TopTop
Begin typing your search above and press return to search.

മുത്തൂറ്റ് സമരം; ഇന്ന് ചര്‍ച്ച, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

മുത്തൂറ്റ് സമരം; ഇന്ന് ചര്‍ച്ച, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

വിഷ്ണു ശൈലജ വിജയന്‍

മുത്തൂറ്റ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണറെ നേതൃത്വത്തില്‍ രണ്ടാം വട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. കമ്പനി പ്രതിനിധികളും എം സ്വരാജ് എംഎല്‍എയും യൂണിയന്‍ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 സെക്രട്ടേറിയേറ്റില്‍ വെച്ചാണ് ചര്‍ച്ച. ഇന്ന് നടക്കുന്ന ചര്‍ച്ചയിലും അനുകൂല നിലപാടുകള്‍ കമ്പനി സ്വീകരിച്ചില്ലെങ്കില്‍ അഞ്ചാം തീയതി മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളി സംഘടന നേതാവ് തോമസ്‌ ജോണ്‍ പറഞ്ഞു.

ആഗസ്റ്റ് മാസം ആദ്യത്തോടെയാണ് കമ്പനിയും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. സിഐറ്റിയുവിന്‍റെ നേതൃത്തത്തില്‍ തൊഴിലാളി സംഘടന രൂപികരിച്ചതാണ് കമ്പനിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് തൊഴിലാളി സംഘടനയ്ക്ക് രൂപം നല്‍കാന്‍ നേതൃത്വം മുന്നറിയിപ്പുകള്‍ കൂടാതെ കേരളത്തിനു പുറത്തേക്കുള്‍പ്പെടെ സ്ഥലം മാറ്റുകയായിരുന്നു. ഇത് ചോദ്യം ചെയ്ത തൊഴിലാളികളില്‍ ഒരാളെ പിരിച്ചു വിടുകയും പറഞ്ഞ സമയത്ത് ജോയിന്‍ ചെയ്യാന്‍ വിസ്സമാതിച്ചവരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

ഇതോടെ തൊഴിലാളികള്‍ കമ്പനിക്കെതിരെ തുറന്ന യുദ്ധത്തിനിറങ്ങുകയായിരുന്നു. അതുവരെ ഡിമാന്റുകള്‍ മുന്നോട്ടു വെക്കാതിരുന്ന സംഘടന തങ്ങളുടെ നിലപാടുകള്‍ മുന്നോട്ടു വെക്കുകയും സെപ്തംബര്‍ 5, 6, 7 തീയതികളില്‍ 72 മണിക്കൂര്‍ തുടര്‍ച്ചയായി പണിമുടക്ക് നടത്തുകയും ചെയ്തു.

പിരിച്ചു വിട്ട ജീവനക്കാരനെ തിരികെയെടുക്കുക, സസ്പെന്‍ഷന്‍ പിന്‍വലിക്കുക, 18000 രൂപ പ്രതിമാസം മിനിമം വേതനം നിശ്ചയിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദു ചെയ്യുക, സംഘടന സ്വാതന്ത്ര്യം അനുവദിക്കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നതൊക്കെ ആയിരുന്നു തൊഴിലാളികളുടെ ആവശ്യങ്ങള്‍. എന്നാല്‍ ഒന്നിന് പോലും കൃത്യമായ മറുപടി നല്‍കുകയോ, അംഗീകരിക്കുകയോ കമ്പനി ചെയ്തില്ല.

സമരവുമായി മുന്നോട്ട് പോകും എന്ന് ഉറപ്പായതോടെ മേലുദ്യോഗസ്ഥരെ ഉപയോഗിച്ച് തൊഴിലാളി ഭീഷണിപ്പെടുത്താനും ശ്രമം നടന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ തങ്ങളുടെ ആവശ്യങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു തൊഴിലാളികള്‍. 72 മണിക്കൂര്‍ സമരത്തില്‍ സംസ്ഥാനത്തിലെ ഒട്ടുമിക്ക മുത്തൂറ്റ് ശാഖകളും അടഞ്ഞു കിടന്നു. സമരത്തിന് ശേഷം സെപ്തംബര്‍ പത്താം തീയതി തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കമ്പനിയും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. കമ്പനിയില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവരെ ചര്‍ച്ചയ്ക്ക് അയച്ചില്ല എന്നായിരുന്നു തൊഴിലാളികളുടെ ആരോപണം. മാത്രവുമല്ല തൊഴിലാളികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ മാനേജ്മെന്റ് അംഗീകരിക്കാന്‍ കൂട്ടാക്കിയതുമില്ല. ഇതിനെ തുടര്‍ന്ന് വീണ്ടും ഈ മാസം അഞ്ചാം തീയതി മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കാന്‍ ഇരിക്കവെയാണ് മന്ത്രി വീണ്ടും മുന്‍കൈ എടുത്ത് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഈ ചര്‍ച്ചയിലെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ കമ്പനി അംഗീകരിക്കും എന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

പ്രതിവര്‍ഷം 810 കോടി രൂപയ്ക്ക് മുകളിലാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം. എന്നാല്‍ തൊഴിലാളികള്‍ക്ക് കൃത്യമായ ആനുകൂല്യങ്ങളോ ശമ്പളമോ ഇതുവരെയും മുത്തൂറ്റ് നല്‍കിയിട്ടില്ല. 33 വര്‍ഷത്തെ സര്‍വീസ് ഉള്ള ഒരു പ്യൂണിന് ഇവിടെ ലഭിക്കുന്ന ശമ്പളം 11,925 രൂപയാണ്. പ്രതിദിനം 400 രൂപ പോലും തികച്ചു ലഭിക്കുന്നില്ല എന്ന് സാരം. 24 വര്‍ഷത്തെ സര്‍വീസ് ഉള്ള ഒരു ക്ലര്‍ക്കിന് ഇവിടെ ലഭിക്കുന്നത് 14,450 രൂപയാണ്. ഒരു ദിവസം 500 രൂപ പോലും ലഭിക്കുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും ഉള്ള ശമ്പളക്കണക്കുകള്‍ അല്ല ഇത്. തോന്നും പോലെയാണ് കമ്പനി ശമ്പളം നല്‍കുന്നത്. ചിലര്‍ക്കൊക്കെ ശമ്പളം കൂട്ടി കൊടുക്കുന്നുണ്ട്. അതില്‍ പലരും ജുനിയേഴ്സാണ്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൂട്ടി നല്‍കാതെ പുതിയതായി എത്തുന്ന ചിലര്‍ക്ക് ശമ്പളം കൂട്ടി നല്‍കുന്നുണ്ട്. തികഞ്ഞ അസമത്വമാണ് ശാഖകളില്‍ നടക്കുന്നത് എന്നും തൊഴിലാളികള്‍ പറയുന്നു.

26 വര്‍ഷം ജോലി ചെയ്തു വിരമിച്ച ഒരു ഉദ്യോഗസ്ഥയ്ക്ക് ഗ്രാറ്റിവിറ്റിയായി കമ്പനി നല്‍കിയത് 2 ലക്ഷം രൂപ മാത്രമാണ്. സര്‍ക്കാര്‍ സ്ഥാപങ്ങളും മറ്റു സ്വകാര്യ സ്ഥാപങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് കൃത്യമായ കണക്കുകള്‍ അനുസരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ ജീവിതത്തിന്‍റെ നല്ല കാലം മുഴുവന്‍ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്ക് തുച്ഛമായ ആനുകൂല്യങ്ങള്‍ നല്‍കിയാണ്‌ മുത്തൂറ്റ് വിരമിക്കുന്നവരെ യാത്രയാക്കുന്നത്.

ഗത്യന്തരമില്ലാതെ വന്നോപ്പഴാണ് തങ്ങള്‍ സംഘടിക്കാന്‍ തീരുമാനിച്ചതെന്നു ജീവനക്കാര്‍ തന്നെ പറയുന്നു. മാന്യമായി ആവശ്യങ്ങള്‍ മാനേജ്മെന്റ്നു മുന്നില്‍ അവതരിപ്പികുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. പക്ഷെ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ തൊഴിലാളി വിരുദ്ധനിലപാടാണ് സമരത്തിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്നും ജീവനക്കാര്‍ പറയുന്നു.

മുത്തൂറ്റ് ലിമിറ്റഡിനെതിരെ ജീവനക്കാര്‍ നടത്തുന്ന സമരം ഇവിടെയുള്ള മുഖ്യധാര മാധ്യമങ്ങള്‍ പോലും കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്ന പരാതിയാണ് സമരക്കാര്‍ക്കുള്ളത്. മുത്തൂറ്റിന് ഇന്ത്യയില്‍ മൊത്തം 4400-ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. അതില്‍ 26000-ത്തോളം ജീവനക്കാരും. കേരളത്തില്‍ മാത്രം 805 ബ്രാഞ്ചുകള്‍ ഉണ്ട്. ഈ 805 ബ്രാഞ്ചുകളിലുമായി 3300 ജീവനക്കാര്‍ ജോലി ചെയ്യുന്നു. അതില്‍ 2000-ത്തോളം പേര്‍ ഇപ്പോള്‍ ഈ തൊഴിലാളി സംഘടനയില്‍ അംഗങ്ങളായി കഴിഞ്ഞു.


Next Story

Related Stories