TopTop
Begin typing your search above and press return to search.

നദീന്‍ ഗോര്‍ഡിമര്‍- മദിബായ്ക്ക് പ്രിയപ്പെട്ടവള്‍

നദീന്‍ ഗോര്‍ഡിമര്‍- മദിബായ്ക്ക് പ്രിയപ്പെട്ടവള്‍

വി.കെ അജിത് കുമാര്‍

നദീന്‍ ഗോര്‍ഡിമര്‍, നിങ്ങള്‍ ഇവിടെ ഉപേക്ഷിച്ചു പോകുന്നത് നിങ്ങളേറെ സ്‌നേഹിച്ച ഒരു ജനസംസ്‌കാരത്തെയാണ്. മറ്റുള്ളവര്‍ ഇരുണ്ടതെന്നും സാംസ്‌കാരിക അളവുകോലില്‍ എത്താത്തതെന്നും വിളിച്ച ഒരു ഭൂവിഭാഗത്തെയാണ്.

മദിബായ്ക്ക് പ്രിയപ്പെട്ടവളായിരുന്നു നദീന്‍. ദീര്‍ഘമായ ജയില്‍ ജീവിതത്തിനുശേഷം പുറത്തിറങ്ങിയ നെല്‍സണ്‍ മണ്ടേല അതുകൊണ്ട് തന്നെ സന്ദര്‍ശനത്തിന് തിരഞ്ഞെടുത്ത ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നദീന്‍ ഗോര്‍ഡിമര്‍. ജൂതവംശത്തില്‍ ജനിക്കുകയും കറുത്തവന്റെ കരളുമായി ജീവിക്കുകയും ചെയ്ത നദീന്‍ ഗോര്‍ഡിമറെ മണ്ടേല വിലയിരുത്തിയത് 'സ്വതന്ത്ര മനസ്സുള്ള വെള്ളക്കാരി' എന്നായിരുന്നു. സ്വയം തിരിച്ചറിവ് നടത്തുകയും മാനവികതയ്ക്ക് ദര്‍ശനപരമായി സങ്കലനം നടത്തുകയും ചെയ്തു എന്നതാണ് അവരുടെ സാഹിത്യ ജീവിതത്തിന്റെ തിരുശേഷിപ്പ് എന്നു പറയാം.

'ദി കണ്‍സര്‍വേഷനിസ്റ്റ്' എന്ന നോവലില്‍ ഗോര്‍ഡിമര്‍ തന്‍റെ ദര്‍ശനപരമായ കൈയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നു. മണ്ണും മനുഷ്യനും വര്‍ഗ്ഗവും സംസ്‌കാരവും സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതയെന്തെന്ന് വളരെ ലളിതമായി മനസ്സിലാക്കിത്തരുന്നുണ്ട്'കണ്‍സര്‍വേഷനിസ്റ്റ്'. വിവരാണാത്മകത എന്ന സങ്കേതം വളരെ അപ്രസക്തമാണെന്ന് രചനാപരമായി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. അത് വിലയിരുത്തപ്പെട്ടപ്പോള്‍ പലരും പറഞ്ഞത് ഗദ്യരൂപത്തിന്റെ കവിത്വഭാവമാണ് ‘ദി കണ്‍സര്‍വേഷനിസ്റ്റി’ലൂടെ നദീന്‍ ഗോര്‍ഡിര്‍ നല്‍കിയത് എന്നാണ്.ഒരു കര്‍ഷകനല്ലെങ്കില്‍ കൂടി അയാളിലെവിടെയോ കര്‍ഷകന്റെ രക്തം നിലനില്‍ക്കുന്നു എന്ന് പ്രധാന കഥാപാത്രമായ മെറിംഗിനെപ്പറ്റി ഗോര്‍ഡിമര്‍ വിശദീകരിക്കുന്നു. അതുതന്നെയാണ് നദീന്‍ ഗോര്‍ഡിമര്‍ എന്ന യഹൂദവംശജയെപ്പറ്റിയും വായിക്കുവാനുള്ളത്. ജന്മംകൊണ്ട് ജൂതയെങ്കിലും അവരില്‍ കറുത്തവരുടെ രക്തം പ്രവഹിച്ചുകൊണ്ടിരുന്നു.

‘കണ്‍സര്‍വേഷനിസ്റ്റ്’ വായനയുടെ ആരംഭത്തില്‍ മെറിംഗ് എന്ന അലസ കര്‍ഷകന്റെ കഥയെന്തിന് ഗോര്‍ഡിര്‍ പറയുന്നു എന്ന് സംശയം ഉണ്ടാകാതിരിക്കില്ല. എന്നാല്‍ അയാളിലുള്ള അനുതാപം-സഹജീവിതങ്ങളോടുള്ള മാനസിക പരിഗണനകള്‍, ഇവ ഗോര്‍ഡിമറില്‍ നിന്ന് തന്നെ ഊര്‍ന്നിറങ്ങുന്നതാണ്. ഒരു ഫാം നടത്തി വന്‍തോതില്‍ ലാഭമെടുക്കാനല്ല മെറിംഗ് ആഫ്രിക്കന്‍ വന്‍കരയിലെത്തുന്നത്. നഗര ജീവിതം നല്‍കിയ യാന്ത്രികതയില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രാപിച്ച് ഒരു ഒളിച്ചോട്ടം പോലെയൊരു ജീവിതം. കൂടെ പെണ്‍സുഹൃത്തുക്കളുണ്ടെങ്കില്‍ സന്തോഷം. എന്നാല്‍ മരണം അയാളെ വല്ലാതെ പീഡിപ്പിക്കുന്നു.

സ്വന്തം കൃഷിസ്ഥലത്ത് മരിച്ചു കിടന്ന അജ്ഞാതനായ ഒരു കറുത്ത മനുഷ്യന്‍. നഗരജീവിതം നല്‍കിയ അനുഭവം കൊണ്ട് സ്വാഭാവികമായി മെറിംഗ് പോലീസില്‍ മരണവിവരം അറിയിക്കുന്നു. എന്നാല്‍ കറുത്തവന്റെ മരണത്തോടുള്ള പൊതു നിസംഗത അവരില്‍ നിന്നും ഉണ്ടാവുകയും, തൊട്ടടുത്ത ദിവസം മാത്രം മൃതദേഹത്തിനടുത്തെത്തുകയും ശവശരീരം അവിടെത്തന്നെ തിടുക്കത്തില്‍ കുഴിച്ചിട്ട് പോകുകയും ചെയ്യുന്നു. തൊലിയുടെ നിറം നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയവും അധികാരവും എന്നതിലുപരി ഒരു മനുഷ്യന് മരണത്തിലെങ്കിലും കിട്ടേണ്ട നീതി എന്ന ചിന്തയാണ് മെറിംഗിനെ അലട്ടിയത്. ഈ അലട്ടല്‍ തന്നെയാണ് ഗോര്‍ഡിമര്‍ എന്ന എഴുത്തുകാരിയേയും പിന്തുടര്‍ന്നത്.

മെറിംഗിന്റെ കഥാപാത്രസൃഷ്ടിയിലൂടെ നദീന്‍ ഗോര്‍ഡിമര്‍ നല്‍കിയ പ്രതിഛായ വളരെ വലുതായിരുന്നു. വര്‍ണ്ണവെറിയുടെ ദക്ഷിണാഫ്രിക്കന്‍ കാലത്ത് മരണത്തില്‍പ്പോലും മാനിക്കപ്പെടാതെ പോകുന്ന ഒരു കറുത്ത ശവശരീരത്തിന് ഒടുവില്‍ പ്രകൃതി നല്‍കിയ വീണ്ടെടുപ്പിലൂടെ വിശുദ്ധമായ ഉപചാരങ്ങള്‍ ലഭിക്കുന്നു. നോവലിന്റെ അന്ത്യം സൂചിപ്പിക്കുന്നത് ഒരു പക്ഷേ മാനവികമായ കാഴ്ച്ചപ്പാട് പ്രകൃതി നല്‍കുന്ന മുന്നറിയിപ്പാണ് എന്ന സന്ദേശം കൂടിയാണ്.

ഭരണാധികാരികള്‍ക്ക് നിരോധിക്കുവാനുള്ളതായിരുന്നു ഗോര്‍ഡിമറുടെ ഓരോ കഥയും. അവരുടെ 90-ആം ജന്മദിനാഘോഷവേളയില്‍ റിവോണിയ വിചാരണയില്‍ (മണ്ടേലയെ ജീവിതാന്ത്യ തടവിന് വിധിച്ച വിചാരണ) പങ്കെടുത്ത അഭിഭാഷക സുഹൃത്തായ ജോര്‍ജ്ജ് ബിസോ പറഞ്ഞത്- 'നദീന്‍ നിങ്ങള്‍ ഒരു എഴുത്തുകാരി മാത്രമല്ല, വര്‍ണ്ണവിവേചനത്തിനെതിരേ നിലകൊണ്ട അപകടകാരിയായ സുന്ദരി കൂടിയായിരുന്നു' എന്നാണ്. 1974ല്‍ ബുക്കര്‍ സമ്മാനവും 1991ല്‍ നോബേല്‍ സാഹിത്യ സമ്മാനവും ലഭിച്ച നദീന്‍ ഗോര്‍ഡിമറിന്റെ സാഹിത്യ സംഭാവനകള്‍ നിരത്തുന്നതിന് കണ്‍സര്‍വേഷനിസ്റ്റ് വായിച്ചൊരാള്‍ക്ക് മറ്റൊന്നും തേടേണ്ടതില്ല.

If we should ever get to heaven
we shall find nobody to reproach
us for being black or for being slaves

1786-ല്‍ ആദ്യമായി അച്ചടിമഷി പുരളാന്‍ ഭാഗ്യം ലഭിച്ച ബ്ലാക്ക് റൈറ്റര്‍ ജൂപ്പിറ്റര്‍ ഹാമ്മോണിന്റെ ഈ വരികള്‍ ഇവിടെ നദീന്‍ ഗോര്‍ഡിമറിന്റെ ബാക്കിവച്ച പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

(ഐ എച്ച് ആര്‍ ഡി ഉദ്യോഗസ്ഥനാണ് ലേഖകന്‍)


Next Story

Related Stories