TopTop
Begin typing your search above and press return to search.

നചികേതസിനെ തുറക്കാന്‍ പലതരം താക്കോലുകള്‍ - കവിതാ വായന

നചികേതസിനെ തുറക്കാന്‍ പലതരം താക്കോലുകള്‍ - കവിതാ വായന

ഈ ആഴ്ചയിലെ പുസ്തകം
നചികേതസ് (കവിത)
പി.രവികുമാര്‍
ഡി.സി. ബുക്സ്
വില: 45.00 രൂപ

മലയാളത്തിലെ ആദ്യത്തെ രഹസ്യവാദകാവ്യമാണ് പി.രവികുമാറിന്റെ 'നചികേതസ്'. രവീന്ദ്രനാഥ ടാഗോറിന്റെയം അരവിന്ദഘോഷിന്റെയും കാവ്യങ്ങള്‍ക്കിടയിലൂടെ സ്വച്ഛന്ദമൊഴുകുന്ന പുണ്യപ്രവാഹിനിയാണിത്. ഇതില്‍ മൃത്യുദര്‍ശനത്തിന്റെ മഹാഗുഹകളുണ്ട്. കര്‍മ്മബന്ധങ്ങളുടെ ക്ഷേത്രമണിനാദമുണ്ട്. വേദധ്വനികളുടെ വാദ്യഘോഷങ്ങളുണ്ട്. സര്‍വ്വോപരി ആത്മാന്വേഷണത്തിന്റെയും അസ്തിത്വദര്‍ശനത്തിന്റെയും അന്തഃശ്രുതികളുണ്ട്.

''അനന്തമായ അന്വേഷണങ്ങള്‍ക്കും അശാന്തമായ അലച്ചിലുകള്‍ക്കും ഒടുവില്‍ 'For Spiritual reasons I am leaving my body'എന്നൊരു കുറിപ്പെഴുതിവച്ചിട്ട്, ജീവിതം അവസാനിപ്പിച്ച എന്റെ ആത്മസുഹൃത്തും ഗുരുവുമായ കെ. താണുപിള്ളയ്ക്ക് 'നചികേതസ്' സമര്‍പ്പിക്കുന്നു.'' എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് പി.രവികുമാര്‍ ഈ ദീര്‍ഘകാവ്യം വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

രവികുമാറിന്റെ ഈ സമര്‍പ്പണസൂക്തം 'നചികേതസി'ലേക്കുള്ള രഹസ്യാത്മക വാതായനമാണ്. അവ ഓരോന്നും തുറന്ന് തുറന്ന് ചെല്ലുമ്പോള്‍ സുശിക്ഷിതനായ ഒരു വായനക്കാരന് ലഭിക്കുന്നത് കവിതയുടെ അനന്തസാധ്യതകളാണ്. കാവ്യാനുശീലനത്തിലൂടെയുള്ള അനന്തമായ ആത്മാന്വേഷണങ്ങളും, മനുഷ്യാവസ്ഥയുടെ രഹസ്യം തേടിയുള്ള അശാന്തമായ അലച്ചിലുമാണ് രവികുമാറിന് ഇങ്ങനെ ഒരു കൃതി രചിക്കാന്‍ കരുത്ത് നല്‍കിയതെന്ന് കരുതാം.

അനന്തമജ്ഞാത, മവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മര്‍ത്യാ കഥയെന്തറിഞ്ഞു?

പ്രപഞ്ചം ഒരു കടങ്കഥയാണ്. ആദിമദ്ധ്യാന്തങ്ങളില്ലാത്ത പ്രപഞ്ചകോണില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മനുഷ്യന്റെ അവസ്ഥ ആലോചിച്ചു നോക്കൂ. നിസാരനും നിസംഗനും നിസ്സഹായനുമായ മനുഷ്യന്‍ എങ്ങോട്ടെന്നില്ലാതെ എവിടേക്കെന്നില്ലാതെ നിരങ്ങിനീങ്ങുന്നു. ഇങ്ങനെ നിരങ്ങിനീങ്ങുന്ന മര്‍ത്യന്റെ ജീവിതാവസ്ഥകളിലൂടെ കണ്ണും കാതും ഹൃദയവും ബുദ്ധിയും തുറന്നു വച്ച് നിതാന്തസഞ്ചാരിയായി പ്രയാണം ചെയ്യുന്ന കവിയെയാണ് ഈ കൃതിയില്‍ കണ്ടുമുട്ടുന്നത്.ഏതൊരു മനുഷ്യജന്മത്തെയും ഏറ്റുവാങ്ങുന്നത് മരണമാണ്. മരണമെന്ന സത്യവും സമസ്യയും എന്നും കവികളുടെയും എഴുത്തുകാരുടെയും തത്വചിന്തകരുടെയും പ്രധാന പ്രശ്‌നമാണ്. അതുകൊണ്ടാണല്ലോ 'മരണത്തെക്കുറിച്ചുള്ള നിരന്തരധ്യാനമാണ് തത്വചിന്ത' എന്ന് പറഞ്ഞുവച്ചിട്ടുള്ളത്. 'നചികേതസ്' കാവ്യത്തിന്റെ ആദ്യഭാഗത്ത്, മനുഷ്യശരീരം മരണത്തിനു നേരെ പാഞ്ഞു ചെല്ലാന്‍ വേണ്ടി ജനിക്കുന്നു എന്ന സൂചന നല്‍കിയിട്ട് ഘട്ടംഘട്ടമായുള്ള പരിണാമദശകളെ കവി അനുപമസുന്ദരമായി വരച്ചുകാട്ടുന്നു.

''അനന്തമായ അന്വേഷണങ്ങള്‍ക്കും അശാന്തമായ അലച്ചിലുകള്‍ക്കും ഒടുവില്‍മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്കുപോലും കാണാന്‍ കഴിയാത്ത സൂക്ഷ്മമായ പുരുഷബീജം ഗര്‍ഭപാത്രത്തിലെത്തിച്ചേരുന്നു. അതവിടെ കിടന്ന് ചൈതന്യമുറ്റതായി മാറുന്നു. കൈ, കാല്, തല മുതലായ മുളപ്പുകള്‍ ആരംഭിക്കുന്നു. ഇന്ദ്രിയരൂപങ്ങളായ അനേകം മുളപ്പുകള്‍ ശിശുവായി പുറത്തുവരുന്നു. ജന്മാന്തരത്തിന്റെ തൊട്ടിലിലാണ് നചികേതസ് കണ്ണുതുറക്കുന്നതായി കവി കാണിച്ചുതരുന്നത്. അമ്മയുടെ ഉദരത്തില്‍ ശുക്‌ളശോണിത സംഘാതമായി, ദ്രാവകരൂപത്തില്‍ ആവിര്‍ഭവിക്കുന്ന ജീവന്‍ ഘട്ടംഘട്ടമായി പ്രാപിക്കുന്ന വളര്‍ച്ചയുടെ സൂക്ഷ്മവും ശാസ്ത്രീയവുമായ ചിത്രം രവികുമാര്‍ അവതരിപ്പിക്കുന്നു.

എണ്ണമറ്റ ജന്മങ്ങളുടെ
തീപിടിച്ച ഓര്‍മ്മകളില്‍
ഏകാകിയായി എരിഞ്ഞ്
ശിരസ്സില്‍ കൈകൂപ്പി
ഒന്‍പതാം മാസം കിടന്നു.

കിട്ടുന്നതുവരെയുള്ള യാതന അറിവിന്റെ വെളിച്ചം കിട്ടിയ മനുഷ്യാവസ്ഥയുടെ അസ്വസ്ഥതയാണ്. പിന്നീട്, കുഞ്ഞ് മിഴിതുറക്കുന്നത്, മുലകുടിക്കുന്നത്, മുടികോതുന്നത് എന്നിങ്ങനെ ഓരോന്നും എന്തിന്, എന്തിന്, എന്തിന് എന്ന ചോദ്യം ഉന്നയിക്കുന്ന ഭാഗത്തെത്തുന്നു. പൊരുളറിയാതെ അനുഷ്ഠിക്കപ്പെടുന്ന കര്‍മ്മങ്ങളെല്ലാം അര്‍ത്ഥശൂന്യമാണ് എന്ന അര്‍ത്ഥവത്തായ സത്യത്തിന്റെ സാക്ഷ്യപത്രമാണ് കവി കാണിച്ചുതരുന്നത്.

മനുഷ്യവര്‍ഗ്ഗത്തെയാകെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന അസ്തിത്വത്തിന്റെ രഹസ്യമാണ് നചികേതസില്‍ രവികുമാര്‍ അന്വേഷിക്കുന്നത്. ''അവിടെ എന്താണോ ഉള്ളത്, അതുതന്നെയാണ് ഇവിടെയും'' എന്നാണ് യമന്‍ നചികേതസിനോട് പറയുന്നത്. കഠോപനിഷത്തില്‍ നിഭൃതമായിരിക്കുന്ന ദര്‍ശനത്തില്‍ നിന്നാണ് രവികുമാര്‍ 'നചികേതസി'ന് ജന്മം നല്‍കിയിരിക്കുന്നത്. ഒരു തരത്തില്‍ നചികേതസിന്റെ സഞ്ചാരം കവിയുടെ സഞ്ചാരം തന്നെയാണ്, ജീവിതത്തിലൂടെ.

നചികേതസിന്റെ പിതാവായ വാജസ്രവസന്‍ വിശ്വജിത്ത് എന്ന യാഗത്തില്‍ തന്റെ സര്‍വ്വസ്വവും ദാനം ചെയ്തു. എന്നാല്‍ ദുരഭിമാനത്തോടും അഹങ്കാരത്തോടുംകൂടിയായിരുന്നു ദാനം. ഇതു കണ്ട മകന് വലിയ ദുഃഖം തോന്നി. എന്താണ് കാരണം? എത്ര മഹത്തായ കര്‍മ്മം ആയാലും ദുരഭിമാനവും അഹങ്കാരവും കൂടിച്ചേര്‍ന്നാല്‍ അത് എണ്ണമറ്റ നരകാനുഭവങ്ങള്‍ക്ക് വഴിതെളിക്കും. അത്തരം നരകാനുഭവങ്ങള്‍ നചികേതസില്‍ രവികുമാര്‍ അടയാളപ്പെടുത്തുന്നുണ്ട്. ഭീതിദവും ഞെട്ടിപ്പിക്കുന്നതുമാണ് നരകദൃശ്യങ്ങള്‍. യമദേവന്റെ സ്‌നേഹസ്പര്‍ശത്തില്‍ എല്ലാം തകിടം മറിയുന്ന നചികേതസിന് മുന്നില്‍ അതുവരെ കണ്ട എല്ലാ ദൃശ്യങ്ങളും അദൃശ്യങ്ങളാകുന്നു. എല്ലാം വിസ്മയകരവും ആനന്ദകരവുമായി തീരുന്നു. സൂര്യനും ചന്ദ്രനും സമുദ്രവും പര്‍വ്വതവുമെല്ലാം സൃഷ്ടിയുടെ സൗന്ദര്യലഹരിയാവുന്നു. അനന്തരം ബൃഹദീശ്വരത്തിന് മുകളില്‍ ആകാശം കനിവാര്‍ന്ന് ചുരക്കുകയാണ്.

രവികുമാര്‍ എഴുതുന്നത് നോക്കുക:

മഴയുടെ ആദ്യത്തെ തുള്ളി
നചികേതസിന്റെ
മൂര്‍ദ്ധാവില്‍ വീണു.
മഴ അതിവിളംബകാലത്തില്‍
പെയ്യുകയായ്.
അതിഅതിവിളംബകാലത്തില്‍ നിന്ന്
അതിവിളംബകാലത്തിലേക്ക്
അതിവിളംബകാലത്തില്‍ നിന്ന്
മധ്യമകാലത്തിലേക്ക്...

ശാസ്ത്രീയ സംഗീത ശാസ്ത്രത്തില്‍ അടിയുറച്ച അറിവു നേടിയിട്ടുള്ള സംഗീത നിരൂപകന്‍ കൂടിയായ രവികുമാറിന്റെ വരികളില്‍ സംഗീതത്തിന്റെ മാന്ത്രികശ്രുതികള്‍ അന്തര്‍ഭവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

നചികേതസ് കാണുന്ന ഇരയും ഓരോ മനുഷ്യന്റെയും ഉള്ളിലുണ്ട്. ജീവിതത്തിന്റെ, അസ്തിത്വത്തിന്റെ മഹാരഹസ്യം അന്വേഷിച്ചു പോകുന്ന ആരിലും നചികേതസുണ്ട്. നചികേതസിന്റെ ചേതസിലൂടെ വാര്‍ന്നുവീഴുന്ന ദര്‍ശനങ്ങളുണ്ട്. ആ ദര്‍ശനങ്ങളാണ് ഉണ്മയിലേക്ക് ഉണര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്ന ജീവകണം.

ബെസ്റ്റ് ഓഫ് അഴിമുഖം

ഭാവനയുടെ തീവ്രാനുഭവങ്ങള്‍
മാര്‍ക്വേസിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
എം.ടി: ജീവിതത്തിന്റെ എഡിറ്റര്‍
അനുഭവങ്ങള്‍ ആഘാതമാകുമ്പോള്‍
ഗ്രാമച്ചന്തയിലെ കവി പാടുമ്പോള്‍- പുതിയ പുസ്തകം

രചനയുടെ സാരള്യവും കമനീയതയും ഒരുവശത്ത്. കരുത്തിന്റെയും ഞെരുക്കത്തിന്റെയും തീവ്രത മറുവശത്ത്. ഇങ്ങനെ വ്യത്യസ്തമായ അടരുകളിലൂടെ കാവ്യത്തെ ആവരണം ചെയ്യുന്ന ഭാഷയുടെയും ശൈലിയുടെയും ആനന്ദഭൈരവിയാണ് ഈ കൃതി. 'എം.ഡി. രാമനാഥന്‍' എന്ന മഹാഗായകനെക്കുറിച്ച് എഴുതിയ ആദ്യകൃതിക്കു ശേഷം രവികുമാര്‍ മലയാളകാവ്യരംഗത്ത് അയാളപ്പെടുത്തിയിരിക്കുന്ന നവികേതസ്, ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ പാഠപുസ്തകമായും അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.പ്രശസ്ത വേദാന്തചിന്തകന്‍ പ്രൊഫ. ജി.ബാലകൃഷ്ണന്‍ നായരുടെ വത്സലശിഷ്യനായ രവികുമാര്‍ മഹാകവി അക്കിത്തത്തിന്റെയും പ്രിയപ്പെട്ടവനാണ്. ഇരുവരുടെയും ആമുഖക്കുറിപ്പുകള്‍ 'നചികേതസി'നെ അലംകൃതമാക്കുന്നു. കൃതിക്ക് ശില്‍പമനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ചുചേര്‍ത്ത പ്രശസ്ത കലാകാരന്‍ കാനായി കുഞ്ഞിരാമന്റെ കുറിപ്പും നചികേതസിന്റെ ഹൃദയം കൊണ്ടെഴുതിയതാണ്. കാനായിയുടെ ചിത്രങ്ങള്‍ ഈ കൃതിയുടെ ആത്മാവിനെ അനാവരണം ചെയ്യുന്നു.

'ഈ മാതിരിയുള്ള മഹാകാവ്യം ഇതുവരെ ഞാന്‍ വായിച്ചിട്ടില്ല. ഊര്‍ന്ധ്യമൂലവും അധശ്ശാഖയുമായ ഈ കാവ്യം ലഭിച്ച മലയാള ഭാഷയെ ഭാഗ്യവതി എന്നു ഞാന്‍ നിസ്സംശയം വിളിച്ചുപോവുന്നു.' - മഹാകവി അക്കിത്തത്തിന്റെ ഹൃദയഭാഷയുമാണിത്.

'പി. രവികുമാറിന്റെ 'നചികേതസ്' എന്ന ഈ ദീര്‍ഘ കവിത ഒറ്റക്കാലൂന്നി നിന്ന് തപസ്സു ചെയ്യുന്നത് കഠോപനിഷത്തിലാണ്.' എന്ന് അക്കിത്തം നിരീക്ഷിക്കുമ്പോള്‍, ഭീഷ്മ പിതാമഹനെതിരെ വര്‍ഷങ്ങളോളം ഒറ്റക്കാലില്‍ തപസ്സനുഷ്ഠിച്ച അംബയുടെ ആത്മബലത്തെയാണ് ഓര്‍ത്തുപോയത്.


Next Story

Related Stories