Top

നമ്മളെ സ്വയം സേവകരാക്കുന്ന മോദി സര്‍ക്കാര്‍

നമ്മളെ സ്വയം സേവകരാക്കുന്ന മോദി സര്‍ക്കാര്‍

ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിൽ പോയി ഉണ്ടാക്കിയ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് ഇനിയും വ്യക്തമായി ആരും തന്നെ പറഞ്ഞിട്ടില്ല. അമേരിക്കയിലെ ഗുജറാത്തി സമൂഹത്തിനും പിന്നെ നരേന്ദ്ര മോദിയിൽ പുതിയ (പഴയ) വ്യാഖ്യാനങ്ങൾ കാണുന്ന ഒരു കൂട്ടം സ്തുതിപാഠകര്‍ക്കും അല്ലാതെ ആര്‍ക്കും തന്നെ കാര്യമായി ഒന്നും കണ്ടെത്താൻ കഴിയാത്തതാണ് ഈ സന്ദർശനം. കേവലം ഒരു വിദേശ ഭരണാധികാരിയുടെസന്ദര്‍ശനം എന്നതിൽ കവിഞ്ഞ് പുതിയതായി ഒന്നും തന്നെ ഇല്ലായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍.

ഈ സന്ദര്‍ശനത്തെ പറ്റിയല്ല ഈ കുറിപ്പ്. എന്നാൽ നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയേക്കാൾ മറ്റൊരു തരത്തിൽ പ്രധാനപ്പെട്ടതായിരുന്നു ബിൽ-മെലിന്‍റാ ഗേറ്റ്സ് ഫൌണ്ടേഷൻ മേധാവികളായ ബിൽ ഗേറ്റ്സിന്‍റെയും, മെലിന്‍റാ ഗേറ്റ്സിന്‍റെയും ഇന്ത്യൻ സന്ദര്‍ശനം. അവർ ചാനലുകൾക്ക്‌ അനുവദിച്ച അഭിമുഖങ്ങളിൽ എല്ലാം തന്നെ ഊന്നിപ്പറഞ്ഞ കാര്യം ഇന്ത്യയിലെ പൊതുജനാരോഗ്യത്തിന് വേണ്ടി ചിലവാക്കുന്ന കുറഞ്ഞ തുകയെ കുറിച്ചും അത്തരം കുറഞ്ഞ നിഷേപങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യ അസമത്വങ്ങളെ പറ്റിയും ആയിരുന്നു. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം എന്നും മെലിന്‍റാ ഗേറ്റ്സ് അഭിപ്രായപ്പെട്ടപ്പോള്‍ ആരും തന്നെ എതിര്‍ത്തില്ല അഥവാ ഇത്തരം ഒരു അഭിപ്രായത്തെ ആര്‍ക്കും തന്നെ നിഷേധിക്കാനും കഴിയില്ല. അവരുടെ അഭിപ്രായത്തിൽ ആരോഗ്യ പരിപാലനം സർക്കാരിനെക്കൊണ്ട് മാത്രം നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല, പകരം കോർപ്പറേറ്റ് സ്ഥാപങ്ങളും, എൻ ജി ഓ കളും ചേർന്ന് നടപ്പിലാക്കേണ്ടതാണ് പൊതുജനാരോഗ്യ പ്രവര്‍ത്തനം. ബിഹാർ, മധ്യപ്രദേശ്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോള്‍ തന്നെ ഇവരുടെ സന്നദ്ധ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയ കാലത്തെ വികസനം ഇതാണ് എന്ന് ബിൽ-മെലിന്‍റാ ഗേറ്റ്സ് ഫൌണ്ടേഷൻ ഇന്ത്യന്‍സര്‍ക്കാരിനെ പഠിപ്പിച്ച സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കൻ നേതാക്കന്മാരെ എങ്ങനെ പൊതു ഇടങ്ങളെ പ്രതിച്ഛായ നന്നാക്കാൻ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുകയായിരുന്നു.ബിൽ-മെലിന്‍റാ ഗേറ്റ്സ് ഫൌണ്ടേഷൻ മേധാവികൾ നമ്മുടെ മുന്നിൽ അവതരിപ്പിച്ച മാതൃക സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സ്വീകാര്യമായ ആശയം തന്നെയാണ്. എന്നാൽ ഈയൊരു ആശയം നടപ്പിലാക്കണം എന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് ഇത്തരം സ്വകാര്യ കുത്തകകളുടെ ലാഭം കൂട്ടാനുള്ള നിയമ നിർമ്മാണങ്ങൾ നടപ്പിൽ വരുത്തുക എന്നതാണ്. അമേരിക്കയിൽ പോകുന്നതിന് മുൻപേ തന്നെ ഇത്തരം ഒരു നയം നടപ്പിലാക്കിയിട്ടാണ് നരേന്ദ്ര മോദി യാത്ര പുറപ്പെട്ടത് തന്നെ. മരുന്ന് വില നിർണ്ണയ സമിതിയുടെ അധികാരം വെട്ടികുറച്ചത് മൂലം സാധാരണ ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രതിസന്ധികൾ മുൻകൂട്ടി കാണാൻ കഴിയാത്ത ഒരു ഭരണാധികാരിക്ക് കൃത്യമായി കോർപ്പറേറ്റ് ലാഭത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ കഴിയുന്നുണ്ട്.

മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയണം എന്നത് വൻകിട മരുന്ന് കമ്പനികളുടെ ഏറേ നാളത്തെ ആവശ്യം ആയിരുന്നു. ബിൽ-മെലിന്‍റാ ഗേറ്റ്സ് ഫൌണ്ടേഷൻ മേധാവികളുടെ നിലപാടിന്റെ പിന്നിലും പ്രവര്‍ത്തിച്ചത് ഈ ആവശ്യം തന്നെയാണ്. അവർ മുന്നോട്ട് വച്ച പ്രധാന ആശയം ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിനുണ്ടാകേണ്ട അനിവാര്യമായ മാറ്റത്തെകുറിച്ചാണ്, കൃത്യമായി പറഞ്ഞാൽ സർക്കാർ ഈ മേഖലയിൽനിന്ന് പിൻവാങ്ങണം എന്ന ആശയത്തിന്റെ പ്രചാരണം കൂടിയാണ് ബിൽ-മെലിന്‍റാ ഗേറ്റ്സ് ഫൌണ്ടേഷൻ മേധാവികൾ അവതരിപ്പിച്ച മാതൃക. സർക്കാർ പിൻവാങ്ങൽ ഒരു യാഥാര്‍ഥ്യമായി കഴിഞ്ഞ അവസ്ഥയിൽ ഇതിൽ പുതുതായി ഒന്നും തന്നെ ഇല്ല എന്നതാണ്സത്യം. എന്നാൽ കേവലം സർക്കാർ പിൻവലിയൽ മത്രമല്ല ഇതിന്റെ പിന്നിൽ ഉള്ളത്. കോർപ്പറേറ്റ് മേഖലയിൽ സംഭവിക്കുന്ന പുതിയ കച്ചവട സാധ്യതകൾ കൂടി മനസ്സിലാക്കിവേണം ഈ പ്രശ്നത്തെ വിശദീകരിക്കേണ്ടത് .അടുത്തകാലത്ത് വേദാന്ത കമ്പനിയുടെ ഉടമസ്ഥൻ അനിൽ അഗർവാൾ തന്റെ സമ്പത്തിന്റെ 75 ശതമാനം ജീവകാരുണ്യ പ്രവർത്തനത്തിനായി സംഭാവന ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് 3.3 ബില്ല്യൻ അമേരിക്കൻ ഡോളർ വരുന്ന സമ്പാദ്യത്തിന്റെ 75 ശതമാനം. വായനക്കാര്‍ക്ക് ഡോളറിന്റെ ഇപ്പോഴത്തെ മുല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യന്‍ രൂപയില്‍ അതെത്രയെന്ന് കണക്കുകൂട്ടാവുന്നതാണ്. അതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് വേദാന്തയുടെ പുതിയ നിക്ഷേപ പദ്ധതികള്‍. ഒറീസയിലെ അവരുടെ ഖനന പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതിന് പ്രധാന തടസം അവിടത്തെ ആദിവാസി സമുഹത്തിന്റെ എതിര്‍പ്പാണ്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം 18 ആദിവാസി ഗ്രാമങ്ങളിൽ ഭരണഘടന അഞ്ചാം പട്ടികയിൽ ഉറപ്പാക്കിയ സ്വയം ഭരണാധികാരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഗ്രാമസഭയിൽ വേദാന്ത കമ്പനിയുടെ പദ്ധതിയെ തള്ളിയിരുന്നു. എന്നാൽ ഖനന പദ്ധതിക്ക് പകരം അവർ ഇപ്പോൾ നടപ്പിലാക്കാൻ തയ്യാറെടുക്കുന്നത് വിദ്യഭ്യാസ, ആരോഗ്യ പദ്ധതികളാണ്. വേദാന്ത യൂണിവേഴ്സിറ്റിക്ക് വേണ്ടിയുള്ള ഭുമിയേറ്റടുക്കല്‍ പൂർത്തിയായി കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സർവകലാശാല ആയിരിക്കും അത്. സർക്കാർ എന്ന സംവിധാനവും കോർപ്പറേറ്റുകളുടെ വികസന മേഖലയിലെ ഇടപെടലുകളും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ കഴിയുന്ന അവസ്ഥപോലും ഇല്ലാതാകുന്ന ഒരു കാലഘട്ടമാണ് രൂപപ്പെടുന്നത്. വികസനം എന്നാൽ കേവലം 'സഹായം' എന്നാണ് പുത്തൻ നിർവചനം. ഇത്തരം സഹായങ്ങൾ നാളെ അവിടങ്ങളിൽ നിക്ഷേപം നടത്താനുള്ള അനുമതിയായും മാറും. അത്തരം സഹായത്തിന് സർക്കാരിന്റെ ആവശ്യം ഇല്ല എന്നതാണ് മര്‍മ്മപ്രധാനമായ കാര്യം.

നാട് മുഴുവൻ തൂത്തുവാരാൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയും അത് കേട്ട ഉടനെ ചൂലും കൊണ്ട് ഇറങ്ങിയ വിശുദ്ധരും മറന്നുപോയ ചില സത്യങ്ങൾ ആണ് കോർപ്പറേറ്റ് മേധാവികളുടെ സാമ്പത്തിക താല്പര്യത്തിലൂടെ പുറത്തു വരുന്നത്. അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരുമ്പോൾ പരിസരം വൃത്തിയാക്കുന്നത് നല്ലതാണ്. കാരണം കുറഞ്ഞ പക്ഷം അത്രയും രോഗങ്ങളെ തടയാമല്ലോ. ഇത് തന്നെയാണ് സര്‍ക്കാരും പറയുന്നത്. സര്‍ക്കാരിനെ ആശ്രയിക്കാതെ ജീവിക്കാൻ ശ്രമിക്കുക. അതായത് സ്വയം സേവകനാവുക!!!


Next Story

Related Stories