TopTop
Begin typing your search above and press return to search.

ജത്പനങ്ങളുടെ താരോദയം- പങ്കജ് മിശ്ര എഴുതുന്നു

ജത്പനങ്ങളുടെ താരോദയം- പങ്കജ് മിശ്ര എഴുതുന്നു

അത്യധിക രാജ്യസ്‌നേഹമെന്ന വ്യാജേന പുറത്തുവരുന്ന ചില ജത്പനങ്ങള്‍ ലോകത്തെ രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങളില്‍ മുഖ്യധാരയില്‍ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിരക്കാരനായ ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കന്‍ കുടിയേറ്റക്കാരെ 'ബലാത്സംഗക്കാര്‍' എന്നു വിളിച്ചത് പൊതുസംവാദങ്ങളിലെ സംസ്‌കാരശൂന്യതയ്ക്ക് പുതിയ ഉദാഹരണമായി. അതേസമയം ബീഫ് ഉപേക്ഷിക്കാതെ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനാവില്ലെന്നു പറഞ്ഞ് ഇന്ത്യയിലെ ഒരു സമ്പന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി രാഷ്ട്രീയ സംസ്‌കാരത്തിന്റെ ജീര്‍ണതയുടെ ആഴം കാണിച്ചുതന്നു.

നിങ്ങള്‍ക്ക് തീരെ അന്തസ്സില്ലേയെന്ന് ആരെങ്കിലും ചോദിക്കുന്നതോടെ ഇത്തരക്കാരുടെ ജത്പനങ്ങള്‍ അവസാനിക്കുമെന്ന് കരുതാമെങ്കിലും ഇവര്‍ക്കു ലഭിക്കുന്ന ജനപിന്തുണ ആശങ്കാജനകമാണ്. ജനാധിപത്യ മൂല്യങ്ങളുടെ മേലും സംസ്‌കാരത്തിന്റെ മേലും വലിയൊരു ആക്രമണം നടക്കുന്നു എന്നാണ് ഈ പിന്തുണ സൂചിപ്പിക്കുന്നത്.

വെറുപ്പും വിദ്വേഷവും തുപ്പുന്ന ആളുകള്‍ പരമ്പരാഗത, നവമാധ്യമങ്ങളില്‍ സാധാരണ കാഴ്ചയായിയിരിക്കുന്നു. യുക്തിയില്ലായ്മയുടെ ഈ കാലാവസ്ഥ ഉപയോഗിച്ച് ഇന്ത്യയില്‍ അക്രമാസക്തമായ ആള്‍ക്കൂട്ടങ്ങളും അമേരിക്കയില്‍ കൂട്ടക്കൊലയാളികളും തഴച്ചുവളരുന്നു. പല ആളുകള്‍ക്കും സുഹൃത്തുക്കള്‍, ശത്രുക്കള്‍, സംഘവിധേയത്വം, ദേശദ്രോഹം എന്നിങ്ങനെ വകതിരിച്ചുമാത്രമേ കാര്യങ്ങളെപ്പറ്റി ചിന്തിക്കാനാകുന്നുള്ളൂ. അധിക്ഷേപങ്ങളോടുള്ള അവരുടെ പ്രതിപത്തി യുക്തിസഹമായ ചര്‍ച്ചകളുടെ സാധ്യത തന്നെ ഇല്ലാതാക്കുന്നു.

തുറന്ന ചര്‍ച്ചകളുടെ അഭാവത്തില്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങളും നുണകളും പടരുകയും പലതും വ്യാപകമായ സ്വീകാര്യത നേടുകയും ചെയ്യുന്നു. ഒബാമ ഒരു മുസ്ലീമാണെന്ന വ്യാജപ്രചാരണത്തിന് ഇന്ന് ഇന്ത്യയുടെ പൊതുമണ്ഡലത്തില്‍ വിവിധ പ്രാദേശിക വ്യാഖ്യാനങ്ങളുണ്ട്. ആധുനിക വിവരസാങ്കേതികവിദ്യകളും സംഘബലവും ഇത്തരം പ്രചാരണങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. മികച്ച സാങ്കേതിക, ശാസ്ത്രീയ പരിശീലനം നേടിയ ഇന്ത്യക്കാരാണ് യുക്തിരഹിതരുടെ ഈ സൈന്യത്തെ നയിക്കുന്നത്. ഇവരുടെ എണ്ണം തീരെക്കുറവല്ലതാനും.

അനാവശ്യമായ അവിശ്വാസവും സംശയവും വളര്‍ത്തി മുതലെടുക്കുന്ന ഇത്തരം രാഷ്ട്രീയത്തിന്റെ പ്രചാരകര്‍ക്കു ഭീഷണിയാകുന്നത് അസ്ഥിരവും അസന്തുലിതവുമായ സാമ്പത്തിക വളര്‍ച്ചയാണ്. നല്ലൊരു ഭാവിയെന്ന വിശ്വാസം കഴിഞ്ഞ ദശാബ്ദത്തില്‍ തീര്‍ത്തും ദുര്‍ബലമായിരിക്കുന്നു.പക്ഷേ ഭൗതിക താത്പര്യങ്ങളോ സാമ്പത്തികപ്രശ്‌നങ്ങളോ അഭ്യസ്തവിദ്യര്‍ അടക്കമുള്ളവരുടെ മൃഗീയ അധികാര ആരാധനയെ മുഴുവന്‍ വിശദീകരിക്കുന്നില്ല. കൂടുതല്‍ ആഴത്തിലുള്ള മാനസിക, രാഷ്ട്രീയ ബലതന്ത്രത്തെ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ ആധുനികീകരിക്കപ്പെടുന്ന രാജ്യങ്ങളില്‍.

സാമ്പത്തിക അനിശ്ചിതത്വവും ആള്‍ക്കൂട്ട സംസ്‌കാരവും വ്യക്തി വികാസത്തിന്റെയും വികസനത്തിന്റെയും പരമ്പരാഗത ക്രമങ്ങളില്‍ അടിസ്ഥാനമാറ്റം വരുത്തും. ഉദാഹരണത്തിന്, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താനാകാത്ത പിതാവിന് മക്കളുടെ മേലുള്ള അധികാരവും നഷ്ടപ്പെടുന്നു.

പരമ്പരാഗത കുടുംബാധിഷ്ഠിത അധികാരത്തിന്റെ തകര്‍ച്ച 'അധികാരകേന്ദ്രീകൃത വ്യക്തിത്വത്തെ' സൃഷ്ടിക്കുന്നുവെന്നാണ് ഫ്രാങ്ക്ഫര്‍ട് ചിന്താധാര പിന്തുടരുന്ന സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്നത്. സ്തുതിപാഠകരിലും സ്വന്തം കുടിലോക്തികളിലും അഭിരമിക്കുന്ന അപക്വവ്യക്തിത്വമായിരിക്കും ഫലം.

സ്വയം നിയന്ത്രണം നഷ്ടമാകുന്നതും മാനസിക ദൗര്‍ബല്യവും തമ്മില്‍ ഏറെ ബന്ധമുണ്ട്. പക്വതയോടെ പ്രതികരിക്കാനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമുള്ള ശേഷി നല്‍കുന്ന ജീവിത പ്രക്രിയകളിലൂടെ കടന്നുപോകാത്ത, അര്‍ദ്ധവിദ്യസ്ഥരായ അസംസ്‌കൃതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ പൊതുമണ്ഡലം. നഗരവത്കരണവും സാങ്കേതികവിദ്യയും അവര്‍ക്ക് സ്വയം വെളിപ്പെടുത്താനുള്ള അവസരങ്ങള്‍ നല്കുന്നു. സാമൂഹിക ഇടകലരലിന്റെ കടുത്ത സമ്മര്‍ദങ്ങളില്‍ ആശയക്കുഴപ്പം നിറഞ്ഞ ഒറ്റപ്പെട്ട വ്യക്തിത്വങ്ങളെ ഇത് പുറത്തുകാണിക്കുകയും ചെയ്യുന്നു.

മാധ്യമങ്ങള്‍, ജനപ്രിയ സംസ്‌കാരം, പൊള്ളയായ വാചകമടിക്കാര്‍ എന്നിവയെല്ലാം ഇത്തരക്കാരുടെ ശിശുസഹജമായ മാനസിക ആശ്രിതത്വത്തെ ഉപയോഗിക്കുകയും അവരുടെ സങ്കല്‍പങ്ങളെ വിവിധതരം അയഥാര്‍ത്ഥ ശത്രുക്കളെക്കൊണ്ട് നിറയ്ക്കുകയും ചെയ്യും: കുടിയേറ്റക്കാര്‍, മുസ്ലിങ്ങള്‍, ഉത്പതിഷ്ണുക്കള്‍, അവിശ്വാസികള്‍, ബീഫ് കഴിക്കുന്നവര്‍, മാധ്യമങ്ങള്‍ പിന്നെ ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതുപോലെ മുസ്ലീം പേരുള്ള എഴുത്തുകാരും അഭിനേതാക്കളും.

അതാര്യമായ ലോകവുമായി കൂട്ടിമുട്ടുന്ന അവികസിതമായ മനസ് തന്റേതായ കല്‍പനകളാല്‍ അതിനെ നിറയ്ക്കും: വലിയ ചതികള്‍ നിറഞ്ഞ വിചിത്രമായ ചരിത്രങ്ങള്‍. വില്ലാളിവീരനായ നേതാവായും സ്വയം ഈ മനസ് സ്വയം സങ്കല്‍പിക്കും.അനുയായികളുടെ മാനസിക ദൗര്‍ബല്യങ്ങളില്‍ ഉടലെടുക്കുന്ന അതിമാനുഷിക ഗുണങ്ങളുടെ അതിഭാവുകത്വത്തില്‍ കരുത്തനായ നേതാവ് ഭീമാകാരനാകും. ട്രംപ് ഉദാഹരണം. ഉളുപ്പില്ലാതെ എന്തും പറയുന്നവനുമായുള്ള താദാത്മ്യം ചെറിയ മനുഷ്യര്‍ക്ക് ആത്മരതിയുടെ സുഖം നല്കുന്നു. രാഷ്ട്രീയം അയാളെ സംബന്ധിച്ച് സംസ്‌കാര സമ്പ്രദായങ്ങളുടെ കശാപ്പായി മാറുന്നു. പരാജയങ്ങളുടെയും മറ്റുള്ളവരുടെ മുന്നിലെ ചെറുതാകലിന്റെയും ലോകത്തുനിന്ന് അല്‍പം ആശ്വാസം.

വര്‍ണാഭമായ അധികാര കല്‍പനകള്‍ പതിച്ചുകൊടുത്ത നേതാവ്, ഭക്തരുടെ ഇഴഞ്ഞുവണങ്ങുന്ന ആശ്രിത ബന്ധം വിച്ഛേദിക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് ഇവരില്‍പ്പെടാതെ അവശേഷിക്കുന്നവരുടെ പ്രശ്‌നം. ഈ ബന്ധം നിലനില്‍ക്കുന്നതുകൊണ്ടാണ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ ചിന്തകള്‍ക്ക് ട്രംപിനെ മയപ്പെടുത്താനാകാത്തത്. തന്റെ അനുയായികളെ എതിര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിയാതെ വരുന്നതും ഇതുകൊണ്ടുതന്നെ.

പൊതുജീവിതത്തില്‍ ഇങ്ങനെ വിഷം കുത്തിവയ്ക്കുന്നതിന്റെ വിശാലമായ പ്രത്യാഘാതങ്ങള്‍ കണക്കുകൂട്ടാവുന്നതിലും അപ്പുറമാണ്. ധാര്‍മിക നിയന്ത്രണത്തിന്റെ തകര്‍ച്ചയുമായി തട്ടിച്ചുനോക്കിയാല്‍, അമേരിക്കയിലെയും ഇന്ത്യയിലെയും നിയമനിര്‍മാണ സഭകളുടെ പിടിപ്പുകേട് എത്രയോ നിരുപദ്രവകരമാണ്.

എന്തെന്നാല്‍ അസംബന്ധ ജത്പനക്കാര്‍ ജനാധിപത്യത്തിന്റെ പ്രധാന താങ്ങായ ഒത്തുതീര്‍പ്പിന്റെ മധ്യമാര്‍ഗം നശിപ്പിക്കുക മാത്രമല്ല എഡ്മണ്ട് ബര്‍ക് വിശേഷിപ്പിച്ചതുപോലെ പൊതുജീവിതത്തിന്റെ മാന്യമായ തിരശീലയെ കീറിയെറിയുകയും ചെയ്യുന്നു.

മനുഷ്യര്‍ തമ്മിലും പൗരന്മാരും സര്‍ക്കാരുകളും തമ്മിലുമുള്ള ഒരു ലോലമായ വലയാണ് രാഷ്ട്രീയ സംസ്‌കാരം. ഇത്തരം വെറുപ്പിന്റെ ഉന്‍മാദത്തില്‍ നിന്നും അത് എളുപ്പത്തില്‍ തിരിച്ചുവന്നതായി അറിവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories