Top

കാരുണ്യത്തിന്റെ നര്‍ഗീസ് വഴികള്‍; ഒരു നഴ്സിംഗ് അസിസ്റ്റന്‍റിന്റെ ജീവിതം

കാരുണ്യത്തിന്റെ നര്‍ഗീസ് വഴികള്‍; ഒരു നഴ്സിംഗ് അസിസ്റ്റന്‍റിന്റെ ജീവിതം

സഫിയ ഒ സി

"പണ്ടൊക്കെ തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടിമാത്രമെ എടുക്കാറുണ്ടായിരുന്നുള്ളൂ. ജോലി രാത്രി ഷിഫ്റ്റാക്കി പകലത്തെ വിലപ്പെട്ട സമയം സാമൂഹ്യ പ്രവര്‍ത്തനത്തിന് ചിലവഴിക്കും. രണ്ട് വര്‍ഷമൊക്കെ തുടര്‍ച്ചയായി നൈറ്റ് എടുത്തിട്ടുണ്ട്. എന്താണെന്നറിയില്ല, അതുകൊണ്ട് എനിക്ക് പ്രത്യേകിച്ചു പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോ വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ എന്നെ വഴക്കു പറയാന്‍ തുടങ്ങി. അതുകൊണ്ട് മോര്‍ണിംഗ് ഡ്യൂട്ടിയിലേക്ക് മാറി. അത് ഏഴു മണി തൊട്ട് ഉച്ചയ്ക്ക് രണ്ടു മണിവരെയാണ്. അത് കഴിഞ്ഞാല്‍ രണ്ടുമണിക്ക് ശേഷം ഈ വര്‍ക്കുമായി ഇറങ്ങും. വീട്ടില്‍ എത്തുമ്പോള്‍ എന്തായാലും ഒന്‍പത് മണിയൊക്കെ ആകും."

നന്നേ ചെറുപ്പത്തില്‍ തന്നെ പാവപ്പെട്ടവരോടും രോഗികളോടും വളരെയധികം കരുണ കാണിക്കുകയും പിന്നീട് നേഴ്സിംഗ് മേഖല തന്റെ ജീവിത വഴിയായി തിരഞ്ഞെടുക്കുകയും ചെയ്ത ഫ്ലോറന്‍സ് നൈറ്റിംഗേലിനെക്കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്. യുദ്ധത്തില്‍ മുറിവേറ്റ് കിടക്കുന്ന പട്ടാളക്കാരെ പരിചരിക്കാന്‍ കൊച്ചുവിളക്കുമായി രാത്രി മുഴുവന്‍ യുദ്ധഭൂമിയില്‍ ചിലവഴിച്ച ഫ്ലോറന്‍സ് നൈറ്റിംഗേല്‍ ലോകചരിത്രത്തിന്‍റെ ഭാഗമായി വിളക്കേന്തിയ വനിത എന്നറിയപ്പെട്ടു. ഇങ്ങ് കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലുമുണ്ട് ഒരു ഫ്ലോറന്‍സ് നൈറ്റിംഗേല്‍. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഫറൂക്കിലെ കോയാസ് ഹോസ്പിറ്ററ്റില്‍ നഴ്സിംഗ് അസിസ്റ്റന്‍റ് ആയി ജോലി ചെയ്യുന്ന നര്‍ഗീസ് ബീഗം. സ്വന്തം ജീവിതത്തിലെ സുഖ സൌകര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന മനുഷ്യര്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് നര്‍ഗീസ് ബീഗം ഒരു അത്ഭുതമാണ്.

നട്ടെല്ല് ഒടിഞ്ഞും അപകടങ്ങള്‍ പറ്റിയും വര്‍ഷങ്ങളായി കിടപ്പിലായവര്‍, മാനസിക വൈകല്യം കാരണം ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിച്ചു വേദന തിന്നുന്നവര്‍, തെരുവിലൊറ്റപ്പെട്ടവര്‍, വീടില്ലാത്തവര്‍, വിദ്യാഭ്യാസത്തിന് വഴിയില്ലാത്തവര്‍, വിവാഹ സ്വപ്നങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നവര്‍ തുടങ്ങി നര്‍ഗീസിന്‍റെ സാന്ത്വനവും സഹായവും അനുഭവിക്കുന്നവരായി പല ജില്ലകളിലായി ഒരുപാട് പേരുണ്ട്. തന്‍റെ സ്വന്തം ജൂപ്പിറ്ററില്‍ കിലോമീറ്ററുകള്‍ ഒറ്റക്ക് ഓടിച്ചു പോയാണ് നര്‍ഗീസ് ഇവര്‍ക്കുള്ള സഹായവും സേവനവും എത്തിക്കുന്നത്. അഗതിമന്ദിരങ്ങളിലും വ്യദ്ധസദനങ്ങളിലും ആദിവാസി ഊരുകളിലും ഒക്കെയായി നിരവധിപേര്‍ നര്‍ഗീസിന്‍റെ ജൂപ്പിറ്ററിന്‍റെ ശബ്ദത്തിന് കാതോര്‍ത്തു കിടക്കുന്നുണ്ട്.

"ഞാന്‍ മാസത്തില്‍ എല്ലാരുടെയും അടുത്ത് ഒന്നുപോകും. പോകാന്‍ താമസിച്ചു പോയാല്‍ ചിലപ്പോള്‍ അവര്‍ വഴക്കു പറയും. അവര്‍ക്ക് എന്‍റടുത്ത് അത്ര സ്വാതന്ത്ര്യം ഉണ്ട്. കണ്ടാല്‍ ഭയങ്കര സന്തോഷമായിരിക്കും. ചിലര്‍ കെട്ടിപ്പിടിക്കും. കണ്ടില്ലെങ്കില്‍ അവര്‍ക്ക് അത്രയധികം വിഷമമാണ്. വയ്യാതെ കിടക്കുന്നവരായി കുറെ പേരുണ്ട്. ക്യാന്‍സറും കിഡ്നിതകരാറും നട്ടെല്ല് തകര്‍ന്നവരുമായി. അവരെയെല്ലാം പോയി കാണും. പിന്നെ വ്യദ്ധസദനവും അഗതിമന്ദിരങ്ങളിലും ഇടയ്ക്കിടെ സന്ദര്‍ശനം നടത്തും. ആദിവാസി ഊരുകളിലും പോകും. കിടപ്പിലായവരൊക്കെ എന്തൊരാവശ്യം വന്നാലും വിളിക്കും", നര്‍ഗീസ് പറയുന്നു.

രാമനാട്ടുകരയിലെ ഒരു നിര്‍ദ്ധന മുസ്ലിം കുടുംബത്തിലാണ് നര്‍ഗീസ് ജനിച്ചത്. നര്‍ഗീസിന്‍റെ ഉപ്പ കൂലിപ്പണിക്കാരനായിരുന്നു. രണ്ടു അനിയന്മാരും ഒരു അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍ പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിച്ചാണ് നര്‍ഗീസ് വളര്‍ന്നത്. നര്‍ഗീസിന്‍റെ യഥാര്‍ത്ഥ പേര് റോസ്ന എന്നാണ്. എഴുത്തിനോട് കമ്പം തോന്നിയ കൌമാരത്തില് നര്‍ഗീസ് എന്ന പേര് തൂലികാനാമമായി സ്വീകരിക്കുകയായിരുന്നു."കുട്ടിക്കാലത്ത് എനിക്ക് സാധാരണ ചിന്താഗതി ആയിരുന്നില്ല. മറ്റുള്ളവരുടെ വിഷമങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നുമായിരുന്നു. രോഗികളെയൊക്കെ കാണുമ്പോള്‍ സഹായിക്കണം എന്നു തോന്നാറുണ്ട്. പക്ഷേ അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നില്ല. പിന്നെ ജോലിയായി ചെറിയ സ്റ്റൈപ്പന്‍റ് കിട്ടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അത് സ്വരുക്കൂട്ടി വെച്ചു മെഡിസിന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കൊക്കെ കൊടുക്കുമായിരുന്നു. പിന്നെ ശമ്പളം കിട്ടാന്‍ തുടങ്ങിയപ്പോള്‍ അതില്‍ നിന്ന്‍ ഒരു അഞ്ച് രോഗികള്‍ക്ക് മാസം ചെറിയ തുക വെച്ച് കൊടുത്തു തുടങ്ങി. 500 രൂപ വെച്ചാണ് കൊടുക്കുക. അത് കിട്ടുമ്പോള്‍ അവര്‍ക്ക് വല്യ കാര്യമായിരുന്നു. പിന്നെ കൂടുതല്‍ ആളുകളെ സഹായിക്കാന്‍ മറ്റുള്ളവര്‍ക്കിടയില്‍ ഒരു മീഡിയേറ്ററായിട്ടു പ്രവര്‍ത്തിച്ചു തുടങ്ങി. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ പേര്‍ സഹായിക്കാന്‍ മുന്നോട്ട് വന്നു.

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ എനിക്ക് നേഴ്സാവണം എന്നു ഭയങ്കര ആഗ്രഹമായിരുന്നു. വലുതായിട്ട് ആരാവണം എന്നു ചോദിക്കുമ്പോള്‍ എനിക്ക് നേഴ്സായാല്‍ മതിയെന്ന് ഞാന്‍ പറയുമായിരുന്നു. ഏതൊരു ആശുപത്രിയില്‍ പോയാലും ഞാന്‍ നേഴ്സുമാരുടെ പിറകില്‍ പോയി നില്‍ക്കും. വെള്ളക്കുപ്പായമിട്ട് അവരിങ്ങനെ പോകുന്നത് കാണുന്നത് തന്നെ വല്യ ഇഷ്ടമായിരുന്നു എനിക്ക്. അതിങ്ങനെ മനസ്സില്‍ ഉള്ളത് കൊണ്ടാണ് ഈ ഫീല്‍ഡ് തന്നെ തിരഞ്ഞെടുത്തത്. അതിന് വേണ്ടി പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്തു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ നേഴ്സിംഗിന് വേണ്ടി ശ്രമിച്ചു. പക്ഷേ അന്ന് മാര്‍ക്ക് കുറവായതു കൊണ്ടും അവര് പറഞ്ഞ ഡൊണേഷന്‍ ഒന്നും കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടും അത് നടന്നില്ല. പാവപ്പെട്ട കുടുംബമായിരുന്നു ഞങ്ങളുടേത്. എന്നാലും ഞാന്‍ ആ മേഖല തന്നെ തിരഞ്ഞെടുത്തു. രാമനാട്ടുകര എല്‍സിഎം കോളേജില്‍ മിഡ് വൈഫറി കോഴ്സിന് ചേര്‍ന്നു. അതാകുമ്പോള്‍ ചെറിയ ഫീസ് മതിയായിരുന്നു. എന്നാലും ഈ ജോലി തന്നെയാണല്ലോ. ഈ യൂണിഫോം ഇടാലോ. പതിനാല് വര്‍ഷമായിട്ടു ഞാന്‍ കോയാസ് ഹോസ്പിറ്റലിലാണ് വര്‍ക്ക് ചെയ്യുന്നത്."സാമൂഹ്യസേവനത്തിന് ജീവിതം സമര്‍പ്പിക്കുന്നവര്‍ക്ക് പലപ്പോഴും സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമൊക്കെ ഒരുപാട് എതിര്‍പ്പുകളെയും അപവാദങ്ങളെയും അതിജീവിക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ചു അതൊരു സ്ത്രീ കൂടിയാകുമ്പോള്‍. മുസ്ലിം സമുദായത്തിലെ സ്ത്രീ ആകുമ്പോള്‍ അതിന്‍റെ തീവ്രത പിന്നേയും കൂടും. നര്‍ഗീസിനും അതുപോലെ ഒരുപാട് എതിര്‍പ്പുകളെ മറികടക്കേണ്ടി വന്നിട്ടുണ്ട്. തുടക്കകാലത്ത് നര്‍ഗീസിന്‍റേത് ഒരു ഒറ്റയാള്‍ പോരാട്ടം തന്നെയായിരുന്നു."കല്യാണത്തിന് മുമ്പൊക്കെ ചെറുതായിട്ടു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു. നാട്ടുകാരും ബന്ധുക്കളുമൊക്കെ എന്നെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്നൊക്കെ വിളിച്ച് പറഞ്ഞിട്ടു എന്‍റെ അനിയന്‍മാര് എന്‍റടുത്തു വഴക്കുണ്ടാക്കാന്‍ വരുമായിരുന്നു. നീ എന്തിനാ ഇങ്ങനെ തെണ്ടി നടക്കുന്നത്, നിനക്ക് ജോലി കഴിഞ്ഞാല്‍ നേരെ ഇങ്ങോട്ട് വന്നാല്‍ പോരെ എന്നൊക്കെ പറയും. അവര്‍ക്ക് എന്നെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അനിയന്‍മാര്‍ ആദ്യമൊക്കെ ഭയങ്കര ദേഷ്യമായിരുന്നു. ചിലപ്പോ ലേറ്റായിട്ടൊക്കെ വരേണ്ടി വരും. ചില പേഷ്യന്‍റ് ഐസിയുവിലൊക്കെയാവുമ്പോള്‍ രാത്രിയിലൊക്കെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി ഓടും. അവര്‍ക്കതൊന്നും അംഗീകരിക്കാന്‍ പറ്റില്ല. അവളെന്താ ഇങ്ങനെ എന്നൊക്കെ ചോദിച്ചിട്ട് അവര്‍ പ്രശ്നമുണ്ടാക്കും. ഒരു രണ്ടു വര്‍ഷം മുന്‍പ് വരെ വീട്ടില്‍ ഭയങ്കര പ്രശ്നമായിരുന്നു. ഉപ്പ എന്നോട് മിണ്ടാറില്ലായിരുന്നു. അന്നൊക്കെ ഒരുപാട് സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇങ്ങനെ നടക്കുന്നതെന്ന്. ഭ്രാന്തുണ്ടോ എന്നൊക്കെ. ഇപ്പോ എല്ലാവരും എന്‍റെ വഴിക്കു വന്നു. ഞാന്‍ എന്താണെന്ന് അവര്‍ക്കിപ്പോള്‍ അറിയാം. ആദ്യമൊന്നും അവര്‍ക്കതിന് പറ്റിയിരുന്നില്ല.കഴിഞ്ഞ മാസം ഒരു കാസര്‍ഗോട്ടുകാരന് ഓട്ടോറിക്ഷ കൊടുക്കാന്‍ ഉണ്ടായിരുന്നു. ചെറിയ അനിയന്‍ ഓട്ടോഡ്രൈവറാണ്. അവന്‍റെ കെയറോഫിലാണ് ഞാന്‍ ഇവിടുന്ന് ഓട്ടോ വാങ്ങിയത്. അത് അവിടെ എത്തിക്കാന്‍ അവനും കൂടെ പോയിരുന്നു. ആദ്യായിട്ടാണ് ഇങ്ങനെ ഒരു സപ്പോര്‍ട്ട് അവനില്‍ നിന്നു കിട്ടുന്നത്. ഇപ്പോ ശരിക്കും പറഞ്ഞാല്‍ അവര്‍ എന്നെ റെസ്പെക്ട് ചെയ്യുന്നുണ്ട്. ഫേസ്ബുക്കില്‍ എന്‍റെ പോസ്റ്റുകളൊക്കെ ഒരുപാട് ഷെയര്‍ ചെയ്തു പോകുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് ഇപ്പോ കുറെയൊക്കെ കാര്യങ്ങള്‍ അറിയാം. ഫേസ്ബുക്കില്‍ കൂടുതല്‍ ആക്ടീവ് ആയതിനു ശേഷമാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നത്. ആദ്യ കാലത്തൊക്കെ എന്റെ പ്രവര്‍ത്തിയെ സംശയത്തോടെ കാണുമായൊരുന്നു. നിങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രേ ചെയ്യുള്ളൂ എന്നു ചോദിച്ച വര്‍ഗീയ വിഷപ്പാമ്പുകളും ഉണ്ടായിരുന്നു. മുസ്ലിം, ഹിന്ദു അങ്ങനെ ഒന്നും ഇല്ല. നമ്മളോട് ആരാണ് സഹായം ചോദിക്കുന്നത് അവര്‍ക്ക് വേണ്ടി സഹായം ചെയ്തു കൊടുക്കും. ഞാനൊരു മുസ്ലിം ആയതുകൊണ്ട് എന്നോടു ആരും സഹായം ചോദിക്കാതിരുന്നിട്ടില്ല. എഫ് ബിയില്‍ ആ രീതിയിലൊക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ മറുപടി കൊടുക്കണ്ട. ആരെങ്കിലും അതിനുള്ള, മറുപടി കൊടുത്തോളും. ഫേസ്ബുക്കില്‍ എന്റെ നമ്പര്‍ ഞാന്‍ ഇട്ടിട്ടുണ്ട്, ആരും മോശമായ രീതിയില്‍ ഇത് വരെ വിളിച്ചിട്ടില്ല. സഹായം ചോദിച്ചു കൊണ്ട് ഒരുപാട് കോളുകള്‍ വരാറുണ്ട്. മറ്റ് ജില്ലകളില്‍ നിന്നൊക്കെ ആളുകള്‍ ഇങ്ങോട്ട് വിളിക്കുന്നതാണ്. വിളിച്ചിട്ടു അവര്‍ പറയും, ഞങ്ങളെ ഒന്നു കാണാന്‍ വരണം എന്ന്‍. അപ്പോള്‍ ഞാന്‍ പോകും. ആലപ്പുഴയിലും കൊല്ലത്തും ഒക്കെ എത്തുന്നത് അങ്ങനെയാണ്.""എപ്പോഴും നാട്ടിലെ സുഹൃത്തുക്കളേക്കാള്‍ സഹായിക്കുന്നത് പ്രവാസി സുഹൃത്തുക്കളാണ്. അതും വലിയ സാമ്പത്തികം ഉള്ളവരൊന്നും അല്ല. മിക്കവരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ കിട്ടുന്നതില്‍ നിന്നും മിച്ചം വെച്ചിട്ടാണ് സഹായിക്കുന്നത്. അതുകൊണ്ട് ആ പൈസക്ക് വലിയ വാല്യു ഉണ്ട്. പേര് പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരും പലപ്പോഴും സഹായിക്കാറുണ്ട്. ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടു കഴിഞ്ഞാല്‍ ഞാന്‍ സഹായം ആവശ്യമുള്ളവരുടെ ബാങ്ക് ഐഡി കൊടുക്കും. ചിലര്‍ അതിലേക്കു നേരിട്ടു പൈസ അയയ്ക്കും. കൊടുക്കണം എന്നു പറഞ്ഞിട്ട് എന്നെ ഏല്‍പ്പിക്കുന്നവരുണ്ട്. വയനാട്ടില്‍ രണ്ടു മൂന്നു കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഒരാള്‍ ഹോട്ടല്‍ മാനേജ്മെന്റ്റിനും ഒരു കുട്ടി ഡിഗ്രിക്കും വേറൊരു കുട്ടി പ്ലസ്ടുവിനും പഠിക്കുന്നു. സാമ്പത്തികമായി ഞാന്‍ അല്ല ചെയ്യുന്നത്. വേറെ ആളുകളെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കുന്നതാണ്. പലഹാരം ഉണ്ടാക്കി വില്‍ക്കുന്ന ഒരു ഉമ്മയെ കുറിച്ച് ഞാന്‍ പോസ്റ്റ് ഇട്ടപ്പോള്‍ ഒരാള്‍ അങ്ങനെ സഹായിച്ചിട്ടുണ്ട്. അവര്‍ രാവും പകലും പലഹാരം ഉണ്ടാക്കി വിറ്റിട്ടാണ് മക്കളെ പഠിപ്പിച്ചതും രണ്ട് പെണ്‍മക്കളെ കെട്ടിച്ചയച്ചതും. 6000 രൂപ വാടകയ്ക്കാണ് അവര്‍ താമസിച്ചിരുന്നത്. ഒരു വീട് വെക്കാന്‍ വേണ്ടിയുള്ള സ്ഥലത്തിന് വേണ്ടി അവര്‍ ഒന്നര ലക്ഷം രൂപ സ്വരൂപിച്ചു. ബാക്കി വരുന്ന തുകയ്ക്കു വേണ്ടി അവര്‍ പലരെയും സമീപിച്ചു. യാദൃശ്ചികമായി അവിടെ എത്തിയ ഞാന്‍ ഈ ഉമ്മയുടെ വിഷമങ്ങള്‍ അറിഞ്ഞു പോസ്റ്റ് ഇടുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വിളിച്ചിട്ട് എന്‍റടുത്തു ചോദിച്ചു, ഇനി എത്ര പൈസ വേണം അവര്‍ക്കെന്ന് അന്വേഷിക്കാന്‍, രണ്ടര ലക്ഷം രൂപ വേണമായിരുന്നു അവര്‍ക്ക്. ഒരുപാട് പേര്‍ ചെയ്യും എന്നു പറഞ്ഞാലും ചെയ്യാതെ ചീറ്റ് ചെയ്യുന്നവരുണ്ട്. എന്നാല്‍ ഈ മനുഷ്യന്‍ ഞാന്‍ അട്ടപ്പാടിയില്‍ പോയിവരുമ്പോള്‍ പെരിന്തല്‍മണ്ണ വെച്ച് എന്നെ കാണുകയും ചെക്ക് എഴുതി തരികയും ചെയ്തു. പ്രതീക്ഷിക്കാത്ത ഒരനുഭവം ആയിരുന്നു അത്. നമ്മള്‍ ചെയ്യും എന്നു വിചാരിച്ചവരായിരിക്കില്ല ചിലപ്പോള്‍ സഹായം ചെയ്യുന്നത്.

സുവര്‍ണ്ണ എന്ന ഒരു കുട്ടിയുടെ കല്യാണമാണ് ജനുവരിയില്‍. ഒരു പണത്തൂക്കം സ്വര്‍ണ്ണം പോലും വാങ്ങിക്കാനുള്ള അവസ്ഥയല്ല അവളുടേത്. ഓലവീടാണ്. ഇന്ന് അത്തരം വീടുകള്‍ കാണാന്‍ തന്നെ പാടാണ്. ഭയങ്കര ടെന്‍ഷന്‍ ആയിട്ടാണ് ആ കുട്ടി എന്നെ വിളിക്കുന്നത്. ഇതാണെന്റെ വീട്, ഇതാണെന്റെ അവസ്ഥ എന്നൊക്കെ പറഞ്ഞിട്ട് തുടര്‍ച്ചയായി എനിക്കു മെസ്സേജ് അയക്കുമായിരുന്നു. നിരന്തരം വിളിച്ചപ്പോഴാണ് ഞാന്‍ പോയി നോക്കിയത്. അപ്പോ എനിക്കു അവിടത്തെ അവസ്ഥ മനസ്സിലായി. പോസ്റ്റ് ഇട്ടപ്പോള്‍ കുറച്ചു പേര്‍ സഹായിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്.""ഇനിയും കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരു കിണര്‍ പണി പൂര്‍ത്തിയായി വരുന്നുണ്ട്. വേറൊരെണ്ണം ഏറ്റെടുത്തിട്ടുണ്ട്. ഒരു മോള് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജ്ജറിക്ക് പോയിട്ടുണ്ട്. കുറച്ചുകൂടെ പൈസ വേണം. നട്ടെല്ല് വളഞ്ഞുപോയതാണ്. തിരുവനന്തപുരത്ത് മാത്രമേ ചെയ്യാന്‍ പറ്റൂ എന്നു പറഞ്ഞതുകൊണ്ടാണ് അവിടെ പോയത്. വീടുപണി പകുതിയില്‍ ആയിട്ട് മുന്നോട്ട് പോകാനാവാതെ നില്‍ക്കുന്നവരെ സഹായിക്കാറുണ്ട്. അങ്ങനെ പകുതി പണി പൂര്‍ത്തിയായ അഞ്ചാറ് വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചിട്ടുണ്ട്. ആറോളം കല്യാണത്തിന് കുറച്ചു സ്വര്‍ണവും മറ്റും കൊടുത്തു സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാം സുഹൃത്തുക്കളോട് പറഞ്ഞു ചെയ്യിക്കുന്നതാണ്. നമ്മള്‍ ഇതില്‍ വെറും മീഡിയേറ്റര്‍ മാത്രമാണ്. ഞാന്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവര്‍ സഹായം അര്‍ഹിക്കുന്നവരാണ് എന്ന തോന്നല്‍ ഉള്ളത് കൊണ്ടാണ് മറ്റുള്ളവര്‍ സഹായിക്കുന്നത്.'ആദ്യമൊക്കെ കാല്‍നടയായും ബസ്സിലുമൊക്കെയാണ് രോഗികളുടെ അടുത്തേക്കും മറ്റും പോയിരുന്നത്. പിന്നീട് ലോണെടുത്ത് ഒരു ജൂപ്പിറ്റര്‍ വാങ്ങുകയായിരുന്നു. കിടപ്പിലായ രോഗികളെ ആശുപത്രിയിലും മറ്റും എത്തിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി കുറച്ചു സുഹൃത്തുക്കള്‍ ഒരു വാട്സാപ് ഗ്രൂപ് ഉണ്ടാക്കി പൈസ കളക്ട് ചെയ്തു ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്. പഴയ ഡ്രസ്സുകള്‍ ശേഖരിച്ചു വയനാട്ടിലെയും അട്ടപ്പാടിയിലെയും ഗുണ്ടല്‍പെട്ടിലെയുമൊക്കെ ആദിവാസി ഊരുകളില്‍ എത്തിച്ച് കൊടുക്കാറുണ്ട് നര്‍ഗീസും കൂട്ടുകാരും. ഇങ്ങനെ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ കോഴിക്കോടുള്ള കുറച്ചു സുഹൃത്തുക്കളുടെ കടകളിലും ജോലിചെയ്യുന്ന ആശുപത്രിയിലെ ഹോസ്റ്റലിലും ഒക്കെയാണ് സൂക്ഷിച്ചിരുന്നത്. ഹോസ്റ്റലില്‍ ഇതൊന്നും ഡമ്പ് ചെയ്യരുത് എന്നു പറഞ്ഞതോടെ അവിടെ നിന്നും മാറ്റേണ്ടിവന്നു. ഡാമേജായ വസ്ത്രങ്ങള്‍ കൊടുത്ത് ചില കടക്കാരും നര്‍ഗീസിനെ ഈ ഉദ്യമത്തില്‍ പിന്തുണക്കാറുണ്ട്. ഇങ്ങനെ കിട്ടുന്ന വസ്ത്രങ്ങള്‍ തരംതിരിച്ച് ഉപയോഗയോഗ്യമായത് ആവശ്യമുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.

സഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ കഴിയാതെ വരുന്നതാണ് നര്‍ഗീസിനെ സംബന്ധിച്ച് ഏറ്റവും വിഷമം ഉള്ള കാര്യം. വയനാട്ടില്‍ ഒരു മൂന്നുവയസ്സുള്ള കുഞ്ഞിനു ബ്ലഡ് ക്യാന്‍സര്‍ ആയിട്ട് മജ്ജ മാറ്റിവെക്കണമായിരുന്നു. കുഞ്ഞിന്റെ വീട്ടുകാര്‍ വിളിച്ചിട്ടു നര്‍ഗീസ് അവിടെ പോയി കുഞ്ഞിനെ കണ്ടു. മജ്ജ മാറ്റിവെക്കാന്‍ 35 ലക്ഷം രൂപ ചിലവ് വരും. അത് പോസ്റ്റ് ചെയ്തപ്പോള്‍ ആരും സഹായിക്കാന്‍ മുന്നോട്ട് വന്നില്ല."ചെറിയ കേസാണെങ്കില്‍ ആരെങ്കിലും ഏറ്റെടുത്തു ചെയ്തു തരും. അവര്‍ നിരന്തരം എന്നെ വിളിച്ചിട്ടാണ് ഞാന്‍ അവിടെ പോയതും അവരെ കണ്ടതും ഒക്കെ. എന്നെ അവര്‍ വിളിക്കുന്നത് ഒരു പ്രതീക്ഷയിലാണ്. ഞാന്‍ എന്തെങ്കിലും ചെയ്താല്‍ ആരെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയില്‍, പക്ഷേ ഞാന്‍ പോസ്റ്റ് ഇട്ടിട്ട് ഒന്നും കിട്ടിയില്ല, അത് വല്യ വിഷമമാണ്."

ഒരാള്‍ക്ക് ആരെയെങ്കിലും സഹായിക്കാന്‍ ഒരു സംഘടനയുടെയും ലേബല്‍ ആവശ്യമില്ലെന്നും സഹായിക്കാനുള്ള മനസ്സുണ്ടായാല്‍ മതിയെന്നും തെളിയിക്കുകയാണ് സ്വന്തം പ്രവര്‍ത്തിയിലൂടെ നര്‍ഗീസ്. മാത്രമല്ല ഫേസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമം എങ്ങനെ മറ്റുള്ളവര്‍ക്ക് ഗുണകരമാവുന്ന രീതിയില്‍ ഉപയോഗിക്കാം എന്നും അവര്‍ കാണിച്ചു തരുന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് ആരോഗ്യമുള്ള കാലത്തോളം അത് ചെയ്യാന്‍ കഴിയണം എന്നാണ് നര്‍ഗീസിന്‍റെ ഏറ്റവും വലിയ ആഗ്രഹം.ആറിലും ഏഴിലും പഠിക്കുന്ന രണ്ടു മക്കളെയും നര്‍ഗീസിന്‍റെ ഉമ്മയും ബാപ്പയുമാണ് നോക്കുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി ഓടുന്നതിനിടയില്‍ നര്‍ഗീസിന് പലപ്പോഴും മക്കള്‍ക്ക് വേണ്ടി സമയം നീക്കിവെക്കാന്‍ കഴിയാറില്ല.

"കുട്ടികള്‍ക്ക് എന്നെ മിസ് ചെയ്യേണ്ടതാണ്. അവരത് പുറത്തു കാണിക്കാറൊന്നും ഇല്ല. അവര്‍ക്കത് ശീലമായിട്ടുണ്ടാവും കുറെ വര്‍ഷമായില്ലേ അവരിത് കാണുന്നു."

വയനാട്ടില്‍ മെക്കാനിക്കായി ജോലിചെയ്യുന്ന ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും പൂര്‍ണ്ണ പിന്തുണയും ഉണ്ട് നര്‍ഗീസിന്. ജോലി ചെയ്യുന്ന കോയാസ് ഹോസ്പിറ്റലില്‍ ഇപ്പോള്‍ നല്ല സഹകരണം നര്‍ഗീസിന് കിട്ടുന്നുണ്ട്. എല്ലാറ്റിനും അപ്പുറം ഫേസ്ബുക്കിലെ പ്രവാസികളും അല്ലാത്തവരുമായ കൂട്ടുകാരാണ് നര്‍ഗീസ് എന്ന സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് കരുത്ത് പകരുന്നത്.

"എനിക്ക് വല്യ വല്യ ആഗ്രഹങ്ങളൊന്നും ഇല്ല. ആരോഗ്യം ഉള്ള കാലത്ത് കഴിവിന്‍റെ പരമാവധി ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നുള്ളതാണ്. ഒരാഗ്രഹം ഉണ്ടായിരുന്നു. തുറന്നിട്ട വാതിലുകള്‍ ഉള്ള ഒരു വീട് എപ്പോഴും ആര്‍ക്കും വരാവുന്ന രീതിയില്‍ ഒന്ന്...."

നര്‍ഗ്ഗീസ് പറഞ്ഞു നിര്‍ത്തുന്നു.(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)


Next Story

Related Stories