TopTop
Begin typing your search above and press return to search.

നടന്‍ സംവിധായകന്‍ ആയാല്‍ അംഗീകരിക്കാന്‍ മടി

നടന്‍ സംവിധായകന്‍ ആയാല്‍ അംഗീകരിക്കാന്‍ മടി

എം ബി പദ്മകുമാര്‍/മീര

2015 ജൂണ്‍ 26, അന്ന് സ്വവര്‍ഗ പ്രണയികള്‍ക്ക് വിവാഹം കഴിക്കാന്‍ ഭരണഘടനാപരമായ അവകാശം നല്‍കിക്കൊണ്ട് അമേരിക്കന്‍ സുപ്രീം കോടതിയുടെ വിധി വന്നു. പിറ്റേനാള്‍ മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന മാസമായി ജൂണ്‍ മാസം കൊണ്ടാടാന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മഴവില്‍ വര്‍ണ്ണമാക്കി. ലോക ഭൂപടത്തില്‍ ഇങ്ങറ്റത്തു കിടക്കുന്ന കേരളത്തില്‍ ഫേസ്ബുക്കില്‍ ജീവിക്കുന്ന തൊണ്ണൂറു ശതമാനം ആളുകളും അന്ന് സ്വവര്‍ഗ പ്രേമികളെ പിന്തുണച്ച് തങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ മഴവില്‍ നിറമണിഞ്ഞു. പക്ഷേ, അതിനും കൃത്യം ഒരു വര്‍ഷം മുമ്പ് സ്വവര്‍ഗ പ്രണയം പ്രമേയമാക്കി ഒരു ചലച്ചിത്രമൊരുക്കി എന്ന ഒറ്റക്കാരണത്താല്‍ ഒരു കലാകാരനെ കൂട്ടുകാര്‍ തങ്ങളുടെ ഫേസ്ബുക്കിലെ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് പേരു വെട്ടി. അദ്ദേഹമൊരുക്കിയ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്ററുടമകള്‍ തീര്‍പ്പുകല്‍പ്പിച്ചു. തന്റെ കലാസൃഷ്ടിയുമായി എന്തു ചെയ്യണമെന്നറിയാതെ, ആ കലാകാരന്‍ നിന്നു. പക്ഷേ, തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

2014-ലെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് അവാര്‍ഡുകളുമായി ആ ചിത്രം വാര്‍ത്തകളിലിടം നേടി. മികച്ച നടനുള്ള അവാര്‍ഡിനൊപ്പം മികച്ച രണ്ടാമത്തെ ചിത്രവും. അന്ന്, അണ്‍ഫ്രണ്ട് ചെയ്തവരൊക്കെ ഈ സംവിധായകനുമായി വീണ്ടും കൂട്ടുകൂടാന്‍ ശ്രമിക്കുമ്പോള്‍ എം ബി പദ്മകുമാര്‍ സംസാരിക്കുന്നു, മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയ്ക്കായി കടന്നു വന്ന കനല്‍വഴികളെ കുറിച്ച്.

ആദ്യ സംവിധാന ചിത്രത്തിന് രണ്ട് അവാര്‍ഡുകള്‍ കിട്ടിയിട്ടും വാര്‍ത്തകളിലെങ്ങും കാണുന്നില്ലല്ലോ?

അവാര്‍ഡിന്റെ ഒരു ലഹരിയും എന്റെ തലയ്ക്ക് പിടിച്ചിട്ടില്ല. അവാര്‍ഡിന്റെ ഒരു സന്തോഷവും എനിക്കില്ല. കാരണം, അതിനേക്കാളേറെ ദു:ഖം ഞാനനുഭവിച്ചതാണ്. ഇതെന്റെ സ്റ്റെപ്പിംഗ് സ്റ്റോണ്‍ മാത്രമാണ്. മുന്നോട്ടു പോകാന്‍ പ്രകൃതി തന്ന ഒരു പ്രചോദനം ആണ് എനിക്ക് ഈ അവാര്‍ഡ്. എന്റെ ലക്ഷ്യം അവാര്‍ഡല്ല. കുറേക്കാലമായി എല്ലാം വിട്ട് സിനിമയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആളാണ് ഞാന്‍. സിനിമയുടെ ഒരു ഗ്‌ളാമറും എന്നെ ബാധിച്ചിട്ടില്ല. അവാര്‍ഡ് കിട്ടിയിട്ടും ഇതുവരെ ആരും എന്നെ വിളിച്ചിട്ടില്ല. ഈ സിനിമയുമായി ഞാന്‍ കുറേ പേരുടെ പുറകെ നടന്നതാണ്. 'പദ്മകുമാര്‍ വലിയ നടനാണ്, സംവിധായകനാണ്'എന്ന് പറയാനല്ല. എന്താണ് ഇതിന്റെ കുറവ് എന്നറിയാന്‍ വേണ്ടി മാത്രം അന്ന് ഞാന്‍ കുറേപേരെ വിളിച്ചു. പക്ഷേ, ബധിരമൂകരായിരുന്നു. പിന്നെ, എന്നെ അറിയാവുന്ന, കലയെ സ്‌നേഹിക്കുന്ന കുറച്ചു പേര്‍ എന്നെ വിളിച്ചു. സൗത്ത് ജൂറിയിലുണ്ടായിരുന്ന കമല്‍ സര്‍, സിബി മലയില്‍ സര്‍, ജൂറിയിലെ പല അംഗങ്ങള്‍ ഇവരൊക്കെ വിളിച്ചിരുന്നു.

എന്തുകൊണ്ടാണ് പദ്മകുമാറിനോടും മൈ ലൈഫ് പാര്‍ട്‌നറിനോടും ഈ അവഗണന?

സിനിമ കുട്ടിക്കാലം മുതല്‍ എന്നെ കൊതിപ്പിച്ചതാണ്. പക്ഷേ, നടനാകണം എന്നല്ലായിരുന്നു ആഗ്രഹം. സിനിമ കൊതിച്ചാണ് ഏഷ്യാനെറ്റില്‍ അവതാരകനായത്. അതിലൂടെ സിനിമയിലേക്കുള്ള വഴി എനിക്ക് തുറന്ന് കിട്ടുമെന്ന് ഞാന്‍ വിശ്വസിച്ചു. ജയരാജ് സാറിന്റെ കീഴില്‍ സംവിധാനം പഠിക്കാനായി ചെന്നു. പക്ഷേ, സംവിധാനത്തിനു പകരം എന്നെ നടനായാണ് അദ്ദേഹം പരിഗണിച്ചത്. അശ്വാരൂഡന്‍ എന്ന ചിത്രത്തില്‍ പദ്മപ്രിയയുടെ സഹോദരന്റെ വേഷം അങ്ങനെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. പിന്നീട്, ജയരാജ് സര്‍ പറഞ്ഞിട്ട് ലോഹിതദാസ് സാറിനെ കണ്ടു. അദ്ദേഹവും സംവിധാനത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം എന്നിലെ നടനെ തന്നെ സ്വീകരിച്ചു. നിവേദ്യം എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം എന്നെ തേടിയെത്തി. ഈ സിനിമകളില്‍ അഭിനയിച്ചതു കൊണ്ട് പലരും എന്നെ നടനായി ലേബല്‍ ചെയ്തു. എന്റെ മോഹം സംവിധാനമായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഈ സിനിമയുമായി അപ്രോച്ച് ചെയ്തപ്പോള്‍ പല നടന്മാരും എന്നെ തള്ളിക്കളഞ്ഞു. ഇതിലെ നായകനായി ഞാന്‍ മനസ്സില്‍ കണ്ടത് ഇപ്പോള്‍ മലയാളത്തിലെ ഒരു ലീഡിംഗ് നടനെയാണ്. ഞാന്‍ നടനാണെന്ന കാരണം കൊണ്ട് മാത്രം അദ്ദേഹം ഈ സിനിമ ചെയ്തില്ല. ഇത്തവണത്തെ അവാര്‍ഡ് ലിസ്റ്റില്‍ നിന്ന് അവസാന നിമിഷം അദ്ദേഹം പുറന്തള്ളപ്പെട്ടിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ ഞാന്‍ അങ്ങോട്ടു വിളിച്ചിരുന്നു. 'നിങ്ങള്‍ മിസായി പോയി. നിങ്ങള്‍ തന്നെ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കില്‍ ഒരുപക്ഷേ ഇതിനപ്പുറത്തേക്ക് ഈ കഥാപാത്രം പോയേനെ. ' എന്ന് ഞാന്‍ പറഞ്ഞു. അവരൊക്കെ മെയിന്‍ സ്ട്രീമിന്റെ രജിസ്റ്റേര്‍ഡ് ഫേസുകളാണ്. ഞാനൊക്കെ ഇപ്പോഴും അണ്ടര്‍ രജിസ്റ്റേര്‍ഡ് ആണ്. തുടക്കത്തിലെ എനിക്ക് ഒരു വെല്ലുവിളിയായിരുന്നു ഈ സിനിമ. സ്വവര്‍ഗ പ്രണയം തീയേറ്ററുകാര്‍ തള്ളിക്കളയാനും ഒരു പ്രധാന കാരണം ഞാന്‍ നടനായതാണെന്ന് കരുതുന്നു. ഈ ഒരു ചിത്രവുമായി പലരെയും ഞാന്‍ കണ്ടിരുന്നു. പക്ഷേ, ആരുമത് കാണാനോ കേള്‍ക്കാനോ തയ്യാറായില്ല.

അഭിനയിക്കുന്നവരെ അംഗീകരിക്കില്ലെന്നുണ്ടോ?

സീരിയലില്‍ അഭിനയിച്ച് കുടുംബം പോറ്റുന്ന ആളാണ് ഞാന്‍. ആക്ടിംഗ് ഒരു പ്രൊഫഷന്‍ ആക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്റെ ജീവിതമാര്‍ഗമാണ് അത്. പക്ഷേ, പ്രേക്ഷകര്‍ എന്നെ അങ്ങനെ വിലയിരുത്തുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. സീരിയലുകാരന്‍ എടുത്ത സിനിമ എന്ന് പറഞ്ഞ് കാണാതിരുന്നപ്പോള്‍ സങ്കടമുണ്ടായി. അത് മാറ്റണമെന്നേ ആഗ്രഹമുള്ളൂ. ഒരു കലാകാരനാണ് ഞാന്‍. ഏതു കല ചെയ്യുന്നു എന്നതിലല്ല, അത് എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം. എന്നില്‍ ഒരു ക്രിയേറ്റര്‍ ഉണ്ടെന്ന് എല്ലാവരും അറിയണമെന്ന് ആഗ്രഹമുണ്ട്.

പക്ഷേ, ചിത്രം വീണ്ടും ശ്രദ്ധിക്കപ്പെട്ടല്ലോ?

നാഷണല്‍ അവാര്‍ഡില്‍ പരാമര്‍ശിക്കപ്പെട്ടത് മുതലാണ് മൈ ലൈഫ് പാര്‍ട്‌നര്‍ ശ്രദ്ധിക്കപ്പെട്ടത്. സ്റ്റേറ്റ് അവാഡിന് അയച്ചപ്പോഴും കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, അവിടെ ഉണ്ടായിരുന്ന ജൂറി എല്ലാം പറഞ്ഞത് ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് മൂവി ഈ മൂന്ന് കാറ്റഗറികളും മൈ ലൈഫ് പാര്‍ട്‌നറായിരുന്നു മുന്‍ പന്തിയില്‍ എന്നാണ്. പക്ഷേ, സമവായത്തിലത് മറ്റ് ആളുകള്‍ക്ക് കൂടി നല്‍കി. അതില്‍ ഞാന്‍ സന്തോഷിക്കുന്നു. അവാര്‍ഡ് എല്ലാവരും പങ്കിട്ടല്ലോ.

കാലങ്ങളായി പറഞ്ഞു കേള്‍ക്കുന്നതാണ് നല്ല ചിത്രം ഒരുക്കുന്ന ആളിനാവണം നല്ല സംവിധായകനുള്ള പുരസ്‌കാരമെന്ന്. അങ്ങനെ തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. നല്ല സിനിമയ്ക്ക് നല്ല ഉള്ളടക്കം വലിയ ഘടകമാണ്. നല്ല മെസേജ് കൊടുക്കുന്ന നല്ല സിനിമ. നല്ല സംവിധായകന്‍ എന്ന് പറയുന്നത് ഒരുപാടു പേരുടെ കഴിവിന്റെ സത്ത ഊറ്റുന്നയാളും. അതു വച്ചു നോക്കുമ്പോള്‍ സംവിധായകനെ തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും നോക്കേണ്ടി വരും. സുദേവ് നായരുടെ മുമ്പുള്ള സിനിമയും ഈ സിനിമയും താരതമ്യപ്പെടുത്തുമ്പോള്‍ മനസ്സിലാകും. എല്ലാത്തിലും വ്യത്യസ്തമായാണ് അഭിനയിച്ചിരിക്കുന്നത്. ഇപ്പോള്‍ മികച്ച സംവിധായകനായ ആള്‍ അദ്ദേഹത്തിന്റെ സിനിമ എന്റെ മൈ ലൈഫ് പാര്‍ട്‌നറെക്കാള്‍ നന്നായി ട്രീറ്റ് ചെയ്തിരിക്കാം.

മൈ ലൈഫ് പാര്‍ട്ണര്‍ വീണ്ടും തീയേറ്ററിലെത്തുമോ?

തീര്‍ച്ചയായും. വീണ്ടും തീയേറ്ററില്‍ റിലീസ് ചെയ്യണമെന്നാഗ്രഹിക്കുന്നുണ്ട്. മികച്ച രണ്ടാമത്തെ ചിത്രമായതു കൊണ്ടല്ല. സുദേവ് നായര്‍ എന്ന നടനെ മലയാളികള്‍ക്ക് ലഭിച്ച ചിത്രമാണിത്. അതുകൊണ്ട് എന്താണ് ആ സിനിമയില്‍ എന്ന് അറിയാന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേര്‍ വിളിച്ചിട്ടുണ്ട്. ഉദാത്തമായ ഒരു സിനിമയൊന്നുമല്ല അത്. പക്ഷേ, ഒരു സത്യസന്ധമായ ഉദ്യമമുണ്ട് ആ സിനിമയില്‍. ടെക്‌നിക്കലി പെര്‍ഫക്ട് സിനിമയാണത് എന്ന് ജൂറി അംഗങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. പാളിപ്പോകും എന്ന് തോന്നുന്ന ഒരു സബ്ജക്ടിനെ നന്നായി എടുത്തു എന്ന് അവര്‍ പറയുമ്പോള്‍ തന്നെ ആ ആത്മാര്‍ഥത ഫീല്‍ ചെയ്യുന്നില്ലേ? അവാര്‍ഡിലൂടെ ശ്രദ്ധിക്കപ്പെട്ടതു കൊണ്ട് വീണ്ടും തീയേറ്റര്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തതാണ് മൈ ലൈഫ് പാര്‍ട്ണര്‍, ലണ്ടന്‍ ബെയ്‌സ്ഡ് കമ്പനി. വ്യൂവര്‍ഷിപ്പ് കുറവായതു കാരണം ഞങ്ങള്‍ പിന്‍വലിച്ചതാണ്. ഒരു മാസ് റിലീസിന് വേണ്ടിയോ കൊമേഴ്ഷ്യല്‍ സക്‌സസിന് വേണ്ടിയോ അല്ല ഈ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. സിനിമയെന്ന് പറയുന്നത് 24 മണിക്കൂര്‍ നീളുന്ന ഒരു ഷോ എക്‌സിബിഷനല്ല. തീയേറ്ററിലെ ഒരു ഇരുണ്ട അന്തരീക്ഷം, ശബ്ദം ഇതൊക്കെ പ്രധാനമാണ്. ആ ഒരു അന്തരീക്ഷത്തില്‍ മൈ ലൈഫ് പാര്‍ട്ണര്‍ വീണ്ടും പ്രദര്‍ശിപ്പിക്കണം. അതിനുള്ള വഴി തുറന്ന് കിട്ടുമെന്നാണ് പ്രതീക്ഷ.ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ കൊയ്ത്ത് നടത്തിയ കാലത്ത് തന്നെയല്ലേ താങ്കളുടെ ചിത്രവും വന്നത്. എന്നിട്ടും സ്വീകരിക്കപ്പെട്ടില്ല?

ന്യൂ ജനറേഷന്‍ എന്ന വാക്ക് കാലാകാലങ്ങളായി വരുന്നതാണ്. ഒരാളും നൂറ് സിനിമ ചെയ്ത് എക്‌സ്പീരിയന്‍സ്ഡ് ജനറേഷന്‍ ആയി വന്നിട്ടില്ല. എല്ലാവരും ന്യൂ ജനറേഷനായി സിനിമയിലേക്ക് വന്നവരാണ്. പത്മരാജന്‍ സാറും ഭരതന്‍ സാറുമൊക്കെ സിനിമ ചെയ്തത് ന്യൂ ജനറേഷന്‍ ചിന്തകളുമായിട്ടായിരുന്നു. സിനിമയുടെ ക്രിയേറ്റിവിറ്റി കിടക്കുന്നത് ചിന്തയിലാണ്. ഇംപ്‌ളിമെന്റേഷന്‍ ആണ് ന്യൂ ജനറേഷനാകുന്നത്. ആദ്യമായിട്ടെടുക്കുമ്പോള്‍ അത് ന്യൂ ജനറേഷന്‍ എന്നൊക്കെ വിലയിരുത്താം. പക്ഷേ, ഇന്നലെ, തൂവാനത്തുമ്പികള്‍ തുടങ്ങിയവ കാലോചിതമായ സിനിമകളാണ്. പ്രേമം സിനിമയെ വിജയിപ്പിച്ച അതേ ആളുകളാണ് ഒരുകാലത്ത് ഷക്കീല സിനിമകളെ വിജയിപ്പിച്ചത്, സന്തോഷ് പണ്ഡിറ്റ് സിനിമയെ വിജയിപ്പിച്ചത്. അപ്പോള്‍, മാറ്റങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്.

സ്വവര്‍ഗ പ്രേമം പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഫേസ്ബുക്ക് പേജില്‍ എന്നെ അണ്‍ഫ്രണ്ട് ചെയ്തവരുണ്ട്. എന്റെ ആത്മാംശം അതിലുണ്ടെന്ന്, ഞാന്‍ ഗേ ആണെന്ന് അവര്‍ കരുതി. അവരൊക്കെ ഇന്നലെയാണ് എന്നെ വീണ്ടും ആഡ് ചെയ്യുന്നത്. ഞാന്‍ ആ സിനിമയിലൂടെ പറഞ്ഞത് എന്റെ ക്രിയേറ്റിവിറ്റിയുടെ ഒരു സൈഡാണ്. ഹോമോസെക്ഷ്വാലിറ്റി എന്താണെന്ന് എനിക്കറിയാം. പതിനൊന്നര വര്‍ഷമായി അത്തരത്തിലുള്ള ആളുകളുടെ പല സൈറ്റുകളില്‍ കയറി, അതില്‍ ഞാനുമൊരംഗമായി, അവരോട് ഇടപെട്ട്, മറ്റു കാര്യങ്ങള്‍ക്കില്ലെങ്കില്‍ പോലും അവരോടൊപ്പം സമയം ചെലവഴിച്ച്, അതിന്റെ ടെക്‌നിക്കലായുള്ള വശത്തെ കുറിച്ച് തിരുവനന്തപുരത്തെ പ്രമുഖനായ സൈക്ക്യാട്രിസ്റ്റില്‍ നിന്ന് പഠിച്ചിട്ടൊക്കെയാണ് ഈ സിനിമ ഒരുക്കാനായി ഞാനിറങ്ങിയത്. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ അത് പ്രസവിക്കുമോ എന്നത് നമുക്ക് തീരുമാനിക്കാനാവില്ല. അത് പ്രകൃതിയാണ് തീരുമാനിക്കുന്നത്. അതുപോലെയെ ഈ സിനിമയുടെ വിജയത്തെയും ഞാന്‍ കണ്ടിരുന്നുള്ളൂ.

ലൈംഗികത തുറന്ന് പറയാന്‍ ഇന്നും കേരളത്തിന് ഭയമാണോ?

ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അവിഹിത ബന്ധങ്ങളുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുകയാണ് കേരളമെന്ന്. ജനിച്ചു വരുമ്പോഴുള്ള കുട്ടിയുടെ മനസ്സില്‍ ആകെയുള്ള അറിവ് പാലു കുടിക്കണമെന്നതാണ്. പിന്നെ, അതിന്റെ ബ്‌ളാങ്ക് ബുക്കില്‍ നമ്മള്‍ എഴുതിച്ചേര്‍ക്കുന്നതാണ് കുടുംബം, നിയമം അതൊക്കെ. ദ്രോഹമല്ലെങ്കില്‍ എങ്ങനെയും ജീവിക്കാനുള്ള അധികാരമുണ്ട് നമുക്ക്. വിഷം, ദാഹിച്ചിട്ടാണ് കുടിക്കുന്നതെങ്കില്‍ നമ്മള്‍ മരിക്കില്ല. വെറുതെ കുടിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ മരിക്കും. എന്റെ മകനെ ഞാന്‍ വളര്‍ത്തിയപ്പോള്‍ ഇതൊക്കെ പറഞ്ഞു കൊടുത്തിട്ടു തന്നെയാണ് വളര്‍ത്തിയത്. ഹെട്രോസെക്ഷ്വാലിറ്റി മാത്രമല്ല ഈ ലോകത്തെന്ന് അവര്‍ അറിയണം. വലിയൊരു ആപത്തുണ്ട് ഇന്നത്തെ പോലെ കുട്ടികളെ വളര്‍ത്തുമ്പോള്‍. ആണിന്റെയോ പെണ്ണിന്റെയോ അടുത്തു പോകുന്നത് പോലെ, സെയിം സെക്‌സിനെയും ഭയപ്പെടണം. പിന്നെ, ഇതൊരു രോഗമല്ല, മാനസികാവസ്ഥയാണ് എന്നും തിരിച്ചറിയണം.


പുതുമുഖത്തെ വച്ച് അടുത്ത സിനിമ ചെയ്യാനും ധൈര്യമായിക്കാണും അല്ലേ?

അടുത്ത സിനിമ തുടങ്ങാനിരുന്നതാണ് ഞാന്‍. അപ്പോഴാണ് അവാര്‍ഡ് വന്നത്. അപ്പോള്‍ ചെറിയൊരു പേടി. അടുത്ത സിനിമ ഇതിനേക്കാള്‍ നന്നാകണമെന്നൊരാഗ്രഹം. അതുകൊണ്ട് കുറച്ചു കൂടി സമയമെടുത്തേ അത് ചെയ്യൂ. ആദ്യത്തെ സിനിമയിലും താരത്തെ വെച്ചല്ല കഥയെഴുതിയത്. സുദേവ് ചെയ്ത കിരണ്‍ എന്ന കഥാപാത്രം ആരു ചെയ്താലും നന്നാകുമായിരുന്നു. പക്ഷേ, ഞാന്‍ നേരത്തെ പറഞ്ഞ താരമായിരുന്നെങ്കില്‍ ഇതിനപ്പുറം പോയേനെ. വളരെ ടാലന്റഡായ, ഞാന്‍ ബഹുമാനിക്കുന്ന നടനാണ് അദ്ദേഹം. പിന്നെ, എക്‌സ്പീരിയന്‍സും ഉണ്ട്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് സൈഡ് കൂടി നോക്കിയാല്‍ എനിക്കിത്രയും വിഷമിക്കേണ്ടി വരുമായിരുന്നില്ല. സുദേവ് ഔട്ട് സ്റ്റാന്‍ഡിംഗ് ആക്ടറാണ്. അദ്ദേഹം ഭംഗിയായി തന്നെ കിരണിനെ അവതരിപ്പിച്ചു.

അങ്ങനെ നോക്കിയാല്‍ പൃഥ്വിരാജ് ഗേ ആയി അഭിനയിച്ചിരുന്നുവല്ലോ?

മുംബൈ പൊലീസില്‍ പരോക്ഷമായി എവിടെയോ തൊട്ടു പോയതേ ഉള്ളൂ ആ വിഷയം. പക്ഷേ, മൈ ലൈഫ് പാര്‍ട്ണര്‍ അതല്ല. സാധാരണ ഹോമോസെക്ഷ്വാലിറ്റി കഥയല്ല, അതിനേക്കാള്‍ ആഴം ഈ സിനിമയ്ക്കുണ്ട്. ഇതല്ല ഹോമോ സെക്ഷ്വാലിറ്റി എന്ന് പല എല്‍ ജി ബി ടി പ്രവര്‍ത്തകരും പറഞ്ഞിരുന്നു. പക്ഷേ, സ്വവര്‍ഗാനുരാഗത്തിന്റെ മറ്റൊരു വശം ഈ സിനിമയിലുണ്ട്. റിയാലിറ്റിയുണ്ട്, എനിക്ക് അറിയാവുന്ന കുറേ ജീവിതങ്ങള്‍ ഇതിലുണ്ട്. അത് പകര്‍ത്തി എന്നു തന്നെ പറയാം.

ഈ ഒരു വിഷയം സിനിമയാക്കാനുള്ള കാരണം?

ഞാന്‍ ഗ്രീക്ക് മിത്തോളജിയിലെ നാര്‍സിസം എന്നത് ആസ്പദമാക്കി സിനിമ ചെയ്യാനിരുന്നതാണ്. എന്റെ ഒരു പരീക്ഷയായിരുന്നു സിനിമ. ഞാനായിരുന്നു അതിന്റെ എല്ലാം. അതിന്റെ തെറ്റുകളും നന്മകളുമെല്ലാം എന്റേതായിരുന്നു. പക്ഷേ, ആ വിഷയം കൈകാര്യം ചെയ്താല്‍ പാളിപ്പോകുമോ എന്ന പേടി തോന്നി. അങ്ങനെയാണ് അതിന്റെ ഒരു ഭാഗമായ ഹോമോസെക്ഷ്വാലിറ്റി വിഷയമായെടുത്തത്. അത് ഡെവലപ് ചെയ്യുകയായിരുന്നു ഞാന്‍. എന്റെ കുറേ കൂട്ടുകാരുണ്ട്, അവരുമായി ചിന്തിച്ചാണ് ഇത് ചെയ്തത്. നമുക്കെല്ലാം അറിയാവുന്ന ഹോമോസെക്ഷ്വാലിറ്റി എന്ന വാക്ക് വികസിപ്പിച്ചു. അത്രയേ ചെയ്തുള്ളൂ.

കുടുംബം എങ്ങനെ നേരിട്ടു സിനിമയുമായുണ്ടായ വിഷമങ്ങളെ?

ഭാര്യ ചിത്ര ടീച്ചറാണ്. മകന്‍ സത്യനാരായണന്‍. അവനിപ്പോള്‍ ഒമ്പതിലാണ് പഠിക്കുന്നത്. അഭിരാമി മകള്‍. സിനിമയ്ക്ക് എഴുതുമ്പോള്‍ മുതല്‍ മകനുണ്ട് കൂടെ. ചിത്രയ്ക്കും അറിയാമായിരുന്നു വിഷയമെന്താണെന്ന്. അതുകൊണ്ടു തന്നെ ഇത് കുടുംബം പിന്തുണച്ചുള്ള എന്റെ ജീവിതമാണ്. എന്റെ ഒരു കസിനുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയും മറക്കാനാവില്ല. തിരുവല്ല മാന്നാറിലാണ് വീട്. പണിയില്ലാത്തപ്പോള്‍ അവിടെയുള്ള മാടവനം എന്ന വീട്ടില്‍ ഒതുങ്ങും ഞാന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories