കല്ലാച്ചി മേഖലയില്‍ വീണ്ടും അക്രമം; പ്രദേശത്ത് നിരോധനാജ്ഞ

അഴിമുഖം പ്രതിനിധി

കല്ലാച്ചി മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാദപുരം,വളയം,കുറ്റ്യാടി മേഖലയില്‍ അഞ്ചു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കല്ലാച്ചിയില്‍ മുസ്ലീം യൂത്ത് ലീഗ് പ്രകടത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നലെ രാത്രി ചിയൂരും കുറ്റിപുറത്തും അക്രമമുണ്ടായി. ചിയൂരില്‍ മുസ്ലീം ലീഗ് അനുഭാവി സമീറിനെ(24) വീടിന് സമീപം ഒരു സംഘം ആളുകള്‍ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. കുറ്റിപുറത്ത് ലീഗ് പ്രവര്‍ത്തകനായ അഫ്‌നാസിന്(23) തലയ്ക്കടിയേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്‍ സനലിനെ(24)ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായി തുടങ്ങുമ്പോഴായിരുന്നു ഈ സംഘര്‍ഷം. ഇതോടെ കല്ലാച്ചിയിലെ കടകള്‍ മുഴുവന്‍ അടപ്പിക്കുകയും റൂറല്‍ എസ്പി എന്‍ വി ജയകുമാര്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. പ്രദ്ദേശത്ത് നിസ്സാര വിഷയങ്ങള്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് പോലീസ് നിയമം 78,79 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രദേശത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് നാദാപുരത്ത് തഹസില്‍ദാരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സമാധാന യോഗം ചേരാനിരിക്കെയാണ് ഇന്നലെ രാത്രി അക്രമമുണ്ടായത്. സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ ബിജെപിക്കാരെ അക്രമിച്ച സംഭവം പ്രദേശത്ത് സാമുദായിക ചേരി തിരിവിലേക്ക് നയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തേക്കാളുപരി സാമുദായിക ചേരി തിരിവുണ്ടാക്കി മന:പൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. അതിനാല്‍ പൊതുസുരക്ഷയും സമാധാനവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍