TopTop
Begin typing your search above and press return to search.

ഇടതുപക്ഷമാണ് ശരി; എന്റേത് ഒരു കണ്ണൂര്‍ മനസ്സ്-എം വി നികേഷ് കുമാര്‍/അഭിമുഖം

ഇടതുപക്ഷമാണ് ശരി; എന്റേത് ഒരു കണ്ണൂര്‍ മനസ്സ്-എം വി നികേഷ് കുമാര്‍/അഭിമുഖം

എം.വി.നികേഷ്‌കുമാര്‍/കെ എ ആന്‍റണി

എറിക്‌ ഹോബ്‌സ്ബാമിന്റെ പാരീസിലെ രാഷ്ട്രീയ ചെരുപ്പു കുത്തികളുടെ കേരള പരിപ്രേക്ഷ്യം തന്നെയായിരുന്നു ഒരു കാലത്ത് നെയ്ത്തുകാരും ചെത്തുകാരും ബാര്‍ബര്‍മാരും ബീഡി തെറുപ്പുകാരും കര്‍ഷക തൊഴിലാളികളും. പാരീസ് കമ്യൂണ്‍ പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ രാഷ്ട്രീയത്തെ നെയ്തും ചെത്തിയും വടിച്ചും തെറുത്തും നട്ടുനനച്ചും വളര്‍ത്തിയ അത്തരക്കാരോട് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പുലര്‍ത്തിവന്ന വിശ്വാസം തന്നെയായിരുന്നു നാളിതുവരെ പ്രസ്ഥാനത്തിന്റെ കരുതലും ധനവും.

കാലംമാറി പ്രസ്ഥാനത്തിന്റെ കോലവും മാറി എന്ന കോലാഹലങ്ങള്‍ക്കിടയിലേക്കാണ് ശംഖൊലി മുഴക്കി സംഘപരിവാര്‍ സംഘടനകള്‍ കമ്യൂണിസ്റ്റുകളുടെ വേരറുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ വേദിയാക്കി രംഗത്തിറങ്ങിയിരിക്കുന്നത്. 1991 ല്‍ പരാജയപ്പെട്ട കൊ. ലി. ബി സഖ്യത്തിന് വീണ്ടുമൊരിക്കല്‍ക്കൂടി കളമൊരുങ്ങുന്നുവെന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പറയുമ്പോള്‍ ചില മണ്ഡലങ്ങളിലെങ്കിലും അത്തരമൊരു സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ല.

രൂപീകരണകാലം തൊട്ട് ഏറിയകൂറും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂരിലെ അഴീക്കോട്. രണ്ട് തവണ മാത്രമേ അഴീക്കോട് സി.പി.എമ്മിനെ കയ്യൊഴിഞ്ഞുള്ളൂ. രണ്ട് തവണയും യു.ഡി.എഫ് നേടിയത് അട്ടിമിറ വിജയവും. 1987 ല്‍ എം.വി.രാഘവന്‍ സി.പി.എമ്മിലെ ഇ.പി ജയരാജനെ രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. സി.പി.എമ്മിന്റെ ജില്ലയിലെ അമരക്കാരനായിരുന്ന എം.വി.രാഘവനെ 1986 ല്‍ ബദല്‍ രേഖയുടെ പേര് പറഞ്ഞ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ അണികള്‍ക്കിടയില്‍ നിന്നുമുണ്ടായ പ്രതിഷേധം കൂടിയായിരുന്നു 87 ലെ ആ അട്ടിമറി വിജയം. രണ്ടാമത്തെ അട്ടിമറി വിജയം മുസ്ലീംലീഗിലെ കെ.എം.ഷാജി. സി.പി.എമ്മിന്റെ എം.പ്രകാശനെതിരെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 493 വോട്ടിന്റേതും.

പുനര്‍നിര്‍ണ്ണയത്തിനുശേഷം അഴീക്കോട് പൂര്‍ണ്ണമായും ഇടതിന് അനുകൂലമെന്ന് പറയാനാവില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേരിയ മുന്‍തൂക്കം ലഭിച്ചത് യു.ഡി.എഫിനാണ്. എന്നാല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ ലഭിച്ചു.

നിലവിലെ എം.എല്‍.എ കെ.എം.ഷാജി തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മണ്ഡലം തിരിച്ചു പിടിക്കാനായി സി.പി.എം നിയോഗിച്ചിട്ടുള്ളത് എം.വി. ആറിന്റെ മകന്‍ എം.വി.നികേഷ് കുമാറിനെയും.

മേലത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി.ആര്‍ കുലത്തൊഴിലല്ലാതിരുന്നിട്ടു കൂടി നെയ്ത്ത് തൊഴിലാളിയായ ആളായിരുന്നു. പക്ഷെ നെയ്തതത്രയും കണ്ണൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഊടും പാവും. മലയാളത്തില്‍ ദൃശ്യമാധ്യമരംഗത്ത് വ്യക്തിമുദ്ര പതിച്ചയാളാണ് നികേഷ് കുമാര്‍. ഒരു പുതിയ ദൃശ്യ-മാധ്യമ സംസ്‌ക്കാരത്തിന് ഊടുംപാവും നെയ്ത നികേഷിന് രാഷ്ട്രീയത്തില്‍ ഇത് കന്നി അങ്കമാണെങ്കിലും അച്ഛന്റെ രാഷ്ട്രീയ വൈഭവം മനസ്സിലും വാക്കിലും തുണയായി ഉണ്ട്.

എം വി നികേഷ്‌കുമാറുമായി അഴിമുഖത്തിന് വേണ്ടി കെ.എ.ആന്റണി തയ്യാറാക്കിയ അഭിമുഖത്തില്‍ നിന്ന്.കെ എ ആന്റണി: ഇത് കന്നിയങ്കമാണല്ലൊ എങ്ങനെ കാണുന്നു ഈ തിരഞ്ഞെടുപ്പിനെ?

എം വി നികേഷ്‌കുമാര്‍: മണ്ഡലത്തില്‍ നിന്നും നല്ല പ്രതികരണമാണ്. വീടുകള്‍, നെയ്ത്തുശാലകള്‍, ഫാക്ടറികള്‍, തീര പ്രദേശങ്ങള്‍ എല്ലാം ഒരു റൗണ്ട് സന്ദര്‍ശിച്ചു കഴിഞ്ഞു. അച്ഛന്‍ നെയ്ത്തുകാരനായാണ് ജീവിതം തുടങ്ങിയത്. ഇഴപിരിയാത്ത ബന്ധം ഇപ്പോഴും ഞങ്ങളുടെ കുടുംബത്തിന് അവരുമായുണ്ട്. എന്റെ ധാരാളം സഹപാഠികള്‍ ഈ മണ്ഡലത്തിലുണ്ട്. അവരെയും കണ്ടുകഴിഞ്ഞു. മൊത്തത്തില്‍ നല്ല പ്രതികരണമാണ്. തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ആത്മവിശ്വാസവും.

ആ: ചാനല്‍ പ്രവര്‍ത്തനം ഒഴിവാക്കി രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ എന്താണ് കാരണം?

നി: ശരിയാണ് എന്റെ തട്ടകം മറ്റൊന്നായിരുന്നു. ജോലി സ്ഥലം മറ്റൊന്നായിരിക്കുമ്പോഴും എന്റെ മനസ്സ് ഒരു കണ്ണൂര്‍കാരന്റേതായിരുന്നു. ഒരു തിരിച്ചുവരവ് എന്നും സ്വപ്നം കണ്ടിരുന്നു. ശിതീകരിച്ച മുറിയിലിരുന്ന് ചെയ്യാവുന്ന ഒന്നല്ല ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്റേതെന്ന് എനിക്ക് ഉത്തമ ബോദ്ധ്യമുണ്ട്. ഈ വെയിലിനും ചൂടിനും ഒരു പ്രത്യേകം സുഖമുണ്ട്. അത് എനിക്കുള്ളിലെ കണ്ണൂര്‍ മനസ്സില്‍ എന്നും ഉണ്ടായിരുന്നു.

: അച്ഛനെ പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ആത്മസംഘര്‍ഷം ഒട്ടുമില്ലെന്നാണോ?

നി: ഒട്ടുമില്ല. രാഷ്ട്രീയാന്തരീക്ഷം ആകെ കലുഷിതമാണ്. പഴയ. കാര്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

: എങ്കിലും ചാനല്‍ ജോലി ഒഴിവാക്കിയത് നല്ല തീരുമാനമാണെന്ന് ഉത്തമ ബോദ്ധ്യമുണ്ടോ?

നി: തീര്‍ച്ചയായും. അതൊരു താല്‍ക്കാലിക ജോലിയായേ കണ്ടിരുന്നുള്ളൂ. മനസ്സ് എന്നും രാഷ്ട്രീയത്തിലും കണ്ണൂരിന്റെ മണ്ണിലുമായിരുന്നു. ടെലിവിഷന്‍ ചാനല്‍ വൃത്തം പൂര്‍ത്തിയായി. സത്യത്തില്‍ അച്ചടിയായാലും ദൃശ്യമാധ്യമമായാലും നമ്മളൊക്കെ എന്താണ് ചെയ്യുന്നത്. അഴിമതി പുറത്തു കൊണ്ടുവരുന്നവരാണ് നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍. ഇപ്പോഴും നമ്മള്‍ അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്താണ് ഇതുകൊണ്ടുണ്ടായ മാറ്റം? അഴിമതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അത്രതന്നെ. അപ്പോള്‍ പിന്നെ ഉത്തമ രാഷ്ട്രീയക്കാരുടെ ഒരു പുതിനിരയെ വാര്‍ത്തെടുക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നതില്‍ എന്താണ് തെറ്റ്? രാഷ്ട്രീയ പ്രവേശം അത്തരത്തിലുള്ള ഒരു സ്വപ്നത്തിന്റെ ഭാഗമാണ്.: എതിരാളി ചില്ലറക്കാരനല്ല. പോരെങ്കില്‍ സിറ്റിംഗ് എം.എല്‍.എയും...

നി: എതിരാളി കരുത്തനാകുമ്പോള്‍ പോരാടാനുള്ള നമ്മുടെ ആവേശവും പതിന്മടങ്ങ് വര്‍ദ്ധിക്കും.

: പുനര്‍നിര്‍ണ്ണയത്തിനുശേഷം അഴീക്കോട് ഇടതിന് അത്ര സുരക്ഷിതമല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

നി: നേരിയ ഭൂരിപക്ഷം മാത്രമാണ് കഴിഞ്ഞ നിയമസഭാ - പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ലഭിച്ചത്. എന്നാല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സ്ഥിതി മാറി.

: എങ്കിലും എം.വി.ആറിന് ഒരിക്കല്‍ അഭയം നല്‍കിയ യു.ഡി.എഫ് വിട്ട് സി.പി.എമ്മിനൊപ്പം എന്നൊക്കെ പറയുമ്പോള്‍...

നി: ഏയ് അതിലൊന്നുമില്ല. അവസാന കാലത്ത് യു.ഡി.എഫും അച്ഛനോട് നീതി കാണിച്ചില്ല. സി.പി.എമ്മിനൊപ്പം ചേര്‍ന്നത് അതുകൊണ്ടല്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷമാണ് ശരി എന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ തുറന്നുകാണിക്കുന്ന മാധ്യമ ധര്‍മ്മം തന്നെയാണ് ഞാന്‍ രാഷ്ട്രീയത്തിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories