UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണ്ണാടകയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം; ചൂട്ട് പിടിച്ച് ഇന്‍ഡ്യാ ടുഡെ

ഉത്തരകര്‍ണാടക ജില്ലയിലെ ഹൊന്നവാര്‍ പട്ടണത്തില്‍ പതിനെട്ടുകാരനായ ഒരു യുവാവിന്റെ മൃതദേഹം കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അപവാദപ്രചാരണങ്ങള്‍ നടത്തി വര്‍ഗ്ഗീയധ്രൂവീകരണം നടത്തുന്ന ബിജെപിയുടെ സ്ഥിരം തന്ത്രം കര്‍ണാടകത്തിലും പയറ്റിത്തുടങ്ങി. പതിവുപോലെ ബിജെപിയുടെ അവകാശവാദങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന മുഖ്യധാര മാധ്യമങ്ങളുടെ നിരുത്തരവാദിത്വപരമായ മാധ്യമപ്രവര്‍ത്തനവും. ഉത്തരകര്‍ണാടക ജില്ലയിലെ ഹൊന്നവാര്‍ പട്ടണത്തില്‍ പതിനെട്ടുകാരനായ ഒരു യുവാവിന്റെ മൃതദേഹം കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിന് പരേഷ് മെസ്ത എന്ന യുവാവിന്റെ മൃതദേഹമാണ് ഒഴുകി നടക്കുന്ന നിലയില്‍ തടാകത്തില്‍ കണ്ടെത്തിയത്. ബിജെപി ഈ സന്ദര്‍ഭം മുതലെടുത്ത് വര്‍ഗ്ഗീയവികാരം കുത്തിപ്പൊക്കുകയായിരുന്നു.

ആദ്യം രംഗത്തെത്തിയത് കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി എംപി ശോഭ കരന്തലജെ ആയിരുന്നു. ഹിന്ദു പ്രവര്‍ത്തകനായ പരേഷ് മെസ്തയെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജിഹാദികള്‍ തട്ടിക്കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നു എന്നവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. കോണ്‍ഗ്രസും സിദ്ധരാമയ്യയും ഭരിക്കുന്നതിനാല്‍ ഈ ഗുണ്ടകള്‍ക്ക് നിയമവാഴ്ചയെ ഭയക്കാതെ സ്വതന്ത്രരായി വിഹരിക്കാന്‍ കഴിയുന്നുണ്ടെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നത് വരെ ഇത് തുടരുമെന്നും അവര്‍ ആരോപിച്ചു. ഈ ട്വിറ്റ് സാമൂഹ്യ മാധ്യമങ്ങളിലെ സംഘപരിവാരങ്ങള്‍ ഏറ്റെടുക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജില്ലയില്‍ രണ്ടാഴ്ച ഇരുവിഭാഗങ്ങളും തമ്മില്‍ സാമുദായിക സംഘര്‍ഷാവസ്ഥ നിലനിന്നു.

അവസരം പാര്‍ത്തിരുന്നത് പോലെ ആദ്യം ചാടി വീണ മുഖ്യധാര മാധ്യമം ഇന്ത്യ ടുഡെ ആയിരുന്നു. കരന്തലജെയുടെ ട്വീറ്റ് വന്നതിന്റെ പിറ്റെ ദിവസം തന്നെ ചാനല്‍ സംഭവത്തിന് വലിയ പ്രചാരം നല്‍കി. കരന്തലജെ ഉയര്‍ത്തിയ വാദം ശരിയാണോ എന്ന് പോലും പരിശോധിക്കാതെ അപ്പടി വിഴുങ്ങുകയായിരുന്നു അവര്‍ ചെയ്തത്. വളരെ വൈകാരികമായ ഒരു വിഷയം ഒരു അന്വേഷണവും കൂടാതെ വ്യാജവാര്‍ത്തകളിലുടെയും പ്രകോപനപരമായ പരാമര്‍ശങ്ങളിലൂടെയും സെന്‍സേഷനലൈസ് ചെയ്യുകയായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകനായ പ്രേം പണിക്കര്‍ കടുത്ത പ്രത്യാക്രമണം നടത്തിയതോടെ വിശദീകരണവുമായി രംഗത്തുവരാന്‍ ചാനലിന്റെ അവതാരകന്‍ ശിവ അരൂര്‍ നിര്‍ബന്ധിതനായി. മാത്രമല്ല മെസ്തയുടെ മരണത്തെ കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ എങ്ങനെയാണ് ശ്രമിക്കുന്നത് എന്ന് ആള്‍ട്ട് ന്യൂസ് വെളിപ്പെടുത്തി. തുടര്‍ന്ന് ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കര്‍ണാടക പോലീസ് രംഗത്തെത്തി.

എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പരേഷ് മെസ്തയുടെ മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഫോറന്‍സിക് സയന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ ഉദ്ധരിച്ചുകൊണ്ട് മരണത്തിന് മുമ്പ് പരേഷ് മെസ്തയ്ക്ക് മര്‍ദ്ദനമേറ്റിട്ടില്ല എന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു. തന്റെ മകന്‍ ഒരു പാര്‍ട്ടിയുടെയും അംഗമല്ലായിരുന്നുവെന്ന പരേഷിന്റെ അച്ഛന്റെ വെളിപ്പെടുത്തലും അവര്‍ പ്രസിദ്ധപ്പെടുത്തി. ഇതോടെ പരേഷ് തങ്ങളുടെ പ്രവര്‍ത്തകനായിരുന്നു എന്ന ബിജെപിയുടെ അവകാശവാദം പൊളിഞ്ഞു. ഏതായാലും പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് കേസ് ഇപ്പോള്‍ സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍