TopTop
Begin typing your search above and press return to search.

നരേന്ദ്ര മോദി എന്ന അപകടകരമായ ക്ളീഷെ

നരേന്ദ്ര മോദി എന്ന അപകടകരമായ ക്ളീഷെ

പങ്കജ് മിശ്ര
(ബ്ലൂംബര്‍ഗ് ന്യൂസ്)


2005-ല്‍, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മാഡിസണ്‍ സ്ക്വയര്‍ ഗാഡനില്‍ ഒരു പ്രകടനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും യു.എസ് വിദേശകാര്യ വകുപ്പിന്റെ വിസ നിരോധനം വിലക്കി. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ബോളിവുഡ് ശൈലിയിലുള്ള മേളവാദ്യഘോഷത്തോടെ മോദി ഒടുവിലത് സാധിച്ചെടുത്തു. ഇന്ത്യന്‍ യന്ത്രമനുഷ്യരുടെയും മണിമാളികകളുടെയും മിന്നിമായുന്ന ദൃശ്യങ്ങള്‍ക്കരികെ അയാള്‍ നിന്നപ്പോള്‍, ‘ചായ വില്‍പ്പനക്കാരന്‍’ എന്ന തന്റെ എളിയ തുടക്കത്തെക്കുറിച്ച് സദസ്യരെ ഓര്‍മ്മിപ്പിച്ചപ്പോള്‍, മറ്റെല്ലാം പൊറുക്കപ്പെട്ടു. ഇതാ ഇവിടെ, 2022-ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും പാര്‍പ്പിടമൊരുക്കാന്‍ പോകുന്ന, ‘പാമ്പാട്ടികളുടെ രാജ്യ'ക്കാരെന്ന ലജ്ജാകരമായ അസ്തിത്വദു:ഖം കാലങ്ങളായി പേറിനടന്ന ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് ആത്മാഭിമാനം തിരിച്ചുനല്‍കുന്ന ‘വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന’ ഒരു ‘ചെറിയ മനുഷ്യന്‍’.അയാളുടെ കേള്‍വിക്കാര്‍- ഇകണോമിസ്റ്റിലെ ഒരു വിവാദ ബ്ലോഗനുസരിച്ച് 18,000-ത്തിലേറെ ഇന്ത്യന്‍-അമേരിക്കക്കാര്‍, “വീട്ടിക്കാടുകള്‍ മുതല്‍ ഗള്‍ഫ് കടല്‍ വരെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ധനികവും ബലവത്തുമായൊരു പ്രവാസി സമൂഹം"- അയാളുടെ മുഖം ആലേഖനം ചെയ്ത കുപ്പായങ്ങളും ധരിച്ചുകൊണ്ടു ‘മോദി’, 'മോദി’, ‘മോദി’ എന്നു ആര്‍പ്പുവിളിച്ചുകൊണ്ടിരുന്നു.അവരില്‍ ചിലര്‍, 2002-ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെ നടന്ന മുസ്ലീം കൂട്ടക്കൊലയെക്കുറിച്ച് വിശദമായി വാര്‍ത്തകള്‍ നല്കിയ ഒരു പ്രസിദ്ധ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ കൂക്കിവിളിക്കുകയും കയ്യേറ്റം നടത്തുകയും ചെയ്തു. തന്നെ അധിക്ഷേപിക്കുന്ന ധനികരായ അക്രമികളോട് കാശുണ്ടായതുകൊണ്ടു സംസ്കാരമുണ്ടാകില്ലെന്ന് പറഞ്ഞ് ഉന്തിയും തള്ളിയും നില്‍ക്കേണ്ടിവന്നു അദ്ദേഹത്തിന്.

തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ‘മൂടുവേദന’ (pain in the ass) എന്നു വിളിച്ചതിനും (ഗതാഗതക്കുരുക്കുണ്ടാക്കുന്ന വിശിഷ്ടാതിഥികളെക്കുറിച്ച് ന്യൂയോര്‍ക്കിലുള്ള വ്യാപകമായ അവജ്ഞയെക്കുറിച്ചായിരുന്നു അവര്‍ പറഞ്ഞത്), അയാളുടെ അനുയായികളെ ‘അനുസരണശീലമുള്ള ഉന്‍മാദത്തിന്റെ’ ഇരകള്‍ എന്നു വിളിച്ചതിനും മോദിയുടെ ആരാധകര്‍ ഇകണോമിസ്റ്റിനെ താക്കീത് ചെയ്തു. ഇന്ത്യന്‍ മാധ്യമരംഗത്തെ മോദിയുടെ വലിയ ആരാധകരിലൊരാളും നിലച്ചുപോയ Gentleman മാസികയുടെ മുന്‍ പത്രാധിപരുമായ ഒരാള്‍ ആ ലേഖനത്തെ ‘വംശവെറി’ എന്നുവരെ വിളിച്ചുകളഞ്ഞു.പുറത്തുനിന്നുള്ള ഒരാള്‍ക്ക് ഈ പരിപാടിയുടെ അല്‍പ്പത്തവും- നൃത്തക്കാരികളും, വേദിയിലെ ഹാസ്യചിത്രം വരക്കാരും- മോദിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളും തമ്മിലുള്ള അകലം ഏറെ വലുതായിത്തോന്നാം. വിസ നിരോധനത്തിന് ഇതാണ് യുക്തമായ പ്രതികരണമെന്ന് കരുതുന്ന മറ്റൊരു ലോകനേതാവിനെ കാണാനെളുപ്പമല്ല. പക്ഷേ മോദിയുടെ അരങ്ങ് നാട്യത്തെ അരസികം എന്നുപറഞ്ഞു തള്ളുന്നത് കാര്യം കാണാതെ പോകലായിരിക്കും.തന്റെ ഓക്സ്ഫോഡ് പണ്ഡിതന്‍ മുന്‍ഗാമിയുടെ മന്ത്രണം പോലെയുള്ള പ്രസംഗമല്ല അയാളുടേത്; മാഡിസണ്‍ സ്ക്വയര്‍ ഗാഡനില്‍ അയാള്‍ ബോളിവുഡ് ഭ്രമകല്‍പനകളെ ആനയിച്ചു. കാരണം അതിനാണ് അയാളുടെ അനുയായികള്‍ വോട്ട് നല്‍കിയതും.ഉയര്‍ന്നുവരുന്ന ഒരു ഇന്ത്യക്കാരന് തന്റെ സ്വന്തം ശൈലിയില്‍ ലോകം കീഴടക്കാനാകുമെന്ന് ആവര്‍ത്തിക്കുന്ന നിരവധി ബോളിവുഡ് ചലച്ചിത്രങ്ങളിലൊന്നായ ‘രാജു ബന്‍ഗയ ജെന്‍റില്‍മാന്‍’-യാണ് എന്നെയിത് ഓര്‍മ്മിപ്പിച്ചത്.ഈ ചലച്ചിത്രങ്ങളിലൊന്നില്‍ ആംഗലവത്കരിക്കപ്പെട്ട ഇന്ത്യക്കാരനെ കളിയാക്കുന്നൊരു പാട്ടില്‍- അതിന്റെയൊരു ഏകദേശ തര്‍ജ്ജമ ഇങ്ങനെയാണ്; “ഞാനൊരു മാന്യനായി, ഞെളിഞ്ഞു നടക്കാനും തുടങ്ങി, എന്റെ കുപ്പായം നോക്കൂ, ലണ്ടനിലെ വെള്ളക്കാരനെപ്പോലെ”- വലിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുന്ന ചെറിയ ഇന്ത്യക്കാരന് തന്റെ പാരമ്പര്യത്തെ തളിപ്പറയുകയോ, ഇപ്പോള്‍ത്തന്നെ ധനികരും ശക്തരുമായ വിദേശികള്‍ നിശ്ചയിച്ച കളിനിയമങ്ങള്‍ പിന്തുടരുകയോ വേണ്ടതില്ലെന്ന് തറപ്പിച്ചു പറയുന്നു.

മോദിയുടെ രാഷ്ട്രീയ നേട്ടങ്ങളിലൊന്ന് ഈ ഉയര്‍ന്നുവരുന്ന ഇന്ത്യക്കാരുടെ സങ്കീര്‍ണ്ണമായ അരക്ഷിതാവസ്ഥകളെ, വിദ്യാഭ്യാസക്കുറവുണ്ടെങ്കിലും തലകുനിക്കാത്ത, ഹിന്ദു ദേശീയതയുടെ ഭ്രമകല്‍പനകളുടെ അവിയലുമായി കൂട്ടിച്ചേര്‍ത്തുപയോഗിച്ചു എന്നതാണ്. അങ്ങനെ, ഇന്ത്യ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാകാത്ത കാലാവസ്ഥ മാറ്റത്തിനെ, യോഗ ഉപയോഗിച്ച് കൈകാര്യം ചെയ്യാം എന്നാണ് ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ അയാള്‍ പറഞ്ഞത്. ആയിരം വര്‍ഷങ്ങള്‍ അടിമയാക്കപ്പെടും മുമ്പ് (മുസ്ലീങ്ങളും ബ്രിട്ടീഷുകാരും എന്നു വായിക്കണം) ഒരു ‘സുവര്‍ണ പക്ഷി’യായിരുന്ന ഭാരതത്തിന്റെ കീര്‍ത്തി ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക' (Make in India) പ്രചാരണത്തിലൂടെ വീണ്ടെടുക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം


മോദി നേരിടാന്‍ പോകുന്ന ചില ഭൂതകാല പ്രസംഗപരീക്ഷകള്‍
പൊലിയുകയാണോ മോദിയുടെ അച്ചേ ദിന്‍?
ജപ്പാനോട് മോദിയുടെ മണ്ടന്‍ പ്രണയം - പങ്കജ് മിശ്ര എഴുതുന്നു
മോദി-സി ജീങ്പ്യിങ് കൂടിക്കാഴ്ച; അതിര്‍ത്തി പുകയുമ്പോള്‍ മുറുകുമോ ആലിംഗനം?
ആസൂത്രണത്തിന്റെ രാഷ്ട്രീയം: നരേന്ദ്ര മോദിക്ക് ജെ സി കുമരപ്പയെ മനസിലാകുമോ?ന്യൂയോര്‍ക്കിലെ അനുസരണശീലമുള്ള ഉന്‍മാദികളായ ജനക്കൂട്ടം കാണിച്ചത് അയാളുടെ ഉറച്ച അനുയായിവിഭാഗം, നിര്‍മ്മാണമേഖലയില്‍ ജോലിക്കായി അക്ഷമരായി കാത്തിരിക്കുന്ന താഴ്ന്ന മധ്യവര്‍ഗം മാത്രമല്ല- ഓരോ മാസവും ഒരു ദശലക്ഷം പേരാണ് തൊഴില്‍സേനയിലേക്ക് എത്തുന്നത്- അമേരിക്കന്‍ സ്വപ്നം ഭാഗികമായി സാക്ഷാത്കരിച്ച ഇന്ത്യക്കാര്‍ കൂടിയാണ് എന്നാണ്.ദാരിദ്ര്യത്തിന്റെയും പിശുക്കിന്റെയും നാണക്കേടില്‍നിന്നും രക്ഷപ്പെട്ടുവന്ന അവര്‍ (അതിനൊക്കെ കോണ്‍ഗ്രസിന്റെ പൊങ്ങച്ച കുടുംബാധിപത്യത്തെ അവര്‍ കുറ്റം പറയും) വെള്ളക്കാരന്റെ ലോകത്തെ കണ്ണാടിത്തട്ടുകളില്‍ മുട്ടി നില്‍ക്കുകയാണ്; എന്നിട്ട് തങ്ങളുടെ വ്യവസ്ഥകളില്‍ അഭിമാനവും ബഹുമാനവും ആവശ്യപ്പെടുന്നു. ടെലിവിഷന്‍ അവതാരകന്‍ ഒഴുക്കന്‍മട്ടില്‍ വിശേഷിപ്പിച്ച ‘വര്‍ഗം’. ജുമ്പാ ലാഹിരിയുടെ നോവലില്‍ സഹതാപത്തോടെ സൂചിപ്പിച്ച ഒരവസ്ഥ.കുഴപ്പമെന്താണെന്നുവെച്ചാല്‍, അവര്‍ ജീവിക്കാത്ത നാട്ടിലെ നിരവധി ആളുകള്‍ക്ക് ഈ സ്വയംപ്രഖ്യാപിത ചെറുമനുഷ്യരുടെ ധൂര്‍ത്തപദ്ധതികള്‍ വിവരണാതീതമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ പലരേയും പോലെ, ഹുനാനില്‍ നിന്നും വന്ന മാവോ സേതൂങ്, ലോകത്തെ അധികാരത്തിന്റെയും സമ്പത്തിന്റെയും വിരുന്നുകളില്‍നിന്നും ക്രൂരമായി ആട്ടിയകറ്റപ്പെട്ട മനുഷ്യര്‍ക്ക് മുന്നില്‍ ഒരു പുതിയ സമത്വസുന്ദരലോകത്തിന്റെ സൃഷ്ടാവായി സ്വയം അവതരിപ്പിച്ചു. പക്ഷേ, മഹത്തായ കുതിച്ചുചാട്ടം പോലുള്ള പ്രകടനാത്മക പൊങ്ങച്ചങ്ങള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതായിരുന്നു. ബുദ്ധിജീവികളിലും, കലാകാരന്മാരിലും, മറ്റ് രാജ്യവഞ്ചകരിലും എളുപ്പത്തില്‍ ബലിയാടുകളെ കണ്ടെത്തി.

ഇരട്ടിവേഗത്തില്‍ ഇന്ത്യയെ സ്വര്‍ണക്കിളിയാക്കാനുള്ള ആഗ്രഹം പരാജയപ്പെടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് അത്ര നേരത്തെയാകുന്നു എന്നിപ്പോള്‍ പറയാനാകില്ല. ഇന്ത്യയുടെ ആയിരം വര്‍ഷത്തെ അടിമത്തത്തെ തൊഴില്‍ കേന്ദ്രീകൃത നിര്‍മ്മാണപ്രക്രിയയിലൂടെ മറികടക്കാം എന്ന മോദിയുടെ പദ്ധതി, അമേരിക്കയുടെ വ്യാവസായിക ഉത്പാദനത്തെ ‘അടുക്കളപ്പുറത്തെ ചൂളകളില്‍’ ഉരുക്കുണ്ടാക്കി മറികടക്കാമെന്ന മാവോയുടെ പദ്ധതിപോലെ, ഈ കൂടുതല്‍ യന്ത്രവത് കൃതമായ ലോകത്ത് സാക്ഷാത്കരിക്കുക അത്ര എളുപ്പമാവില്ല.മോദി അധികാരത്തിലെത്തി മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും ബലിയാടുകളെ ഇപ്പഴേ തേടിത്തുടങ്ങിയിരിക്കുന്നു. മുമ്പ് 'മുസ്ലീങ്ങള്‍ക്ക് നേരെയുള്ള വിവേചനവും അവിശ്വാസവും മറക്കുള്ളിലായിരുന്നെങ്കില്‍’, ഇപ്പോഴത് എല്ലാ മറയും പൊഴിച്ചുകളഞ്ഞിരിക്കുന്നു. 'വെറുപ്പ് നിങ്ങളുടെ മുഖത്ത് കാണാം’ എന്നാണ് മോദിയുടെ സഖ്യത്തിലെ ഒരംഗം തന്നെ കഴിഞ്ഞയാഴ്ച്ച പ്രതിഷേധിച്ചത്.മാധ്യമങ്ങളിലെ ശരിക്കുള്ളതും അല്ലാത്തതുമായ എല്ലാ മോദിവിമര്‍ശകരെയും അയാളുടെ ഭക്തന്മാര്‍ നിരന്തരം ആക്രമിക്കുന്നു. അവരുടെ മൃഗീയമായ ആള്‍ക്കൂട്ടവും, ഗുണ്ടാസ്വഭാവവും ഓര്‍മ്മയില്‍ വെക്കാവുന്ന ഒരു പത്രത്തിരുത്ത് സൃഷ്ടിച്ചു: “ശ്രീമാന്‍ മോദി ഒരു മൂടുവേദനയാണെന്ന് The Economist കരുതുന്നില്ല.”മോദിയുടെ സാമ്പത്തിക നയങ്ങളെ അനുകൂലിക്കുന്നവരെ പോലും ഇത്തരം കണ്ണുരുട്ടിക്കാണിക്കല്‍ അകറ്റും എന്നതാണ് ഇതിലെ മറ്റൊരു വൈരുദ്ധ്യം. മോദിയുടെ വാഗ്ദാനങ്ങളിലെ മായികതയും, അയാളുടെ അനുയായികളുടെ അനുസരണശീലമുള്ള ഉന്‍മാദവും അയാളുടെ ചുമതലകളുടെ ഗൌരവവും സൂചിപ്പിച്ച, ഇകണോമിസ്റ്റ്, പാമ്പാട്ടികളെക്കുറിച്ചുള്ള ഒരു പൌരസ്ത്യ പരാമര്‍ശമടക്കം, ചിലര്‍ക്ക് വംശവെറിയായി തോന്നിയിരിക്കാം. പക്ഷേ, ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുള്ള ആര്‍ക്കും പരുക്കന്‍ അധികാരത്തോടുള്ള അന്ധമായ ആരാധന അങ്കലാപ്പുണ്ടാക്കും.

“നിങ്ങളൊരു മടുപ്പുളവാക്കുന്ന ആവര്‍ത്തനമാണ് മോദി,” എന്നാണ് ന്യൂയോര്‍ക്കിലെ അന്തംവിട്ടിരിക്കുന്ന സദസ്യരോട് “നിങ്ങള്‍ക്കൊപ്പം ശക്തിയുണ്ടാകട്ടെ” എന്നു ജപിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ തന്റെ ഞായറാഴ്ച്ച പരിപാടിയില്‍ ആവര്‍ത്തിച്ചുകാണിച്ച ജോണ്‍ ഒലിവര്‍ ആരോപിച്ചത്. ശക്തനായ ഇന്ത്യന്‍ നേതാവ് വളരെ അപകടകരമായ ആവര്‍ത്തനവിരസതയാകാം, കാരണം അയാള്‍ അഴിച്ചുവിടുന്ന ശക്തി വളരെ പെട്ടന്ന് ദുഷ്ടരൂപം കൈവരിക്കും.താനുണ്ടാക്കിയ കളിനിയമങ്ങള്‍ വെച്ച് വലിയ ആളുകള്‍ക്ക് മുന്നില്‍ ആളാകാന്‍ ശ്രമിക്കുന്ന പൊങ്ങച്ചക്കാരനായ ഒരു ചെറിയ മനുഷ്യന്റെ കാഴ്ച്ചപ്പാടുകളില്‍നിന്നും വ്യത്യസ്തമായ ഒന്നാണ് ഇന്ത്യ അതിതീവ്രമായി ആവശ്യപ്പെടുന്നത്.Next Story

Related Stories