TopTop
Begin typing your search above and press return to search.

തെരുവ് പ്രസംഗത്തില്‍ ഇളകിപ്പോകാമോ നമ്മുടെ ന്യായാസനങ്ങള്‍?

തെരുവ് പ്രസംഗത്തില്‍ ഇളകിപ്പോകാമോ നമ്മുടെ ന്യായാസനങ്ങള്‍?

സി.പി.എം. നേതാവ് എം.വി. ജയരാജന്‍ പൂജപ്പുര ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. കേരള ഹൈക്കോടതിയുടെ ഒരു വിധിന്യായത്തെ പരസ്യമായി വിമര്‍ശിച്ചതിനാണ് ജയരാജനെ ശിക്ഷിച്ചത്. പാതയോരങ്ങളിലെ സമ്മേളനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെ കണ്ണൂരില്‍ ഒരു പൊതുയോഗത്തില്‍ അദ്ദേഹം ചോദ്യം ചെയ്തു. ആ വിധിന്യായം പുറപ്പെടുവിച്ച ന്യായാധിപനെ ജയരാജന്‍ ‘ശുംഭന്‍’ എന്ന് വിളിച്ചു. അതാണ് സുപ്രിംകോടതിപോലും ഈ രാഷ്ട്രീയ പ്രവര്‍ത്തകനില്‍ കണ്ടെത്തിയ കുറ്റം.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പൊതുവീഥികള്‍ കൈയേറി സമരം നടത്തുന്നതും പ്രകടനങ്ങള്‍ സംഘടിപ്പിച്ച് വഴിയടയ്ക്കുന്നതും രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റും പതിവ് രീതിയായപ്പോള്‍ കോടതി ഇടപെട്ടതില്‍ കുറ്റം പറയാനാകില്ല. പാതയോരങ്ങളിലെ പ്രകടനങ്ങളും യോഗങ്ങളും ജനങ്ങള്‍ക്കുണ്ടാക്കിക്കൊണ്ടിരുന്ന കഷ്ടനഷ്ടങ്ങള്‍ ആരും ഗൗനിച്ചില്ല. അതിനാല്‍ ഹൈക്കോടതിയുടെ ആ വിധിയെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളൊഴികെയുള്ളവരെല്ലാം നിശ്ശബ്ദം സ്വാഗതം ചെയ്തിരിക്കാം. സഞ്ചാരമെന്ന മൗലികമായ പൗരാവകശാത്തെ സമര പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ മാനിക്കാറില്ല. ഹൈക്കോടതിയുടെ ഇടപെടല്‍ ന്യായമായിരുന്നു. പക്ഷേ പ്രതിഷേധിക്കാനും സമരം നടത്താനും വഴിതടയല്‍ രീതിയല്ലാതെ വേറൊരു സമരമാര്‍ഗ്ഗവും വശമില്ലാത്ത എം.വി. ജയരാജനെപ്പോലുള്ള ആശയ ദരിദ്രന്മാരായ നേതാക്കള്‍ക്ക് അരിശംവന്നു. ശ്രോതാക്കളെ ആവേശഭരിതരാക്കാന്‍ ന്യായാധിപനെയും പൊലീസിനെയും പ്രസംഗത്തില്‍ പുലഭ്യം പറഞ്ഞു. പല മാര്‍ക്‌സിസ്റ്റ് നേതാക്കളുടെയും പ്രസംഗശൈലിയാണത്. ഇ.എം.എസ്. മുതല്‍ പാലോളി മുഹമ്മദ്കുട്ടിവരെ കോടതിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ചിട്ടുണ്ട്. എം.വി. ജയരാജന്‍ അക്കാര്യത്തില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ്.

എന്നാല്‍ ജയരാജന്റെ രാഷ്ട്രീയ ശൈലി ഇഷ്ടപ്പെടാത്തവര്‍ പോലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പിന്തുണയ്ക്കുകതന്നെ വേണം. ന്യായാധിപന്മാരാരും വിമര്‍ശനത്തിന് അതീതരല്ല. കോടതിയെ ബഹുമാനിച്ചുകൊണ്ട് വിധിന്യായത്തെ വിമര്‍ശനബുദ്ധിയോടെ പരിശോധിക്കാന്‍ പൗരന് അവകാശമുണ്ട്. കോടതിയലക്ഷ്യ നിയമത്തിന്റെ ആയുധം അതിനെതിരേ ഉയര്‍ത്തുന്നത് ജനാധിപത്യ സമൂഹത്തിന്റെ ഭാവിക്ക് ഒരുതരത്തിലും ദൂഷണമല്ല. ഒരു ന്യായാധിപനെ ശുംഭന്‍ എന്ന് വിളിക്കുന്നത് വലിയ അപരാധമൊന്നുമല്ലെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജിയും പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ടേയ കട്ജു പറയുന്നത് ന്യായാസനങ്ങളുടെ കാവല്‍ഭടന്മാര്‍ ശ്രദ്ധിക്കണം. അദ്ദേഹം എഴുതുന്നു: 'ജനങ്ങള്‍ക്കാണ് ഇവിടെ പരമാധികാരം. രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ന്യായാധിപന്മാര്‍, നിയമ സാമാജികര്‍, ഉദ്യോഗസ്ഥര്‍, പൊലീസ്, സായുധസേന തുടങ്ങിയവരെല്ലാം ജനസേവകര്‍ മാത്രം. യജമാന്മാരായ ജനങ്ങള്‍ക്ക് അവരുടെ സേവകരായ ജഡ്ജിമാരെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്.' അതുകൊണ്ട് കേരളത്തിലെ ഒരു മുന്‍ എം.എല്‍.എ. ഒരു ജഡ്ജിയെ 'വിഡ്ഢി' എന്ന് വിളിച്ചതിന് നാലാഴ്ചത്തെ തടവുശിക്ഷ നല്‍കിയ സുപ്രിംകോടതി വിധി തെറ്റാണെന്ന് കട്ജു എഴുതുന്നു. ഭരണഘടന ഉറപ്പാക്കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ (ആര്‍ട്ടിക്കിള്‍ 19 (1) (മ)) ലംഘനമാണ് ആ വിധിന്യായമെന്നും അദ്ദേഹം വിശ്വസിക്കുന്നു.1987 ല്‍ ഇംഗ്‌ളണ്ടിലെ പ്രഭു സഭയുടെ ഒരു ന്യായവിധിയെക്കുറിച്ച് ടൈംസ് പത്രം നല്‍കിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് 'യൂ ഫൂള്‍സ്' എന്നായിരുന്നു. പ്രശസ്ത ഇന്ത്യന്‍ നിയമജ്ഞന്‍ ഫാലി നരിമാന്‍ ആ ദിവസങ്ങളില്‍ ലണ്ടനില്‍ ഉണ്ടായിരുന്നു. വിധിന്യായമെഴുതിയ ന്യായാധിപന്മാരുടെ തലവന്‍ ലോഡ് ടെംപിള്‍മാനോട് സംസാരിക്കുന്ന വേളയില്‍ ടൈംസിനെതിരെ കോടതിയലക്ഷ്യക്കുറ്റത്തിന് നടപടി എടുക്കാത്തതെന്തെന്ന് നരിമാന്‍ ചോദിച്ചു. ടെംപിള്‍മാന്‍ പ്രഭു ചിരിച്ചു. ഇംഗ്‌ളണ്ടിലെ ജഡ്ജിമാര്‍ ഇത്തരം കമന്റുകള്‍ ശ്രദ്ധിക്കാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1975-ല്‍ ഇംഗ്‌ളണ്ടിലെ മറ്റൊരു കോടതിയില്‍ ജഡ്ജി വിധി വായിക്കുമ്പോള്‍ കേസ്സിലെ പ്രതി ഇങ്ങനെ വിളിച്ചുപറഞ്ഞു: 'നര്‍മ്മബോധമില്ലാത്ത യന്ത്രമാണ് നീ. പോയി സ്വയം തുലയാത്തതെന്ത്?' ദീര്‍ഘമായ ഒരു പുഞ്ചിരികൊണ്ട് ജഡ്ജി അയാള്‍ക്കു മാപ്പുകൊടുത്തു. 'റോയല്‍റ്റി ഈസ് ദ മാസ്റ്റര്‍, കിംഗ് ക്യാന്‍ ഡു നോ റോംഗ്' എന്ന് ഇന്നത്തെ കാലത്തും വിശ്വസിക്കുന്ന ശീമയില്‍ ഇങ്ങനെയാണ് സ്ഥിതി. ആ നീതി സംവിധാനത്തോട് ആദരവോടെ കടംകൊണ്ടിട്ടുള്ള ഇന്ത്യയിലെ ന്യായാസനങ്ങള്‍ അലങ്കരിക്കുന്നവര്‍ ആരുടെയും ഒരു തെരുവ് പ്രസംഗത്തിലെ പ്രയോഗത്തില്‍ ഇളകിപ്പോകാന്‍ പാടില്ല.

മനുഷ്യന്‍ അവനവന്റെ ഭാവനയ്ക്ക് അനുസരിച്ച് വസ്തുക്കളെ വിഭാവന ചെയ്യുന്നു. നിയമം പഠിച്ച് ബിരുദമെടുത്ത ജയരാജന് ജഡ്ജിയെ ശുംഭന്‍ എന്നു വിളിക്കാന്‍ തോന്നുന്ന ഭാവനയും പ്രതിഭയുമാണുള്ളത്. ഒരു ജനകീയ പ്രശ്‌നം വിധിന്യായത്തിലൂടെ ഉയര്‍ത്തിപ്പിടിച്ച ജഡ്ജിയെ രാഷ്ട്രീയ നേതാവ് ഇങ്ങനെ വിളിച്ചാല്‍ ജനങ്ങള്‍ക്ക് അതിന്മേല്‍ അവരുടേതായ ഒരു വിധിതീര്‍പ്പുണ്ടാകാം. അത് പ്രതിജനഭിന്നവും വിചിത്രവും ആണെന്നുവരാം. എങ്കിലും അതാണ് ശരി. ജനങ്ങള്‍ ജയരാജനെ ശിക്ഷിക്കുകയോ രക്ഷിക്കുകയോ ചെയ്യട്ടെ എന്ന് കോടതി അലക്ഷ്യക്കേസ്സില്‍ ഒരു ജഡ്ജി അഭിപ്രായപ്പെട്ടിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. ലോഡ് ഡൈനിംഗ് ഒരിക്കല്‍ ഇങ്ങനെ കുറിച്ചു: 'ന്യായാധിപന്മാരായ നാം സ്വന്തം മഹിമ ഉയര്‍ത്തിപ്പിടിക്കാന്‍ നിയമം ഒരിക്കലും എടുത്തു പ്രയോഗിക്കരുത്. നമുക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനും നിയമത്തെ ആശ്രയിക്കരുത്. നമ്മള്‍ വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല. അതില്‍ ഒട്ടും അമര്‍ഷവും പാടില്ല. എന്തെന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം ഇതിനെല്ലാം വളരെ ഉയരത്തിലാണ്' കോടതി അലക്ഷ്യ നിയമത്തെ 'ശ്വാനനിയമം' എന്നാണ് എഫ്. നരിമാന്‍ വിശേഷിപ്പിച്ചത്. നായ്ക്കള്‍ക്ക് ആകാശത്തെ അമ്പിളിയെ നോക്കി എത്ര വേണമെങ്കിലും കുരയ്ക്കാം.

മാര്‍ക്കണ്ടേയ കട്ജു ചെന്നൈ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെയ്ക്കുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ഹൈക്കോടതിയിലെ രണ്ട് സഹ ജഡ്ജിമാര്‍ വര്‍ദ്ധിച്ച പാരവശ്യത്തോടെ ഒരു ലഘുലേഖയുമായി അദ്ദേഹത്തിന്റെ മുന്നിലെത്തി. ആ ജഡ്ജിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പരാമര്‍ശങ്ങളായിരുന്നു ലഘുലേഖയിലുടനീളം. അത് വായിച്ചും ജഡ്ജിമാരുടെ വെപ്രാളം കണ്ടും മാര്‍ക്കണ്ടേയ കട്ജു പൊട്ടിച്ചിരിച്ചു. തങ്ങളെ ആശ്വസിപ്പിക്കുകയും ആക്ഷേപകരമായ വാചകങ്ങളെഴുതി പ്രചരിപ്പിച്ചവരെ കണ്ടുപിടിച്ച് ശിക്ഷിക്കുകയും ചെയ്യേണ്ട അവരുടെ ചീഫ് നിസ്സാരമട്ടില്‍ ചിരിക്കുന്നത് എന്തെന്ന് ഇരുവരും ചോദിച്ചു. 'ഇത്തരം ചെറിയ കാര്യങ്ങള്‍ മറന്നുകളയണം. നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം കൂടാതിരിക്കാന്‍ അതാണ് നല്ലവഴി' എന്ന് തന്റെ ഇരിപ്പിടത്തിലേക്ക് ചരിഞ്ഞുകൊണ്ട് ശാന്തമായി കട്ജു പറഞ്ഞു. അത് കേട്ട് ആ ജഡ്ജിമാരും പൊട്ടിച്ചിരിച്ചു.ന്യായാധിപന്മാരെല്ലാം മാര്‍ക്കണ്ടേയ കട്ജുമാരല്ല. വിമര്‍ശനത്തിന്റെ ഒരു തുമ്പച്ചെടിയിലപോലും ഇളകുന്നത് ചിലര്‍ സഹിക്കില്ല. സ്വന്തം വിധികള്‍ സമൂഹത്തിലിളക്കി വിടുന്ന പ്രതികരണങ്ങളുടെ അലയൊലികള്‍ അവര്‍ ആസ്വദിക്കുന്നു. വിമര്‍ശനപദങ്ങളില്‍ നിര്‍മ്മമത്വം വെടിഞ്ഞ് ന്യായാധിപന്മാര്‍ അസ്വസ്ഥരാകുന്നു. തങ്ങളുടെ യജമാനന്മാരാണ് ജനങ്ങള്‍ എന്നും അവര്‍ക്ക് തങ്ങള്‍ക്കുമേല്‍ എന്തു വിധിക്കാനും അവകാശമുണ്ടെന്നും ഉന്നത നീതിപീഠങ്ങള്‍ക്ക് അലങ്കാരമായിരിക്കേണ്ടവര്‍ മറന്നുപോകുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബലിപീഠമായി നീതിപീഠം മാറിയ ഒറ്റപ്പെട്ട ചരിത്രം ആവര്‍ത്തിക്കുന്നു. 'സമ്പന്നരുടെയും യാഥാസ്ഥിതികരുടെയും കോടതി'യെന്ന് ഒരിക്കല്‍ പ്രസംഗിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാടിന് 50 രൂപ പിഴയടയ്‌ക്കേണ്ടി വന്നു. നോട്ട് കെട്ടിന്റെ കനം നോക്കി വിധിപറയുന്നവരെന്ന് ജഡ്ജിമാരെ വിമര്‍ശിച്ച മന്ത്രി പാലോളി മുഹമ്മദ്കുട്ടി പുലിവാലു പിടിച്ചു. സ്വാശ്രയ കോളേജ് കേസ്സില്‍ സര്‍ക്കാരിനെതിരെ വിധിയുണ്ടായപ്പോള്‍ പ്രതികരിച്ചതായിരുന്നു അദ്ദേഹം. കോടതിയില്‍ മാപ്പ് പറഞ്ഞ് പാലോളിയെപ്പോലെ തടി തപ്പിയില്ല ജയരാജന്‍. പകരം ശുംഭന്‍ എന്ന വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ വിശദീകരിച്ച് നിലപാടില്‍ ഉറച്ചുനിന്നു. സ്വയം തിളങ്ങുന്നവന്‍, പ്രകാശം പരത്തുന്നവന്‍ എന്നൊക്കെയാണ് ശുംഭന്‍ എന്ന പ്രയോഗംകൊണ്ട് താന്‍ അര്‍ത്ഥമാക്കിയതെന്ന് സമര്‍ത്ഥിക്കാന്‍ കാലടി സര്‍വകലാശാലയിലെ സംസ്‌കൃത പണ്ഡിതനെ ജയരാജന്‍ സാക്ഷിയാക്കി. അത് പാഴ്‌വേലയും ഉരുണ്ടുകളിയും ആയിരുന്നു. നാട്ടുകാര്‍ക്ക് വെളിച്ചം പകരുന്നവരെ ആരും ശുംഭന്‍ എന്നു വിളിക്കാറില്ലെന്ന് കോടതിക്ക് അറിയാം. അതിനാല്‍ ജയരാജന് മാപ്പു നല്‍കാന്‍ ഹൈക്കോടതി കൂട്ടാക്കിയില്ല. നാലുവര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചുകൊണ്ട് പൊതുപ്രവര്‍ത്തകനായ ജയരാജന്റെ രാഷ്ട്രീയ വ്യാമോഹങ്ങള്‍ക്കു മുകളില്‍ പകയോടെ ആണിയടിച്ചു. സുപ്രിംകോടതിയില്‍ നിന്ന് നിഷ്പ്രയാസം ഊരിപ്പോരാമെന്ന് നിയമം പഠിച്ചിട്ടുള്ള ജയരാജന്‍ പ്രതീക്ഷിച്ചു. കേരള ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ അപലപിച്ചെങ്കിലും ജയരാജനെ കുറ്റവിമുക്തനാക്കാന്‍ സുപ്രിംകോടതി കൂട്ടാക്കിയില്ല. തടവുശിക്ഷ നാലാഴ്ചയായി ഇളവു ചെയ്യുകവഴി ജഡ്ജിമാര്‍ അത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം ഉപരിയാണെന്ന തെറ്റായ കീഴ്‌വഴക്കം ആവര്‍ത്തിക്കപ്പെട്ടു. ജനാധിപത്യാവകാശങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കല്‍പ്പിക്കുന്ന ഉന്നതസ്ഥാനം ചോദ്യം ചെയ്യപ്പെട്ടകാര്യം നീതിപീഠത്തെ ഓര്‍മ്മിപ്പിക്കാന്‍ ഒരേയൊരാള്‍ മാത്രമേ ഇതുവരെ മുന്നോട്ടു വന്നിട്ടുള്ളൂ. അധികൃതര്‍ക്ക് അപ്രിയമായ പല സത്യങ്ങളും ധീരമായി പ്രകടിപ്പിച്ചിട്ടുള്ള മാര്‍ക്കണ്ടേയ കട്ജു. വി.ആര്‍. കൃഷ്ണയ്യര്‍ ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജയരാജനെ ജയിലില്‍ അയച്ച വിധിയെ വിമര്‍ശിക്കുമായിരുന്നെന്ന് പറയാം.

ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം നിലനില്‍ക്കുന്നത് അഭിപ്രായം പറയാനുള്ള പൗരന്റെ മൗലികാവകാശത്തിന്മേലാണ്. ഒരു വാക്കിന്റെ പേരില്‍ ഒരാള്‍ക്ക് തടവുശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ നമ്മുടെ മാധ്യമങ്ങളില്‍ നിന്ന് നിരവധി വാക്കുകളും പ്രയോഗങ്ങളും അപ്രത്യക്ഷമാകും. സാഹിത്യമെഴുതുന്നവര്‍ 'ഇന്ന് ഭാഷയിത് അപൂര്‍ണ്ണമിങ്ങഹോ' എന്ന് വിലപിക്കേണ്ടിവരും. ആളും തരവും നോക്കി മാത്രം വിമര്‍ശനമെന്ന കള്ളത്തരം ശീലമാക്കേണ്ടിവരും. ധീരമായ അഭിപ്രായങ്ങളും ഉന്നതമായ ചിന്തയും ഇല്ലാതാകും. ജയരാജന്‍ കേസ്സിന്റെ വിധിയെപ്പറ്റി ഒരു മുഖപ്രസംഗം എഴുതാന്‍ നമ്മുടെ 'സ്വതന്ത്ര' മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടായില്ല. കോടതിയെന്ന് കേട്ടാല്‍ മുട്ടുവിറയ്ക്കുന്ന ബഹുജന മാധ്യമങ്ങള്‍ ആപല്‍ക്കരമായ മൗനത്തിലൂടെ സ്വന്തം നിലനില്‍പ്പിന്റെ അസ്ഥിവാരം തോണ്ടുന്നത് അറിയുന്നില്ല. ജയരാജന്‍ പറഞ്ഞ വാക്കിന്റെ സംസ്‌ക്കാരശൂന്യതയെ അപലപിക്കുകയും, എന്നാല്‍ അതു പറയാനുള്ള അയാളുടെ അവകാശത്തെ പിന്തുണയ്ക്കുകയും വേണം. അങ്ങനെ ചെയ്യേണ്ടത് നമ്മുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. ഇന്ത്യ അയല്‍രാജ്യമായ ചൈനയില്‍ നിന്ന് ഉന്നതസ്ഥാനത്ത് വ്യത്യസ്തമായി തീരുന്നത് അങ്ങനെയാണ്.


Next Story

Related Stories