ദൃഷ്ടി താഴ്ത്തുകയും അവരുടെ പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യുക എന്ന്. കാണപ്പെടുന്നതല്ലാതെ, അവരുടെ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കരുത് (24.31.32). പ്രവാചകനോട് അല്ലാഹു പറഞ്ഞത് നബിയുടെ ഭാര്യമാരോടും പെണ്‍മക്കളോടും മേല്‍വസ്ത്രം മാറത്തേക്ക് താഴ്ത്തിയിടാനാണത്രേ! (24.30.30) മുഖവും കൈകളും മറയ്ക്കാത്ത വസ്ത്രമാണ് ഖുറാന്‍ നിര്‍ദ്ദേശിക്കുന്നതെങ്കില്‍ എന്തിനാണ് മതതീവ്രവാദികള്‍ മുഖം മൂടുന്ന പര്‍ദ്ദ ധരിക്കണമെന്ന് വാശി പിടിക്കുന്നത്? അങ്ങനെയെങ്കില്‍ അവര്‍ ചെയ്യുന്നത് മതവിരുദ്ധമായ കാര്യമല്ലേ? എന്നാല്‍ അവരും ഉദ്ധരിക്കുന്നുണ്ട് ഖുര്‍ ആനും ഹദീസും എന്നതാണ് കൗതുകകരം. സ്ത്രീയുടെ ശരീരം (മുഖവും കയ്യും പോലും) കാണുന്ന പുരുഷന് ലൈംഗികോത്തേജനം ഉണ്ടാവുകയും അത് ലൈംഗികാതിക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നത് കൊണ്ട്, ഇത്തരം സാഹചര്യം ഇല്ലാതാക്കാന്‍ സ്ത്രീ തന്റെ ശരീരം മറച്ചു വെക്കുന്നതാണ് നല്ലത് എന്നാണു പര്‍ദ്ദാകൂലികളുടെ വാദം. ഈ വാദം സ്ത്രീവിരുദ്ധമാണെന്ന് മാത്രമല്ല വസ്തുതകള്‍ക്ക് നിരക്കുന്നതുമല്ല.

സ്ത്രീ ശരീരം കണ്ടു കാമാതുരനായാലും സംയമനം പാലിക്കുകയല്ലാതെ സ്ത്രീയെ കടന്നു പിടിക്കാന്‍ ഇക്കാലത്ത് ആരും മുതിരുകയില്ല. സമൂഹം സാംസ്‌കാരികമായി പുരോഗതി കൈവരിച്ചതും ശിക്ഷകളോടുള്ള ഭയവുമാണതിനു കാരണം. കടിക്കുന്ന ഒരു നായ റോഡിലുണ്ട്, അത്‌കൊണ്ട് നിങ്ങള്‍ പുറത്തിറങ്ങേണ്ട എന്ന് പറയുന്നതിന് തുല്യമാണ്, പുരുഷന്‍ ആക്രമിക്കും അതുകൊണ്ട് നിങ്ങള്‍ വീട്ടിലിരുന്നാല്‍ മതി, അല്ലെങ്കില്‍ ശരീരം മുഴുവന്‍ പൊതിഞ്ഞു കെട്ടി നടക്കണം എന്ന് സ്ത്രീകളോട് പറയുന്നത്. ഈ 'ലൈംഗികാക്രമണവാദം' സ്ത്രീയെ അധീശത്വത്തില്‍ നിര്‍ത്താനുള്ള ഒരു മറയാണ്. പ്രദര്‍ശനം, ആക്രമണം ക്ഷണിച്ചുവരുത്തുമെങ്കില്‍ ഹോട്ടലുകളിലും, ബേക്കറികളിലുമൊന്നും ഭക്ഷണപലഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലല്ലോ? സ്ത്രീകള്‍ അല്‍പവസ്ത്രകളായി പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പാശ്ചാത്യരാജ്യങ്ങളിലും, ഗ്ലാമര്‍ വേഷത്തില്‍ നടക്കുന്ന നമ്മുടെ നാട്ടിലും അക്കാരണം കൊണ്ട് ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതായി അറിവില്ല. സ്ത്രീകളെ തടവിലിടുകയല്ല വേണ്ടത്, ആക്രമങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണു ചെയ്യേണ്ടത്. ആധുനിക ജനാധിപത്യ സമൂഹങ്ങളില്‍ ഈ സാഹചര്യം ഉണ്ടെന്നിരിക്കെ പര്‍ദ്ദ നിര്‍ബന്ധമാക്കേണ്ട ഒരു കാര്യവുമില്ല.

പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ ഒരു പാട് സ്ത്രീകള്‍ ആക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇറാക്കിലെ ബസ്രയില്‍ 2007നും 2008നും മദ്ധ്യേ നൂറു സ്ത്രീകളെ മഹ്ദി ആര്‍മി എന്ന ഇസ്ലാമിക സൈന്യം വധിക്കുകയുണ്ടായി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഫ്രാന്‍സിലെ സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചു. അവരുടെ അച്ഛന്മാരും സഹോദരന്മാരും സഹപാഠികളും നിര്‍ബന്ധിച്ചത്‌ കൊണ്ടായിരുന്നത്രേ അത്. അനുസരിക്കാത്തവരെ മതഭ്രാന്തന്‍മാരായ ചെറുപ്പക്കാര്‍ മര്‍ദ്ദിച്ചു. 2001ല്‍ ശ്രീനഗറില്‍ നാല് മുസ്ലിം സ്ത്രീകളുടെ ദേഹത്ത് മതതീവ്രവാദികള്‍ ആസിഡ് ഒഴിച്ചു. അഫ്ഘാനിസ്ഥാനിലും, പാക്കിസ്ഥാനിലും ഖുര്‍ആന്‍ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി താലിബാന്‍കാര്‍ പര്‍ദ്ദ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അനുസരിക്കാത്തവര്‍ക്ക് ശരീ അത്ത് പ്രകാരമുള്ള കഠിനമായ ശിക്ഷ നല്‍കുന്നു. 2003 മെയ് മാസത്തില്‍ അമേരിക്കന്‍ പത്രമായ വീക്ക്‌ലി സ്റ്റാന്‍ഡേഡ് നടത്തിയ ഒരു സര്‍വെയില്‍ കണ്ടത് 77 ശതമാനം പെണ്‍കുട്ടികളും ഇസ്ലാമിക ഗ്രൂപ്പിന്റെ ഭീഷണി ഭയന്നാണ് ഹിജാബ് ധരിക്കുന്നത് എന്നാണ്. നമ്മുടെ പരിഷ്‌കൃത കേരളത്തില്‍ പോലും മതമൌലികവാദികള്‍ പര്‍ദ്ദ നിര്‍ബന്ധമാക്കുകയാണ്. അനുസരിക്കാത്തവരുടെ നേരെ വധഭീഷണി പോലുമുള്ളതായിട്ടാണ് റയാന. ആര്‍. കാസിയുടെ അനുഭവം തെളിയിക്കുന്നത്. പല ഇസ്ലാമിക രാജ്യങ്ങളും പര്‍ദ്ദ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് മാത്രമല്ല, പൊതുസ്ഥലത്തും വിദ്യാലയങ്ങളിലും നിരോധിക്കുക കൂടി ചെയ്തിട്ടുണ്ട്. 1925-41 കാലത്ത് ഇറാനിലെ ഭരണാധികാരിയായിരുന്ന റേസ ഷാ പഹലവി കയ്യും മുഖവും മൂടുന്ന ഹിജാബ് ധരിക്കുന്നത് നിരോധിക്കുകയും, യൂറോപ്യന്‍ വസ്ത്രധാരണരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് ആയത്തുള്ള ഖാമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക വിപ്ലവമാണ് പര്‍ദ്ദ തിരിച്ചു കൊണ്ടുവന്നത്. തുര്‍ക്കി, ടുണീഷ്യ, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഹിജാബ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും ധരിക്കാന്‍ പാടില്ല. ഈജിപ്തിലെ സുന്നികള്‍ നടത്തുന്ന അല്‍ അഹ്‌സര്‍ സ്‌കൂളില്‍ ഗ്രാന്റ് ഷെയ്കായ മുഹമദ് സയ്യിദ് ടന്റാവി നിഖാബ് നിരോധിച്ചു. സ്‌കൂളില്‍ സ്‌കൂള്‍ യൂണിഫോം മാത്രം മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. (അല്‍അറേബിയ : 8.10.1008).ഫ്രാന്‍സിലെ ബുര്‍ഖാ നിരോധനം അടുത്ത കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയ വാര്‍ത്തയാണ്. മതേതരത്വത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന ഫ്രാന്‍സില്‍ മതചിഹ്നങ്ങള്‍ പൊതുവേദിയില്‍ അണിയുന്നത് അനുവദനീയമല്ല. ലിബറല്‍ പാര്‍ട്ടികള്‍ പര്‍ദ്ദനിരോധനത്തോട് യോജിച്ചില്ലെങ്കിലും പ്രസിഡന്റ് സര്‍ക്കൊസിയുടെയും, പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലന്റെയും നിശ്ചയദാര്‍ഡ്യം മൂലം 2010 ജൂലായ് മാസത്തില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം 335- നെതിരെ ഒരു വോട്ടിന് പാര്‍ലമെന്റ് പാസ്സാക്കുകയുണ്ടായി. സ്‌പെയിന്‍, ഇറ്റലി, നെതര്‍ലാന്റ്‌സ് എന്നിവിടങ്ങളിലും പൊതുസ്ഥലത്ത് പര്‍ദ്ദ നിരോധിച്ചിട്ടുണ്ട്.

ഇസ്ലാമിക സ്ത്രീ സംഘടനകള്‍ പൊതുവേ പര്‍ദ്ദക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനു കാരണം പുരുഷന്മാരാണ് ഇത്തരം സംഘടനകള്‍ നിയന്ത്രിക്കുന്നത് എന്നതും, കടുത്ത മതദൈവ വിശ്വാസം അവരുടെ ചിന്തയെ കടിഞ്ഞാണിടുന്നു എന്നതുമാണ്. ഈജിപ്ഷ്യന്‍ അമേരിക്കന്‍ എഴുത്തുകാരിയായ ലൈല അഹമ്മദും, ബ്രിട്ടീഷ്എഴുത്തുകാരി കാരന്‍ ആംസ്‌ട്രോങ്ങുമൊക്കെ, കൊളോണിയല്‍ ചെറുത്തുനില്‍പ്പിന്റെയും പാശ്ചാത്യമേല്‍ക്കോയ്മയോടുള്ള എതിര്‍പ്പിന്റെയും പ്രതീകമാണ് പര്‍ദ്ദ എന്ന് വിശേഷിപ്പിച്ചതിനെ, ഒരു അടിമ, ചങ്ങലയുടെ തിളക്കം എത്ര മനോഹരം എന്ന് പുളകം കൊള്ളുന്നതിനോടേ ഉപമിക്കാന്‍ പറ്റൂ.


ചുരുക്കത്തില്‍ നമ്മുടെ നാടിന്റെ പ്രത്യേകതകള്‍ക്കോ സവിശേഷമായ കാലവസ്ഥക്കോ പര്‍ദ്ദ ഒരു യോജിച്ച വസ്ത്രമേയല്ല. മാത്രമല്ല ഡോ. ഫസല്‍ ഗഫൂറിനെപ്പോലെയുള്ള ആളുകള്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ അതുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം നടത്തുമ്പോള്‍ പല ഖമറുള്‍ ഉലമമാരും അസഹിഷ്ണുക്കള്‍ ആകുന്നത് സ്ത്രീകളെ ഞങ്ങള്‍ വെളിച്ചം കാണിക്കാതെ കെട്ടിപ്പൂട്ടി വച്ചിട്ടുണ്ട്, നീയാരെടാ അത് തുറക്കാന്‍ ശ്രമിക്കാന്‍ എന്നുള്ള പ്രകോപനം കൊണ്ട് തന്നെയാണ്. പൗരോഹിത്യം മുഴുവനായും പുരുഷ കേന്ദ്രീകൃതമാണ്. ഇവരാരും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ അഭിരുചിയോ അഭിപ്രായമോ ആരായാറില്ല എന്നതും വ്യക്തമാണ്; പ്രത്യേകിച്ച് ഇസ്ലാമില്‍. ഖുര്‍ആനും ഹദീസും ബൈബിളും ക്രിസ്ത്യന്‍, ഇസ്ലാമിക ചരിത്രവും പഠിക്കാന്‍ ഇന്റര്‍നെറ്റും പുസ്തകങ്ങളും വിശാല ലൈബ്രറികളും ഉള്ള കാലത്ത് സകല മതങ്ങളും പൗരോഹിത്യങ്ങളെ പിരിച്ചുവിട്ട് സ്വയം ജനാധിപത്യവല്‍ക്കരിക്കുന്ന ഒരു കാലം വരിക തന്നെ ചെയ്യും. പക്ഷേ, അതുവരെ വിനീത വിധേയരായ അടിമകളും സ്വത്വം നഷ്ടപ്പെട്ട വിഡ്ഢികളുമായിരിക്കാന്‍ സമുദായത്തില്‍ ആളുകള്‍ ഉള്ളിടത്തോളം കാലം ഇത്തരം സംവാദങ്ങള്‍ പോലും പൗരോഹിത്യം അനുവദിക്കില്ല എന്നുറപ്പ്.

(ഹൈക്കോടതി അഭിഭാഷകനാണ് ലേഖകന്‍)

*Views are personal


Next Story

Related Stories