TopTop
Begin typing your search above and press return to search.

തുടരുന്ന മൈസൂര്‍ കല്യാണ ദുരന്തങ്ങള്‍; നിശബ്ദരായി മഹല്ല് കമ്മിറ്റികളും മതസംഘടനകളും

തുടരുന്ന മൈസൂര്‍ കല്യാണ ദുരന്തങ്ങള്‍; നിശബ്ദരായി മഹല്ല് കമ്മിറ്റികളും മതസംഘടനകളും

എം കെ രാമദാസ്‌

നാലുമാസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചും നാലു വയസുകാരനെ കെട്ടിത്തൂക്കിയും കൊന്ന് ആത്മഹത്യ ചെയ്ത 24-കാരിയായ അമ്മ മൈസൂര്‍ കല്ല്യാണത്തിന്റെ ഒടുവിലത്തെ ഇര. വയനാട് സുല്‍ത്താന്‍ബത്തേരിക്ക് അടുത്ത് ചുള്ളിയോട് പവരിമലയിലെ മറിയയുടെ മകള്‍ മുപഷിറ കര്‍ണാടക ഗുണ്ടല്‍പേട്ടയിലെ ഭര്‍തൃ വീട്ടില്‍ മക്കളെ കൊലപ്പെടുത്തിയാണ് സ്വയം ജീവനൊടുക്കിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മകളുടെ സ്വയംഹത്യയ്ക്ക് കാരണമെന്ന സൂചന ലഭിച്ചിട്ടും പരാതിപ്പെടാനാകാതെ തകര്‍ന്നിരിക്കുന്ന മറിയയുടെ ദരിദ്ര കുടുംബം ഈ സാമൂഹ്യ ദുരന്തത്തിന്റെ മറ്റൊരു മുഖമാണ്.

ദരിദ്ര മുസ്ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികളെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്ക് വിവാഹം ചെയ്ത് അയക്കുന്നതാണ് മൈസൂര്‍ കല്ല്യാണം. വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ സാധാരണ മുസ്ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് കര്‍ണാടകയിലെ മൈസൂര്‍, ചാമരാജനഗര്‍ പ്രദേശങ്ങളിലേക്ക് വിവാഹം ചെയ്തു അയക്കുന്നത്. കുറഞ്ഞ സ്ത്രീധനമാണ് ഇത്തരം വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇടയാക്കിയത്. വയനാട്ടിലെ തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന പൊഴുതന, വൈത്തിരി, മേപ്പാടി, ചുള്ളിയോട് പ്രദേശങ്ങള്‍ക്ക് പുറമേ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നും കണ്ണൂരിലെ മലയോര പ്രദേശത്തു നിന്നും പെണ്‍കുട്ടികളെ കര്‍ണാടകയിലേക്ക് വിവാഹം ചെയ്ത് അയക്കുന്നത് പതിവാണ്. വരന്‍മാരുടെ ജീവിത ചുറ്റപാടുകളോ തൊഴിലോ പരിഗണിക്കാതെയാണ് പെണ്‍കുട്ടികളെ കല്ല്യാണം ചെയ്ത് അയക്കുന്നത്. മലയാളം മാത്രം അറിയുന്ന പെണ്‍കുട്ടികള്‍ കന്നടയും ഉറുദുവും മാത്രം അറിയാവുന്ന ഭര്‍തൃവീട്ടിലേക്കാണ് എത്തപ്പെടുക. കന്നുകാലി കച്ചവടമോ തെരുവ് ജോലികളോ മാത്രം അറിയുന്ന ചെറുപ്പക്കാരായ ഇണയോട് ഒന്ന് മിണ്ടാന്‍ ഈ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിഞ്ഞ് മാസങ്ങള്‍ തന്നെ വേണ്ടി വരുന്നു. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി വൃത്തിയും വെടിപ്പുമുള്ള വീടോ ചുറ്റുപാടോ അപൂര്‍വം. മിക്കവരും തൊഴില്‍രഹിതരുമാകും. സ്ത്രീധനമായി കിട്ടിയ പൊന്നുംപണവും തീരുന്നതോടെ പെണ്‍കുട്ടികളുടെ സൗഭാഗ്യം അസ്തമിക്കുന്നു. ഇങ്ങനെ അന്യദേശത്ത് ഒട്ടും പരിചിതമല്ലാത്ത ചുറ്റുപാടില്‍ ദുരിത ജീവിതം തള്ളിനീക്കുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇപ്പോഴുണ്ട്.

മുബഷിറയുടെ ജീവിതം തന്നെ എടുക്കാം. ഗുണ്ടല്‍ പേട്ട സ്വദേശിയായ സലിം ബാഷയുമായുള്ള വിവാഹം നടന്നത് ഏഴു വര്‍ഷം മുമ്പാണ്. മൂത്തമകന്‍ മുഹമ്മദ് ഷമീമിന് അഞ്ചു വയസ്സു പ്രായം. നാലു മാസം പ്രായമുള്ള അന്‍ഹ ഫാത്തിമയും നാലു വയസ്സുകാരനും മുഹമ്മദ് ഷിഹാനും മറ്റു കുട്ടികള്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട് മുബഷിറ ഭര്‍തൃവീട്ടില്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടു. മൂന്നാമത്തെ പ്രസവത്തിനുശേഷം രണ്ടാഴ്ച മുമ്പാണ് മുബഷറ ഗുണ്ടല്‍പേട്ടയിലേക്ക് പോയത്. സ്ത്രീധന തര്‍ക്കം പരിഹരിച്ചാണ് മകളെ ഭര്‍ത്താവിന് ഒപ്പം അയച്ചതെന്ന് മറിയ പറയുന്നു. മരണ വിവരം അറിഞ്ഞ് ഗുണ്ടല്‍പേട്ടയിലെത്തിയ ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചു. ചുള്ളിയോട്, തോവാരി മല പ്രദേശങ്ങളില്‍ നിന്ന് വിവാഹിതരായി ഗുണ്ടല്‍പേട്ടയില്‍ കഴിയുന്ന മറ്റു പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടി വരുമെന്ന സംഘടിത ഭീഷണിയെ തുടര്‍ന്ന് ഇവര്‍ക്ക് പരാതി നല്‍കാന്‍ കഴിഞ്ഞില്ല. ഒത്തു തീര്‍പ്പിനും ചര്‍ച്ചയ്ക്കുമായി ഏജന്റുമാരും സമുദായ നേതാക്കളില്‍ ചിലരും ഇടപെട്ടു. "എന്റെ മകളുടെ ജീവന്‍ പോയി. പരാതിപ്പെട്ടാല്‍ അത് ഇനി തിരിച്ചു കിട്ടില്ലല്ലോ. ബാക്കിയുള്ള പെണ്‍കുട്ടികളെങ്കിലും അവിടെ സുഖമായി കഴിയട്ടെ...." മറിയ വിതുമ്പിപ്പറഞ്ഞു.


മുബഷിറയും പിഞ്ചു കുട്ടികളും മൈസൂര്‍ കല്ല്യാണത്തിന്റെ അറിയപ്പെടുന്ന ഒടുവിലത്തെ ഇരകള്‍ മാത്രമാണ്. സ്വസ്ഥ കുടുംബ ജീവിതം എന്ന സഫലീകരിക്കാനാകാത്ത ആഗ്രഹവുമായി ജീവന്‍ ഉപേക്ഷിച്ചവരും ഭര്‍തൃരഹിതരായി സ്വന്തം വീടുകളിലെ ഇരുട്ടു മുറികളിലേക്ക് തള്ളിമാറ്റപ്പെട്ടവരുമായ പെണ്‍കുട്ടികള്‍ യഥേഷ്ടമുണ്ട്. മലയാളികളായ യുവാക്കളുടെ അമിത പണമോഹമാണ് പെണ്‍കുട്ടികളെ ദുരിതജീവിതത്തിലേക്ക് തള്ളി വിടുന്നത്. "മുസ്ലിം സമൂഹത്തിന്റെ ദുരന്തമാണിത്. പൊന്നിനും പണത്തിനും വേണ്ടിയല്ല ഇണയും വിവാഹവും എന്നും ചെറുപ്പക്കാര്‍ തിരിച്ചറിയണം. ഒരു ഭാരം ഇറക്കി വയ്ക്കുന്നതു പോലെ പെണ്‍കുട്ടികളെ അജ്ഞാത ദിക്കുകളിലേക്ക് വിവാഹം ചെയ്ത് അയക്കുകയാണ് ഇവിടെ. പരിഹാരം ഇവിടെ തന്നെയാണ് ഉണ്ടാകേണ്ടത്," വീട്ടമ്മയായ ഖദീജ പറഞ്ഞു.

സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ഏറെ അകലെയല്ല കര്‍ണാടക ഗ്രാമമായ ഗുണ്ടല്‍പേട്ട. 50 കിലോമീറ്ററില്‍ താഴെ മാത്രമേ അകലം ഉള്ളുവെങ്കിലും ഭാഷയും ജീവിതരീതിയുമെല്ലാം തീര്‍ത്തും വ്യത്യസ്തം. വയനാട് വന്യജീവി സങ്കേതവും ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനവും തീര്‍ത്ത വനമതിലാണ് സംസ്‌കാരങ്ങളുടെ സങ്കലനം അസാധ്യമാക്കിയത്. കാല്‍നൂറ്റാണ്ടു മുമ്പുവരെ ശര്‍ക്കരയും കടലയും ചോളവും ചാക്കുകളിലാക്കി വീടുകളില്‍ വില്‍പനയ്ക്കായി എത്തുന്ന അണ്ണാച്ചിമാരുടെ വരവും പച്ചക്കറി കച്ചവടക്കാരുടെ ഗുണ്ടല്‍പേട്ട പോക്കും മാറ്റി നിര്‍ത്തിയാല്‍ ബന്ധം തീര്‍ന്നു. കൃഷി മുഷിഞ്ഞ് കായികാദ്ധ്വാനത്തോട് വിട പറഞ്ഞ കുടിയേറ്റ കര്‍ഷകന് അടുത്തേക്ക് എന്ത് ജോലിക്കും സന്നദ്ധനായി അണ്ണന്‍മാര് എത്തുന്നത് പിന്നീടാണ്. ഇപ്പോഴിവരില്ലെങ്കില്‍ മലപ്പുറത്തും കണ്ണൂരും മാത്രമല്ല. വയനാട്ടിലേയും കൃഷിയിടങ്ങളില്‍ കൃഷിയിറങ്ങില്ല. തൊഴില്‍ തേടിയുള്ള കര്‍ണാടകക്കാരുടെ ഈ വരവാണ് വിവാഹങ്ങള്‍ കലാശിച്ചത്. ദരിദ്ര, സമ്പന്ന ഭേദമില്ലാതെ കേരളത്തില്‍ കുറഞ്ഞ സ്ത്രീധനം 25 പവന്‍ സ്വര്‍ണവും രണ്ടോമൂന്നോ ലക്ഷം രൂപയും ആണെങ്കില്‍ അന്യദേശവാസിക്ക് നാലോ അഞ്ചോ പവനും അഞ്ചോപത്തോ ആയിരം രൂപയും മതി. അങ്ങനെ മൈസൂര്‍ കല്ല്യാണം നാട്ടുനടപ്പായി. ഈയൊരിളവാണ് ഇപ്പോഴും മൈസൂര്‍ കല്ല്യാണത്തെ നിലനിര്‍ത്തുന്നത്.

മലയാളിയെപ്പോലെ വീടെന്നത് ഗുണ്ടല്‍പേട്ടക്കാര്‍ക്ക് സ്വപ്‌ന സൗധമല്ല. നിശ്ചിത രൂപമില്ലാത്ത ഉണക്കിയ മണ്‍കട്ടകളും മണ്‍ ഓടുകളും ഉപയോഗിച്ച് പണിത ചെറിയ ഒരിടം മാത്രമാണിത്. വെളിമ്പ്രദേശമാണ് കക്കൂസ്. ടാര്‍ റോഡരികിലോ ചെമ്മണ്‍ പാതയ്ക്കരികിലോ കീറചാക്കുകള്‍ കൊണ്ടോ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ടോ മറച്ചുണ്ടാക്കുന്നതും ഇവിടെ പാര്‍പ്പിടമാണ്.

ഭര്‍ത്താവ് മരിച്ചതോടെ അഞ്ചു പെണ്‍മക്കള്‍ക്കൊപ്പം ദുരിത ജീവിതം നയിച്ച വയനാട് കടല്‍മാട്ടെ സ്ത്രീയുടെ കഥ പറഞ്ഞതും പ്രാദേശിക പത്രപ്രവര്‍ത്തകനായ മുഹമ്മദ് ഷെറീഫാണ്. "ഗുണ്ടല്‍പേട്ടയില്‍ നിന്ന് ഇളയ മകള്‍ക്ക് കല്ല്യാണാലോചന വന്നു. ആണ്‍ വീട് കാണാന്‍ അവിടെ പോയി. സാമാന്യം തരക്കേടില്ലാത്ത വീടാണ് സ്വന്തമെന്ന് അവകാശപ്പെട്ട് ഇവര്‍ കാണിച്ചത്. സ്ത്രീധനക്കുറവും മറ്റു പ്രയാസവും കണക്കിലെടുത്ത് വിവാഹം നിശ്ചയിച്ചു. ചടങ്ങ് കഴിഞ്ഞ് മകള്‍ എത്തിയത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ചാക്കുമറച്ച കുടിലിലാണ്. ഏറെ താമസിയാതെ മകള്‍ ഭര്‍ത്താവിനേയും കൂട്ടി തിരിച്ചെത്തി. വായ്പ വാങ്ങിയും സഹായം സ്വീകരിച്ചും ചെറിയ വീടുണ്ടാക്കി മകള്‍ ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ഇവിടെയാണ് താമസം," മുഹമ്മദ് ഷെറീഫ് പറയുന്നു. സമാനമായ അനവധി സംഭവങ്ങള്‍ വയനാട്ടിലും നിലമ്പൂരിലും ഉണ്ട്.

പീഡനങ്ങള്‍ക്കും കബളിപ്പിക്കലിന് എതിരേയും നല്‍കുന്ന പരാതികളും കേസുകളും പരിഹാരമില്ലാതെ നീളുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ കുഞ്ഞിമുഹമ്മദ് പറയുന്നു. "പണം ഉണ്ടെങ്കിലേ നീതി കിട്ടൂ. പട്ടിണി മാറ്റാന്‍ നിത്യ ജോലിക്ക് വിധിക്കപ്പെട്ടവര്‍ക്ക് പൊലീസ് സ്റ്റേഷനോ കോടതിയോ കയറിയിറങ്ങാന്‍ എവിടെ നേരം. മഹല്ല് കമ്മിറ്റികള്‍ പോലുള്ള സംവിധാനങ്ങളും പാവങ്ങളുടെ രക്ഷയ്ക്ക് എത്തുന്നില്ല. സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും ഉപയോഗിച്ചശേഷം ഉപേക്ഷിച്ച മകളുടെ ബാപ്പയാണ് ഞാന്‍. അഞ്ചു വര്‍ഷമായി കോടതി കയറിയിറങ്ങുന്നു. ഒരുഫലവുമില്ല. താഴെത്തട്ടിലെ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ചതിക്കുഴി തിരിച്ചറിയാന്‍ ആകൂ. അതിനു സ്ത്രീ സംഘടനകള്‍ മുന്‍കൈയെടുക്കണം", കുഞ്ഞി മുഹമ്മദ് പറയുന്നു.

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories