TopTop
Begin typing your search above and press return to search.

ഭൂമി തന്നെ മുഖ്യ അജണ്ട: സി കെ ജാനു

ഭൂമി തന്നെ മുഖ്യ അജണ്ട: സി കെ ജാനു

എം കെ രാമദാസ്

ആദിവാസികളുടെ ആവശ്യങ്ങള്‍ക്കുമേലുള്ള ഭരണകൂടത്തിന്റെ തിരിച്ചറിവാണ് മുത്തങ്ങ പാക്കേജെന്ന് ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 285 പേര്‍ക്ക് ഭൂമിയും 40 കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപവീതം നഷ്ടപരിഹാരവും നല്‍കിയതുവഴി സര്‍ക്കാര്‍ പ്രായശ്ചിത്തം ചെയ്യുകയാണ്. മുത്തങ്ങ ദിനാചരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാനു.

2001ല്‍ ആരംഭിച്ച ആദിവാസി സമരം തുടരുകയാണ്. 2003ല്‍ മുത്തങ്ങയില്‍ ആദിവാസികള്‍ക്കുനേരെ ഭരണകൂട പീഡനം അരങ്ങേറി. അടിച്ചമര്‍ത്തലിന് കീഴ്‌പ്പെടാന്‍ അവര്‍ തയ്യാറല്ല. വൈകി കിട്ടിയ നീതിയാണ് മുത്തങ്ങ പാക്കേജ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടേയോ സംഘടനകളുടെയോ പിന്തുണയില്ലാതെയാണ് ആദിവാസികളുടെ ഭൂമിയ്ക്കുവേണ്ടിയുള്ള സമരം. മുഖ്യധാര പാര്‍ട്ടികള്‍ ആദിവാസി സമരം തകര്‍ക്കാന്‍ ശ്രമിച്ചു. ശത്രുനീക്കങ്ങളെ തിരിച്ചറിഞ്ഞ് ഉറച്ച വിശ്വാസത്തോടെ ആദിവാസികള്‍ മുന്നോട്ടുപോകുകയാണെന്ന് ജാനു പറഞ്ഞു. ഹിന്ദു - മുസ്ലീം - ക്രിസ്ത്യന്‍ പരിഗണനയില്ലാതെ മുഴുവന്‍ ആളുകളും ഭൂമി ലഭ്യമാക്കുകയെന്നതാണ് ഗോത്ര മഹാസഭയുടെ മുദ്രാവാക്യം. ആദിവാസികള്‍ ഉള്‍പ്പെടെ ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ലെന്നാണ് സര്‍ക്കാര്‍ വാദം. ടാറ്റ, ബിര്‍ള, ഗോയെങ്ക, ഹാരിസണ്‍, പാരിസണ്‍ തുടങ്ങിയ വന്‍കിട ഭൂഉടമകള്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന വിവരം പുറത്ത് വന്നുകൊണ്ടിരിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഭൂമി സര്‍ക്കാരിന്റെ കൈവശം എത്തിച്ചേരും. ഗോത്ര മഹാസഭ രാഷ്ട്രീയ പ്രസ്ഥാനമായി മാറുമ്പോഴും പ്രധാന അജണ്ട ഭൂമി തന്നെയായിരിക്കും.

ഭൂരഹിതരില്ലാത്ത കേരളം എന്ന സര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണ്. ഭൂരഹിതരുടെ ആവശ്യം കണ്ടില്ലെന്ന് നടിയ്ക്കാനുള്ള തന്ത്രമാണിതെന്നും ജാനു പറഞ്ഞു. ഗോത്ര മഹാസഭ നടത്തിയ നിരന്തര സമരങ്ങളുടെ ഫലം കൂടിയാണ് ആദിവാസി സ്വയംഭരണ നിയമം. ഫലം എല്ലാവരും അനുഭവിക്കുന്നുണ്ട്. ആദിവാസി സ്വയംഭരണ നിയമം നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ജാനു പറഞ്ഞു. പ്രോജക്ടുകള്‍ സൃഷ്ടിച്ച് പൊതുമുതല്‍ കട്ടുമുടിയ്ക്കാനും ആദിവാസികള്‍ ഇനിയും കൂട്ടുനില്‍ക്കണമോ? എന്നതാണ് ആദിവാസികളുടെ മുന്നിലുള്ള ചോദ്യമെന്നും ജാനു പറഞ്ഞു.ഛത്തീസ്ഗഢില്‍ നിന്നുള്ള ജന ആന്തോളന്‍ നേതാവ് വിജയ് പാണ്ഡെ, ബി ഡി ശര്‍മ്മ അനുസ്മരണ പ്രഭാഷണം നടത്തി.

രാജ്യത്തെ ഭൂപ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മുത്തങ്ങ സമരത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് വിജയ് പാണ്ഡെ പറഞ്ഞു. മുത്തങ്ങയില്‍ ആദിവാസികള്‍ അനുഭവിച്ച ത്യാഗത്തിന്റെ ഫലം കൂടിയാണ് ആദിവാസി സ്വയംഭരണ നിയമം. ഛത്തീസ്ഗഢില്‍ ഉള്‍പ്പെടെ പ്രകൃതി വിഭവങ്ങളുടെ മേലുള്ള അവകാശം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് ആദിവാസികള്‍. ഭരണഘടന അനുശാസിക്കുന്ന പരിരക്ഷ തദ്ദേശീയ ജനതയ്ക്ക് ലഭിക്കുന്നില്ല. ആദിവാസികള്‍, ദളിതര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ മണ്ണ് കവര്‍ന്നെടുക്കപ്പെടുന്നു. 2015 വരെ മൂന്നുകോടിയിലേറെ ദുര്‍ബലരെ സ്വന്തം മണ്ണില്‍ നിന്ന് കുടിയൊഴിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ രണ്ടര ലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തു. നവഉദാര വത്ക്കരണനയങ്ങളെ പുണര്‍ന്ന ഭരണകൂടങ്ങളാണ് ഉത്തരവാദികള്‍. റിവര്‍വാലി പ്രോജക്ടുകള്‍, വ്യവസായ ഇടനാഴികള്‍, റോഡുകള്‍ തുടങ്ങിയവയ്ക്കായി ആദിവാസികളുടെ പിതൃഭൂമി തിരിച്ചെടുക്കുകയാണ്. ഒരു ശതമാനം ആളുകളാണ് രാജ്യത്തെ 57 ശതമാനം സമ്പത്തും കൈയ്യടക്കിവെച്ചിരിക്കുന്നതെന്നു വിജയ് പാണ്ഡെ പറഞ്ഞു. ആദിവാസി ജനസംഖ്യ കുറവായ കേരളത്തില്‍ വന്‍കിട തോട്ടങ്ങളുടെ പേരില്‍ ഇവര്‍ ആട്ടിപ്പായിക്കപ്പെട്ടിട്ടുണ്ട്. വികസനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും മറവിലാണ് ഈ ദുര്‍നീതി. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ആദിവാസികളുള്‍പ്പെടെയുള്ള ദുര്‍ബലരുടെ ഭൂമി കവര്‍ന്നെടുക്കുകയാണെന്നും പാണ്ഡെ പറഞ്ഞു.

ആദിവാസി സ്വയം ഭരണ നിയമം ഔദാര്യമല്ല. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ആദിവാസികള്‍ അവരുടെ ഭൂമിയ്ക്കുവേണ്ടി പോരാട്ടം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക ആദിവാസി മേഖലകള്‍ എന്ന പരിഗണന ബ്രട്ടീഷ് ഭരണകൂടം നല്‍കി. പഞ്ചായത്തുരാജ് സ്ഥാപനങ്ങള്‍ക്ക് ആദിവാസി മേഖലകളില്‍ ഫലപ്രദമായി ഇടപെടാന്‍ ആവില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. വ്യക്തിപരമായ അവകാശങ്ങള്‍ക്കപ്പുറം സാമൂഹ്യാധികാരമാണ് പെസ മുന്നോട്ടുവെയ്ക്കുന്നത്.

ഹിന്ദുത്വത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് കേന്ദ്ര ഭരണകൂടം. ഭരതമൊന്നെന്ന സന്ദേശമുയര്‍ത്തുകയും സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് ഭിന്നിപ്പിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിജയ് പാണ്ഡെ പറഞ്ഞു.

(അഴിമുഖം കണ്‍സള്‍ടിംഗ് എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories