TopTop
Begin typing your search above and press return to search.

ആമിര്‍/അംബേദ്ക്കര്‍ ദ്വന്ദ്വം: സംഘപരിവാര്‍ ഭരണകൂടനിര്‍മ്മിതിയുടെ ഒളിപ്പോരുകള്‍

ആമിര്‍/അംബേദ്ക്കര്‍ ദ്വന്ദ്വം: സംഘപരിവാര്‍ ഭരണകൂടനിര്‍മ്മിതിയുടെ ഒളിപ്പോരുകള്‍

വാക്കുകള്‍ക്കൊണ്ട് എന്ന പോലെ മൗനം കൊണ്ടും സംസാരിക്കുന്ന വാഗ്മിയാണ് നരേന്ദ്ര മോദി. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞ വാക്കുകളുടെ ആന്തരാര്‍ത്ഥങ്ങള്‍ അദ്ദേഹം പറയാതെ വിട്ട വാക്കുകളെ, മൗനത്തെക്കൊണ്ട് പൂരിപ്പിച്ച് തന്നെ വായിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ പലയിടങ്ങളിലായി ഹിന്ദുത്വ 'ഫ്രിഞ്ച് ഗ്രൂപ്പു'കള്‍ ദളിതര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും എതിരേ ആക്രമണം അഴിച്ച് വിട്ടപ്പോള്‍, സ്വന്തം പാര്‍ട്ടിയിലെ, മന്ത്രിസഭയിലെ അംഗങ്ങള്‍ അതിനെ ന്യായീകരിച്ചും സ്വാഭാവികവത്ക്കരിച്ചും പ്രസ്താവനകള്‍ ഇറക്കിയപ്പോള്‍ ഒക്കെ അദ്ദേഹം അര്‍ത്ഥഗര്‍ഭമായ മൗനം ആചരിച്ചു. ഒടുവില്‍ മൗനം ഭഞ്ജിച്ചതാവട്ടെ നമ്മള്‍ ഇന്ത്യാക്കാര്‍ പരസ്പരം പോരാടാതെ രാജ്യത്തിന്റെ സമഗ്രവികസനത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഉത്ബോധിപ്പിച്ചു കൊണ്ടും.

ഇവിടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ മൗനവുമായി ചേര്‍ത്ത് വേണം വായിക്കാന്‍ എന്ന് വ്യക്തമാകുന്നത്. ഒരു ഫെഡറല്‍ വ്യവസ്ഥയില്‍ ക്രമസമാധാന പാലനം അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ആള്‍ക്കൂട്ടങ്ങള്‍ പരസ്പരം തല്ലുകൂടുന്നിടത്ത് മധ്യസ്ഥം പറയലല്ല കേന്ദ്ര സര്‍ക്കാരിന്റെ പണി. അപ്പോള്‍ നോക്കൂ, അദ്ദേഹത്തിന്റെ വാക്കുകളും മൗനവും ചേര്‍ന്ന് എത്രപെട്ടെന്നാണ് ഏകപക്ഷീയമായ ഹിംസകള്‍ പരസ്പരമുള്ള നിസ്സാര തല്ലുകൂടലുകളായി മയപ്പെട്ടത്!

മതേതര ലിബറല്‍ ജനാധിപത്യത്തിന്റെ ആശങ്കകള്‍
ഇന്ത്യയില്‍ ഇന്ന് അടിമുടി നിറഞ്ഞു നില്‍ക്കുന്ന അസഹിഷ്ണുതകളുടെയും വര്‍ഗ്ഗീയവെറിയുടെയും സാമുദായിക ധ്രുവീകരണത്തിന്റെയും പശ്ചാത്തലത്തില്‍ മതേതര ജനാധിപത്യവാദിയായ ഏത് മനുഷ്യനും ഉണ്ടാകാവുന്ന ആശങ്കകളാണ് ആമിര്‍ ഖാന്‍ തന്റെ അഭിമുഖത്തില്‍ പങ്കുവച്ചത്. അതിന്റെ ഭാഗമായി വന്ന ഒരു സാന്ദര്‍ഭിക പരാമര്‍ശമാണ് "When I go home and talk to Kiran (Aamir's wife), for the first time she says, 'Should we move out of India?" എന്നത്. അതൊരു ആഹ്വാനമോ തീരുമാനമോ അല്ല, ഇന്ത്യയുടേയും ലോകത്തിന്റെ തന്നെയും ചരിത്രത്തില്‍ ഉടനീളം അടയാളപ്പെട്ട് കിടക്കുന്ന, ഇന്നും തുടരുന്ന പലായനങ്ങളുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഉത്പാദിപ്പിക്കുന്ന ഒരു ശങ്കയാണ്.

വന്‍ ആരാധകപിന്തുണയും ഭൗതീക ആസ്തിയും ഉള്ള ഒരു താരത്തിന്റെ ഭാര്യയില്‍ പോലും ഇത്തരം ശങ്കകള്‍ ഉണ്ടാക്കാന്‍ പോന്നത് എങ്കില്‍ ഇന്ത്യയിലെ വര്‍ത്തമാന സാമൂഹ്യ സാഹചര്യങ്ങള്‍ എത്രത്തോളം അരക്ഷിതമാണ് എന്ന് ചിന്തിക്കണം. അത്തരം ഒരു അവസ്ഥ ഇന്ത്യയില്‍ സംജാതമാക്കിയത് ആര് എന്നും അതിനെതിരേ ഇവിടത്തെ ജനാധിപത്യ ഭരണകൂടം എന്ത് നടപടി എടുത്തു എന്നും ആലോചിക്കണം. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്യുന്നത് അതല്ല. കൊടിയ ഭീതിയില്‍, അരക്ഷിതത്വ ബോധത്തില്‍ നിന്ന് വരുന്ന അത്തരം ശങ്കകളെ ദേശസ്‌നേഹത്തിന്റെ സൂചിക വച്ച് വിശകലനം ചെയ്തുകൊണ്ട് അവരുടെ രാജ്യസ്‌നേഹത്തെ പ്രശ്‌നവത്ക്കരിക്കുക എന്ന വിചിത്രകൃത്യമാണ്. അത് വെറുതേ അങ്ങ് സംഭവിക്കുന്നതുമല്ല. മതേതര ജനാധിപത്യവാദികളായ ഇന്ത്യാക്കാരെ മുഴുവന്‍ അന്യവത്ക്കരിക്കുകയും പലായനത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഫാസിസ്റ്റ് യുക്തിയും അജണ്ടകളും തന്നെയാണ് ഭരണകൂടത്തിനും എന്നതിനാല്‍ ഉണ്ടാകുന്നതാണ്.

ഭരണഘടനാശില്‍പ്പിയായ അംബേദ്ക്കറിന്റെ 125-ആം ജന്‍മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ പങ്കെടുത്ത് രാജ്‌നാഥ് സിങ്ങ് നടത്തിയ പ്രസംഗത്തില്‍ അത്തരം ഒരു ഒളിയമ്പുണ്ട്. ഇവിടെ അദ്ദേഹം ചെയ്യുന്നത് ഏറിവരുന്ന അസഹിഷ്ണുതകളെക്കുറിച്ചുള്ള ആമിര്‍ ഖാന്റെ ആശങ്കകളെ രാജ്യം വിടാനുള്ള തീരുമാനമായി വ്യാഖ്യാനിക്കുന്ന സംഘപരിവാര്‍ പ്രചാരണം മുഖവിലയ്ക്ക് എടുത്തുകൊണ്ട് അതിന്റെ മറുവശത്ത് ഭരണഘടനാശില്‍പ്പി കൂടിയായ സാക്ഷാല്‍ അംബേദ്ക്കറെ കൊണ്ടുനിര്‍ത്തി അതിനെ പ്രതിരോധിക്കുക എന്ന തന്ത്രമാണ്. "Even as he faced insults, Dr Babasaheb Ambedkar never thought about leaving India. He kept on presenting an objective point of view for a unified India" പലവട്ടം അപമാനങ്ങള്‍ സഹിക്കേണ്ടിവന്നിട്ടും അദ്ദേഹം രാജ്യം വിടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചില്ല. അദ്ദേഹം അഖണ്ഡഭാരതത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ ഒരു വീക്ഷണകോണ്‍ മുമ്പോട്ട് വച്ചുകൊണ്ടേയിരുന്നു എന്ന് പറയുമ്പോള്‍ മുന എങ്ങോട്ടാണ് നീളുന്നത് എന്ന് വ്യക്തമാണ്. അത് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധത്തിന് പാത്രമാവുകയും ചെയ്തിരുന്നു. എങ്കിലും ചര്‍ച്ചയെ ഉപസംഹരിച്ചുകൊണ്ട് മോദി നടത്തിയ സുദീര്‍ഘമായ പ്രസംഗത്തില്‍ അദ്ദേഹം ഇതിനെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു.

രണ്ടാം ക്വിറ്റിന്ത്യാ സമരം
ബ്രിട്ടീഷുകാരോട് ഇന്ത്യ വിടുക എന്ന് ആവശ്യപ്പെട്ട ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ തിളക്കമാര്‍ന്ന ഒരധ്യായം തന്നെ. അന്ന് ഔദ്യോഗികമായി ഇന്ത്യയില്ല, ഒരു ബ്രിട്ടിഷ് കോളനി മാത്രം. വിദേശാധിപത്യത്തിനെതിരേ സ്വദേശികള്‍ ചേര്‍ന്ന് നടത്തിയ സമരത്തിന്റെ ആത്യന്തിക ഉള്ളടക്കമായിരുന്നു 'ക്വിറ്റ് ഇന്ത്യ'. എന്നാല്‍ ഇന്ന് ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയില്‍ നിന്ന് അത്തരം ഒരു പ്രക്ഷോഭം വീണ്ടും ഉയര്‍ന്ന് വരുമ്പോള്‍ ആരാണിവിടെ പ്രക്ഷോഭകരായ സ്വദേശികള്‍? ആരാണ് വിട്ടുപോകേണ്ട വിദേശികള്‍? ഒരു ജനാധിപത്യ റിപ്പബ്ലിക്കിലെ പൗരസമൂഹത്തില്‍ നിന്ന് എങ്ങനെ ഇതുപോലൊരു സ്വദേശി - വിദേശി ദ്വന്ദ്വം ഉണ്ടായി വന്നു?

ഇതിനുത്തരം ബീഹാറില്‍ മോദി തോറ്റാല്‍ പടക്കം പൊട്ടുന്നത് അങ്ങ് പാകിസ്ഥാനിലായിരിക്കും എന്ന് പറഞ്ഞ ഭരണകക്ഷിയുടെ അധ്യക്ഷന്‍ അമിത് ഷായുടെ വാക്കിലുണ്ട്. അത് പറയുന്നത് ബി ജെ പിയെ എതിര്‍ക്കുന്നവര്‍ക്ക് കൂറ് പാകിസ്ഥാനോടാണ് എന്നാണ്. ബീഫ് തിന്നാതെ ജീവിക്കാന്‍ പറ്റാത്തവര്‍ രാജ്യം വിട്ടുപോകട്ടെ എന്ന് പറഞ്ഞ ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വിയുടെ വാക്കുകളില്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്. ഖട്ടാറിന്റെയും സാധ്വി പ്രാച്ചിയുടെയും സാക്ഷാല്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ തന്നെയും വാക്കുകളില്‍ സ്വന്തം രാജ്യത്ത് ഒരുകൂട്ടം മനുഷ്യരെ അന്യരായി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ ജനാധിപത്യവിരുദ്ധ ഉള്ളടക്കമുണ്ട്. ഇവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആദ്യം സൂചിപ്പിച്ച 'ഫ്രിഞ്ച് ഗ്രൂപ്പു'കള്‍ ആള്‍ക്കൂട്ടമായി സംഘടിച്ച് ഹിന്ദുത്വ അജണ്ടകള്‍ പ്രാദേശികമായി നടപ്പിലാക്കുന്നത്. ഇവരൊക്കെ ചേര്‍ന്ന് ഇന്ത്യ വിടുക എന്ന് പറയുന്നത് പ്രത്യക്ഷത്തില്‍ മുസ്ലീം ജനതയോടും, പരോക്ഷമായി മതേതര ലിബറല്‍ ജനാധിപത്യവാദികളായ എല്ലാവരോടുമാണ്. അതായത് ഹിന്ദുത്വ ഹെഗമണിയോട് ഒത്തുപോകാന്‍ പറ്റാത്ത എല്ലാവരും ബി ജെ പി ഭരിക്കുന്ന ഇന്ത്യയില്‍ വിദേശികളായിരിക്കും എന്നാണ്. തല്ലിയിറക്കും മുമ്പ് സ്വയം ഇറങ്ങിയാല്‍ അവരവര്‍ക്ക് കൊള്ളാം എന്നാണ് ധ്വനി. അത് ചെവിയില്‍ മുഴങ്ങുമ്പൊഴാണ് നാട് വിടുന്നതാവുമോ നല്ലത് എന്ന ഗതികേടിന്റെ ആത്മഗതത്തില്‍ മനുഷ്യര്‍ മുഖമിടിച്ച് വഴിമുട്ടി നില്ക്കുന്നത്.

ഈ സാഹചര്യമൊന്നും ആര്‍ക്കും അറിയാത്തതല്ല. അപ്പോള്‍ ഭരണകൂടത്തിന് ഈ വിഷയത്തിലുള്ള മൗനം പ്രസ്തുത വിഷയത്തില്‍ പ്രധാനമന്ത്രി ഉച്ചരിച്ച വാക്കുകളേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. പറയാനുള്ളത് വ്യക്തമാണെങ്കിലും അതങ്ങനെയങ്ങ് വിളിച്ചുപറയാന്‍ പരാധീനതകളുണ്ട് എന്നതാണ് വാക്കുകളും മൗനവും ചേര്‍ത്ത് വായിക്കുമ്പോള്‍ കിട്ടുന്ന സന്ദേശം.

ആമിര്‍ / അംബേദ്ക്കര്‍ ദ്വന്ദ്വം
ആമിര്‍ ഖാനുള്ള പരോക്ഷ മറുപടി എന്ന നിലയില്‍ കൊടിയ വിവേചനങ്ങള്‍ അനുഭവിച്ചിട്ടും അംബേദ്കര്‍ ഇന്ത്യ വിട്ടുപോയില്ല എന്ന് സൂചിപ്പിക്കുന്ന രാജ് നാഥ് സിങ്ങിന്റെ വാക്കുകളിലും, അതിനോടുള്ള പ്രധാനമന്ത്രിയുടെ മൗനത്തിലും ഒരുപോലെ ഒരു അജണ്ട പതിയിരിപ്പുണ്ട്. സംഘപരിവാര്‍ അജണ്ട എന്ന നിലയില്‍ അത് അത്ര ഗുപ്തമൊന്നും അല്ല. പക്ഷേ ഭരണകൂട അജണ്ട എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുക്കപ്പെട്ട മൗനങ്ങളില്‍ അത് ഒരു ഗൂഡസാന്നിദ്ധ്യം തന്നെയാണ്.

ഹിന്ദുമതം എന്ന ഒരു മതം ഇല്ലെന്നും അതില്‍ ജാതികള്‍ മാത്രമേ ഉള്ളു എന്നും പറഞ്ഞത് അംബേദ്ക്കര്‍ തന്നെയാണ്. കാഞ്ചാ ഏലയ്യ 'എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല' എന്ന തന്റെ പുസ്തകത്തിലൂടെ ഇതിനെ നിരവധി ദളിത് ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നിരത്തി വികസിപ്പിക്കുന്നുണ്ട്. അംബേദ്ക്കര്‍ സമഗ്രാര്‍ത്ഥത്തിലുള്ള ഒരു ഹിന്ദുമതസ്വത്വത്തെ ആശയപരമായി നിഷേധിക്കുമ്പോഴും അതിനെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഏകീകരിച്ചെടുക്കാനാവും എന്ന ഉള്‍ക്കാഴ്ചയും പങ്ക് വയ്ക്കുന്നുണ്ട്. ഒരു ഹിന്ദു - മുസ്ലീം വര്‍ഗ്ഗീയ കലാപം എന്നതാണ് ആ സാഹചര്യം. അതിന്റെ മറവില്‍ നമ്പൂതിരി മുതല്‍ നായടി വരെയുള്ള ഒരു വിശാല ഹിന്ദു ഐക്യത്തെ ഭരണകൂട അധികാരത്തിന് നിര്‍മ്മിച്ചെടുക്കാനാവും. അതായത് ഹിന്ദു എന്ന ഒരു സ്വത്വം നിലനില്‍ക്കണമെങ്കില്‍ അതിന് മറുവശത്ത് ഒരു അപരസ്വത്വം വേണം. അത്തരം ഒരു വൈരുധ്യാത്മക ദ്വന്ദ്വത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്ന് നിര്‍മ്മിച്ചെടുക്കാനുള്ള എളുപ്പവഴിയാണ് ഹിന്ദുവും മുസല്മാനും എന്ന ഒരു സാമൂഹ്യ വിച്ഛേദം .

ക്രിസ്ത്യാനിയും സിഖുകാരും പാഴ്‌സികളും ജൈനരും ബുദ്ധമതവിശ്വാസികളും ഉള്‍പ്പെടെ മതപരമായ വൈവിധ്യങ്ങള്‍ അപ്പോഴും ബാക്കിയാവുമെങ്കിലും ഒരു ഹിന്ദു - മുസ്ലീം ദ്വന്ദ്വ നിര്‍മ്മിതിയിലൂടെ ഹിന്ദുത്വ ഹെഗമണിക്ക് തുറന്നുകിട്ടുന്ന രാഷ്ട്രീയ സാധ്യതകളെ പ്രയോഗ തലത്തില്‍ ചോദ്യം ചെയ്യാനോ പ്രശ്‌നവത്ക്കരിക്കാനോ പോന്നവയല്ല അവയൊന്നും. പക്ഷേ പ്രശ്‌നം ജാതിയാണ്. അതിനെ വിട്ട് ഹിന്ദുത്വത്തിന് സാമൂഹ്യമോ സാംസ്‌കാരികമോ ആയ നിലനില്‍പ്പില്ല. എന്നാല്‍ അതിനെ അഭിസംബോധന ചെയ്യാതെ, ദളിത് പിന്നോക്ക വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാതെ ഇന്ത്യയിലെ സവിശേഷ ഡമോഗ്രഫിയില്‍ അതിനൊരു രാഷ്ട്രീയ നിലനില്‍പ്പുമില്ല. ആ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള സാമ്പ്രദായികവും പ്രത്യക്ഷവുമായ വഴിയാണ് ശശികല ടീച്ചര്‍ മുതല്‍ സാധ്വി പ്രാച്ചി വരെയുള്ളവര്‍ അവലംബിക്കുന്നതെങ്കില്‍ ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കിന്റെ ഭരണഘടനയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ട 'ഗതികേട്' ഉള്ള ഒരു ഭരണകൂടത്തിന് ഔദ്യോഗികമായി അത്തരം ഒരു നിലപാട് സ്വീകരിക്കാനാവില്ല. അതിനാണ് രാജ്യസ്‌നേഹം പോലെയുള്ള പ്രമേയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇത്തരം ദ്വന്ദ്വ നിര്‍മ്മിതികളും അവയെ ആയുധമാക്കിയുള്ള ഒളിപ്പോര്‍ തന്ത്രങ്ങളും.

യാഥാര്‍ത്ഥ രാജ്യസ്‌നേഹി
കേവലമായ വര്‍ഗ്ഗീയതയ്ക്കപ്പുറം ഒരു ഉള്ളടക്കവുമില്ലാത്ത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും, എന്നാല്‍ അതിന് പിന്നിലുള്ള ഹിന്ദുത്വ ഹെഗമണിയുടെ സമഗ്രമായ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ഉള്ളടക്കത്തെയും ദേശീയത എന്ന വികാരത്തെ കഴിയുന്നത്ര കടുംവെട്ടത്തില്‍ കത്തിച്ച് നിര്‍ത്തി മറയ്ക്കുക എന്നതാണ് ബി ജെ പി തന്ത്രം. അതിന് ചിലര്‍ വാക്കുകളായും ചിലര്‍ നിശബ്ദതയാലും നിയുക്തരാക്കപ്പെട്ടിരിക്കുന്നു. ഇതിലെ വൈരുധ്യം മറയ്ക്കാന്‍ വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നൊക്കെ പറയും. ഒപ്പം എതിര്‍ ശബ്ദങ്ങളെ ആള്‍ക്കൂട്ടത്തെ അഴിച്ചുവിട്ട് കൊന്നു തള്ളും. ഇതാണത്രേ ജനാധിപത്യം!

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്ക്കുന്നത് ജനാധിപത്യപൂര്‍വ്വകാലത്തെ സാംസ്‌കാരിക അവസ്ഥയാണെങ്കില്‍ പോലും യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ അത് സഹിച്ച് ഇവിടെ നില്ക്കും എന്നതാണ് മറ്റൊരു 916 കണ്ടെത്തല്‍. പഞ്ചമനായി പിറന്ന അംബേദ്ക്കര്‍ കൊടിയ വിവേചനങ്ങളും അനീതികളും സഹിക്കേണ്ടി വന്നിട്ടും ഇന്ത്യ വിട്ടിട്ടില്ല. അമീര്‍ ഖാനും ഭാര്യയും പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുന്നു എങ്കില്‍ എന്താണ് ആമിറും അംബേദ്ക്കറും തമ്മിലുള്ളതായി നമ്മള്‍ മനസിലാക്കേണ്ട വ്യത്യാസം? അതാണ് രാജ്യസ്‌നേഹം! ദളിതനെങ്കിലും അംബേദ്ക്കര്‍ മുസ്ലീം അല്ല. ഇന്ത്യാക്കാരനെങ്കിലും അമീര്‍ മുസ്ലീം ആണ്; അത് തന്നെ.

സംഘപരിവാര്‍ കാലാകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന മുസല്‍ന്മാനെതിരെ വിശാല ഹിന്ദു കൂട്ടായ്മ എന്ന ഹിന്ദു - മുസ്ലീം വിരുദ്ധ ദ്വന്ദ്വത്തിന്റെ സ്ഥാപനത്തിന് ഒരു മുതല്‍ക്കൂട്ട് എന്ന നിലയില്‍ ആമിര്‍ - അംബേദ്ക്കര്‍ എന്ന ഒരു വ്യക്തിഗത ഉപദ്വന്ദ്വത്തെക്കൂടി വീണു കിട്ടിയ മുറയ്ക്ക് എടുത്ത് മിനുക്കുകയാണ് രാജ്നാഥ് സിങ്ങിന്റെ വാവിട്ട വാക്കുകളും മോദിയുടെ അളന്ന് തൂക്കിയുള്ള മൗനവും. അത് മനസിലാക്കാന്‍ ബുദ്ധിയൊന്നും വേണ്ട, കണ്ണും കാതും തന്നെ ധാരാളം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories