TopTop
Begin typing your search above and press return to search.

ആപ്പിന് അതിന്റെ രാഷ്ട്രീയം തിരിച്ചുപിടിക്കാനാകുമോ?

ആപ്പിന് അതിന്റെ രാഷ്ട്രീയം തിരിച്ചുപിടിക്കാനാകുമോ?
പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ആപ്പിനെ എഴുതിത്തള്ളാനുള്ള തിരക്കിലായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍. ഡല്‍ഹിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ആ പ്രചാരണം കൂടുതല്‍ ശക്തമായിരിക്കുന്നു.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വെറും 48 സീറ്റാണ് നേടിയത്. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടുശതമാനം കുത്തനെ ഇടിഞ്ഞു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണെങ്കിലും വോട്ട് ശതമാനം നോക്കിയാല്‍ നല്ല നേട്ടമുണ്ടാക്കി. വോട്ട് വര്‍ദ്ധിപ്പിച്ച ബിജെപി വ്യക്തമായ തരത്തില്‍ മുന്നിലെത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പുഫലം ഇതിനകം ദേശീയശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ഡല്‍ഹിയിലെ ജനത ബി ജെ പിയുടെ വളര്‍ച്ചയെ അംഗീകരിച്ചു എന്നും ആം ആദ്മി പാര്‍ടിയുടെ ഭാവി അടഞ്ഞു എന്നും വ്യാഖ്യാനം വന്നു.

ഈ തെരഞ്ഞെടുപ്പ് കാലത്ത് എന്തായിരുന്നു ആപിന്റെ രാഷ്ട്രീയം? കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി, വെള്ളം, മെച്ചപ്പെട്ട സേവനങ്ങള്‍, നല്ല വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ അതിന്റെ ക്ഷേമപദ്ധതികളോടൊപ്പം, മതേതരത്വത്തിന് അനുകൂലമായും ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന് എതിരായും ആപ് ശക്തമായ സന്ദേശം നല്കി. കല്‍ക്കാജിയില്‍ ഒരു പോത്ത് കച്ചവടക്കാരന്‍ ആക്രമിക്കപ്പെട്ടപ്പോഴും, കേരള ഹൌസിലെ പോത്തിറച്ചി പ്രശ്നത്തിലെ ആള്‍ക്കൂട്ടപ്രതിഷേധത്തിലുമെല്ലാം, ആപ് അത്തരം രാഷ്ട്രീയത്തിനെതിരായ ശക്തമായ നിലപാടെടുത്തു.

‘ആശ്രിത മുതലാളിത്ത’ത്തിനെതിരെ ശക്തമായ നിലപാടെടുത്ത ആപ് കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തുന്ന ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള വലിയ കക്ഷികളുടെ രാഷ്ട്രീയത്തിനെതിരെ പൊരുതുകയും ചെയ്തു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം സമരങ്ങളില്‍ പങ്കുചേരാനുള്ള വിമുഖതയും അവര്‍ മാറ്റിവെച്ചു. കേരള മുഖ്യമന്ത്രിയെ പിണറായി വിജയനെ കണ്ട അരവിന്ദ് കേജ്രീവാള്‍ വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനെകുറിച്ചും ചര്‍ച്ച ചെയ്തു.2015-ല്‍ ആപിനെ അധികാരത്തിലെത്തിച്ചത് കുതിച്ചുയരുന്ന വൈദ്യുതി, വെള്ളക്കരങ്ങള്‍ തുടങ്ങിയ അടിത്തട്ടിലേ പ്രശ്നങ്ങളായിരുന്നു. പഞ്ചാബിലും ഗോവയിലും പാര്‍ട്ടി അടിത്തട്ടിലേ പ്രശ്നങ്ങളെ അവഗണിക്കുകയും പ്രചാരണം മിക്കപ്പോഴും വിശുദ്ധ ഗ്രന്ഥം കത്തിച്ചതുപോലുള്ള വൈകാരിക പ്രശ്നങ്ങളാക്കി മാറ്റുകയും ചെയ്തു.

തങ്ങളുടെ തന്ത്രം വിജയകരമായി നടപ്പാക്കിയ ബിജെപി ആപിനെ ഡല്‍ഹിയില്‍ തളച്ചിട്ടു. സിബിഐ പരിശോധനകള്‍, ഇടങ്കോലിടുന്ന ലെഫ്റ്റനറ്റ് ഗവര്‍ണര്‍മാര്‍, ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരവുകള്‍, എം എല്‍ എമാര്‍ക്കെതിരായ കേസുകള്‍ എന്നിവയെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ പ്രവര്‍ത്തനഗതിയെ താളംതെറ്റിച്ചു. അരവിന്ദ് കേജ്രീവാളിന്റെ ശൈലിയെ പാര്‍ടിയുടെ സ്ഥാപക നേതാക്കള്‍ വരെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇതൊക്കെയായതോടെ, വാസ്തു നികുതി എടുത്തുകളയും തുടങ്ങിയ ആപിന്റെ വാഗ്ദാനങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. വെള്ളം, വൈദ്യുതി വിതരണം, അവയുടെ നിരക്ക് കുറയ്ക്കല്‍, വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും നടത്തിപ്പ് മെച്ചപ്പെടുത്തല്‍ എന്നിങ്ങനെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍, ബിജെപി ഭരിച്ച മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പിടിപ്പുകേട് എന്നിവയൊന്നും മുതലാക്കാന്‍ ആപിനായില്ല.

ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയം വീണ്ടും കണ്ടെത്തുക എന്നതിലാണ് ആം ആദ്മി പാര്‍ടിയുടെ ഭാവി കിടക്കുന്നത്. തലസ്ഥാന നഗരിയിലെ കുടിയേറ്റ തൊഴിലാളികള്‍, പ്രത്യേകിച്ചും മധ്യവര്‍ഗക്കാര്‍, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്നങ്ങള്‍, അന്തരീക്ഷ മലിനീകരണം തുടങ്ങിയ നഗരത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ചു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അമര്‍ഷമുള്ളവരാണ്. പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനരീതിയും കൂടുതല്‍ ജനാധിപത്യവത്കരിക്കേണ്ടിയിരിക്കുന്നു.

ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ കുടിയേറ്റ തൊഴിലാളികളില്‍ ആയിരുന്നു. അതുകൊണ്ടാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മുമ്പായി അവര്‍ ജനപ്രിയ ഭോജ്പുരി ചലച്ചിത്രതാരം മനോജ് തിവാരിയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്. ഉത്തര്‍പ്രദേശ് വിജയത്തിന്റെ ‘തുടര്‍ ചലനങ്ങളെ’ ബി ജെ പി ഫലപ്രദമായി ഉപയോഗിച്ചപ്പോള്‍, ‘നരേന്ദ്ര മോദിയുടെ നേതൃത്വവും വികസനവും’ എന്ന ദ്വന്ദ്വാഖ്യാനത്തെ മറികടക്കാന്‍ ആപിനായില്ല.

സാധാരണ ഗതിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ വെള്ളം, വൈദ്യുതി, പാതകള്‍, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്നങ്ങളിലൂന്നിയാണ് നടക്കുന്നത്. പക്ഷേ ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാശ്മീര്‍, ജെഎന്‍യു, ദേശീയത, ഹിന്ദു, മുസ്ലീം, വര്‍ഗീയത എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു പോരാട്ടം.

Next Story

Related Stories