TopTop
Begin typing your search above and press return to search.

മ്യൂച്വല്‍ ഫണ്ടിന്റെ ഇരുണ്ട മുഖം

മ്യൂച്വല്‍ ഫണ്ടിന്റെ ഇരുണ്ട മുഖം

എറിക് പോസ്‌നര്‍, ഇ. ഗ്ലെന്‍ വെയ്ല്‍
(സ്ലേറ്റ്)

തോമസ് പിക്കറ്റിയുടെ 'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മൂലധനം' എന്ന പുസ്തകം അസമത്വങ്ങളുടെ വളര്‍ച്ചയാണ് അടയാളപ്പെടുത്തുന്നത്. പിക്കറ്റിയുടെ പുസ്തകമാണ് ധനികരായ ഒരു ശതമാനം ആളുകളുടെ വളര്‍ച്ചയെന്ന നാടകീയതയെ പൊതുശ്രദ്ധയിലെത്തിച്ചത്. എന്നാല്‍ പിക്കറ്റി പുസ്തകത്തില്‍ അതിനൊരു വിശദീകരണമോ പരിഹാരമോ പറയുന്നില്ല. മുതലാളിത്തം സ്വാഭാവികമായിത്തന്നെ സഹായിക്കുന്നത് പണം മുടക്കുന്നവരെയാണ്, തൊഴിലാളികളെയല്ല എന്നാണ് പിക്കറ്റി കരുതുന്നത്. ഒരു ആഗോളധന ടാക്‌സ് ഏര്‍പ്പെടുത്തിയാല്‍ പരിഹാരമുണ്ടാകുമെന്ന് പിക്കറ്റി പറയുന്നെങ്കിലും ഇത് സാധ്യമാകുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഒരു യുവസാമ്പത്തികശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍ പ്രശ്‌നം മുതലാളിത്തമല്ല നമ്മുടെ ധനകാര്യസംവിധാനത്തിന്റെതാണ് എന്നാണ്. പ്രശ്‌നത്തിന്റെ കാരണവും പരിഹാരവും ഒന്നുതന്നെ മുതല്‍മുടക്കുന്ന സ്ഥാപനങ്ങളുടെ ഉയര്‍ച്ച.

ഇന്‍സ്റ്റിറ്റ്യുഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് അഥവാ മുതല്‍മുടക്കുന്ന സ്ഥാപനങ്ങള്‍ മറ്റു സ്ഥാപനങ്ങളുടെ ഉടമയാണ്. പരിചിതമായ ഒരു ഉദാഹരണമാണ് മ്യൂച്വല്‍ ഫണ്ട്. ഒരു മ്യൂച്വല്‍ ഫണ്ട് നൂറുകണക്കിന് കമ്പനികളുടെ ഷെയര്‍ സ്വന്തമാക്കിയിരിക്കും. പല മ്യൂച്വല്‍ ഫണ്ടുകള്‍ക്കും പ്രത്യേകമായ മുതല്‍മുടക്ക് നയങ്ങളുണ്ടാകും,മറ്റു ചിലര്‍ ഓഹരി രീതികളെ പിന്തുടരാനാകും ശ്രമിക്കുക. നിങ്ങള്‍ ഒരു മ്യൂച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കുമ്പോള്‍ സ്വന്തമായി ഒരു പോര്‍ട്ട്‌ഫോളിയോ സൂക്ഷിക്കാതെതന്നെ പല തരം കമ്പനികളില്‍ നിങ്ങളുടെ പണം മുടക്കുകയാണ് ചെയ്യുന്നത്. ഒരു തരത്തില്‍ നിങ്ങളുടെ പണത്തെ പല തരത്തിലുള്ള വ്യവസായങ്ങളില്‍ വിഭജിച്ച് മുതല്‍മുടക്കുന്നു. പെന്‍ഷന്‍ ഫണ്ടുകളും ഹെഡ്ജ് ഫണ്ടുകളുമാണ് മറ്റുദാഹരണങ്ങള്‍.

മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌റോക്ക് മാര്‍ക്കറ്റില്‍ പരിചയമോ അതിന് ചെലവിടാന്‍ സമയമോ ഇല്ലാത്ത സാധാരണമനുഷ്യരുടെ ജീവിതം എളുപ്പമാക്കുന്നു. കോര്‍പ്പറേറ്റ് ഭരണവും എളുപ്പമാക്കുന്നു. തങ്ങള്‍ക്ക് ഷെയര്‍ ഉള്ള കമ്പനികളെ മനസിലാക്കാന്‍ അവര്‍ക്ക് സംവിധാനമുണ്ട്. മാനേജര്‍മാര്‍ കൂടുതല്‍ പണം ചെലവിട്ടാലോ മറ്റ് പെരുമാറ്റപിശകുകള്‍ ഉണ്ടായാലോ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അതിലിടപെടാന്‍ കഴിയും. എല്ലാവര്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ അറിയാം, കുറച്ചുപണമുള്ള എല്ലാവര്ക്കും മ്യൂച്വല്‍ഫണ്ടുണ്ട്.

എന്നാല്‍ മ്യൂച്വല്‍ ഫണ്ടിന് ഒരു ഇരുണ്ടവശം കൂടിയുണ്ട്. ജോസേ അസര്‍ എന്ന ഇപ്പോള്‍ ചാള്‍സ് റിവേര്‍സ് അസോസിയേറ്റ്‌സില്‍ ജോലിചെയ്യുന്ന സാമ്പത്തികശാസ്ത്രജ്ഞന്‍ പ്രശസ്തമായ അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ വാദിക്കുന്നത് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വിപണി മത്സരങ്ങള്‍ ഒഴിവാക്കാനും ഉപഭോക്താകള്‍ക്ക് വിലക്കയറ്റം ഉണ്ടാകാനും കാരണമാകുമെന്നാണ്. ഈ ആശയത്തിന്റെ തുടക്കം പത്തൊന്‍പതാംനൂറ്റാണ്ടിന്റെ അവസാനത്തില്‍ അസമത്വങ്ങള്‍ വര്‍ധിച്ചുവന്ന കാലത്താണ്. ചില സ്ഥാപനങ്ങള്‍ മറ്റുള്ളവകൂടി വാങ്ങിയാല്‍ വിപണിയിലെ മത്സരങ്ങള്‍ കുറയ്ക്കാം എന്നായിരുന്നു അന്നത്തെ സാമ്പത്തികശാസ്ത്രജ്ഞരുടെ വാദം. അക്കാലത്ത് കുത്തകലക്ഷ്യങ്ങള്‍ മറച്ചുവയ്ക്കാനായി മറ്റുസ്ഥാപനങ്ങള്‍ വാങ്ങുന്നവരെ ട്രസ്റ്റ് എന്നാണു വിളിച്ചിരുന്നത്. 1890ലെ ഷെര്‍മാന്‍ ആന്റി ട്രസ്റ്റ് ആക്‌റ്റോടെയാണ് ഇതിന് മാറ്റമുണ്ടായത്. മ്യൂച്വല്‍ ഫണ്ടുകള്‍ ആട്ടിന്‍തോലണിഞ്ഞ ട്രസ്റ്റുകള്‍ തന്നെയാണ് എന്നാണു അസാറിന്റെ കണ്ടെത്തല്‍.

ലാഭം കൊയ്യുന്നത് പണമുള്ളവരാണ്, അതിന്റെ നഷ്ടം അനുഭവിക്കേണ്ടിവരുന്നത് മധ്യവര്‍ഗ്ഗവും ദരിദ്രരും. പുതിയ പ്രബന്ധത്തില്‍ അസറും സഹപ്രവര്‍ത്തകരായ മാര്‍ട്ടിന്‍ സിഷ്മാല്‍സും ഇസബെല്‍ ടെക്കുവും ഒരു കൊടുങ്കാറ്റ് തന്നെയാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യുഷണല്‍ ഇന്‍വെസ്റ്റര്‍മാര്‍ക്ക് വിപണി അധികാരം ലഭിക്കുമ്പോള്‍ വിലക്കയറ്റമുണ്ടാകുന്നുണ്ടോ എന്നറിയാന്‍ അവര്‍ വിമാനനിരക്കുകളാണ് പഠിച്ചത്. വിമാനക്കമ്പനികളെ നാം സ്വതന്ത്രകമ്പനികളായാണ് കരുതുന്നതെങ്കിലും അവ സത്യത്തില്‍ ഒരു ചെറിയ സംഘം ഇന്‍സ്റ്റിറ്റ്യുഷണല്‍ ഇന്‍വസ്റ്റര്‍മാരാണ് നടത്തുന്നത്. ഉദാഹരണത്തിന് യുണൈറ്റഡിന്റെ പ്രധാന ഓഹരിയുടമകള്‍ സൗത്ത് വെസ്റ്റ്, ഡെല്‍റ്റ എന്നിങ്ങനെ പല വിമാനക്കമ്പനികളുടെയും ഓഹരിയുടമകളാണ്. ഈ കൂട്ടുടമസ്ഥതയിലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വിമാനനിരക്കുകളെക്കാള്‍ മൂന്നുമുതല്‍ പതിനൊന്നുശതമാനം വരെ കൂടുതലായാണ് ഇപ്പോള്‍ നിരക്കുകള്‍. ഇതാണ് ഉപഭോക്താക്കളുടെ പോക്കറ്റുകളില്‍ നിന്ന് മുതല്‍ മുടക്കുന്നവരുടെ പോക്കറ്റുകളിലേയ്ക്ക് പോകുന്ന പണം.

എങ്ങനെയാണിത് സംഭവിക്കുന്നത്? ഇന്‍സ്റ്റിറ്റ്യുഷണല്‍ ഇന്‍വസ്റ്റര്‍മാര്‍ അവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളെ എതിര്‍കമ്പനികളില്‍ നിന്നും കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നത് വിലക്കുന്നതാകാം. ഒരു മ്യൂച്വല്‍ ഫണ്ടിന് യുനൈറ്റഡിലും ഡെല്‍റ്റയിലും ഓഹരിയുണ്ടെങ്കില്‍ ചില റൂട്ടുകളില്‍ ഇവ മാത്രമാകും ഉണ്ടാവുക. അപ്പോള്‍ യുനൈറ്റഡും ഡെല്‍റ്റയും വിലയില്‍ മത്സരിക്കാതിരുന്നാല്‍ ലാഭം മ്യൂച്വല്‍ ഫണ്ടിനാണ്. ഇത്തരം ആവശ്യങ്ങളെ എതിര്‍ക്കേണ്ട ആവശ്യം യുനൈറ്റഡിന്റെയോ ഡെല്‍റ്റയുടെയോ മാനേജര്‍മാര്‍ക്കില്ല, കാരണം അവരും സ്വന്തം കമ്പനികളുടെ ഓഹരിയുടമകള്‍ തന്നെയായത് കൊണ്ടു ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കുന്നതില്‍ അവരും തല്‍പ്പരരാണ്. മാനേജര്‍മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് സംഭവിക്കുന്നത്. ഉദാഹരണത്തിന് എതിരാളികളെ എങ്ങനെ മത്സരിക്കുന്നുവന്നതിന്റെ അടിസ്ഥാനത്തിലല്ലാതെ സ്വന്തം സ്ഥാപനത്തിന്റെ വിലനിലവാരത്തെ അടിസ്ഥാനപ്പെടുത്തി മാനേജര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാം.

മ്യൂച്വല്‍ ഫണ്ടുകള്‍ തമ്മിലുള്ള മത്സരം കോര്‍പ്പറേഷനുകള്‍ തമ്മിലുള്ള മത്സരത്തിന് പകരമാകുന്നില്ല. വിമാനക്കമ്പനികളില്‍ ഓഹരിയുള്ള രണ്ടു മ്യൂച്വല്‍ഫണ്ടുകളുടെ കാര്യമെടുക്കുക. വിമാനക്കമ്പനികള്‍ തമ്മില്‍ മത്സരിക്കാതിരുന്നാല്‍ രണ്ട് മ്യൂച്വല്‍ഫണ്ടുകള്‍ക്കും ലാഭമാണ്. വിമാനക്കമ്പനി മാനേജര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യേണ്ടത്.ഇതിലൊന്നും കാര്യമില്ലെന്ന് വാദിച്ചേക്കാം. ഒരുപാട് സാധാരണക്കാരും മ്യൂച്വല്‍ഫണ്ടില്‍ അംഗങ്ങളാണ്,അവര്‍ക്കും ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ട്. അവര്‍ ഒരു പോക്കറ്റില്‍ നിന്ന് കൂടിയ വിമാനയാത്രാനിരക്കുകള്‍ കൊടുക്കുകയും മറുപോക്കറ്റില്‍ മാര്‍ക്കറ്റ് സ്റ്റോക്ക് തിരികെവരുന്നത് എടുത്തുവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ളവരാണ് മ്യൂച്വല്‍ഫണ്ടില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത്, താഴ്ന്ന വരുമാനക്കാര്‍ തങ്ങളുടെ പണം സാധനങ്ങളും സര്‍വീസുകളും വാങ്ങാനാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ അവയില്‍ നിന്നുള്ള ലാഭം പ്രധാനമായും ഉയര്‍ന്നവരുമാനക്കാരില്‍ കുമിഞ്ഞുകൂടുന്നു. മാത്രമല്ല, മാര്‍ക്കറ്റ് നിലവാരം കൊടുക്കാന്‍ കഴിവുള്ളവര്‍ക്കുപോലും കുത്തകനിലവാരം നല്‍കാന്‍ കഴിയാത്തതിനാല്‍ വസ്തുക്കളും സേവനങ്ങളും ഉപയോഗിക്കാന്‍ കഴിയാതെവരുന്നു. ഇന്‍സ്റ്റിറ്റ്യുഷണല്‍ ഇന്‍വസ്റ്റര്‍മാര്‍ മാര്‍ക്കറ്റിന്റെ വലിപ്പം കുറയ്ക്കുകയും ധനികര്‍ക്ക് ഓഹരിയുടെ പ്രധാനപങ്ക് നല്‍കുകയുമാണ് ചെയ്യുന്നത്.

അസറും സഹപ്രവര്‍ത്തകരും വിമാനവ്യവസായം മാത്രമാണ് പഠിച്ചതെങ്കിലും അവരുടെ പഠനഫലങ്ങള്‍ കൂടുതല്‍ തലങ്ങളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്‍വസ്റ്റ്‌മെന്റ് മാനേജിംഗ് കമ്പനിയായ ബ്ലാക്ക് റോക്ക് ആണ് അമേരിക്കയിലെ പ്രമുഖങ്ങളായ മൂന്നു ബാങ്കുകളിലെ പ്രധാന ഓഹരിയുടമ. ഇവര്‍ തന്നെയാണ് ആപ്പിളിലെയും മൈക്രോസോഫ്റ്റിലെയും പ്രധാന ഓഹരിയുടമ. ഈ കമ്പനികള്‍ തന്നെയാണ് സിവിഎസിന്റെ പ്രധാന ഓഹരിയുടമകള്‍, ഇവര്‍ തന്നെയാണ് വാള്‍ഗ്രീന്‍സിന്റെയും പ്രധാന ഓഹരിയുടമകള്‍. ഇന്‍സ്റ്റിട്യൂഷണല്‍ ഇന്‍വസ്റ്റര്‍മാരാണ് സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നത് എന്ന് പറയാം.

നമുക്ക് പിക്കറ്റിയിലേയ്ക്ക് തിരികെവരാം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അസമത്വം ഏറ്റവും കൂടിനിന്നുവെന്നും ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ അത് കുറഞ്ഞുവെന്നും കഴിഞ്ഞ നാല്‍പ്പതുവര്‍ഷങ്ങളില്‍ അത് വീണ്ടും വര്‍ധിച്ചുവെന്നും സൂചിപ്പിക്കുന്ന പിക്കറ്റിയുടെ പ്രശസ്തമായ യു വളവുണ്ട്. ഈ കഴിഞ്ഞ നാല്‍പ്പതുവര്‍ഷത്തിനിടെ സംഭവിച്ച ഒരു പ്രധാനമാറ്റം ഇന്‍സ്റ്റിട്യൂഷണല്‍ ഇന്‍വെസ്റ്റര്‍മാരുടെ വളര്‍ച്ചയാണ്. ഇന്‍സ്റ്റിട്യൂഷണല്‍ ഇന്‍വെസ്റ്റര്‍മാരുടെ കൈവശമുള്ള ഓഹരി രണ്ടാംലോക മഹായുദ്ധകാലത്ത് അഞ്ച് ശതമാനമായിരുന്നത് രണ്ടായിരത്തിപ്പത്തില്‍ അറുപത്തിയേഴുശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന അസമത്വത്തിന്റെ ഈ രണ്ടുകാലങ്ങളും പഠിച്ചാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ട്രസ്റ്റുകളുടെ ഉയര്‍ച്ചയും ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്‍സ്റ്റിറ്റ്യുഷണല്‍ ഇന്‍വെസ്റ്റര്‍മാരുടെ വളര്‍ച്ചയും കാണാന്‍ കഴിയും. ട്രസ്റ്റുകളും ഇന്‍സ്റ്റിട്യൂഷണല്‍ ഇന്‍വെസ്റ്റര്‍മാരും വിപണിയില്‍ കുത്തകയുണ്ടാക്കാനുള്ള ക്യാപ്പിറ്റലിസ്റ്റുകളുടെ തന്ത്രങ്ങളാണ്.

ഇവയെല്ലാം ശരിയെങ്കില്‍ എന്താണ് ചെയ്യാന്‍ കഴിയുക? ഇന്‍സ്റ്റിട്യൂഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളോട് വിലയില്‍ മത്സരിക്കാതിരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ എന്നതാണ് ചോദ്യം. അങ്ങനെയെങ്കില്‍ അത് ആന്റിട്രസ്റ്റ് നിയമത്തിനു എതിരാണ്. നീതിന്യായവകുപ്പ് ഇത് അന്വേഷിക്കേണ്ടതുണ്ട്. എന്നാല്‍ അത്ര എളുപ്പം മനസിലാകുന്ന ഒന്നും നടക്കുന്നില്ല എന്നാണു സംശയിക്കേണ്ടത്. വിലയുയര്‍ത്തുക എന്നത് അധികാരമുള്ളവരുടെ ഒരു താല്‍പ്പര്യമായിരിക്കെ, ഇതിനുവേണ്ടി പ്രത്യേകിച്ച് ഗൂഡാലോചന നടത്തുകയോ പരസ്പരം ചര്‍ച്ച ചെയ്യുക പോലുമോ ചെയ്യേണ്ടതില്ല.മ്യൂച്വല്‍ ഫണ്ട് പോലുള്ള ഇന്‍സ്റ്റിട്യൂഷണല്‍ ഇന്‍വെസ്റ്റര്‍മാരെ നിയന്ത്രിക്കുന്ന നിയമങ്ങളാണ് ഇതിനെതിരെ ചെയ്യാവുന്ന ഒരു കാര്യം. ഈ നിയമം വളരെ ലളിതമായിരിക്കും. ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് അകൗണ്ട് തുറക്കുമ്പോള്‍ ഇപ്പോള്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ടാക്‌സ് ഇളവ് ലഭിക്കാറുണ്ട്. തങ്ങളുടെ ജീവനക്കാര്‍ക്ക് എന്ത് തരം ഫണ്ടുകളാണു നല്‍കാവുന്നത് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ബാധകമാണ്. ഒരു വ്യവസായത്തിലെ ഒരു സ്ഥാപനത്തില്‍ കൂടുതല്‍ ഒരു മ്യൂച്വല്‍ ഫണ്ടില്‍ പാടില്ല എന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവരേണ്ടത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഒരു മ്യൂച്വല്‍ഫണ്ടിന് എത്ര വ്യവസായങ്ങളില്‍ വേണമെങ്കിലും പണം മുടക്കം, പക്ഷെ ഒരു വ്യവസായത്തിലെ ഒരു സ്ഥാപനത്തിന്റെ ഷെയര്‍ മാത്രമേ വാങ്ങാന്‍ കഴിയൂ.

ഉദാഹരണത്തിന് ഒരു മ്യൂച്വല്‍ഫണ്ടിന് ഏതെങ്കിലും ഒരു വിമാനക്കമ്പനിയുടെ ഓഹരി വാങ്ങം. അതേ മ്യൂച്വല്‍ഫണ്ടിന് ഏതെങ്കിലും ഒരു കാര്‍ നിര്‍മ്മാതാവിന്റെ ഷെയര്‍ വാങ്ങാം. പല വ്യവസായങ്ങളില്‍ പണം മുടക്കുന്നതിലൂടെ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് തങ്ങളുടെ നിക്ഷേപകര്‍ക്ക് വ്യത്യസ്തതരം ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യാം. പക്ഷെ വിലയുടെ കാര്യത്തില്‍ മത്സരിക്കാതിരിക്കാന്‍ കമ്പനികള്‍ക്ക് പ്രേരണ ലഭിക്കുകയുമില്ല .

നമ്മുടെ ആശയം വിപ്ലവകരമായി തോന്നുമെങ്കിലും അതിനായി മ്യൂച്വല്‍ ഫണ്ട് വ്യവസായം ഒന്നാകെ മാറ്റിപ്പണിയേണ്ടിവരും. അങ്ങനെ ചെയ്താല്‍ സമൂഹത്തിന് മുഴുവനും പ്രയോജനങ്ങള്‍ ഉണ്ടാകും. വിപണിയിലെ കുത്തക ഇല്ലാതാകുമ്പോള്‍ എല്ലാവര്‍ക്കും കുറഞ്ഞ വില ലഭിക്കുകയും ചെയ്യും. മുതല്‍മുടക്കുന്നവര്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍ കുറവുണ്ടാകുമെങ്കിലും വിലക്കുറവിലൂടെ സമൂഹത്തിനുണ്ടാകുന്ന ലാഭങ്ങള്‍ നോക്കിയാല്‍ ഈ നഷ്ടം അത്ര സാരമല്ല. ധനികരെക്കാള്‍ കുറഞ്ഞവരുമാനക്കാരെയാണ് വിലക്കയറ്റം സാരമായി ബാധിക്കുന്നത്, അതില്‍ വരുന്ന മാറ്റം ഉയര്‍ന്ന രീതിയിലുള്ള ഈ അസമത്വത്തില്‍ കുറവുണ്ടാക്കും. പത്തൊന്‍പതാം നൂറ്റാണ്ടിലെ ട്രസ്റ്റുകള്‍ തകര്‍ത്തതുപോലെ നമുക്കും വിപണിയെ വിപണിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_QNext Story

Related Stories