TopTop
Begin typing your search above and press return to search.

ആപ്പില്‍ പൊട്ടിത്തെറി; പരാജയ കാരണം കേജ്രിവാളിന്റെ ഏകാധിപത്യമോ?

ആപ്പില്‍ പൊട്ടിത്തെറി; പരാജയ കാരണം കേജ്രിവാളിന്റെ ഏകാധിപത്യമോ?

ആം ആദ്മി പാര്‍ടിയിലെ ഒരു ജീര്‍ണിച്ച സത്യം, ഒരു മനുഷ്യന്‍ ആ പാര്‍ടിയില്‍ പുലര്‍ത്തുന്ന സമ്പൂര്‍ണ ആധിപത്യമാണ്; ഉള്‍പാര്‍ട്ടി ജനാധിപത്യം ഒട്ടുമില്ല.

അരവിന്ദ് കേജ്രിവാള്‍ ആരാധന നേടുന്ന തരം നേതാവാണ്, മറ്റൊരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനും സാധിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാക്കിയ ആളാണ്. ചെറിയൊരു കാലംകൊണ്ട് ഒരു സംസ്ഥാനത്തെ ഭരണം പിടിച്ചെടുത്ത്. ഒരു ദേശീയ കക്ഷി അല്ലാതിരുന്നിട്ടും ദേശീയ മുഖ്യധാര രാഷ്ട്രീയകക്ഷികളെ പിടിച്ചുകുലുക്കി.

എന്നാല്‍, ഉയര്‍ന്നുവന്ന ആ കക്ഷി ഉള്ളില്‍ ജീര്‍ണിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ അതിനുള്ളിലുള്ളവര്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്ന ജീര്‍ണത. ഒരുപക്ഷേ ആപ് ഉരുകിത്തീരാനും പോന്ന ഒന്ന്. ഇന്ത്യക്കാരെ ശ്വാസം മുട്ടിക്കുന്ന അധാര്‍മികമായ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത് ജന്മം കൊണ്ട കക്ഷിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവമാണ് ആ ജീര്‍ണത.

കേജ്രിവാള്‍ ഏകാധിപതിയോ?

കേജ്രിവാള്‍ ഒരു ഏകാധിപതിയാണോ എന്ന ചോദ്യത്തിന് ഉത്തരം അത്ര എളുപ്പമല്ല. എന്നാലും തന്റെ അഭിപ്രായങ്ങളും, തന്ത്രങ്ങളുമായി യോജിക്കുന്ന, ആദര്‍ശാത്മകം എന്നു തോന്നിക്കാത്ത തരം ആളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത് എന്നതുറപ്പാണ്. ആദര്‍ശവാദികളും വളരെ എളുപ്പം കേജ്രിവാളിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്നവരുമായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവുമായിരുന്നു ഇതിന്റെ ആദ്യ ഇരകള്‍. പഞ്ചാബ് കണ്‍വീനര്‍ സച്ച സിംഗ് ചോട്ടെപൂര്‍ ഇതില്‍പ്പെടും.

ഭൂഷണെ സംബന്ധിച്ച് രാഷ്ട്രീയം എപ്പോഴും ഒരു ആദര്‍ശാത്മക പരിശ്രമമാണ്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപനത്തില്‍ അയാളുടെ കുടുംബം ഗണ്യമായ ധനസഹായവും നല്കിയിട്ടുണ്ട്. യോഗേന്ദ്ര യാദവാകട്ടെ മറ്റുള്ള ആരെയും അത്രയെളുപ്പം അംഗീകരിക്കുന്ന ആളല്ല. പക്ഷേ രണ്ടു പേര്‍ക്കും രാഷ്ട്രീയത്തെക്കുറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാഴ്ച്ചപ്പാടുകളുണ്ട്.

വിമത ശബ്ദങ്ങള്‍ ആപ് വിട്ടതോടെ ഒരു ചെറിയ കൂട്ടം ആളുകളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതില്‍ കേജ്രിവാള്‍ സൌകര്യം കണ്ടെത്തി. അവര്‍ വെറും റാന്‍ മൂളികളാണെന്നും ശക്തരായ നേതാക്കളല്ലെന്നും കേജ്രിവാള്‍ തിരിച്ചറിഞ്ഞില്ല.

ഒരു സംഘടന കെട്ടിപ്പടുക്കുന്നതില്‍ അത് വലിയൊരു പാഠമാണ്. നിങ്ങളെ ബഹുമാനിക്കുന്ന ആളുകള്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാകണം, പക്ഷേ നിങ്ങളെ വെല്ലുവിളിക്കുന്നവരുമാകണം. അല്ലെങ്കില്‍ നിങ്ങള്‍ ഒരു കൂട്ടം സ്തുതിപാഠകാരുടെ നേതാവായി എളുപ്പത്തില്‍ ചുരുങ്ങിപ്പോകും.

പഞ്ചാബിലെയും ഗോവയിലെയും നിരാശാജനകമായ തെരഞ്ഞെടുഫലങ്ങള്‍ വന്നപ്പോള്‍ത്തന്നെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവത്തെക്കുറിച്ച് ആം ആദ്മി പാര്‍ടിയില്‍ മുറുമുറുപ്പുകള്‍ ഉയരാന്‍ തുടങ്ങിയിരുന്നു.

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അസംതൃപ്തിയുടെ കെട്ടഴിച്ചുവിടും.

മഹാരാഷ്ട്ര ഘടകത്തിന്റെ നേതാവായിരുന്ന, കേജ്രിവാളിന്‍റെ മുന്‍ സഹപവര്‍ത്തകന്‍ മായാങ്ക് ഗാന്ധി ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു. കേജ്രിവാള്‍, “അധികാരദുര മൂലം മോശക്കാരനും ദുഷ്ടബുദ്ധിക്കാരനുമായി” എന്നു മായാങ്ക് ഗാന്ധി പറഞ്ഞു. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയം കേജ്രിവാള്‍ എന്ന വ്യക്തിക്ക് കിട്ടിയതാണെന്ന് അയാള്‍ തെറ്റിദ്ധരിച്ചു. “ഇവിടെയാണ് നിങ്ങള്‍ മഹാബദ്ധം കാണിക്കുന്നത്. നിങ്ങള്‍ എല്ലാ നേട്ടത്തിന്റെയും കേമത്തം അവകാശപ്പെടുകയും രാജ്യത്തിന്റെ പിന്തുണ കേജ്രിവാള്‍ എന്ന വ്യക്തിക്കാണെന്ന് കരുതുകയും ചെയ്യുന്നു. നിങ്ങളുടെ മന്ത്രജാലത്തിന് പിറകെയാണ് ആളുകള്‍ വരുന്നതെന്ന് നിങ്ങള്‍ കരുതി. പക്ഷേ ജനങ്ങള്‍ മോഹിച്ച ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന്റെ സംഗീതമായിരുന്നു അതെന്നതാണ് വാസ്തവം."

ആം ആദ്മി പാര്‍ടിയുടെ ഏറ്റവും ജനപ്രിയരായ നേതാക്കളില്‍ ഒരാളായ ലോക്സഭാ എംപി ഭഗവന്ത് സിംഗ് മാനും കേജ്രീവാളിനെ പരസ്യമായി ചോദ്യം ചെയ്യുന്നു. വോട്ടിംഗ് യന്ത്രങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാത്തതാണ് പഞ്ചാബില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമെന്നും മാന്‍ ചൂണ്ടിക്കാണിക്കുന്നു.

പാര്‍ട്ടി ഒരു ‘നാടന്‍ ക്രിക്കറ്റ് ടീം’ പോലെയാണ് പെരുമാറിയതെന്ന് മാന്‍ പറഞ്ഞു. ആപ് പഞ്ചാബ് കണ്‍വീനര്‍ ഗുര്‍പ്രീത് സിംഗ് ഘുഗി ഇത് ശരിവെച്ചു.

ആം ആദ്മി പാര്‍ടിയിലെ വിമത ശബ്ദങ്ങളുടെ അവസാനമാകില്ല ഇത്. വരും ദിനങ്ങളില്‍, അഴിമതി വിരുദ്ധ സമരത്തില്‍ നിന്നും ഉയര്‍ന്നുവന്ന കക്ഷിക്കുള്ളില്‍ കൂടുതല്‍ ശബ്ദങ്ങള്‍ ഉയരും.

പൊതുസമൂഹ ധാര്‍മികത ആപിന്റെ ജനിതകരേഖകളിലുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ മിക്ക പ്രവര്‍ത്തകരും പാര്‍ട്ടി ആത്മവിമര്‍ശനം നടത്തും, ഉള്‍പാര്‍ട്ടി ജനാധിപത്യം കൊണ്ടുവരും, മറ്റ് മുഖ്യധാര കക്ഷികള്‍ കയ്യൊഴിഞ്ഞ രാഷ്ട്രീയമൂല്യങ്ങള്‍ക്കുവേണ്ടിയുള്ള സമരം തിരികെക്കൊണ്ടുവരും എന്നു പ്രതീക്ഷിക്കുന്നുണ്ട്.

സ്വയം പുതുക്കിയില്ലെങ്കില്‍, ആം ആദ്മി പാര്‍ടിക്ക് മുന്നില്‍ ഒറ്റ വഴിയേ ഉള്ളൂ; സാവധാനത്തില്‍ ഉരുകിത്തീരുക.


Next Story

Related Stories