TopTop

ആധാര്‍ ഉപയോഗിച്ചോളൂ, പക്ഷേ നമ്മുടേത് കോളനി ഭരണമല്ല എന്നോര്‍ക്കണം

ആധാര്‍ ഉപയോഗിച്ചോളൂ, പക്ഷേ നമ്മുടേത് കോളനി ഭരണമല്ല എന്നോര്‍ക്കണം
ഇതൊരു നിസാര പ്രശ്‌നമല്ല. പക്ഷെ ഇതില്‍ ഒരു കോളനി ഭരണത്തിന്റെ രുചി ചുവയ്ക്കുന്നുണ്ട്.

സ്വന്തം ശരീരത്തില്‍ പരമമായ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ലെന്നും ആധാറില്‍ പേര് ചേര്‍ക്കുന്നതിന് വിരലടയാളവും കൃഷ്ണമണിയുടെ പാടും രേഖപ്പെടുത്തുന്നത് വിസമ്മതിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ മുന്നില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ആധാറിനെ പോലുള്ള ഒരു തിരിച്ചറിയല്‍ അക്കം ഒരു പ്രയോജനവുമില്ലാത്ത ഒന്നാണെന്ന് സ്ഥാപിക്കാനല്ല ഇവിടെ ശ്രമിക്കുന്നത്. ദരിദ്രര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി ലക്ഷ്യമിട്ടിരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ആധാറിന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. ജനധന്‍ യോജന, ആധാര്‍, മൊബൈല്‍ ബാങ്കിംഗ് എന്നിവ ബന്ധിപ്പിച്ചിട്ടുള്ള പദ്ധതിയിലൂടെയും ആനുകൂല്യങ്ങള്‍ നേരിട്ട് എത്തിക്കുന്നതിലൂടെയും സാമൂഹ്യ ക്ഷേമത്തെ വിപ്ലവകരമാക്കാനും ഇന്ത്യയിലെ ദാരിദ്ര്യത്തെ വെട്ടിക്കുറയ്ക്കാനും സാധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പക്ഷെ ഈ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താവാകാന്‍ ഒരാള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ആ വ്യക്തിയെ ആധാറിലേക്ക് നിര്‍ബന്ധിച്ച് ചേര്‍ക്കാന്‍ പാടില്ല. അത് ആ വ്യക്തിയുടെ പൗരാവകാശം ലംഘിക്കുന്നതിന് തുല്യമായിരിക്കും.

അതായത് സ്വന്തം ശരീരത്തിന് മുകളില്‍ ഒരാള്‍ക്ക് പൂര്‍ണാവകാശമില്ല എന്ന് പറയുന്നത് ഒരു കൊളോണിയല്‍ സങ്കല്‍പ്പമാണ്. ആത്മഹത്യ ക്രിമിനല്‍ കുറ്റമല്ലെന്ന് വിവക്ഷിക്കുന്ന തരത്തില്‍ പാര്‍ലമെന്റ് സമീപകാലത്ത് പാസാക്കിയ നിയമത്തിന് എതിരായാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി ഇന്ന് സുപ്രീം കോടതിയില്‍ വാദിച്ചത്. ഒരാളുടെ ശരീരം അയാളുടേതല്ല എന്ന് തെളിയിക്കാന്‍ ഗര്‍ഭകാലത്തിന്റെ കൂടിയ മാസങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ലെന്ന ഉദാഹരണമാണ് റോഹ്ത്തഗി ഉന്നയിച്ചത്. പക്ഷെ ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ അതുപേക്ഷിക്കാനോ അല്ലെങ്കില്‍ ഗര്‍ഭം തന്നെ ധരിക്കാതിരിക്കാനോ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് റോഹ്ത്തഗി ഓര്‍ത്തിട്ടേയില്ല. ഗര്‍ഭം കുറച്ചുകൂടി വളര്‍ന്ന ഒരു ഘട്ടത്തില്‍, മറ്റൊരാളോട്, ഗര്‍ഭസ്ഥ ശിശുവിനോട് ഒരുത്തരവാദിത്വം ഉണ്ടെന്ന് വേണമെങ്കില്‍ വാദിക്കാം എന്നതിനപ്പുറം ഒരു ന്യായവും ആരും പറയുന്നില്ല. 'നിങ്ങള്‍ മറക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണെങ്കിലും, രാജ്യം നിങ്ങളെ മറക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്ന റോഹ്ത്തഗിയുടെ വാദം ഓര്‍വലിന്റെ പ്രതിപാദനങ്ങള്‍ക്ക് അപ്പുറത്തേക്ക് വളരുന്നില്ല. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ആധാര്‍ എന്ന ആശങ്കയെ അദ്ദേഹത്തിന്റെ വാദം ഒരുതരത്തിലും ഇല്ലാതാക്കുന്നുമില്ല.

13.5 കോടി ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി തന്നെ ചോര്‍ന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യയിലെ പൗരന്മാരുടെ സുരക്ഷയേയും വിവരങ്ങളുടെ സ്വകാര്യതയേയും കുറിച്ചുള്ള വലിയ ആശങ്കകള്‍ തന്നെയാണ് ഉയരുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകള്‍ ഉണ്ടാവാം. പക്ഷെ, അതിന് അതിന്റേതായ പരിമിതികളുമുണ്ട്. ഇതൊരു വസ്തുതയാണ് എന്ന് തിരിച്ചറിയാനുള്ള ബുദ്ധിയാണ് സര്‍ക്കാര്‍ നടപടികളില്‍ പ്രതിഫലിക്കേണ്ടത്.

Next Story

Related Stories