TopTop

നെയ്ക്കഡ് വീല്‍സ്; യാത്ര ഒരു രാഷ്ട്രീയ ആഖ്യാനമാകുമ്പോള്‍

നെയ്ക്കഡ് വീല്‍സ്; യാത്ര ഒരു രാഷ്ട്രീയ ആഖ്യാനമാകുമ്പോള്‍

എയ്ഞ്ചല്‍ മേരി മാത്യു

You cannot travel the path until you have become the path itself
–Buddha

വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ചില ജീവിതങ്ങളോടുള്ള ഒരു സമരസപ്പെടൽ. അത് മാത്രമായിരുന്നു യാത്രയുടെ ഏക ലക്ഷ്യം. യാത്രകൾ ആഘോഷിക്കപ്പെടുന്ന കാലത്ത്, ദക്ഷിണേന്ത്യ മുഴുവൻ ബൈക്കും കാറും ട്രെയിനും നൽക്കുന്ന സുരക്ഷിതത്തിൽ നിന്നും മാറി, സാധരണ വഴികളിൽ നിന്നും സമയത്തും നിന്നും മാറി സഞ്ചരിക്കുന്ന ലോറിയിലൂടെ കുറച്ച് സുഹൃത്തുക്കൾ നടത്തിയ ഒരു യാത്രയാണ് നേക്കഡ് വീൽസ് എന്ന ഡോക്യുമെന്ററി.

ട്രാഫിക് വാര്‍ഡൻ പദ്മിനിയുടെ അനുഭവങ്ങൾ പറഞ്ഞ സീബ്ര ലൈൻസിനു ശേഷം തേവര സേക്രഡ് ഹാർട്ട് കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ രാജേഷ് ജെയിംസിന്‍റെ ദൃശ്യഭാഷയോടും യാത്രയോടുമുള്ള സ്നേഹത്തിൽ നിന്നാണ് നേക്കഡ് വീൽസ് പിറക്കുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചിത്രം പൊതു സമൂഹം അകറ്റി നിർത്തുന്ന ചില ബിബംങ്ങളെ ഉൾപ്പെടുത്തി, അരികുവത്കരിക്കപ്പെടുന്ന ചില ജീവിതങ്ങളോട് സമസരപ്പെടാനുള്ള ശ്രമമാണ്. സാമൂഹിക മുന്നേറ്റങ്ങളിൽ യാത്രകൾക്കുള്ള വലിയ പങ്ക് തിരിച്ചറിഞ്ഞാണ് സീബ്ര ലൈൻസിനു ശേഷം യാത്രയെ ആസ്പദമാക്കി ഡോക്യുമെന്ററി ചെയ്യാൻ രാജേഷ് തീരുമാനിക്കുനത്.

വിഭിന്ന വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിതം തന്നെ യാത്രയാണ്. പാർശ്വവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ സൂചനയാണ് യാത്ര പലപ്പോഴും. പ്രത്യേകിച്ച് ഏറെ വൈവിധ്യങ്ങൾ കലർന്ന ഇന്ത്യൻ സമൂഹത്തിൽ രാജസ്ഥാനിയെന്നോ പഞ്ചാബിയെന്നോ വ്യത്യാസമില്ലാതെ ലോറികൾ ദീർഘദൂര യാത്രകളിൽ സജീവ സാന്നിധ്യമാണ്. സ്വയം, സഞ്ചരിക്കേണ്ട പാതകളാവുക എന്ന ലക്ഷ്യത്തിലാണ് ലോറി തിരഞ്ഞെടുത്തതെന്ന് സംവിധായകന്റെ സാക്ഷ്യം. സഹപ്രവർത്തകനും സുഹൃത്തുമായ രൂപേഷ് കുമാറും ജിബിൻ ജോസുമായുള്ള ചർച്ചകളിൽ നിന്നാണ് ആശയം ഉരുത്തിരിയുന്നത്.

സാമ്പ്രദായിക മുൻവിധികളെ പൊളിച്ചെഴുതി വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവർ ഒന്നിച്ച് യാത്ര ചെയ്യുന്നത് കഴിഞ്ഞ അവധികാലത്താണ്. രൂപേഷിലൂടെയാണ് സുഹൃത്തും മലയാളിയുമായ ജീയിലേക്കെത്തുന്നത്. ബാംഗ്ലൂരിൽ താമസമാക്കിയ ജീ യാത്രയെയും പിന്നീട് ഡോക്യുമെന്ററിയെയും ഏറെ സ്വാധീനിച്ചു. ജീയിലൂടെയാണ് 'ഐ അം വിദ്യ' എന്ന ആത്മകഥയിലൂടെ ട്രാൻസ് ജെൻഡറുകളുടെ ജീവിതം തുറന്നെഴുതിയ ലിവിംഗ് സ്മൈൽ വിദ്യയിലേക്കുമെത്തുന്നത്.
പഞ്ചാബിയുടെ ഉടമസ്ഥതയിലുള്ള ഗോവ രജിസ്ട്രേഡ് ലോറിയിൽ മലയാളി ഡ്രൈവർ അശോകനുമൊത്താണ് വൈവിധ്യങ്ങളുടെ ഒരു സംഘം യാത്രയാരംഭിക്കുന്നത് . ലിംഗ വ്യത്യാസമില്ലാതെ രാത്രിയും പകലും യാത്ര ചെയ്ത് മുൻധാരണകൾ കൊണ്ട് തളച്ചിടുന്ന ഒരു വിഭാഗത്തിന്റെ ദിനംപ്രതിയുള്ള ജീവിതവും അനുഭവങ്ങളും മുൻനിർത്തി അവതരിപ്പികുയാണ് നേക്കഡ് വീൽസിൽ. യാത്രക്കിടയിൽ ഡ്രൈവർ അശോകേട്ടനും യാദൃശ്ചികമായി ഒരു കഥാപാത്രമായി മാറുകകയിരുന്നു. അശോകനും വിദ്യയും ജീയും പറഞ്ഞുപോകുന്ന അനുഭവങ്ങളിലൂടെയാണ് ചിത്രം പൂർത്തിയാവുന്നത്.

ലിംഗ വൈവിധ്യങ്ങളെ മാത്രമല്ല, മുൻധാരണകൾ കൊണ്ട് മാറ്റി നിർത്തപ്പെടുന്ന സകല മനുഷ്യരോടും ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന, ശക്തമായി സ്വത്വ രാഷ്ട്രീയം സംസാരിക്കുന്ന ഒരു ഉപാധിയാണ് സംവിധായകന് ഈ ചിത്രം. യാത്രയ്ക്കിടയിൽ ഗോവയിൽ വെച്ച് ഷൂട്ട് ചെയ്ത മുഴുവൻ ഭാഗങ്ങളുടെയും സൌണ്ട് ക്ലിപ് നഷ്ടപ്പെട്ടു. പൊരുതാൻ ഉറച്ചു സംവിധായകനും ക്യാമറ കൈകാര്യം ചെയ്ത ജിബിനും ഓരോ കഥാപാത്രങ്ങളെയും ചെന്ന് കണ്ടു വീണ്ടും സംഭാഷണങ്ങൾ അടക്കം ചിത്രീകരിക്കുകയായിരുന്നു. ആദ്യ യാത്രയിൽ നിന്നും വ്യത്യസ്തമായ മറ്റൊരു യാത്ര കൂടി അങ്ങനെ ചിത്രത്തിന്റെ ഭാഗമായി. രണ്ടാമത് ഷൂട്ടു ചെയ്ത ഭാഗങ്ങളും കൂട്ടിച്ചേർക്കപ്പെട്ട കാഴ്ചകളും സംഭാഷണങ്ങളും പുതുമയുള്ള ഒരു ആഖ്യാന രീതിക്കും സഹായകമായി.

ദക്ഷിണേന്ത്യലെ വൈവിധ്യ കാഴ്ച്ചകൾക്കൊപ്പം കഥാപാത്രങ്ങളുടെ പൊള്ളുന്ന അനുഭവങ്ങളും അഭിപ്രായങ്ങളും ഇടകലർന്നു വരുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത് ലിതിൻ പോളാണ്. ചിത്രത്തിന്റെ ഏറ്റവും കരുത്തുറ്റ മറ്റൊരു ഘടകം അൽബിൻ ആൻഡ്രൂ,-ഏയ്ഞ്ചൽ ബ്ലാൻകൊ എന്നിവരൊരുക്കിയ പശ്ചാത്തല സംഗീതമാണ്. ഓരോ രംഗവും സംഭാഷണവും രാകി മിനുക്കി ഒരുക്കുന്നതിൽ വിദ്യയുടെയും ജീയുടെയും വലിയൊരു പങ്കുമുണ്ട്.

നേക്കഡ് വീൽസിന്റെ ആദ്യ പ്രദർശനം ജെ.എൻ യുവിൽ വെച്ചായിരുന്നു. എക്കാലത്തും ഇന്ത്യൻ സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ രൂപികരിക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ള സാമൂഹിക മാറ്റങ്ങളോട് കൃത്യമായി പ്രതികരിക്കുന്ന ജെ.എൻ യു തിരഞ്ഞെടുത്തതിൽ സംവിധായകന് വ്യക്തമായ കാരണങ്ങളുണ്ട്. മറ്റു പല സർവ്വകലാശാലകളിൽ നിന്നും ഭിന്നമായി സജീവമായി പ്രവർത്തിക്കുന്ന 'ധനക്ക്' എന്നാ ക്യൂയർ (Queer) ഗ്രൂപ്പിന്റെ സഹായത്തോടെ രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു വിദ്യാർത്ഥി യൂണിയൻ നടത്തി വന്നിരുന്ന നിരാഹാരസമരം നടക്കെ ഏ.ബി.വി.പി പ്രവർത്തകരുടെ എതിർപ്പുകൾക്കിടയിലായിരുന്നു ആദ്യ പ്രദർശനം. സമരത്തിന്റെ ചൂടിൽ തടിച്ചു കൂടിയ നൂറുകണക്കിന് വിദ്യാർത്ഥി സമൂഹം ക്രിയാത്മകമായി പ്രതികരിക്കുകയായിരുന്നു.


രാജേഷ് ജെയിംസ്

പാർശ്വവത്കരിക്കപ്പെടുന്ന സമൂഹത്തിന്റെ തെരുവോര സമരങ്ങളെ കുറിച്ചു ഗവേഷണം ചെയ്യുന്ന ജർമൻ സ്വദേശി Anna Schnieder-Krügerയുടെ വാക്കുകളിൽ നേക്കഡ് വീൽസ് കാണപ്പെടാതെ പോകുന്ന മനുഷ്യമുഖങ്ങൾ അവതരിക്കുന്ന വേദിയാണ്. വിദ്യയെയും ജീയെയും അശോകനെയും പോലെ റോഡും കടലും ലോറിയുമെല്ലാം ആകാംഷയുടെയും സാധ്യതകളുടെയും പ്രതീകമായി ചിത്രത്തിലെ കഥാപാത്രങ്ങളാണ്.

ആണെന്നോ പെണ്ണെന്നോ ട്രാൻസെന്നോ തന്റെ ജാതിയോ മതമോ ജോലിയോ വിളിച്ചു പറയാൻ ആഗ്രഹിക്കാത്തവരെ അതൊക്കെ വിളിച്ചു പറയാൻ പ്രേരിപ്പിക്കുന്ന സമൂഹത്തിനോടുള്ള അവരുടെ സ്വാഭാവിക പ്രതികരണം പ്രകടിപ്പിക്കുന്ന തികഞ്ഞ ഒരു രാഷ്ട്രീയ ആഖ്യാനമായി മാറുകയാണ് നേക്കഡ് വീൽസ്. അതുകൊണ്ട് തന്നെ സഹതാപത്തിന് തെല്ല് പോലും സ്ഥാനമില്ല ഈ ചിത്രത്തിൽ.

ജൂണ്‍ 10 നു ആരംഭിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കേരളത്തിലെ ചിത്രത്തിന്റെ ആദ്യ പ്രദർശന വേദിയാകും. സൈപ്രസിൽ വെച്ച് നടക്കുന്ന അന്തരാഷ്ട്ര ചലച്ചിത്ര മേള TIF 2016-ലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories