TopTop
Begin typing your search above and press return to search.

നളന്ദ; വീണുടഞ്ഞുപോയ വിശ്വകലാശാല

നളന്ദ; വീണുടഞ്ഞുപോയ വിശ്വകലാശാല

എച്മുകുട്ടിയുടെ ബീഹാര്‍ യാത്രയുടെ ആദ്യനാലു ഭാഗങ്ങള്‍ ഇവിടെ വായിക്കാം;
ചില തിരിച്ചുപോക്കുകള്‍; ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 1
മല്ലിപ്പൂക്കളുടെ നാട്ടില്‍: ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 2
ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാന്‍ സോനെ കെ ഭണ്ഡാര്‍: ചില ബീഹാര്‍ച്ചിത്രങ്ങള്‍ തുടരുന്നു
മഹാബോധിച്ചുവട്ടില്‍; ബീഹാറിന്റെ ഹൃദയത്തിലൂടെ


ഏറെ പുകഴേന്തിയ പ്രാചീന സര്‍വകലാശാലയായ നളന്ദ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ വര്‍ണപ്പകിട്ടുള്ള ഒത്തിരി കുതിരവണ്ടികള്‍ കണ്ടു. കുതിരയുടെ കുളമ്പടിയൊച്ചയെ അനുസ്മരിപ്പിക്കുന്ന ടം ടം എന്നാണ് ഈ വണ്ടികള്‍ക്കുള്ള പേര്. എനിക്കാ പേരും കുതിരവണ്ടികളുടെ ഓട്ടവും വളരെ രസകരമായി തോന്നി. ആരോഗ്യമുള്ള കുതിരകളായിരുന്നു അധികവും വണ്ടി വലിച്ചിരുന്നത്. നല്ല ഭക്ഷണവും പരിചരണവും കിട്ടുന്നുണ്ട് കുതിരകള്‍ക്കെന്ന് അവയുടെ ദൃഢമായ ശരീരവും മിന്നിത്തിളങ്ങുന്ന സമൃദ്ധമായ വാലും വിളിച്ചു പറഞ്ഞു. പക്ഷെ, കുതിരയെ തെളിക്കുന്ന മനുഷ്യക്കോലങ്ങള്‍ എന്തുകൊണ്ടോ മെലിഞ്ഞും ദുര്‍ബലരായും മാത്രം കാണപ്പെട്ടു.


നളന്ദയെക്കുറിച്ച് നന്നെ ചെറുപ്പം മുതലേ കേട്ടിരുന്നു. ഒരുപക്ഷെ, ഞാനാദ്യം വായിച്ച ചരിത്ര പുസ്തകങ്ങളില്‍ ഒന്ന് നളന്ദയെപ്പറ്റിയായിരുന്നു. കാണുവാനും സാധിക്കുമെങ്കില്‍ പോയ കാലത്തിലൂടെ യാത്ര ചെയ്ത് വിദ്യ അഭ്യസിക്കുവാനും വളരെ ആഗ്രഹമുണ്ടായിരുന്ന ഒരു സര്‍വകലാശാലയായിരുന്നു അത്. അതുകൊണ്ടു തന്നെ നളന്ദയുടെ മുന്നില്‍ ചെന്നിറങ്ങുമ്പോള്‍ എന്റെ മനസ്സ് എന്തിനെന്നില്ലാതെ വിറകൊണ്ടു.

ഗേറ്റിനരികില്‍ തന്നെ ടിക്കറ്റ് മുറിച്ചു കിട്ടും. പിന്നെ വീതിയേറിയ നീണ്ട നടപ്പാതയാണ്. ഇരുവശവും പച്ചപ്പുല്‍ത്തകിടികള്‍... മനോഹരമായി സംവിധാനം ചെയ്ത പൂന്തോട്ടം. പേരറിയുന്നതും അറിയാത്തതുമായ സസ്യശ്യാമള സമൃദ്ധി. ഒരുപാടു തരം പക്ഷികള്‍... നടപ്പാതയിലൂടെ നീങ്ങിയിരുന്നത് ഒരു മുഴുവന്‍ ലോകമായിരുന്നു. എനിക്കുറപ്പിച്ചു പറയാന്‍ കഴിയും ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ പ്രാതിനിധ്യവുമുണ്ടായിരുന്നു അവിടെയെന്ന്.

നളന്ദ എന്നാല്‍ അവസാനിക്കാത്ത ദാനമെന്നര്‍ഥമുണ്ട്. ആ പരിസരങ്ങളില്‍ കാണപ്പെട്ടിരുന്ന നാഗങ്ങളില്‍ നിന്നും ഈ പേരു ഉരുത്തിരിഞ്ഞുവെന്ന് കരുതപ്പെടുന്നുണ്ട്. താമരത്തണ്ടുകളുടെ ലഭ്യതയും നളന്ദ എന്ന പേരിനു കാരണമായിട്ടുണ്ടത്രേ.പൊതു യുഗം അഞ്ചാം നൂറ്റാണ്ടു മുതല്‍ ആയിരത്തി ഇരുനൂറു വരെ വിശ്വപ്രസിദ്ധമായി നിലകൊണ്ട ഒരു സര്‍വകലാശാലയായിരുന്നു നളന്ദ. ഗുപ്ത ഭരണകാലത്താണ് നളന്ദ ഏറ്റവും ജ്വലിച്ചു നിന്നത്. വര്‍ദ്ധമാന മഹാവീരനും ബുദ്ധനും ഈ സര്‍വകലാശാലയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ ഇവിടത്തെ മാന്തോപ്പില്‍വെച്ച് ശിഷ്യരുമായി സംവദിച്ചിരുന്നു എന്നാണ് വിശ്വാസം. ശരിപുത്രന്‍ എന്ന ബുദ്ധശിഷ്യന്റെ ജനനവും നിര്‍വാണവും പാവരിക എന്ന മാന്തോപ്പില്‍ ആയിരുന്നുവെന്ന് പറയുന്നു. മൗര്യ ചക്രവര്‍ത്തിയായിരുന്ന അശോകന്‍, ഗുപ്ത ചക്രവര്‍ത്തിമാര്‍, കനൗജിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷ വര്‍ദ്ധനന്‍, പാല രാജവംശജനായ ഗോപാല എന്നിങ്ങനെ പല രാജവംശങ്ങളുടേയൂം രാജാക്കന്മാരുടേയും പരിലാളനയിലാണ് നളന്ദ വിശ്വപ്രസിദ്ധമായ ഒരു സര്‍വകലാശാലയായത്. എങ്കിലും പാല രാജവംശത്തിന്റെ ഭരണത്തില്‍ കീഴില്‍ ബുദ്ധമതം മഹായാന രീതിയില്‍ നിന്ന് വജ്രയാനരീതിയില്‍ കൂടുതല്‍ താന്ത്രിക അനുഷ്ഠാനങ്ങളിലേക്ക് മാറുകയായിരുന്നു. ബുദ്ധമതത്തിന്റെ പല സ്വതന്ത്ര നിലപാടുകളിലും കാതലായ മാറ്റം വന്ന കാലമായിരുന്നു അത്.

ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍ സാങ് ഹര്‍ഷവര്‍ദ്ധനന്റെ സമകാലികനായിരുന്നു. രണ്ടു വര്‍ഷത്തിലധികം കാലം ഹ്യുയന്‍സാങ് നളന്ദയില്‍ ചെലവഴിച്ചു. ശിലാഭദ്രന്‍ എന്ന പ്രധാനാചാര്യനും യോഗാചാര്യന്‍ എന്ന അധ്യാപകനും ചേര്‍ന്നാണ് ഹ്യുയന്‍ സാങിനെ ബുദ്ധമതപഠനങ്ങളും വ്യാകരണവും യുക്തിശാസ്ത്രവും സംസ്‌കൃതവും അഭ്യസിപ്പിച്ചത്. പഠനശേഷം നളന്ദയിലെ ലൈബ്രറിയില്‍ നിന്ന് എഴുന്നൂറോളം ബുദ്ധമത ഗ്രന്ഥങ്ങള്‍ ഹ്യുയന്‍സാങ് ചൈനയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് അനവധി വിദേശയാത്രികര്‍ നളന്ദയിലേക്ക് വരികയുണ്ടായി.അങ്ങനെ വന്നതില്‍ പ്രധാനപ്പെട്ട ഒരു വിദേശ വിദ്യാര്‍ഥിയായിരുന്നു യിംഗ്. അദ്ദേഹം പത്തു വര്‍ഷം നളന്ദയില്‍ പഠിച്ചു. തിരിച്ചു പോകുമ്പോള്‍ അദ്ദേഹവും നാനൂറ് സംസ്‌കൃത ഗ്രന്ഥങ്ങള്‍ കൂടെക്കൊണ്ടു പോയി.

1811ല്‍ ഫ്രാന്‍സിസ് ബുക്കാനനും ഹാമില്‍ട്ടനും ആണ് ആദ്യമായി നളന്ദയെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തതെങ്കിലും അവര്‍ക്ക് ആ സര്‍വകലാശാലയെ തിരിച്ചറിയാനൊന്നും കഴിവുണ്ടായില്ല. 1847ല്‍ മേജര്‍ മാര്‍ക്കോം ഖിത്തോ ആണ് കുഴിച്ചെടുത്ത അവശിഷ്ടങ്ങളും നളന്ദയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം സ്ഥാപിച്ചത്. 1861 ലും 1915ലും 1974ലുമായി മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു നളന്ദയുടെ അവശിഷ്ടങ്ങള്‍ ശേഖരിക്കപ്പെട്ടത്.

ഏകദേശം പന്ത്രണ്ട് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുകയാണ് നളന്ദ. അതൊരു വാസ്തുവിദ്യാ അതിശയമാണ്. കൂറ്റന്‍ മതിലും ഒരു കവാടവുമായി ധാരാളം ഗ്രൗണ്ടുകളും വിവിധ വിഹാരങ്ങളും ധ്യാനമുറികളും ലക്ചര്‍ ക്ലാസ്സുകളും തികഞ്ഞ ഒന്നാന്തരം ഒരു സര്‍ വകലാശാലയായിരുന്നു അത്. പ്രതാപ കാലത്ത് പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരം അധ്യാപകരും ഉണ്ടായിരുന്നുവത്രേ.

നളന്ദയിലുണ്ടായിരുന്ന ലൈബ്രറി വിശ്വവിഖ്യാതിയാര്‍ജ്ജിച്ചതായിരുന്നു. ഒമ്പതു നിലയുള്ള കെട്ടിടത്തിലായിരുന്നു പുസ്തകങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്നതെന്നും അത് മുമ്മൂന്നു ഭാഗങ്ങളായി തിരിയ്ക്കപ്പെട്ടിരുന്നുവെന്നും അവയുടെ പേരുകള്‍ രത്‌നസാഗര, രത്‌നോദതി, രത്‌നരഞ്ജന എന്നൊക്കെയായിരുന്നുവെന്നും തിബത്തന്‍ പ്രാചീന ചരിത്രം വെളിപ്പെടുത്തുന്നു. പതിനായിരക്കണക്കിനു പുസ്തകങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കൃത്യമായി വിന്യസിക്കപ്പെട്ട പതിനൊന്നു വിഹാരങ്ങളും ഇഷ്ടികയില്‍ തീര്‍ത്ത ആറു ക്ഷേത്രങ്ങളും അവശിഷ്ടങ്ങളായി ഇന്ന് നളന്ദയില്‍ കാണാം. നൂറടി വീതിയുള്ള നടപ്പാത തെക്കു വടക്കായും കിഴക്കു പടിഞ്ഞാറായും കാണപ്പെടുന്നു. ഇരുവശത്തും പറ്റാവുന്ന പോലെ പൂന്തോട്ടനിര്‍മ്മിതിയും ചെയ്തു വെച്ചിട്ടുണ്ട്. വിഹാരങ്ങളുടെ കവാടങ്ങളില്‍ ഗുപ്ത രാജാക്കന്മാരുടെ അടയാളമായ വില്ല് തെളിഞ്ഞു കാണുന്നു. പഴയ കെട്ടിടത്തിന്മേല്‍ കെട്ടിപ്പടുത്ത പുതു നിര്‍മ്മിതികളും വിവിധ കാലങ്ങളില്‍ തീപ്പൊള്ളലേറ്റ് കരിഞ്ഞ ഭാഗങ്ങളും എല്ലാം നമുക്ക് വ്യക്തമായി അറിയാന്‍ കഴിയും.മിക്കവാറും വിഹാരങ്ങള്‍ക്കെല്ലാം ഒരേ ഡിസൈന്‍ തന്നെയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്. ദീര്‍ഘചതുരമായ മുറ്റവും ഭിക്ഷുക്കള്‍ക്ക് താമസിക്കാനുള്ള ചെറിയ അറകളും വരാന്തയും ശ്രീകോവിലും എല്ലാം ഏകദേശം ഒരു പോലെ തന്നെ. കടന്നു വരുമ്പോഴേ ശ്രീകോവില്‍ ദൃശ്യമാവും.

ഒന്നാമത്തെ വിഹാരമാണ് ഏറ്റവും പഴയത്. അതിഭീമമായ ഒരു ബുദ്ധപ്രതിമ രണ്ട് നിലയുള്ള ഈ വിഹാരത്തില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ കാണാന്‍ കഴിയുന്ന മൂന്നു ക്ഷേത്രങ്ങളില്‍ വെച്ച് ഏറ്റവും കേമമായത് മൂന്നാമത്തേതു തന്നെയാണ്. അത് ഏഴുനിലകളിലായിരുന്നു. സ്റ്റക്കോ പെയിന്റിംഗുകളുടെ ഒരു നിര തന്നെ നമുക്ക് മുന്നില്‍ വെളിപ്പെടുന്നുണ്ട്. ജാതക കഥകളും ബോധിസത്വനും ഉള്ളതുപോലെ ശിവനും പാര്‍വതിയും കാര്‍ത്തികേയനും ഉണ്ട്. ക്ഷേത്രത്തിനു ചുറ്റും അനവധി സ്തൂപങ്ങളുണ്ട്. ബുദ്ധമതഗ്രന്ഥങ്ങളിലെ വിശുദ്ധവാക്യങ്ങള്‍ കൊത്തിവെച്ച ഇഷ്ടികകള്‍ കൊണ്ടാണ് സ്തൂപങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഈ ക്ഷേത്രത്തിന്റെയും ശ്രീകോവിലില്‍ അതിഗംഭീരമായ ഒരു പീഠമുണ്ട് അവിടെയായിരുന്നിരിക്കണം പഴയ കാലത്ത് ബുദ്ധപ്രതിമ പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്.

നളന്ദ നിലനിര്‍ത്താന്‍ പ്രയത്‌നമൊക്കെ നടക്കുന്നുവെങ്കിലും പഴയകാല നിര്‍മ്മിതികള്‍ക്കൊപ്പം നില്‍ക്കുന്ന ജീര്‍ണോദ്ധാരണങ്ങള്‍ വളരെ കുറച്ചേ ദൃശ്യമായുള്ളൂ. എല്ലാറ്റിനോടുമുള്ള സ്ഥായിയായ നമ്മുടെ അലംഭാവം ഈ വിശ്വപ്രസിദ്ധിയുടെ അങ്കണത്തിലും ഒളിച്ചു കളിക്കുന്നുണ്ട്. അതേ, ഇപ്പോഴുള്ളതിലും എത്രയോ ഉയര്‍ന്ന നിലവാരത്തില്‍ നമുക്ക് നളന്ദയെ നിലനിറുത്താന്‍ കഴിയും, എങ്കിലും വിശദീകരിക്കാന്‍ കഴിയാത്ത ചില കാരണങ്ങളെ കൂട്ടു പിടിച്ച് നമ്മള്‍ ആ നല്ല പ്രവൃത്തി ചെയ്യുന്നില്ല.ലോകമാകെയുള്ള ജൈന ബുദ്ധമതവിശ്വാസികള്‍ നളന്ദയെ പ്രധാനപ്പെട്ട ഒരു സന്ദര്‍ശന സ്ഥലമായും തീര്‍ഥാടനകേന്ദ്രമായും കാണുന്നു. വര്‍ദ്ധമാന മഹാവീരനും ഗൗതമബുദ്ധനും നടന്ന വഴിത്താരകളിലെ മണല്‍ത്തരികള്‍ പോലും അവര്‍ക്ക് ദിവ്യവും വിശുദ്ധവുമായ ആത്മീയാനുഭൂതികള്‍ പകരുന്നുണ്ടെന്ന് എനിക്കു തോന്നി. അന്‍പതിലധികം വര്‍ഷമായി നളന്ദയില്‍ വഴികാട്ടിയായി വര്‍ത്തിക്കുന്ന, എന്നാലും ജാതിയില്‍ താനൊരു ബ്രാഹ്മണനാണെന്ന് അഭിമാനത്തോടെ എടുത്തു പറയുന്ന ശര്‍മ്മാജി, ഇംഗ്ലീഷിനും ഹിന്ദിയ്ക്കുമൊപ്പം നിരവധി വിദേശഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുന്നത് ഞാന്‍ അത്ഭുതത്തോടെ കേട്ടു നിന്നു. തന്റെ ജീവിത സൗകര്യങ്ങളെല്ലാം തന്നെ ഈ ഭാഷാപാണ്ഡിത്യത്തില്‍ നിന്നു ലഭിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശകരായ വിദേശികള്‍ നല്ല തുക ടിപ്പായികൊടുക്കാറുണ്ടത്രേ. വിദേശികളോടിടപഴകിയാണ് ഇത്ര ഒഴുക്കോടെ അനവധി ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നളന്ദ സൈറ്റിനപ്പുറത്താണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം. അവിടെയും ധാരാളം വൃക്ഷങ്ങളും പൂച്ചെടികളുമുണ്ട്. മൂന്നു നാലു ഗാലറികളിലായി നളന്ദയില്‍നിന്നും രാജ്ഗിറില്‍ നിന്നും കുഴിച്ചെടുക്കപ്പെട്ട വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആ പ്രദര്‍ശനം എന്തുകൊണ്ടോ അത്ര ആകര്‍ഷകമായി എനിക്കനുഭവപ്പെട്ടില്ല..

(അവസാനിച്ചു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories