TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ പൊങ്ങച്ചത്തിന് മേല്‍ ചില അമേരിക്കന്‍ കൌശലങ്ങള്‍

ഇന്ത്യന്‍ പൊങ്ങച്ചത്തിന് മേല്‍ ചില അമേരിക്കന്‍ കൌശലങ്ങള്‍

എം. കെ. ഭദ്രകുമാര്‍

2016 തുടക്കത്തില്‍ ഇന്ത്യന്‍ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ അത് പൂര്‍ണതോതിലുള്ള ഒരു ‘രാഷ്ട്ര സന്ദര്‍ശനം’ ആയിട്ടായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അതിനോടത്ര താത്പര്യം പ്രകടിപ്പിക്കാഞ്ഞ യു.എസ് അധികൃതര്‍ പിന്നെ അത്തരം സന്ദര്‍ശനമാകാം എന്ന നിലയില്‍ എത്തിയപ്പോഴേക്കും അതൊരു ‘കാര്യമാത്ര പ്രസക്ത സന്ദര്‍ശനമായി’ മാറ്റിയിരുന്നു. ഇടപാടുകള്‍ നടത്താന്‍ ഉദ്ദേശിച്ച്, ചിട്ടവട്ട പ്രശ്നങ്ങളോ, മാഡിസണ്‍ ചത്വരത്തിലെ ‘റോക് സ്റ്റാര്‍’ പരിപാടിയോ കൂടാതെയുള്ള ഒന്നാണിത്. ഇന്ത്യ ഈ വാഗ്ദാനത്തോട് പൊരുത്തപ്പെട്ടു. രണ്ടു നേതാക്കളും ഒരു മണിക്കൂര്‍ കൂടിക്കാഴ്ച്ച നടത്തി, പിന്നീട് ‘കാര്യങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായുള്ള ഒരു ഉച്ചഭക്ഷണവും’.

സന്ദര്‍ശനത്തിന് മുന്നോടിയായി യു.എസ് നിയമനിര്‍മ്മാതാക്കള്‍ കാപ്പിറ്റോള്‍ ഹില്ലില്‍ യോഗം ചേര്‍ന്ന് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. സാമ്പത്തിക പരിഷ്കാരങ്ങളുടെ മെല്ലെപ്പോക്കില്‍ അവര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. പ്രത്യേകിച്ചും വിപണി പ്രാപ്യത, ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍, മുന്‍കാല പ്രാബല്യത്തിലുള്ള നികുതി, വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍, ഏകീകൃത ചരക്ക് സേവന നികുതി കൊണ്ടുവരുന്നതിലുള്ള കാലതാമസം എന്നീ വിഷയങ്ങളില്‍. യു.എസ് സൈന്യത്തിന് ഇന്ത്യയുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന കരാറില്‍ (Logistics Agreement) മോദി ഒപ്പുവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏപ്രിലില്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായി കൂടുതല്‍ ആയുധ ഇടപാടുകളും അവര്‍ പ്രതീക്ഷിക്കുന്നു. യു.എസ് കോണ്‍ഗ്രസിലെ ടോം ലാന്‍റോസ് മനുഷ്യാവകാശ കമ്മീഷന്‍ മോദി വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ നടത്തവേ, ജൂണ്‍ 6-നു ഇന്ത്യയിലെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ചും ഹിന്ദു ദേശീയവാദികള്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും പൊതുതെളിവെടുപ്പുകള്‍ നടത്താനുള്ള തങ്ങളുടെ ഉദ്ദേശം പ്രഖ്യാപിച്ചിരുന്നു. 2002-ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപം പോലും ചര്‍ച്ചയായി. പക്ഷേ അതിലെല്ലാം ഉപരിയായി ശ്രദ്ധാപൂര്‍വം രൂപപ്പെടുത്തിവെച്ച ‘വാണിജ്യ സൌഹാര്‍ദ’ സമീപനമുള്ള രാഷ്ട്രീയക്കാരനും ഒരു തികഞ്ഞ പരിഷ്കരണവാദിയും എന്ന തന്റെ പ്രതിച്ഛായക്കൊപ്പം ഉയരാന്‍ മോദിക്കായില്ല. സന്ദര്‍ശനത്തിന്റെ കണക്കെടുപ്പ് കാണിക്കുന്നത് യു.എസിന്റെ സമ്മര്‍ദ്ദതന്ത്രം വിജയിച്ചു എന്നാണ്. അമേരിക്കന്‍ കമ്പനികള്‍ക്കായി വിപണി കൂടുതല്‍ തുറന്നിടുമെന്നും അതിന്റെ വിശദാംശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ചേരുന്ന വാണിജ്യ നയവേദിയില്‍ തീരുമാനിക്കുമെന്നും മോദി ബരാക് ഒബാമക്ക് ഉറപ്പുകൊടുത്തു എന്നത് വ്യക്തമാണ്. യു.എസ് വ്യവസായമേഖലയ്ക്ക് കച്ചവടം ഉണ്ടാക്കിക്കൊടുക്കാന്‍ മോദി സര്‍ക്കാര്‍ അതിരുകവിഞ്ഞ വിട്ടുവീഴ്ച്ചകളും ചെയ്തു. അങ്ങനെയാണ് ആന്ധ്രാപ്രദേശില്‍ ആറ് AP1000 Westinghouse ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള തിരക്കിട്ട നീക്കം തുടങ്ങിയത്. പദ്ധതിക്കായി ‘മത്സരക്ഷമമായ ഒരു സാമ്പത്തിക പദ്ധതി’ തയ്യാറാക്കാന്‍ ഇരുരാജ്യങ്ങളിലെയും ഇറക്കുമതി-കയറ്റുമതി ബാങ്കുകള്‍ ധാരണയിലെത്തി. സാങ്കേതിക, നിലയ രൂപരേഖ പ്രവര്‍ത്തനങ്ങള്‍ ഉടന ആരംഭിക്കാന്‍ ആണവോര്‍ജ കോര്‍പ്പറേഷനും Westinghouse-ഉം തീരുമാനിച്ചു. ജൂണ്‍ 2017-നകം പണിക്കുള്ള കരാറുകള്‍ക്ക് അന്തിമരൂപം നല്കുമെന്ന് Westinghouse-നു ഉറപ്പും നല്കി.ഉപഭോക്താവ് എന്തു വില നല്‍കേണ്ടിവരുമെന്ന കണക്കുകൂട്ടല്‍ പോലും നടത്താതെയാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ഈ പദ്ധതിയുമായി അസാധാരണമായ തിടുക്കത്തിലാണ് മോദി സര്‍ക്കാര്‍ നീങ്ങുന്നത്. വാഷിംഗ്ടനെ പ്രീതിപ്പെടുത്താനാണ് ഈ നീക്കങ്ങള്‍. കാപ്പിറ്റോള്‍ ഹില്ലില്‍ മോദിയോടുള്ള അസംതൃപ്തിയോടുള്ള പ്രധാന കാരണം 2008-ലെ ആണവ കരാറിനുശേഷം പ്രതീക്ഷിച്ച വമ്പന്‍ വാണിജ്യ നേട്ടങ്ങള്‍ ഇനിയും ഉണ്ടാകാത്തതിനാലാണ് എന്നു ഇന്ത്യന്‍ അധികൃതര്‍ കരുതുന്നു. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണകള്‍ ഉണ്ടാകുമെന്ന് മോദി ഉറപ്പുനല്‍കിയതിനും ഒരു കാരണം ഇതാണ്. പ്രതിരോധ സെക്രട്ടറി കാര്‍ട്ടര്‍ അദ്ദേഹത്തെ കണ്ടിരുന്നു. ഇന്ത്യയെ ‘പ്രധാന പ്രതിരോധ പങ്കാളി’യായി അംഗീകരിക്കുന്നു എന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇരട്ട ഉപയോഗമുള്ള സാങ്കേതികവിദ്യകളില്‍ പലതും പണം നാല്‍കാതെ ഇന്ത്യക്ക് ഉപയോഗിക്കാമെന്നും ഇതോടെ ഇന്ത്യ യു.എസിന്റെ ഏറ്റവും അടുത്ത പങ്കാളികള്‍ക്കൊപ്പം എത്തിയിരിക്കുകയാണെന്നും പറയുന്നു. ഇരുരാജ്യങ്ങളും Logistics Agreement സംബന്ധിച്ച ഒരു പാഠം അംഗീകരിച്ച് എന്ന് സംയുക്ത പ്രസ്താവനയില്‍ ചേര്‍ക്കുന്നതിലും യു.എസ് വിജയിച്ചു. സൈനിക സഖ്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ പരമ്പരാഗതമായ നയങ്ങളില്‍ നിന്നും വഴിമാറിയ ഈ കരാറില്‍ ഒപ്പുവെക്കാന്‍ ഇനി അധികം സമയമില്ല.

ഇന്ത്യക്ക് പകരം കിട്ടിയത് എന്താണ്? യു.എന്‍ രക്ഷാസമിതിയിലും, ആണവ ദാതാക്കളുടെ സംഘത്തിലും ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണസംഘത്തിലും (APEC) ഇന്ത്യയുടെ അംഗത്വത്തിന്നായുള്ള പിന്തുണ ഒബാമ ആവര്‍ത്തിച്ചു. എങ്കിലും അതൊക്കെ തത്ക്കാലം കിട്ടാക്കനിയാണ്. യു.എസ്-ഇന്ത്യ തന്ത്രപര കാഴ്ച്ചപ്പാടില്‍ കൂടുതല്‍ ഏകോപനത്തെക്കുറിച്ച് പറയുന്ന സംയുക്ത പ്രസ്താവന അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവയെക്കുറിച്ചൊന്നും പരാമര്‍ശിക്കുന്നേയില്ല.

സ്വന്തം പ്രതിച്ഛായ നാള്‍ക്കുനാള്‍ ഇടിഞ്ഞുവരുന്ന ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ അല്‍പസ്വല്‍പ്പം പൊങ്ങച്ചത്തിന് ഈ സന്ദര്‍ശനം മോദിയെ സഹായിച്ചേക്കും. കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത ഇന്ത്യയില്‍ യു.എസ് കോണ്‍ഗ്രസിനെ മോദി അഭിസംബോധന ചെയ്തതൊക്കെ ഇത്തിരി ആവേശമുണ്ടാക്കും. പ്രവാസി ഇന്ത്യക്കാരുമായി ബന്ധമുള്ള ഇന്ത്യയിലെ മധ്യ, ഉപരിവര്‍ഗ വിഭാഗങ്ങള്‍ക്ക് മോദി തങ്ങളുടെ രണ്ടാം വീട്ടില്‍ എത്തിയതിന്റെ ആഹ്ളാദവും ഉണ്ടാകാം. പക്ഷേ സാധാരണ മനുഷ്യര്‍ക്ക് മോഷ്ടിക്കപ്പെട്ട ചില വിഗ്രഹങ്ങള്‍ തിരികെയെത്തുന്നതില്‍ക്കവിഞ്ഞു എന്താണുള്ളത്? ആ വിഗ്രഹങ്ങളും മറ്റും തിരിച്ചെത്തിക്കാന്‍ കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മോദി മറന്നില്ല.യു.എസ്-ഇന്ത്യ ബന്ധത്തില്‍ ഒരു പുതുക്കിപ്പണിയല്‍ ആവശ്യമാണ്. വലിയ വിപണികളിലൊന്നായ ഇന്ത്യയുമായുള്ള തന്ത്രപരമായ ലക്ഷ്യങ്ങളെ യു.എസ് വിടാതെ നടപ്പാക്കുകയാണ്. ചൈനക്കും റഷ്യക്കും എതിരായ ആഗോള തന്ത്രപര സന്തുലനത്തെ ചലിപ്പിക്കാന്‍ കഴിയുന്ന ഒരു ‘ആടിക്കളിക്കുന്ന രാഷ്ട്രമായാണ്’ യു.എസ് ഇന്ത്യയെ കാണുന്നത്. ഇന്ത്യയെ തങ്ങളുടെ പിണിയാള്‍ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ യു.എസ് നിരന്തരം ശ്രമിക്കുന്നുണ്ട്. ഡല്‍ഹി കേന്ദ്രമായ സമ്മര്‍ദ്ദ സംഘങ്ങളും മാധ്യമ ഭീമന്‍മാരും നയതന്ത്രബന്ധങ്ങളില്‍ തന്ത്രപരമായ സ്വാധീനം ചെലുത്തുന്നവരുമെല്ലാം ഇതിനായി ഒത്തുപിടിക്കുന്നുണ്ട്. ഇന്ത്യയിലെ നയനിര്‍മ്മാണത്തെ സ്വാധീനിക്കാന്‍ Carnegie, Brookings കാര്യാലയങ്ങള്‍ ഈയിടെ ഡല്‍ഹിയില്‍ തുറന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. യു.എസ്-ഇന്ത്യ സഖ്യത്തിന്റെ ഗുണഗണങ്ങള്‍ പാടിപ്പുകഴ്ത്തി, ഇന്ത്യന്‍ പൊങ്ങച്ചത്തെ സുഖിപ്പിക്കാനും അടുത്തിടെ പ്രചാരണം തുടങ്ങിയിരിക്കുന്നു. ഒരു ആഗോള കക്ഷി എന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ സ്വതന്ത്രമായ നിലപാടുകള്‍ എടുക്കുകയാവും നല്ലത് എന്നാണ് പൊതുനിരീക്ഷണം.

വികസനത്തിന്റെ ദേശീയ അജണ്ടയുമായി ഒത്തുപോകുന്ന ഒരു വിദേശനയമാണ് ഇന്ത്യക്ക് വേണ്ടത്. ബഹുധ്രുവ ലോകത്ത് തന്ത്രപരമായ സ്വാശ്രയത്വം രാജ്യം ഉറപ്പാക്കേണ്ടതുണ്ട്. ഈ മാനദണ്ഡങ്ങള്‍ ഉള്ളില്‍വെച്ചാകണം വിശ്വസിക്കാവുന്ന ഒരു സഖ്യകക്ഷിയെന്ന നല്ല പേരില്ലാത്ത യു.എസുമായുള്ള ബന്ധങ്ങള്‍ ഇന്ത്യ പുതുക്കിപ്പണിയേണ്ടത്. യു.എസ് കോണ്‍ഗ്രസിലെ മോദിയുടെ പ്രസംഗത്തില്‍ നിന്നും കടമെടുത്താല്‍, മുന്നേറ്റത്തിലെ ഓരോ അടിയിലും എല്ലാ വന്‍ശക്തികളും ഇന്ത്യയുടെ ഒഴിവാക്കാനാകാത്ത പങ്കാളികളാണ്-അമേരിക്ക മാത്രമല്ല.

(വിദേശകാര്യ വിദഗ്ദനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories