TopTop

ഇത് നികേഷിന് അച്ഛന്‍ നല്കിയ അടി; ജ്യേഷ്ഠന്‍ എംവി ഗിരീഷ് കുമാര്‍

ഇത് നികേഷിന് അച്ഛന്‍ നല്കിയ അടി; ജ്യേഷ്ഠന്‍ എംവി ഗിരീഷ് കുമാര്‍

എംവി ഗിരീഷ് കുമാര്‍/ എംകെ രാമദാസ്

അഴീക്കോട് എംവി നികേഷ് കുമാറിന്റെ തോല്‍വി അച്ഛന്റെ വിജയമാണെന്ന് എംവി ഗിരീഷ് കുമാര്‍. 'എംവി രാഘവന്റെ മനസ്സ് നികേഷിനൊപ്പമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. അച്ഛനെ നിഷേധിച്ചതിന്റെ ഫലമാണ് പരാജയം,' ഗിരീഷ് കുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

'ടെലിവിഷനില്‍ സൃഷ്ടിച്ച വ്യക്തിപ്രഭാവം കൊണ്ട് ജയിച്ചു കേറാമെന്നാണ് നികേഷ് കരുതിയത്. സിപിഐഎം എന്ന പാര്‍ട്ടി അവനെ ഒരിക്കലും സംരക്ഷിക്കില്ല. യൂസ് ആന്റ് ത്രോ എന്നതാണ് അവരുടെ ശൈലി. പറ്റുമെങ്കില്‍ ഉപയോഗിക്കും അല്ലെങ്കില്‍ ഉപേക്ഷിക്കും. കറിവേപ്പിലയ്ക്ക് സമാനം. കൈയിലിരുപ്പാണ് നികേഷിന് വിനയായത്. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുകയാണ് സിപിഐഎം ചെയ്തത്. ചുടുചോറാണ് വാരരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ, അയാള്‍ ചെവി കൊണ്ടില്ല. സിപിഐഎമ്മുമായുള്ള ചങ്ങാത്തത്തെ എതിര്‍ത്തത് അറിഞ്ഞ കുടുംബാംഗങ്ങളില്‍ ചിലര്‍ ചോദിച്ചത് സ്വന്തം ചോരയല്ലേയെന്നാണ്. അതാണ് ശരി. എംവിയാറിന്റെ ചോരയെ നിഷേധിക്കുകയാണ് നികേഷ് ചെയ്തത്.''കേരളം മുഴുവന്‍ ഇടതു തരംഗം വന്നിട്ടും അഴീക്കോട് ഷാജിക്കു മുന്നില്‍ നികേഷ് തകര്‍ന്ന് അടിഞ്ഞു. അവന്‍ എന്റെ കൂടെ ഉണ്ടാകുമോയെന്ന് അറിയില്ല. ഏത് വീഴ്ചയിലും അവനോടൊപ്പം ഞാനുണ്ടാകും. അടുത്ത ദിവസം നേരില്‍ കാണും.' ഗിരീഷ് പറഞ്ഞു.

'തുടര്‍ന്ന് നികേഷിന് എന്ത് ചെയ്യാനാകുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തിരിച്ചു വരവ് അസാധ്യമാണ്. അവന്റെ ക്രഡിബിലിറ്റി പൂര്‍ണമായും തകര്‍ന്നു. അച്ഛന്റെ വലംകൈയ്യായിരുന്നുവര്‍ നികേഷിന്റെ നിലപാടിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എകെ നാണു, മാണിക്കര ഗോവിന്ദന്‍ തുടങ്ങിയ സഖാക്കള്‍ നികേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒരിക്കലും നന്നാകില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് സിപിഐഎം. ഈ വിജയത്തിലും അവരുടെ ആറ്റിറ്റ്യൂഡില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം അഴീക്കോട് ഒരു വീഡിയോ ഷോപ്പ് ഉടമയെ തല്ലി കാല് ഒടിച്ചു. കട തല്ലി തകര്‍ത്തു. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് അയാള്‍. പാവപ്പെട്ട ആ മനുഷ്യന്‍ ചെയ്ത അപരാധം എന്തെന്ന് അറിയില്ല. സിപിഐഎം എന്ന പാര്‍ട്ടി പാഠം പഠിക്കുന്നില്ല എന്നതിന് തെളിവു കൂടിയാണ് ഈ സംഭവം. പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും വ്യത്യസ്തരല്ല. വിഎസിനെക്കാള്‍ അടുപ്പം പിണറായി വിജയനുമായുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതില്‍ വിഷമമൊന്നുമില്ല. എംവിആര്‍ സ്ഥാപിച്ച സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഭയപ്പെടുന്നില്ല. കോടതി വിധി കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നില്ല. ഇടതിന് മുമ്പേ തന്നെ മുന്‍തൂക്കം പ്രവചിച്ചിരുന്നു. സിപി ജോണിന്റെ തോല്‍വിയില്‍ കടുത്ത മനപ്രയാസമുണ്ട്.' ഗിരീഷ് കുമാര്‍ പറഞ്ഞു.


Next Story

Related Stories