TopTop
Begin typing your search above and press return to search.

വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് മോദി; ഇന്ത്യന്‍ രാഷ്ട്രീയം അതിന്റെ മാന്യത തിരികെ പിടിക്കേണ്ടതുണ്ട്

വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് മോദി; ഇന്ത്യന്‍ രാഷ്ട്രീയം അതിന്റെ മാന്യത തിരികെ പിടിക്കേണ്ടതുണ്ട്
ദേശീയ തലസ്ഥാനത്തിലെ രാഷ്ട്രീയ കിംവദന്തികളുടെ അവിഭാജ്യഘടകമായ ചില കാര്യങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും, വളരെ അപൂര്‍വമായി മാത്രമേ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ ഇതിനെ കുറിച്ച് പ്രതികരിച്ച് കണ്ടിട്ടുള്ളു. വിവിധ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും തന്റെ പ്രതിയോഗികളെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നതിനും തന്റെ എതിരാളികളെ അപഹസിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന രീതിയാണത്.

മുമ്പ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത രീതിയിലുള്ള ആംഗ്യങ്ങളും ഭാഷയും ഉപയോഗിച്ച് കൊണ്ട്, ഇന്ത്യന്‍ പൊതുജനത്തിന് അപരിചിതമായ ഒരു രാഷ്ട്രീയ വാചാടോപമാണ് മോദി നടത്തുന്നത്. ചിലര്‍ ആശ്ചര്യവും മറ്റ് ചിലര്‍ വെറുപ്പും രേഖപ്പെടുത്തുമ്പോള്‍, മോദി സംസാരിക്കുമ്പോള്‍ തങ്ങള്‍ നാണംകെട്ടുപോകുന്നതായി ഒരു ചെറിയ വിഭാഗം പറയുന്നു.

തന്റെ മുന്‍ഗാമിയായ മന്‍മോഹന്‍ സിംഗിനെതിരെ രാജ്യസഭയില്‍ മോദി രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ വിലക്ഷണമായ ആശയവിനിമയ വൈദഗ്ധ്യത്തിന്റെ ഒടുവിലത്തെ ഉദാഹരണം ദൃശ്യമായത്. ഡോ. സിംഗിന്റെ ആര്‍ജ്ജവത്തെ കുറിച്ച് അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ, നീരസത്തോടെ രാജ്യസഭ വിടാന്‍ ആ സാമ്പത്തികവിദഗ്ധന്‍ നിര്‍ബന്ധിതനായി.

തടിച്ചുകൂടിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് മൗനം പാലിക്കുക എന്ന തന്റെ സ്വഭാവത്തില്‍ ഉറച്ചുനില്‍ക്കാന്‍ മന്‍മോഹന് എന്നിട്ടും സാധിച്ചു. 'സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല,' എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.

മന്‍മോഹന്‍ നയിച്ച യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ അഴിമതി നിറഞ്ഞ കാലഘട്ടത്തില്‍ നിന്നും ഒരു കറപോലും വീഴാതെ പുറത്തുവരാന്‍ സാധിച്ച സവിശേഷ ദിവ്യാത്ഭുതത്തിന്റെ പേരില്‍ മന്‍മോഹനെ മോദി ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് മറ്റ് കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം അദ്ദേഹം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയത്.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍, 'കുളിമുറിയിലെ മഴക്കുപ്പായം,' എന്ന ഉപമയാണ് മുന്‍ പ്രധാനമന്ത്രിയെ ചിത്രവധം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഉപയോഗിച്ചത്. 'കുളിക്കുമ്പോള്‍ മഴക്കുപ്പോയം ധരിക്കുന്ന കല അദ്ദേഹത്തില്‍ (മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ നിന്നും) നമ്മള്‍ കണ്ടു പഠിക്കണം.'

'കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി, രാജ്യത്തെ സാമ്പത്തിക നയങ്ങളില്‍ മന്‍മോഹന്‍ സിംഗ് ജിക്ക് വലിയ സ്വാധീനമുണ്ട്,' എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു ആക്രമണവും മന്‍മോഹനെതിരെ മോദി നടത്തി. സാമ്പത്തിക ശാസ്ത്രജ്ഞരെ അവമതിക്കുന്ന രീതിയില്‍ സംസാരം തുടര്‍ന്നുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'അതിനെ വിലയിരുത്താനുള്ള അളവുകോലുകള്‍ ലോകത്തിലെ സാമ്പത്തികകാരന്മാര്‍ക്ക് അറിയില്ല. ഇന്ത്യ എന്താണ് ചെയ്തതെന്ന് ലോകവ്യാപകമായി സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു വിഷയ പഠനമായി കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിദേശ സാമ്പത്തികകാരന്മാരെ ഉദ്ധരിക്കുന്നു. അത്തരത്തിലുള്ള ഒരു നടപടി ലോകത്തിലെവിടെയും സ്വീകരിച്ചിട്ടില്ല എന്ന് പറയുന്ന പത്തുപേരുടെ പരാമര്‍ശങ്ങള്‍ എനിക്ക് ഉദ്ധരിക്കാന്‍ സാധിക്കും.'

നോട്ട് നിരോധന നടപടി, 'സംഘടിത കൊള്ളയും' 'പിടിച്ചുപറിയും' ആണെന്ന് മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.പൊതു പ്രസ്താവനകളില്‍ അസാധാരണമായി അവലക്ഷണം പിടിച്ച ഭാഷ മോദി ഉപയോഗിക്കുന്നതിന്റെ ഒറ്റപ്പെട്ട ഉദാഹരണമല്ല ഇത്. ഒരു ദിവസം മുമ്പ്, രാഹുല്‍ ഗാന്ധിയെ കളിയാക്കിയപ്പോള്‍, തൊട്ട് മുമ്പ് നടന്ന ഭൂകമ്പത്തെയാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ നിസാരവല്‍ക്കരിച്ചതെന്ന് പ്രധാനമന്ത്രി മോദി തിരിച്ചറിഞ്ഞില്ല. ഭൂമി കുലുങ്ങിയതിനാല്‍ തങ്ങളുടെ വീടുകളില്‍ നിന്നും വെപ്രാളപ്പെട്ട് പുറത്തേക്ക് ഓടേണ്ടി വന്ന വടക്കെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യരെ സംബന്ധിച്ചിടത്തോളം തലേ രാത്രി ഭീതിജനകമായ ഒന്നായിരുന്നു.

നോട്ട് നിരോധനത്തെ ന്യായീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടയില്‍ ഇത്തരത്തിലുള്ള അചേതനമായ ഭാഷ മോദി മുമ്പും ഉപയോഗിച്ചിട്ടുണ്ട്. ജപ്പാനില്‍ വച്ച് ഇന്ത്യയിലെ മുഴുവന്‍ പൊതുജനങ്ങളെയും അപഹസിക്കുന്നതിന്റെ വക്കിലേക്ക് അദ്ദേഹമെത്തി.

ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ നയിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, വിശിഷ്ടവും പ്രചോദനാത്മകവും അന്തസുറ്റതുമായ ഭാഷയായിരിക്കണം പ്രയോഗിക്കപ്പെടുന്നത്. ഏത് ഭാഷയില്‍ നിങ്ങള്‍ സംസാരിക്കുന്നത് എന്നതല്ല, മറിച്ച് ഒരു എതിരാളിയെ കുറിച്ച് നിങ്ങള്‍ എങ്ങനെ സംസാരിക്കുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യുന്നു എന്നതാണ് പ്രധാനം.

പൊതുജീവിതത്തിന്റെ നിരവധി വശങ്ങളില്‍ അദ്ദേഹം നേരത്തെ ചെയ്തതുപോലെ മോദി നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്.

അടല്‍ ബിഹാരി വാജ്‌പേയില്‍ നിന്നും നരേന്ദ്ര മോദിയിലേക്കുള്ള ദൂരം വളരെ വലുതാണ്. ഇന്ത്യന്‍ രാഷ്ട്രീയം വളരെ വേഗം തന്നെ അതിന്റെ മാന്യത തിരികെ പിടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം, ഡൊണാള്‍ഡ് ട്രംപിനെ പോലെ വായില്‍ തോന്നിയത് പറയുന്ന രീതിയാവും കാലഘട്ടത്തിന്റെ നിയമം.

Next Story

Related Stories