TopTop
Begin typing your search above and press return to search.

നിറം പിടിപ്പിച്ച മോദിയും, നിറംകെട്ട മന്ത്രിസഭയും

നിറം പിടിപ്പിച്ച മോദിയും, നിറംകെട്ട മന്ത്രിസഭയും

ടീം അഴിമുഖം

രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശരിയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മന്ത്രിസഭയില്‍ വമ്പിച്ച ഒരു അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ്. ഇതല്ലാതെ അദ്ദേഹത്തിന് വേറെ വഴികളില്ല എന്നതാണ് യാഥാര്‍ഥ്യം. അതിലും പ്രധാനം തന്‍റെ മന്ത്രിസഭയില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്നും അദ്ദേഹത്തിനറിയാം. ശരാശരിയില്‍ താഴെ നിലവാരമുള്ള മന്ത്രിസഭയെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ അദ്ദേഹത്തെ വാതില്‍പ്പടിയില്‍ വന്ന് മുട്ടി വിളിക്കുകയാണ്.

മോദി ഒരു ഏകാന്തപഥികനാണ്. ഒരു ടീം പ്ളെയർ അല്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെ മോദിയുടെ മനസിലിരുപ്പ് അറിയാവുന്ന ഒരാള്‍ മാത്രമേയുള്ളൂ. അത് അമിത് ഷായാണ്. മറ്റെല്ലാ മുതിര്‍ന്ന ബി ജെ പി നേതാക്കന്മാരും മിണ്ടാതെ അദ്ദേഹത്തില്‍ നിന്നു അകന്നു നിൽക്കുകയോ അല്ലെങ്കില്‍ മോദിയുടെ തന്നിഷ്ടത്തിന് വഴങ്ങിക്കൊടുക്കുകയോ ചെയ്യാറാണ് പതിവ്. സുഷമ സ്വരാജ്, അരുണ്‍ ജെയ്‌റ്റ്ലി, വെങ്കയ്യ നായിഡു തുടങ്ങി മന്ത്രിസഭയിലെ മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ പെരുമാറ്റങ്ങള്‍ സൂചിപ്പിക്കുന്നത് മോദിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തന ശൈലിയെയാണ്.

ഒരു ശക്തനും സ്വതന്ത്രനുമായ നേതാവിന് പല അത്ഭുതങ്ങളും പ്രവര്‍ത്തിക്കാന്‍ സാധിച്ചേക്കാം. പക്ഷേ അത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ ശക്തരായ സഹപ്രവര്‍ത്തകര്‍ സഹായത്തിന് വേണം. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ മോദിക്ക് അത്തരത്തില്‍ ആരുമില്ല എന്നതാണ് യാഥാര്‍ഥ്യം.അദ്ദേഹത്തിന്റെ മന്ത്രിസഭയിലേക്കൊന്നു നോക്കൂ. സുപ്രാധാനമായ ധനം, പ്രതിരോധം എന്നീ വകുപ്പുകളാണ് അരുണ്‍ ജെയ്‌റ്റ്ലി കൈകാര്യം ചെയ്യുന്നത്. ബൃഹത്തായ രണ്ടു മന്ത്രാലയങ്ങളാണ് ഇത് രണ്ടും. ഓരോന്നിനും നിരവധി സെക്രട്ടറിമാരും ഡിപ്പാര്‍ട്ടുമെന്റുകളുമുണ്ട്. കൂടാതെ അതീവ പ്രാധാന്യമുള്ള വിഷയങ്ങളാണ് ഈ രണ്ട് മന്ത്രാലയങ്ങളും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ രണ്ടു വകുപ്പിനും വേണ്ടത് മുഴുവന്‍ സമയ മന്ത്രിമാരെയാണ്. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ രണ്ടും ജെയ്‌റ്റ്ലിക്ക് നല്കിയിരിക്കുകയാണ്. മുഴുവന്‍ സമയ മന്ത്രിമാര്‍ വേണമെന്ന അടക്കം പറച്ചിലുകളാണ് രണ്ടു മന്ത്രാലയത്തില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്.

ഇതിനേക്കാളുപരി ജെയ്‌റ്റ്ലിയുടെ ആരോഗ്യവും പ്രധാനമാണ്. അത് ആശങ്കപ്പെടുത്തുന്നതാണ് എന്നത് ചെറിയ കാര്യമല്ല. അനിയന്ത്രിതമായ പ്രമേഹവും ശരീര ഭാരവും നിയന്ത്രിക്കാനുള്ള ബാറിയാട്രിക് ശാസ്ത്രക്രീയ അദ്ദേഹത്തിന്റെ ശാരീരിക വിഷമതകള്‍ കൂട്ടിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് വയറില്‍ രക്തസ്രാവം ഉണ്ടായതായാണ് വിശ്വസിക്കാവുന്ന കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. അതെന്തെങ്കിലുമാകട്ടെ, ജെയ്‌റ്റ്ലിക്ക് തന്‍റെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കനപ്പെട്ട മന്ത്രാലയങ്ങളുടെ ചുമതല വിജയകരമായി നിറവേറ്റാന്‍ അദ്ദേഹത്തിന് സാധിക്കില്ല.

നിതിന്‍ ഗഡ്കരിയെപ്പോലുള്ള മന്ത്രിമാര്‍ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും സംഭാവന ചെയ്യുന്നുണ്ട് എന്നു തോന്നുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് മാഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും വാഗ്ദാനം ചെയ്യുന്ന കൈക്കൂലി സ്വീകരിച്ചുകൊള്ളാന്‍ മാധ്യമ പ്രവര്‍ത്തകരോട് ഗഡ്കരി പറഞ്ഞത്. വാചകമടിക്കപ്പുറം തന്‍റെ നീക്കങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ശ്രമങ്ങളില്‍ പലപ്പോഴും വ്യാപൃതനാണ് ഗഡ്കരി.പ്രകാശ് ജാവദേക്കറിനെപ്പോലൊരു മന്ത്രിയെ ശ്രദ്ധിക്കൂ. അദ്ദേഹം കൈകാര്യം ചെയ്യുന്ന പരിസ്ഥിതി മന്ത്രാലയത്തില്‍ മോദി സര്‍ക്കാരിന്റെ ആദ്യത്തെ വലിയ തട്ടിപ്പ് നടന്നു കഴിഞ്ഞിരിക്കുന്നു. നിക്ഷേപകര്‍ക്കായി വളഞ്ഞവഴിയിലൂടെ എത്രയും വേഗം പാരിസ്ഥിതിക അനുമതി നല്‍കാനാണ് പരിസ്ഥിതി മന്ത്രാലയം തയ്യാറായിരിക്കുന്നത്. ഇതെപ്പോഴായിരിക്കും മോദി സര്‍ക്കാരിനെ തിരിച്ചു കടിക്കുക?

പ്രകാശ് ജാവദേക്കര്‍ തന്നെ കൈകാര്യം ചെയ്യുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ആര്‍ എസ് എസ് മേധാവിയുടെ പ്രസംഗം തല്‍സമയ സംപ്രേക്ഷണം ചെയ്ത് ഒരൊറ്റപ്പെട്ട സംഭവമായി കാണേണ്ട. ജാവദേക്കര്‍ ദൂദര്‍ശനെ അടിമുടി നിയന്ത്രിക്കുകയാണ്. ഇതും സര്‍ക്കാരിനെ തിരിഞ്ഞു കുത്തും എന്ന കാര്യത്തില്‍ സംശയമില്ല.

പുതിയ കേന്ദ്രസര്‍ക്കാറിലെ ഏറെക്കുറെ എല്ലാ മന്ത്രിമാര്‍ക്കും തന്നെ തങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ കാര്യമായ സ്വാധീനം ഇല്ല. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങള്‍ വേണ്ട രീതിയില്‍ പഠിക്കാനോ അതില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാനോ ഈ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നതിന് നിരവധി ഉദാഹരണങ്ങള്‍ വന്നു കഴിഞ്ഞു.തികച്ചും സാധാരണവും ഒരു പ്രഭാവവും അവകാശപ്പെടാനുമില്ലാത്തവരാണ് ഈ മന്ത്രിമാരെന്നാണ് കടുത്ത മോദി പ്രേമികള്‍ പോലും വിലയിരുത്തുന്നത്. ഇതിന്റെ കുറ്റം മോദിയില്‍ തന്നെയാണ്. തനിക്ക് ചുറ്റും ശക്തരായ നേതാക്കളെ സൃഷ്ടിച്ചെടുക്കാന്‍ മോദി ഇപ്പോഴും തയ്യാറായിട്ടില്ല. ഈ ഏകാധിപത്യരീതി ഗുജറാത്തില്‍ പ്രാവര്‍ത്തികമായി എന്നത് ശരി തന്നെ. എന്നാല്‍ കേന്ദ്രത്തില്‍ ഇത് തീര്‍ച്ചയായും പരാജയപ്പെടും. മോദിയെപ്പോലെ മന്ത്രിമാരും മികച്ച പിആര്‍ മാനേജര്‍മാരാകാനാണ് ശ്രമിക്കുന്നത്. അതുപക്ഷേ ഇന്ത്യ പോലൊരു രാജ്യത്തെ ഭരിക്കാന്‍ ഉതകുമെന്ന് കരുതരുത്.

മോദി ചെയ്യേണ്ടുന്ന പരമ പ്രധാനമായ കാര്യം, തന്റെ മന്ത്രി സഭ എത്രയും വേഗം ഉടച്ചുവാര്‍ക്കുക എന്നതാണ്. മോദിക്കും ഈ രാജ്യത്തിനും ഇതുതന്നെയാണ് നല്ലത്. എന്നാല്‍ അവിടെയും തന്റെ പാദസേവകരെ നിറയ്ക്കാനല്ല അദ്ദേഹം ശ്രമിക്കേണ്ടത്, പകരം കഴിവും തലച്ചോറുമുള്ള ശക്തരായ നേതാക്കന്മാരെ വേണം മോദി കൊണ്ടുവരാന്‍. അല്ലാത്ത പക്ഷം ഇന്ത്യയെ ശുചിയാക്കാന്‍ ശശി തരൂരിനെയും സല്‍മാന്‍ ഖാനെയുമൊക്കെ ക്ഷണിക്കുന്നത് വെറും കോമാളിത്തരമായി അവസാനിക്കും. ഈ ശ്രേഷ്ഠന്‍മാര്‍ക്കൊന്നും സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സുവ്യക്തമായ കാഴ്ചപ്പാടുകളുള്ള മന്ത്രിമാര്‍ തന്നെയാണ് മോദിക്ക് ആവശ്യം. പൊതുജനവുമായുള്ള തന്‍റെ മധുവിധുകാലം അവസാനിക്കും മുമ്പ് മോദിയും അദ്ദേഹത്തിന്റെ ആരാധകരും ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കണം.


Next Story

Related Stories