TopTop
Begin typing your search above and press return to search.

നമ്മുടെ കോടതികളും മാറേണ്ടതുണ്ട്

നമ്മുടെ കോടതികളും മാറേണ്ടതുണ്ട്

ധീരജ് നയ്യാര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)


പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരവധി സാമ്പത്തിക പരിഷ്‌കരണ നിയമങ്ങള്‍ അംഗീകാരത്തിനായി അവതരിപ്പിക്കും. മിക്കവയും സമ്പദ് രംഗത്ത് സര്‍ക്കാരിന്റെ പങ്കാളിത്തം കുറക്കാന്‍ ലക്ഷ്യമിട്ടുള്ളവ. അവ നടപ്പാകണമെങ്കില്‍ ഭരണകൂടത്തിന് കയ്യൊഴിയാന്‍ പറ്റാത്ത ഒരു മേഖല; ഭയാനകമായ വിധത്തില്‍ പിടിപ്പുകെട്ട ഇന്ത്യയിലെ നിയമവ്യവസ്ഥ, ശരിയായി പ്രവര്‍ത്തിക്കുന്നു എന്ന് മോദി ഉറപ്പുവരുത്തണം.

ഇന്ത്യയിലെ നീതിന്യായസംവിധാനത്തിന്റെ ഒച്ചിഴയും പോലുള്ള വേഗത്തെയും കുഴഞ്ഞുമറിഞ്ഞ പ്രവര്‍ത്തനത്തെയും കുറിച്ചുള്ള കഥകള്‍ക്ക് ഒട്ടും ക്ഷാമമില്ല. 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ തലവനെ സുപ്രീം കോടതി അന്വേഷണ ചുമതലയില്‍ നിന്നും നീക്കിയപ്പോള്‍ ഈ പ്രശ്‌നം കോമാളിത്തം നിറഞ്ഞ തലത്തിലെത്തി. നിരവധി ഉന്നത രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, മുന്‍ മന്ത്രിമാരും, വ്യാപാരികളും ഉള്‍പ്പെട്ട ഇത്തരമൊരു കേസിന്റെ വളച്ചൊടിക്കല്‍ തന്നെ ഈ സംവിധാനം എന്തുമാത്രം തകര്‍ന്നു എന്നതിന്റെ തെളിവാണ്.

ഇന്ത്യയുടെ കമ്പോള സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മോദിയുടെ വമ്പന്‍ പരിപാടികളെക്കുറിച്ച് പറയേണ്ടതില്ല; അതുപക്ഷേ നിയമവ്യവസ്ഥ ശരിയായി പ്രവര്‍ത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. വ്യാപാരനടത്തിപ്പിനുള്ള സൗകര്യത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റേത് തീര്‍ത്തും മോശമായ അവസ്ഥയാണ്. നിര്‍മ്മാണ അനുമതികളുടെ കാര്യത്തില്‍ ലോക ബാങ്കിന്റെ 189 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 184 ാം സ്ഥാനമാണ്, കരാര്‍ നടത്തിപ്പില്‍ 186ഉം; യാഥാര്‍ത്ഥ്യം ആഗ്രഹത്തെക്കാള്‍ എത്ര അകലെയാണെന്നതിന് തെളിവാണിത്.

ബെസ്റ്റ് ഓഫ് മലയാളം

നമ്മുടെ കോടതികളെ ആര് രക്ഷിക്കും?
ഗോപാല്‍ സുബ്രഹ്മണ്യത്തെ മാറ്റിനിര്‍ത്തുമ്പോള്‍ - കത്തിന്റെ പൂര്‍ണരൂപം
മോദി സര്‍ക്കാരിന്റെ ഗോപാല്‍ സുബ്രഹ്മണ്യം പേടിക്ക്‌ പിന്നില്‍
ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?
ദയാ ഹര്‍ജിയില്‍ വേണം അല്പം ദയ

പ്രശ്‌നപരിഹാരം അസാധ്യം എന്നു തോന്നാമെങ്കില്‍പ്പോലും, പാര്‍ലമെന്റിനും, ഭരണനിര്‍വ്വഹണ സംവിധാനത്തിനും ചില അടിയന്തിര നടപടികള്‍ കൈക്കൊള്ളാവുന്നതാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ -സി ബി ഐ- എന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയെ ഒരു സ്വതന്ത്ര മേല്‍നോട്ട സംവിധാനത്തിന് കീഴില്‍ (ലോക്പാല്‍) കൊണ്ടുവരണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. കുറഞ്ഞത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കേസുകളിലെങ്കിലും. ഒരു 'സ്വതന്ത്ര' സി ബി ഐക്ക് സര്‍ക്കാരിന്റെ ഏത് നടപടിയെയും അന്വേഷിക്കാം എന്നുള്ളതുകൊണ്ടു സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താം. പക്ഷേ, സി ബി ഐ മേധാവിയടക്കമുള്ളവരുടെ നിയമനവും, ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമൊക്കെ കൈകാര്യം ചെയ്യാന്‍ ഒരു സ്വതന്ത്ര സമിതിയെ നിയമിച്ച് അതിനെ രാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കുകയെങ്കിലും വേണം.

മെല്ലെപ്പോക്കിന് കുപ്രസിദ്ധിയാര്‍ജിച്ച ഇന്ത്യന്‍ കോടതികളെ- ഒരു ഭൂമി തര്‍ക്കം 1878 മുതല്‍ തുടരുകയാണ്-വേഗത്തിലാക്കാതിരിക്കാനും കാരണമൊന്നുമില്ല. 2ജി അഴിമതിക്കേസ് ഒരു വിധി വരുന്നതിന്റെ സൂചനകള്‍ ഒന്നുമില്ലാതെ നാലു കൊല്ലം ഇപ്പോള്‍ത്തന്നെ നീട്ടിക്കൊണ്ടുപോയി. ജനശ്രദ്ധ പിടിച്ചുപറ്റിയ ബലാത്സംഗ കേസുകളൊക്കെ വിചാരണചെയ്യാന്‍ ഇപ്പോള്‍ അതിവേഗ കോടതികളുണ്ട്. മറ്റ് വിചാരണകളിലും വിധി പറയാന്‍ ഒരു സമയക്രമം പാര്‍ലമെന്റ് നിശ്ചയിക്കണം. കാലപരിധിയില്‍ ചില്ലറ വ്യത്യാസങ്ങള്‍ വന്നേക്കാം. എന്നാലും ഒരു കേസില്‍ ലോകത്തിലെ മറ്റ് മിക്കയിടത്തും എന്നപോലെ 12മുതല്‍ 18 മാസത്തിനുള്ളില്‍ വിധിപറയാന്‍ സാധിക്കാതിരിക്കുന്നതിന് പ്രത്യേകിച്ചു ന്യായമൊന്നുമില്ല. വിധിന്യായം വൈകുന്നതിന് ന്യായാധിപന്‍മാരെ ഉത്തരവാദികളാക്കണം. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യം സുപ്രധാനമാണെങ്കിലും സര്‍ക്കാരിന്റെ മറ്റ് നിര്‍വ്വഹണ വിഭാഗങ്ങളില്‍നിന്നും ഉത്തരവാദിത്തം ആവശ്യപ്പെടാന്‍ നിയമനിര്‍മ്മാണസഭക്ക് അവകാശമുണ്ട്.ഇത് അപ്പീലുകളുടെ എണ്ണം കുറക്കാനും സഹായിക്കും. ഉയര്‍ന്ന കോടതികള്‍, പ്രത്യേകിച്ചു സുപ്രീം കോടതി, നിയമത്തിന്റെ അടിസ്ഥാനപരമായ വ്യാഖ്യാനത്തില്‍ പാകപ്പിഴ വന്നു എന്ന് ആക്ഷേപമുള്ള കേസുകള്‍ മാത്രമേ കേള്‍േക്കേണ്ടതുള്ളൂ. കേസുകളില്‍ വീണ്ടും തെളിവ് വാദം കേള്‍ക്കലും പുനര്‍വിചാരണയുമൊന്നും അവ നടത്തേണ്ടതില്ല. തോന്നിയപടി അപ്പീലുകള്‍ നല്‍കുന്ന സര്‍ക്കാരാണ് കോടതിനടപടികള്‍ വൈകിപ്പിക്കുന്നതിലെ വലിയ വില്ലന്‍. ഇത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തടയണം.

ഇത്തരം മാറ്റങ്ങളില്ലെങ്കില്‍ മോദിയുടെ വിശാലമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് തളര്‍വാതം പിടിച്ചേക്കും. വ്യവഹാരപ്രിയം നല്ലപോലെയുള്ള ഇന്ത്യയില്‍ വിവാദ തൊഴില്‍ നിയമം എടുത്തുകളയാനും, ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ മാറ്റം വരുത്താനുമൊക്കെയുള്ള ശ്രമങ്ങള്‍ കോടതി കയറും എന്നുറപ്പാണ്. കോടതികളുടെ ഇടപെടല്‍ പ്രവണതയാകട്ടെ കൂടിവരികയും ചെയ്യുന്നു. നയരൂപവത്കരണത്തിനുള്ള ന്യായാധിപന്‍മാരുടെ താത്പര്യത്തിന് തടയിടാന്‍ എളുപ്പമല്ല. വേഗത്തിലുള്ള കോടതി നടപടികള്‍ പരിഷ്‌കരണങ്ങളുടെ വിധി നിര്‍ണ്ണയിക്കാന്‍ കൊല്ലങ്ങള്‍ താമസിക്കുന്ന ഗതികേടൊഴിവാക്കാം. അത്തരം കാലതാമസം ഇന്ത്യക്ക് താങ്ങാനാവാത്തതാണ്.


Next Story

Related Stories