TopTop
Begin typing your search above and press return to search.

കാടിനെ കൊല്ലുന്ന വിദ്യാസമ്പന്നരായ നാം; എന്‍ എ നസീറിന്‍റെ കാടിനെ ചെന്നു തൊടുമ്പോള്‍-ഒരു വായന

കാടിനെ കൊല്ലുന്ന വിദ്യാസമ്പന്നരായ നാം; എന്‍ എ നസീറിന്‍റെ കാടിനെ ചെന്നു തൊടുമ്പോള്‍-ഒരു വായന

സുകുമാരന്‍ സി. വി.

“ഒരിക്കല്‍ ആനപ്പാന്തം കാടര്‍കുടിയില്‍ ഡി. എഫ്. ഒ. ധനേഷ് കുമാറിനോടൊപ്പം പോയി. അദ്ദേഹം എന്റെ വേഴാമ്പല്‍ ചിത്രം ആദിവാസി മൂപ്പനും കൂട്ടര്‍ക്കും കാണിച്ചുകൊടുത്തിട്ട് പറഞ്ഞ വാചകങ്ങളുടെ വിശുദ്ധി ഇപ്പോഴും മനസ്സിനകത്ത്...'ദേ, നിങ്ങള് ഇതു നോക്കിയേ...ഇത് കാടിന്റെ ദൈവമാണ്. ദൈവത്തെ ഉപദ്രവിക്കരുത്. കാട് ദൈവത്തിന്റെ വീടാണ്.' അന്ന് അദ്ദേഹം പറഞ്ഞത് ഒരു പരമാര്‍ഥമാണ്. പല വൃക്ഷങ്ങളുടെയും വിത്തുകള്‍ വേഴാമ്പലുകളെപ്പോലുള്ള പക്ഷികള്‍ ഭക്ഷിച്ചു കാഷ്ഠിച്ചതിനു ശേഷമേ മുളയ്ക്കുകയുള്ളൂ. ഒരു കാട്ടാല്‍ വൃക്ഷം അനേകം വന്യജീവികളെ തീറ്റിപ്പോറ്റുന്നുണ്ട്. കാട്ടാല്‍ വൃക്ഷച്ചോട്ടില് പഴം കഴിക്കാനെത്തുന്ന മാനില്‍ അന്നം കാണുന്ന കടുവ! നിബിഡമായ വനത്തിലെ ഓരോ കാട്ടാല് വൃക്ഷങ്ങളുടെയും വിത്തുകള്‍ പേറി മലമുഴക്കികള്‍ സഞ്ചരിക്കുന്നു. അടുത്ത തലമുറയ്ക്കായി, വന്യജീവികള്‍ക്കായി അവ ആ വൃക്ഷവിത്തുകള് കാടു മുഴുക്കെ നട്ടുവളര്‍ത്തുന്നു. അവ അവയുടെ ജന്മോദ്ദേശ്യം നിറവേറ്റുകയാണ്. നമ്മള്‍ക്ക് ശുദ്ധജലവും ശുദ്ധവായുവും നല്കാന്‍ കൂടി. നമ്മളോ?”—എന്‍. എ. നസീര്‍ (കാടിനെ ചെന്നു തൊടുമ്പോള്‍).

ചിത്രശലഭത്തെ നേരില്‍ കണ്ടിട്ടില്ലാത്ത, അവയുടെ പുറകെ ഓടിപ്പാഞ്ഞു കളിക്കാനുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന, കുഞ്ഞു കുട്ടികള്‍ ബട്ടര്‍ഫ്ളൈ എന്ന വാക്ക് കാണാപ്പാഠം പഠിച്ച് പറയാനും എഴുതാനും നിര്‍ബന്ധിക്കപ്പെടുന്നിടത്തോളം മാത്രം വളര്‍ന്നിരിക്കുന്ന വിദ്യാസമ്പന്നതയാണ് നാം കേരളീയരുടേത്. ഈ 'വിദ്യാസമ്പന്ന'തയാണ് നാമോരോരുത്തരെയും നാം ജീവിക്കുന്ന പ്രകൃതിയില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ട് പ്രകൃതിയ്ക്കും സമൂഹത്തിനും വിപത്തായിത്തീരുന്ന തരത്തില്‍ സ്വാര്‍ത്ഥരാകുവാനും, നമ്മുടെ സുഖസൌകര്യങ്ങള്‍ക്കായി ഭൂമിയെ നശിപ്പിക്കുന്ന വികസനത്തിനു കൂട്ടുനില്‍ക്കുവാനും പ്രേരിപ്പിക്കുന്നത്.

ഭൂമിയുടെ നിലനില്‍പ്പിനും മനുഷ്യസമൂഹത്തിന്‍റെ സുസ്ഥിരമായ വികസനത്തിനും വിഘാതമായി നില്‍ക്കുന്ന മനുഷ്യകേന്ദ്രീകൃതമായ നമ്മുടെ വിദ്യാസമ്പന്നതയുടെ ഫലമായി, നാം എത്രയോ ജീവജാലങ്ങളെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിക്കഴിഞ്ഞു; ഭൂമിയിലുള്ള കാടുകളുടെ എഴുപതു ശതമാനത്തിലധികവും നശിപ്പിച്ചു കഴിഞ്ഞു; നദികളായ നദികളെയൊക്കെ നിശ്ശബ്ദമാക്കിക്കഴിഞ്ഞു; പുഴകളായ പുഴകളെയൊക്കെ മലിനമാക്കിക്കഴിഞ്ഞു. ഇതിന്‍റെയൊക്കെ ഫലമായി ഭൂമിയില്‍ ജീവന്‍റെ നിലനില്‍പ്പും അതിജീവനവും സാദ്ധ്യമല്ലാതാക്കുന്ന ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രതിഭാസങ്ങളെയും നാം സൃഷ്ടിച്ചു കഴിഞ്ഞു.



ഇതെല്ലാം തെളിയിക്കുന്നത്, നമ്മുടെ വിദ്യാസമ്പന്നതയ്ക്കും, നമ്മളെയൊക്കെ അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കുന്ന മത-രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു വെയ്ക്കുന്ന ജീവിതവീക്ഷണത്തിനും മൌലികമായിത്തന്നെ തകരാറുകളുണ്ടെന്ന വസ്തുതയാണ്. ഭൂമിയെയും പരിസ്ഥിതിയെയും തകര്‍ക്കുന്ന നമ്മുടെ വിദ്യാസമ്പന്നതയെയും, സുസ്ഥിരമല്ലാത്ത ജീവിതവീക്ഷണത്തെയും, കാടിന്‍റെ വിശുദ്ധിയും, പ്രകൃതിയുടെ സുസ്ഥിരമായ കരുത്തും കൊണ്ട്, തകര്‍ത്തെറിയുകയാണ് എന്‍. എ. നസീര്‍ എന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ ‘കാടിനെ ചെന്നു തൊടുമ്പോള്‍’ എന്ന തന്‍റെ ഭാവതീവ്രവും, കാവ്യാത്മകവുമായ കൃതിയിലൂടെ ചെയ്തിരിക്കുന്നതും, കാടിനോടും വന്യജീവികളോടുമുള്ള തന്‍റെ ഉപാസനയിലൂടെ ചെയ്തുകൊണ്ടിരിക്കുന്നതും.

“ഒരു കാര്യം തിരിച്ചറിഞ്ഞേ മതിയാകൂ, കാടിന്‍റെ ധര്‍മത്തിന് കാടു തന്നെ വേണം. മറ്റൊന്നും പകരം വെക്കുവാനില്ല. തുറന്നുപോയ ഭൂമി നാം കോണ്‍ക്രീറ്റ് വെച്ച് അടയ്ക്കുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനൊരു പേരും നല്‍കി. വികസനം. ഹരിത ഇടങ്ങളൊക്കെ പവിത്രതയോടെ കാത്തുസൂക്ഷിക്കേണ്ടുന്ന നമ്മള്‍ അതിനു ചുറ്റും, അകത്തളങ്ങളിലും കോണ്‍ക്രീറ്റു ചെയ്തു സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നു. വികലമായ ഇത്തരം കോണ്‍ക്രീറ്റുസ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു നമ്മള്‍. കാടിന്‍റെ ഈര്‍പ്പം നഷ്ടപ്പട്ടുകഴിഞ്ഞു. ഓരോ വര്‍ഷവും നിത്യഹരിതവനങ്ങളില്‍പ്പോലും ഇലപൊഴിയും കാടുകളിലെ ജന്തുസസ്യജാലങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിന്‍റെ വിപത്ത് തിരിച്ചറിയാതെയാണിപ്പോഴും നമ്മള്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്.” (കാടിനെ ചെന്നു തൊടുമ്പോള്‍). ഇക്കാര്യം തിരിച്ചറിയാന്‍ നാം വിസമ്മതിക്കുന്ന ഓരോ നിമിഷവും വരും തലുറയുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നാം ഹനിക്കുന്നത്.

“കടല്‍ത്തീരത്ത് വീടുവെച്ച് തകര്‍ന്നിട്ട് കടലാക്രമണമെന്നും കാടോരങ്ങളിലും അകത്തളങ്ങളിലും കൃഷിയിറക്കിയും കെട്ടിടങ്ങള്‍ കെട്ടിയും വന്യജീവികളെ പ്രകോപിപ്പിച്ചിട്ട് വന്യജീവി ആക്രമണം എന്നും പറയുന്നതിന്‍റെ പൊരുള്‍ എന്താണ്?” എന്ന് ചോദിക്കാനുള്ള വിദ്യാസമ്പന്നത എന്‍. എ. നസീറിനെപ്പോലെ നാമോരോരുത്തരും കൈവരിക്കുന്നിടത്താണ് നമ്മുടെ സുസ്ഥിരമായ വികസനവും, പ്രകൃതിയുടെ നിലനില്‍പ്പും കുടികൊള്ളുന്നത്.



കൊളംബസിനെത്തുടര്‍ന്നുള്ള വെള്ളക്കാരായ കുടിയേറ്റക്കാരുടെ കൈയ്യേറ്റത്തിനു മുന്പ് അമേരിക്കയിലെ ആദിമനിവാസികളായ മനുഷ്യര്‍ പ്രകൃതിയോടിണങ്ങി ജീവിച്ചുപോന്നതിന്റെ ഫലമായി, സഞ്ചാരിപ്രാവിനെപ്പോലുള്ള പക്ഷികളാലും, ഇടതൂതൂര്‍ന്ന കാടുകളാലും, അനേകം വന്യജീവികളാലും സമൃദ്ധമായിരുന്നു അമേരിക്ക. കുടിയേറ്റക്കാരും കൈയ്യേറ്റക്കാരുമായ വെള്ളക്കാര്‍, ഒരു വന്‍കരയുടെ മുഴുവന്‍ യഥാര്‍ഥ ഉടമകളായ (കൊളംബസിനാല് റെഡ് ഇന്ത്യക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട) തദ്ദേശീയരായ അമേരിക്കക്കാരെ മുഴുവന്‍ കൊന്നൊടുക്കി അവരുടെ കാടുകളും, മേടുകളും, പുഴകളും, താഴ്വരകളും സ്വന്തമാക്കി. വിശുദ്ധമായ ഈ കാടുകളെയും, മേടുകളെയും, പുഴകളെയും, താഴ്വരകളെയും ഒക്കെ നശ്ശിപ്പിച്ച് ‘വികസി’പ്പിക്കപ്പെട്ട അമേരിക്ക ആ രാജ്യത്തെ കുടിയേറ്റജനതയ്ക്ക് സമ്മാനിച്ചത് ക്യാന്സര് പോലുള്ള മാരകരോഗങ്ങള്‍ വരുത്തിവെയ്ക്കുന്ന വിഷലിപ്തമായ അന്തരീക്ഷമാണ്. 1962ല്‍ തന്റെ ‘നിശ്ശബ്ദ വസന്തം’ (Silent Spring) എന്ന കൃതിയില്‍, പരിസ്ഥിതിയെ വിഷലിപ്തമാക്കുന്ന വ്യാവസായിക താല്പര്യങ്ങളെ തുറന്നുകാണിച്ചുകൊണ്ട്, പ്രകൃതിയിലെ ജൈവവൈവിധ്യത്തെ നശ്ശിപ്പിക്കുന്ന വിഷപ്രയോഗത്തിന്റെ ഭീകരമുഖം അനാവരണം ചെയ്ത റേച്ചല്‍ കാഴ്സണ് (Rachel Carson) ഭ്രാന്താണെന്ന് പരിസ്ഥിതിയെ വിഷലിപ്തമാക്കുന്നതിലൂടെ ലാഭം കൊയ്യുന്ന വ്യവസായലോകം പ്രചരിപ്പിച്ചു!

നൂറ്റാണ്ടുകളായി തങ്ങള്‍ ജനിച്ചു ജീവിച്ച തങ്ങളുടെ സ്വന്തം സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ ആജ്ഞാപിച്ച അമേരിക്കന് പ്രസിഡന്റിനോട് 1854ല് സിയാറ്റില് എന്ന റെഡ് ഇന്ത്യന് തലവന് ഇങ്ങനെ പറയുകയുണ്ടായി:“ഞങ്ങള്‍ പോകാം, പക്ഷേ നിങ്ങള്‍ ഈ നാട്ടിലെ മൃഗങ്ങളെയൊക്കെ നിങ്ങളുടെ സഹോദരങ്ങളായി കാണണം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്നുകൊണ്ട് വെള്ളക്കാര്‍ വെടിവെച്ചിട്ട ആയിരക്കണക്കിനു കാട്ടുപോത്തുകള്‍ പുല്‍മേടുകളില്‍ ചീഞ്ഞഴുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാ മൃഗങ്ങളെയും മനുഷ്യര്‍ കൊന്നൊടുക്കിയാല്‍ ഒരു നാള്‍ ആത്മാവിന്റെ ഏകാന്തതകൊണ്ട് മനുഷ്യനും നശിച്ചുപോകും. ഇന്നു മൃഗങ്ങള്‍ക്ക് സംഭവിക്കുന്നത് നാളെ മനുഷ്യനും സംഭവിക്കും.”

സിയാറ്റില്‍ മുഖ്യന് ഇങ്ങനെ മുന്നറിയിപ്പു നല്കി നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ചെവിക്കൊള്ളാത്തതിന്റെ ഭീകരമായ ഭവിഷ്യത്തുകള്‍ റേച്ചല് കാഴ്സണ്‍ ‘നിശ്ശബ്ദ വസന്ത’ത്തില് വരച്ചുകാട്ടി. ഇന്ന് അമേരിക്കയിലെ കുഞ്ഞുങ്ങള്‍ കുടിക്കുന്ന മുലപ്പാല്‍ പോലും വിഷലിപ്തമാണെന്ന്, മനുഷ്യനും അവന്റെ വ്യാവസായിക പുരോഗതിയും ചേര്‍ന്ന് ഭൂമിയെ കൊല്ലുകയാണെന്നും സുസ്ഥിരമല്ലാത്ത വ്യാവസായിക സംസ്കാരത്തെ മനുഷ്യന്‍ ത്യജിച്ചില്ലെങ്കില് അധികം താമസിയാതെ ഭൂമി വാസയോഗ്യമല്ലാതാകുമെന്നും സമര്‍ഥിക്കുന്ന തന്റെ ‘എന്‍ഡ് ഗെയിം’ (Endgame) എന്ന പുസ്തകത്തില് ഡെറിക് ജെന്‍സണ്‍ (Derrick Jensen) പറയുന്നു.

പ്രകൃതിയെ കാത്തുസംരക്ഷിക്കുന്ന സിയാറ്റില്‍ മുഖ്യന്റെ സുസ്ഥിരമായ ജീവിതവീക്ഷണവും, പ്രകൃതിയെ വിഷലിപ്തമാക്കുന്ന വികസനത്തിന്റെ ഭീകരമുഖം അനാവരണം ചെയ്ത റേച്ചല്‍ കാഴ്സന്റെ ആശങ്കയും ഒരുമിച്ചു ചേര്‍ന്ന മനസ്സാണ് നസീറിന്റേതെന്ന് 'കാടിനെ ചെന്നു തൊടുമ്പോള്‍' നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

കാടിന്റെയും, പ്രകൃതിയുടെയും കലാലയത്തിലാണ് നസീര്‍ വിദ്യ അഭ്യസിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിദ്യാസമ്പന്നതയ്ക്കു മുമ്പില് നമ്മുടെ വിദ്യാസമ്പന്നത അര്‍ഥശൂന്യവും ശുഷ്കവുമാണ്. കാടു കൈയ്യേറുമ്പോള് നാം ദൈവത്തിന്റെ വീടാണ് കൈയ്യേറുന്നതെന്ന് തിരിച്ചറിയാന്‍ നമ്മുടെ മത-രാഷ്ട്രീയ വീക്ഷണങ്ങളും, നാം ആര്‍ജ്ജിച്ച വിദ്യാഭ്യാസവും നമ്മെ സഹായിക്കുന്നില്ല; കാടു കത്തിക്കുമ്പോള് ദൈവത്തിന്റെ വീടാണ് കത്തിക്കുന്നതെന്ന് തിരിച്ചറിയാന് നമ്മുടെ ജീവിതവീക്ഷണങ്ങളും, നാം ആര്‍ജ്ജിച്ച വിദ്യാഭ്യാസവും നമ്മെ സഹായിക്കുന്നില്ല; വന്യജീവികളെ കൊന്നുമുടിക്കുമ്പോള്‍ ദൈവത്തിന്റെ കുഞ്ഞുങ്ങളെയാണ് കൊന്നുമുടിക്കുന്നതെന്ന് തിരിച്ചറിയാന്‍ നമ്മുടെ വികലവീക്ഷണങ്ങളും, വിദ്യാഭ്യാസവും നമ്മെ അനുവദിക്കുന്നില്ല.



“ടോപ് സ്റ്റേഷനിലൂടെ കടന്നു പോകുന്ന റോഡിന് ഇരുവശവും ഏതാനും വര്‍ഷം മുന്പുവരെ ഒത്തിരി ചെടികള്‍ വളര്‍ന്നു നില്‍പ്പുണ്ടായിരുന്നു. അവയില്‍ ധാരാളം പൂക്കളും പഴങ്ങളുമൊക്കെ എപ്പോഴും കാണും. അവ തേടി വരുന്ന പ്രാണികളും പക്ഷികളുമൊക്കെക്കൊണ്ടും ആ വഴിയോരം സമ്പന്നമായിരുന്നു. റോഡ് വികസനത്തോടെ ആ ചെറു ഇക്കോസിസ്റ്റം താറുമാറായി. വാഹനങ്ങള് കടന്നു പോകാന്‍ വേണ്ടത്ര സൌകര്യം ഉണ്ടായിട്ടും, ആ ചെടികളൊക്കെ ജെ.സി.ബിയാല്‍ പിഴുതെറിയപ്പെട്ടു. ചെമ്പന്‍ പാറ്റപിടിയനും, ചാരത്തലയന്‍ പാറ്റപിടിയനും കരിങ്കിളിയുമൊക്കെ ഇപ്പോള്‍ അപൂര്‍വ്വ കാഴ്ചയായി മാറി അവിടെ.” ആ ഉദാത്തമായ ജീവിതവീക്ഷണത്തില്‍ നിന്നു വരുന്നതും, നമ്മെയൊക്കെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുമായ അനേകം നിരീക്ഷണങ്ങളിലൊന്നാണിത്.

ഇത്തരം നിരീക്ഷണങ്ങളാലും, കാടിന്റെയും പ്രകൃതിയുടെയും ശ്രേഷ്ഠമായ സംഗീതത്താലും, കാടിന്റെ, കാട്ടാറിന്റെ, മഴയുടെ, വന്യജീവികളുടെ, പക്ഷികളുടെ, ചിത്രശലഭങ്ങളുടെ, പൂക്കളുടെ, പുഴുക്കളുടെ, ഇലകളുടെ, മരങ്ങളുടെ ഒക്കെ വിശുദ്ധിയാലും സമൃദ്ധവും വിദ്യാസമ്പന്നവുമായ മനസ്സാണ് എന്‍. എ. നസീറിന്റേതെന്ന്, ‘കാടിനെ ചെന്നു തൊടുമ്പോള്‍’ വായിച്ചാല്‍ നമുക്കു മനസ്സിലാകും.

ചിത്രങ്ങള്‍-എന്‍ എ നസീര്‍

(ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേര്‍സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ലേഖകന്‍ ദി ഹിന്ദു, കൂട്, മെയിന്‍ സ്ട്രീം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പരിസ്ഥിതി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്)


Next Story

Related Stories