TopTop
Begin typing your search above and press return to search.

അത്തിക്കാട്ടെ സലഫി കമ്മ്യൂണിന്റെ ഉള്ളറക്കഥകള്‍

അത്തിക്കാട്ടെ സലഫി കമ്മ്യൂണിന്റെ ഉള്ളറക്കഥകള്‍

മുഹമ്മദ് സാലിഹ്

നിലമ്പൂരില്‍ നിന്നും ഏഴ് കിലോമീറ്ററോളം അകലെ വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ് അത്തിക്കാട്. തീവ്രമത ചിന്താധാരയില്‍ അകൃഷ്ടരായി വീട്ടുകാരേയും നാട്ടുകാരേയും അങ്കലാപ്പിലാക്കി ഒരു സംഘം മലയാളി യുവതീയുവാക്കള്‍ രാജ്യം വിട്ടെന്ന വാര്‍ത്തയ്ക്കു തൊട്ടുപിറകെയാണ് ഈ ഗ്രാമവും പത്തു വര്‍ഷത്തോളമായി ഇവിടെ ജീവിതം നയിക്കുന്ന സലഫികള്‍ എന്നു വിളിക്കപ്പെടുന്ന മുസ്ലിംകളിലെ ഒരു വിഭാഗവും ശ്രദ്ധാകേന്ദ്രമായത്.

രണ്ടു ദിവസം മുമ്പ് ഒരു സായാഹ്നത്തിലാണ് ഞാന്‍ ഇവിടെ എത്തിയത്. മികച്ച രീതിയില്‍ പണിതുയര്‍ത്തിയ 18 വീടുകളാണ് നിലമ്പൂര്‍ വനത്തോട് ചേര്‍ന്ന് ചാലിയാര്‍ പുഴയുടെ തീരത്തെ ഈ മൂന്നേക്കര്‍ വരുന്ന പ്രത്യേക ആശ്രമത്തിലുള്ളത്. സമീപത്തെ രണ്ട് ആദിവാസി കോളനികളെ മാറ്റി നിര്‍ത്തിയാല്‍ തൊട്ടടുത്തെങ്ങും താമസക്കാരായി ആരുമില്ല. തീര്‍ത്തും ശാന്തമായ അന്തരീക്ഷം. ചുറ്റും റബര്‍ തോപ്പും തേക്കിന്‍ കാടും മാത്രം. മതില്‍കെട്ടുകളോ പ്രവേശന നിയന്ത്രണങ്ങളോ ഒന്നും ഇവിടെ ഇപ്പോഴില്ല. ആര്‍ക്കും കടന്നു ചെല്ലാം. പക്ഷേ ദിവസത്തില്‍ പകുതിയിലേറെയും സമയം ഇവിടെ ആളനക്കം ഇല്ല. പകല്‍ പ്രാര്‍ത്ഥനാ സമയങ്ങളില്‍ രണ്ടു തവണ നാലോ അഞ്ചോ പുരുഷന്‍മാരേയും ഏതാനും കുട്ടികളേയും കാണാം. സ്ത്രീകള്‍ വീടു വിട്ട് പുറത്തിറങ്ങുന്നത് വളരെ അപൂര്‍വ്വം സമയങ്ങളില്‍ മാത്രം. ഇവിടുത്തെ പുരുഷന്‍മാര്‍ അയല്‍ക്കാരായ സ്ത്രീകളുടെ മുഖം പോലും വര്‍ഷങ്ങളായി കാണാത്തവരാണ്. ഗൃഹനാഥന്മാരില്‍ എഞ്ചിനീയര്‍മാരുണ്ട്, ബിസിനസുകാരുണ്ട്, കച്ചവടം നടത്തുന്നവരുണ്ട്, അധ്യാപകരുണ്ട്, മത്സ്യബന്ധനം നടത്തുന്നവര്‍ പോലുമുണ്ട്. എല്ലാവരും ഈ നാട്ടുകാരല്ല. മലപ്പുറം ജില്ലയുടെ പലഭാഗങ്ങള്‍ക്കു പുറമെ കോഴിക്കോട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരും ഇവിടെയുണ്ട്.

ഈ ആശ്രമത്തിലൂടെ കടന്നുപോകുന്ന റോഡിനു ഇരുവശങ്ങളിലായാണ് വീടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏതാണ്ട് മധ്യത്തിലായാണ് പള്ളി. കണ്ടു സംസാരിക്കണമെന്നറിയിച്ചപ്പോള്‍ അവിടെ എത്താനാണ് പറഞ്ഞത്. ഞാന്‍ ബന്ധപ്പെട്ടയാള്‍ കുട്ടിയെ സ്‌കൂളില്‍ നിന്നും കൊണ്ടുവരാനായി പോയതായിരുന്നു. സായാഹ്‌ന നമസ്‌കാരത്തിനായി എല്ലാവരും അവിടെ എത്തിച്ചേരുമെന്നും അപ്പോള്‍ കാണാമെന്നും അറിയിച്ചു. അവിടെ എത്തിച്ചേരുമ്പോള്‍ അകലെ ഒരു പള്ളിയില്‍ നിന്നും ലൗഡ്‌സ്പീക്കറിലൂടെ പ്രാര്‍ത്ഥനാ വിളി കേള്‍ക്കുന്നുണ്ട്. അപ്പോഴും ആശ്രമത്തിനകത്തെ പള്ളി പൂട്ടിത്തന്നെ കിടക്കുകയായിരുന്നു.

അല്‍പ്പസമയം കഴിഞ്ഞ് ഒരു പതിമൂന്നുകാരന്‍ വന്ന് ചെരുപ്പഴിച്ച് പള്ളിയുടെ വരാന്തയില്‍ കയറി പരമാവധി ശബ്ദത്തില്‍ പ്രാര്‍ത്ഥനാ വിളി നടത്തി. ഇതിനിടെ ആര്‍ത്തു പെയ്ത മഴ പള്ളി വരാന്തയില്‍ നിന്നും ഇറക്കിക്കെട്ടിയ റൂഫിംഗ് ഷീറ്റിനു മുകളില്‍ പതിച്ചപ്പോഴുണ്ടായ കലപില ശബ്ദത്തില്‍ ആ വിളി മുങ്ങിപ്പോയി. മതപഠനത്തിനായി ഈ പതിമൂന്നുകാരന്‍ ശ്രീലങ്കയിലെ ഒരു സ്ഥാപനത്തില്‍ പിതാവിനൊപ്പം സന്ദര്‍ശനം നടത്തി തിരിച്ചെത്തിയത് ഒരു മാസം മുമ്പാണ്. പോയി വന്നെങ്കിലും ഇനി അവിടെ പോകുന്നില്ലെന്നും എടവണ്ണയിലെ ഒരു മുജാഹിദ് സ്ഥാപനത്തില്‍ ചേരാനാണ് തീരുമാനമെന്നും അവന്‍ പറഞ്ഞു. അവനോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ നാലഞ്ചു പേര്‍ കൂടി പള്ളിയിലെത്തി. പിന്നീട് ഒന്നിച്ച് നമസ്‌ക്കാരം നടത്തിപ്പിരിയുകയും ചെയ്തു. അതുകഴിഞ്ഞാണ് ഞാനവരോട് ഇവിടുത്തെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞത്.


അത്തിക്കാട്ടെ സലഫി കമ്മ്യൂണിലെ വീടുകള്‍

കേളത്തിലെ മുസ്ലിം സമുദായത്തിനകത്തെ ന്യൂനപക്ഷ വിഭാഗമായ, സലഫി/വഹാബി മതചിന്താഗതി പിന്തുടരുന്ന മുജാഹിദുകള്‍ക്കിടയിലുണ്ടായ പിളര്‍പ്പിന്റേയും ഭിന്നിപ്പിന്റേയും തീവ്രമതവാദത്തോളമെത്തിയ അഭിപ്രായവ്യത്യാസങ്ങളുടേയും അന്തരഫലമായാണ് അത്തിക്കാട്ടെ ഈ സലഫീ ആശ്രമത്തിന്റേയും തുടക്കം. കേരളത്തിലെ സലഫികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) നെടുകെ പിളര്‍ന്നതിനു ശേഷം തീവ്രസലഫീ ചിന്താഗതിയുമായി സംഘടനാ സംവിധാനങ്ങളെല്ലാം ഇസ്ലാം വിരുദ്ധമാണെന്ന് മുദ്രകുത്തി പുറത്തു പോയ വിഭാഗങ്ങളില്‍ നിന്ന് വീണ്ടും ഭിന്നിച്ചു പോയ ഒരു വിഭാഗമാണ് നിലമ്പൂരില്‍ സ്വന്തമായി താവളമൊരുക്കി കഴിയുന്നത്. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ സുബൈര്‍ മങ്കടയാണ് തന്റെ സമാന സലഫീ ചിന്താധാര പങ്കുവയ്ക്കുന്ന ഏതാനും പേരെ കൂടെകൂട്ടി ഈ കമ്മ്യൂണ്‍ സ്ഥാപിച്ചത്.

അത്തിക്കാട്ട് മൂന്നേക്കര്‍ സ്ഥലം സുബൈര്‍ വാങ്ങുകയും പിന്നീട് 10 സെന്റ് പ്ലോട്ടുകളാക്കി തന്റെ അനുയായികള്‍ക്ക് ലാഭമെടുക്കാതെ മറിച്ചു വില്‍ക്കുകയുമാണ് ചെയ്തത്. 20 സെന്റ് സ്ഥലത്ത് ഒരു പള്ളി സ്ഥാപിക്കുകയും മറ്റൊരു 20 സെന്റ് ഭൂമി റോഡാക്കി മാറ്റുകയും ചെയ്തു. പള്ളിയെ കൂടാതെ ഒരു സലഫീ മദ്രസയും ഇതിനകത്ത് പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ കുടുംബങ്ങള്‍ സ്വന്തം വീടും സ്വത്തുവകകളെല്ലാം വിറ്റാണ് ഇവിടെ എത്തി പുതിയ വീട് നിര്‍മ്മിച്ച് താമസം തുടങ്ങിയത്. ഔദ്യോഗിക സര്‍ക്കാര്‍ രേഖകളെല്ലാം പുതിയ വിലാസത്തിലേക്ക് മാറ്റുകയും ചെയ്തു. സുബൈറിന്റെ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ മതപഠനവും എല്ലാ പ്രവര്‍ത്തികളും നടന്നു വന്നത്. യമനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും പലരും ഇവിടെ വരികയും ക്ലാസെടുക്കുകയും താമസിച്ചു മടങ്ങുകയും ചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇവിടെ എത്തിയ ഒരു ശ്രീലങ്കന്‍ പൗരനെ വിസാ ചട്ടം ലംഘിച്ചതിന് പോലീസ് ഇടപെട്ട് തിരിച്ചയച്ചിരുന്നു.

പഠനങ്ങളും സ്വന്തമായ മതഗവേഷണങ്ങളും ക്ലാസുകളൊമൊക്കെയായി കഴിയുന്നതിനിടെ സുബൈറിന്റെ നേതൃത്വത്തിലുള്ള അത്തിക്കാട്ടെ സലഫീ വിഭാഗത്തിനുള്ളിലും ഭിന്ന സലഫീ വാദങ്ങളും വാഗ്വാദങ്ങളുമുണ്ടായി. ഇതോടെ ഇവിടുത്തെ ഭൂരിപക്ഷം കുടുംബങ്ങളും സുബൈറിന്റെ നിലപാടുകള്‍ക്കെതിരായി. ഒടുവില്‍ 2013-ഓടെ കമ്മ്യൂണിനകത്തെ തന്റെ വീടും ഭൂമിയും വിറ്റ് സുബൈര്‍ താമസം മാറ്റി. കൂടെ ആറു കുടുംബങ്ങളും പോയി. ഇന്നിവിടെ 12 കുടുംബങ്ങളാണ് കഴിയുന്നത്. സുബൈറായിരുന്നു ഇവരുടെ നേതാവ് എങ്കിലും അദ്ദേഹം സ്വന്തം വഴിതേടി പോയതോടെ ഇവര്‍ക്ക് നേതൃത്വം ഇല്ലാതായി. സുബൈര്‍ തന്നെ പ്രത്യേകം തയാറാക്കിയ സിലബസ് അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിനകത്തെ സ്‌കൂളും പൂട്ടി. ഇപ്പോള്‍ സലഫീ മദ്രസ മാത്രം പ്രവര്‍ത്തിക്കുന്നു. ബാക്കിയായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സമീപത്തെ മറ്റ് സ്‌കൂളുകളാണ് ഇപ്പോള്‍ ആശ്രയം.

'സുബൈര്‍ ഞങ്ങളെ പഠിപ്പിച്ചത് ഒന്നും അദ്ദേഹം പ്രവര്‍ത്തിച്ചത് മറ്റൊന്നുമായിരുന്നു. ഇതു ഞങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയത് അദ്ദേഹത്തിനിഷ്ടമായില്ല. അദ്ദേഹം ഈ പദ്ധതി ഉപേക്ഷിച്ചു പോയി. കൂടെ അദ്ദേഹത്തോട് അടുപ്പമുള്ള ഏതാനും കുടുംബങ്ങളും പോയി,' കമ്മ്യൂണിലെ ഒരു കുടുംബനാഥന്‍ പറയുന്നു. 'ക്ലാസെടുക്കാന്‍ ഇവിടെ വിദേശികളടക്കം പലരും വരുമായിരുന്നു. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സുബൈറിന്റെ ആളുകള്‍ വന്ന് ഇവിടെ പള്ളിയിലും മറ്റും തമ്പടിക്കാന്‍ തുടങ്ങി. ഇതു അനുവദിക്കില്ലെന്നും അതിഥികളെ സ്വന്തം വീട്ടില്‍ നിര്‍ത്തണമെന്നും ഞങ്ങളെല്ലാം ആവശ്യപ്പെട്ടു. പക്ഷേ ഇതൊന്നും അംഗീകരിക്കാന്‍ സുബൈര്‍ തയാറായിരുന്നില്ല,' അദ്ദേഹം പറയുന്നു.


അത്തിക്കാട്

ഇപ്പോള്‍ നാഥനില്ലാ കളരിയായി മാറിയ ഈ കമ്മ്യൂണില്‍ തങ്ങള്‍ സ്വന്തമായി തന്നെയാണ് മതപഠനം നടത്തിയും മറ്റും ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമായി സോപ്പ് നിര്‍മ്മാണവും വിപണനവും, യുണിഫോം വിതരണം, ഗ്രോസറി തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവരാണ് ഇവരിലേറെയും. സ്‌കൂള്‍ അധ്യാപകരും എഞ്ചിനീയര്‍മാരും ഉണ്ട്. കഴിഞ്ഞ മാസമാണ് വര്‍ക്കലയില്‍ നിന്ന് ഒരു കുടുംബമെത്തിയത്. ഇവര്‍ സ്വന്തം നാട്ടില്‍ മത്സ്യബന്ധനം നടത്തുന്നവരാണ്. സീസണായാല്‍ ജോലിക്കായി അവിടെ പോകും. ആടു വളര്‍ത്തല്‍ ജീവിതമാര്‍ഗമാക്കിയാണ് തങ്ങള്‍ ജീവിക്കുന്നതെന്ന പ്രചാരണം തെറ്റാണെന്നും ഇവര്‍ പറയുന്നു. കാലികളെ വളര്‍ത്തി പാലു വിറ്റ് ജീവിക്കുന്ന ഒരു കുടുംബവും ഇവിടെ ഉണ്ട്. എല്ലാവിധ തൊഴിലും ചെയ്യുന്നവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്നും എന്നാല്‍ ആടു വളര്‍ത്തല്‍ ജീവിത മാര്‍ഗമാക്കി സ്വീകരിച്ച മറ്റൊരു വിഭാഗം സലഫികളുണ്ടെന്നും ഇവര്‍ സമ്മതിക്കുന്നു. നേതൃത്വം നല്‍കാന്‍ ആരുമില്ലാത്തതുകാരണം പരസ്പര ഭിന്നതയും ഇവര്‍ക്കിടയിലുണ്ട്. പുതുതായി വന്ന ഒരാള്‍ തീവ്രമത നിലപാടുകളുള്ളയാളാണെന്നും ആ കുടുംബത്തെ ഇവിടെ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കൂട്ടത്തിലൊരാള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഞാന്‍ ഈ കമ്മ്യൂണിലെത്തിയ ദിവസം തന്നെ നിലമ്പൂര്‍ എസ് ഐയുടെ നേതൃത്വത്തില്‍ ഒരു പൊലീസ് സംഘം ഇവിടെ എത്തിയിരുന്നെന്നും അറിയാന്‍ കഴിഞ്ഞു.

ശ്രീലങ്കയിലെ ഒരു പ്രമുഖ സലഫീ പഠന കേന്ദ്രവുമായി ഇവര്‍ക്ക് നിരന്തര സമ്പര്‍ക്കം ഉണ്ടായിരുന്നു. സുബൈര്‍ രംഗം വിട്ടതോടെ ആ ബന്ധം അവസാനിച്ചു. പഠനം വഴിമുട്ടിയ 13-കാരനെ ശ്രീലങ്കയിലെ ആ സ്ഥാപനത്തില്‍ ചേര്‍ക്കാനായി കഴിഞ്ഞ മാസം ഇവിടുത്തെ ഒരു താമസക്കാരന്‍ അവിടെ പോയിരുന്നു. അവിടെ പഠനം നടത്തുന്ന പത്തിലേറെ മലയാളികളെ കണ്ടെന്നും 13-കാരന്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിന്നും ഈയിടെ അപ്രത്യക്ഷാരയവര്‍ ശ്രീലങ്കയിലേക്കു പോയി എന്ന പുതിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെ മകനെ അവിടെ ചേര്‍ക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായും 13-കാരന്റെ പിതാവ് പറഞ്ഞു.

സുബൈറിന്റെ പദ്ധതികള്‍ പാളിപ്പോയതോടെ, അദ്ദേഹത്തിന്റെ വികല സലഫി വാദവും വാഗ്ദാനവും കേട്ട് ഇവിടെ എത്തിയ ചിലര്‍ക്കെല്ലാം ഇവിടം ഇപ്പോള്‍ മടുത്തിരിക്കുന്നു. 'ശാന്തമായ ഒരു അന്തരീക്ഷത്തില്‍ ഇസ്ലാമിക പഠനവും നടത്തി കുടുംബത്തേയും പോറ്റി ജീവിക്കാമെന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തിയത്. ഞാന്‍ സൗദി അറേബ്യയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തയാളാണ്. നാട്ടിലെ വീടും സ്വത്തുമെല്ലാം വിറ്റാണ് ഇവിടെ എത്തിയത്. പക്ഷെ പ്രതീക്ഷിച്ച പോലെയല്ല ഇവിടെ കാര്യങ്ങള്‍ മുന്നോട്ടു പോയത്. ഇവിടുത്തെ പത്തും സെന്റും വീടും ഇന്ന് വിറ്റു കിട്ടിയാല്‍ നാളെ തന്നെ പോകുമെന്ന അവസ്ഥയിലാണിപ്പോള്‍ ഞാന്‍,' ഒരു ഗൃഹനാഥന്‍ പറയുന്നു. എന്നാല്‍ നിരന്തര പൊലീസ്, ഇന്റലിജന്‍സ് നിരീക്ഷണവും ഒരു നിഗൂഢ സ്ഥലം എന്ന പ്രചാരണവും ഉള്ളതിനാല്‍ ഭൂമിയും വീടും വാങ്ങാനും ആരും തയാറാകുന്നില്ല എന്നത് ഇവര്‍ക്ക് തിരിച്ചടിയാകുന്നു. സുബൈറിനൊപ്പം ഇവിടം വിട്ടു പോയവരുടെ വീടുകള്‍ തന്നെ വാങ്ങാന്‍ താല്‍പര്യമെടുത്തു ആരും വരുന്നില്ല. വന്നവര്‍ തന്നെ സ്ഥിതിഗതികള്‍ അറിയുമ്പോള്‍ പിന്മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.


ദമ്മാജ്

ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘനകളുമായോ മറ്റോ ബന്ധമുള്ളതിനു ഒരു തെളിവുമില്ലെന്നും പൊലീസിന്റെ കണ്ണില്‍ ഇവര്‍ പ്രശ്‌നക്കാരല്ലെന്നും നിലമ്പൂര്‍ സി ഐ ടി സജീവന്‍ പറഞ്ഞു. എന്നാല്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണം ഇവിടെ എപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യമനിലേയും ശ്രീലങ്കയിലേയും സലഫീ മതപാഠശാലകളാണ് ഈ തീവ്രമതവാദ സലഫികളുടെ പ്രത്യയശാസത്ര ഉറവിടം. ആഗോള തലത്തില്‍ വഹാബിസം എന്ന പേരില്‍ വിമര്‍ശനമേറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യന്‍ സലഫിസത്തോട് എതിര്‍പ്പുള്ള തീവ്രമതവാദികളുടെ കേന്ദ്രമാണ് യമനിലെ ദമ്മാജ് എന്ന സ്ഥലം. അവിടെയുള്ള ദാറുല്‍ ഹദീസ് എന്ന സ്ഥാപനം ഈ വിഭാഗം സലഫികളുടെ മുഖ്യ പഠന കേന്ദ്രമാണ്. കേരളത്തിലെ സലഫികളില്‍ തീവ്രമതവാദത്തിലേക്കു പോയവരും തങ്ങളുടെ ആശ്രമായി കണ്ടിരുന്നത് ദമ്മാജിലെ കേന്ദ്രത്തെയാണ്. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചതു പോലുള്ള ഒരു ജീവിതമല്ലാത്തെ മറ്റൊന്നും ഇവരുടെ മതവിശ്വാസം അംഗീകരിക്കുന്നില്ല. ഈ വാദം മൂലം ഉയര്‍ന്ന ഉദ്യോഗങ്ങളും ജോലിയും പഠനവുമെല്ലാം ഉപേക്ഷിച്ചവരും കേരളത്തിലുണ്ട്. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി നാലകത്ത് സല്‍മാന്‍ കേരളത്തില്‍ നിന്നും അവിടേക്കു പോയവരില്‍ ഒരാളാണ്. കഴിഞ്ഞ വര്‍ഷം യമനിലെ ഹൂതി വിമതര്‍ ദമ്മാജിലും മറ്റു നടത്തിയ അതിക്രമങ്ങള്‍ക്കിടെ സല്‍മാന്‍ ഹൂതികളുടെ പിടിയിലകപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ സല്‍മാന്‍ പിന്നീട് മോചിതനായെങ്കിലും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന സല്‍മാന്‍ ഭാര്യയേയും രണ്ടു മക്കളേയും കൂട്ടി ഏഴു വര്‍ഷം മുമ്പാണ് യമനിലേക്കു പോയത്. സല്‍മാനും കുടുംബവും തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ നാലകത്ത് ബഷാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം മൂലമാണ് തിരിച്ചു വരവ് വൈകുന്നമെന്ന് അദ്ദേഹം പറയുന്നു.

ഇതുപോലുളള സലഫീ ഗ്രൂപ്പുകളുടെ തീവ്രമത ചിന്താഗതി ഏതു നിമിഷവും ഇവരെ അപകടത്തില്‍ ചാടിച്ചേക്കാമെന്നാണ് മമ്പാട് എംഇഎസ് കോളെജിലെ ഒരു മുതിര്‍ന്ന അധ്യാപകന്‍ അഭിപ്രായപ്പെട്ടത്. 'ഇവരെ തീവ്രവാദികളെന്ന് വിളിക്കാനാവില്ല. പക്ഷെ ഇവരുടെ കര്‍ക്കശമായ മതചിട്ടകള്‍ക്കും അസംബന്ധ വാദങ്ങള്‍ക്കും തീവ്രവാദ സംഘടനകളുടേതുമായി സമാനതകള്‍ ഉണ്ട്. ഇരുകൂട്ടര്‍ക്കുമിടയില്‍ ദൂരം കുറവാണ് അതുകൊണ്ടു തന്നെ സൂക്ഷിക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories