Top

അങ്ങനെ 'ഏതോ ഒരു പിള്ള'യും പ്രതിമയായി!

അങ്ങനെ
ലോ അക്കാദമി സമരം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് പിഎസ് നടരാജപിള്ളയെന്ന പേര് കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കാക്കാന്‍ തുടങ്ങിയത്. ഐക്യ കേരളത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും പിന്നീട് ലോക്‌സഭാംഗവുമൊക്കെയായിരുന്ന അദ്ദേഹത്തെ 'ഏതോ ഒരു പിള്ള'യെന്ന് പിണറായി വിജയന്‍ വിളിച്ചത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുകയും ചെയ്തു. എന്നിരിക്കിലും അമ്പതാണ്ടുകള്‍ പിന്നിലേക്ക് ചരിത്രപുസ്തകത്തെ മറിയ്ക്കാന്‍ മലയാളികളെ ഇത് പ്രേരിപ്പിച്ചു.പിണറായിയെ വിമര്‍ശിക്കാന്‍ വേണ്ടിയെങ്കിലും നമ്മളെല്ലാം അന്ന് നടരാജപിള്ളയാരാണെന്ന് അന്വേഷിക്കുകയും ചെയ്തു.

അദ്ദേഹം വഹിച്ചിരുന്ന പദവികളും ഭൂപരിഷ്‌കരണത്തില്‍ അദ്ദേഹത്തിനുണ്ടായ പങ്കുമെല്ലാം അക്കമിട്ട് നിരത്തി പിണറായി പിള്ളയെ മറക്കാന്‍ പാടില്ലായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച മലയാളികള്‍ യഥാര്‍ത്ഥത്തില്‍ അപ്പോഴല്ലെ പിള്ളയെക്കുറിച്ച് ഓര്‍ത്തത് തന്നെ. രാഷ്ട്രീയ, സാമൂഹിക കേരളത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറ പാകിയ വ്യക്തികളില്‍ ഒരാളായ അദ്ദേഹത്തെ ഇത്രയും കാലം മലയാളികള്‍ പിന്നെ ഓര്‍ക്കാതെ പോയതെന്താണ്. ഒടുവില്‍ ഒരു പിണറായിക്കാരന്‍ വിജയന്‍ മുഖ്യമന്ത്രിയാകുകയും അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ ഏതൊ ഒരു പിള്ളയെന്ന് പറയുകയും ചെയ്തപ്പോള്‍ കക്ഷി, രാഷ്ട്രീയ ഭേദമന്യേ വിമര്‍ശിക്കാന്‍ വേണ്ടി തന്നെ ഏതോ ഒരു പിള്ളയെ നമ്മുടെ നേതാക്കള്‍ കൊണ്ടു നടന്നു. പിണറായിയ്ക്ക് ചരിത്രബോധമില്ലെന്ന് സ്ഥാപിക്കുകയും ചെയ്തു.

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിയുന്നതിന് മുന്നോടിയായി വിഎം സുധീരന്‍ പോയത് പേരൂര്‍ക്കടയിലെ പിഎസ് നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കായിരുന്നു. അവിടെ പുതുതായി സ്ഥാപിച്ച നടരാജപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്യുക എന്ന ചരിത്രപരമായ കടമ നിര്‍വ്വഹിക്കുകയായിരുന്നു ലക്ഷ്യം. സോഷ്യലിസ്റ്റ് നേതാവും പിന്നീട് കോണ്‍ഗ്രസുകാരനുമായ പിഎസ് നടരാജപിള്ളയെ ഓര്‍മ്മിക്കാന്‍ കോണ്‍ഗ്രസിന് അഞ്ച് പതിറ്റാണ്ടോളം വേണ്ടി വന്നു. അല്ലെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ഇന്നേവരെ അദ്ദേഹത്തിന് വേണ്ടി ഒരു അനുസ്മരണം പോലും നടത്താതിരുന്നത്. പിണറായിയുടെ മറവിയാണ് ഇവിടെ കോണ്‍ഗ്രസിന് ഓര്‍മ്മപ്പെടുത്തലായത്. ഏതായാലും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഇറങ്ങിപ്പോകുന്നതിന് മുമ്പ് സുധീരന്‍ നടത്തിയത് രാഷ്ട്രീയമായ ഓരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

അത് ഏതോ ഒരു പിള്ളയല്ല; മുഖ്യമന്ത്രിക്കൊരു ചരിത്രോപദേശകനും(യും) ആവാം


ലോ അക്കാദമി സമരം കൊടുമ്പിരിക്കൊണ്ട സമയത്തു തന്നെ ബിജെപിയും പിള്ളയുടെ പേര് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസുകാരനായിരുന്നെന്നും ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി ലോക്‌സഭയിലെത്തിയ വ്യക്തിയാണെന്നും തിരിച്ചറിഞ്ഞിട്ടോ എന്തോ പിന്നീടങ്ങോട്ട് അവര്‍ പിള്ളയെ ഏറ്റെടുക്കുന്നത് കണ്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ അവര്‍ ലോ അക്കാദമിയ്ക്ക് മുന്‍പില്‍ അനുസ്മരണദിനം ആചരച്ചതില്‍ അവസാനിച്ചു അവരുടെ പിള്ള സ്‌നേഹം.

ലോ അക്കാദമി ഭൂമി തിരിച്ചെടുത്ത് നടരാജപിള്ളയുടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഹര്‍വിപുരം പാലസ് അദ്ദേഹത്തിന്റെ സ്മാരകമാക്കി മാറ്റാനുള്ള നീക്കവും എത്രത്തോളം ഫലം കാണുമെന്ന് പറയാറായിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ ഇനി രാഷ്ട്രീയ കേരളത്തിന് പിള്ളയ്ക്കായി ചെയ്യാന്‍ ബാക്കിയിരിക്കുന്നത് ഒരു പ്രതിമ സ്ഥാപിക്കുകയെന്നതാണ്. പ്രതിമകളാല്‍ നിറഞ്ഞ തിരുവനന്തപുരം നഗരത്തില്‍ നടരാജപിള്ളയുടെ പ്രതിമ അധികമാകില്ല. ദരിദ്രരായ കുട്ടികള്‍ക്ക് പഠിക്കാനായി നടരാജപിള്ള ആരംഭിച്ച സ്‌കൂളാണ് ഇപ്പോള്‍ പിഎസ് നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നറിയപ്പെടുന്നത്. തിരുവനന്തപുരത്തിന്റെ വിദ്യാഭ്യാസ വികസനത്തില്‍ ഈ സ്‌കൂളിനുള്ള പങ്ക് ചെറുതല്ല. അങ്ങനെയെങ്കിലും ആ ഏതോ ഒരു പിള്ള തന്നെ മറവിയിലാഴ്ത്തിയ കാലത്തിന് മാപ്പ് നല്‍കട്ടേ, കൂട്ടത്തില്‍ നമുക്കും.

Next Story

Related Stories