TopTop

വൻകിടക്കാരെ സംരക്ഷിക്കാൻ അത്താഴപ്പട്ടിണിക്കാരെ കൊള്ളയടിക്കുന്ന രാജ്യതന്ത്രം

വൻകിടക്കാരെ സംരക്ഷിക്കാൻ അത്താഴപ്പട്ടിണിക്കാരെ കൊള്ളയടിക്കുന്ന രാജ്യതന്ത്രം
പ്രിയ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയും ഒപ്പം വാണരുളുന്ന അമിത് ഷാജിയും രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന എസ്ബിഐ യജമാനന്മാരും വായിച്ചറിയുവാൻ എന്ന മട്ടിൽ നാട്ടിലെ ഓരോ പൗരനും ഇനിയങ്ങോട്ട് എഴുതാൻ പോകുന്നത് എന്തായിരിക്കും എന്ന് ഇതെഴുതുന്ന ആൾക്ക് ഒട്ടുമേ ആശങ്ക ഇല്ലെന്ന് തുടക്കത്തിൽ തന്നെ തെര്യപ്പെടുത്തിക്കൊള്ളട്ടെ.

ഇപ്പോൾ ഇങ്ങനെ ഒന്നെഴുതാൻ പ്രേരകമായ വിഷയം അടുത്ത മാസം ഒന്നാം തിയ്യതി മുതൽ ഇന്ത്യ മഹാരാജ്യത്തിന്‍റെ പരമ പ്രധാന ബാങ്കായി ഇതിനകം മാറിക്കഴിഞ്ഞ എസ് ബി ഐ ഏർപ്പെടുത്താൻ തീരുമാനിച്ചുറപ്പിച്ച ഇടപാട് ഫീസിനെക്കുറിച്ചാണെന്നു തുടക്കത്തിൽ തന്നെ ബോധിപ്പിച്ചു കൊള്ളട്ടെ (ആ തീരുമാനം പിന്‍വലിച്ചു എന്നു കേള്‍ക്കുന്നു). ഇങ്ങനെ ചെയ്യേണ്ടി വരുന്നത് ഇന്ത്യക്കകത്തും വെളിയിലുമായി വിവിധങ്ങളായ ഒട്ടേറെ പ്രശ്നങ്ങളിൽ ശ്രദ്ധ ഊന്നുന്ന നിങ്ങളെപ്പോലുള്ള ആളുകൾക്ക് ഇത്തരം നിസ്സാര വിഷയങ്ങളിൽ അത്ര വലിയ താല്പര്യം ഉണ്ടാവാൻ ഇടയില്ല എന്നതിനാൽ തന്നെ ആകുന്നു. ഞങ്ങളുടെ മലയാള ഭാഷയിൽ പറയുമ്പോലെ 'ആനക്കാര്യത്തിനടയിലാണോ ചേനക്കാര്യം' എന്നും മറ്റും താങ്കളെ പോലുള്ള 'വലിയ' മനുഷ്യർ’ ശുണ്ഠി പിടിച്ചുകൂടായ്കയില്ല എന്നും നന്നായി അറിയാം. സത്യത്തിൽ ഞങ്ങളെപ്പോലുള്ള ചെറിയ മനുഷ്യർക്ക് ഇതൊക്കെ ആനക്കാര്യം അല്ലെങ്കിലും ജീവിതപ്രശ്നം തന്നെയാണ്. നിങ്ങൾ പൊന്നുരുക്കുകയാണെന്നും ഞങ്ങൾ വെറും പൂച്ചകളെന്നും അറിയായ്കയല്ല. എങ്കിലും ഈ പൊന്നുരുക്കുന്നിടത്തു ചില്ലറ കാര്യം ഈ പാവം പൂച്ച പ്രജകൾക്കും ഉണ്ടെന്നു ദയവായി മനസ്സിലാക്കുന്നത് നന്ന്. ചെറു നിലങ്ങളിൽ നിന്നും വരുന്നവർ നന്മ കൊണ്ടുവരും എന്ന് കേട്ടിട്ടുണ്ട്. എബ്രഹാം ലിങ്കനെപ്പോലെ ചുരുക്കം ചിലർ ഒഴിച്ചാൽ മറിച്ചാണ് അനുഭവം എന്നുകൂടി ബോധിപ്പിച്ചുകൊള്ളട്ടെ.

ഒരു ചായ വില്പനക്കാരനിൽ നിന്നും താങ്കളുടെ വളർച്ച അസൂയ ജനിപ്പിക്കുന്ന ഒന്ന് തന്നെ. ആദ്യം ഗുജറാത്ത് മുഖ്യൻ. തൊട്ടു പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി. കൊള്ളാം നല്ല വളർച്ച തന്നെ. ഗുജറാത്തിൽ അധികാരം കൈയ്യാളിയിരുന്ന കാലത്തു നടന്ന വംശീയയഹത്യ അടക്കമുള്ള പ്രശ്നങ്ങളെ താങ്കൾ എങ്ങനെ അധികാരവും അമിത് ജി ഉൾപ്പടെയുള്ള നടത്തിപ്പുകാരെയും ഉപയോഗിച്ച് നേരിട്ടുവെന്നതും ഒക്കെ ഇനിയിപ്പോൾ ആവര്‍ത്തിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. അതൊക്കെ പറഞ്ഞു നടന്നിരുന്നവരുടെ (പഴയ ഡി ജി പി അടക്കം) ഗതിയെന്തായെന്നും താങ്കള്‍ക്കും മുൻപേ ഒരു സമ്പൂർണ അധികാരമുള്ള പ്രധാനമന്ത്രിയാകാൻ കൊതിച്ച് അയോധ്യയിലേക്ക് രഥയാത്ര നയിച്ച അദ്വാനിജിയെ താങ്കളും താങ്കൾക്കൊത്ത പരിവാറും ചേർന്ന് എങ്ങനെ ഒതുക്കി എന്നതും ഒക്കെ പഴയ കഥകൾ ആയി ജനം എഴുതിത്തള്ളി എന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാവണം താങ്കളും പരിവാർ സേനയും. എങ്കിലും യുപിയിലും മറ്റും കിട്ടിയ തിളക്കമാർന്ന വിജയത്തിന്റെ പൊരുൾ എന്തെന്ന് വോട്ടിങ് യന്ത്രങ്ങൾക്ക് മനസ്സാക്ഷി എന്നൊന്ന് ഉണ്ടെങ്കിൽ താനേ പറഞ്ഞുപോകുമെന്നത് മറക്കേണ്ട കാര്യമല്ല.നോട്ടു നിരോധനം എന്ന 'സദ്പ്രവർത്തി'ക്കു ജനം നൽകിയ അംഗീകാരമായി താങ്കളും പരിവാറും ചേർന്ന് ഇത്തരം വിജയങ്ങൾ ആഘോഷിക്കുന്നു; തുടർ വിജയങ്ങൾക്കായി കാത്തിരിക്കുന്നു. വിജയം ആഗ്രഹിക്കാത്തവർ ആരുമേ ഉണ്ടാവാൻ ഇടയില്ല. താങ്കൾക്കും അതിനുള്ള പൂർണ അവകാശമുണ്ട്. എന്ന് കരുതി അത്താഴ പട്ടിണിക്കാരുടെ നെഞ്ചിൽ കയറി നൃത്തം ചെയ്തുകൊണ്ട് വേണോ ഇതൊക്കെ എന്ന് ചോദിക്കാതിരിക്കാൻ നിർവാഹം ഇല്ല.

നോട്ടു നിരോധനം കൊണ്ട് എന്തുനേടി എന്ന ചോദ്യത്തിന് താങ്കൾക്കുവേണ്ടി ആ കർതവ്യം നിർവഹിച്ച ഉർജിത് പട്ടേലിനും തിട്ടം പോരെന്ന് അദ്ദേഹം തന്നെ കോടതിയെ തെര്യപ്പെടുത്തിയ കാര്യം തന്നെ. 'പ്ലാസ്റ്റിക് മണി' സമ്പൂർണ 'ഡിജിറ്റലൈസഷൻ' എന്നൊക്കെയുള്ള വലിയ വലിയ കിനാവുകൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണന്‍മാര്‍ക്ക് വിളമ്പിയ അതേ ബുദ്ധിയിൽ നിന്നും ഉദിച്ചത് തന്നെയല്ലേ എസ് ബി ടി - എസ് ബി ഐ ലയനവും ഇപ്പോൾ പ്രഖ്യാപിച്ചതും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചതുമായ ഇടപാട് നികുതിയും എന്ന് സംശയിച്ചുപോവുകയല്ല, മറിച്ചു യാഥാര്‍ത്ഥ്യം അതാണെന്ന് വിശ്വസിച്ചുപോവുകയാണ്.

കൂലിപ്പണിക്കാരന്റെയും പെന്‍ഷന്‍കാരുടെയും പണം ബാങ്കിലേക്ക് മാറ്റിയ സന്ദർഭത്തിൽ അവർ സുരക്ഷിതത്വം മണത്തുകാണാം. എന്നാൽ തങ്ങളുടെ ഈ പണം കയ്യിൽ കിട്ടണമെങ്കിൽ പണം അങ്ങോട്ട് നൽകണമെന്ന പുതിയ നിയമം അവർ ഒട്ടുമേ പ്രതീക്ഷിച്ചതല്ല. ഓരോ ഇടപാടിനും 25 രൂപ എന്നത് വൻകിടക്കാർക്ക് താങ്ങാൻ കഴിയും. മുകളിൽ പറഞ്ഞ അത്താഴ പട്ടിണിക്കാരുടെ സ്ഥിതി അതല്ലല്ലോ. തീർന്നില്ലല്ലോ, താങ്കളുടെയും പരിവാറിന്‍റെയും 'ജാഗ്രത, രാജ്യസുരക്ഷാ, ദാരിദ്ര നിർമാർജനം' തുടങ്ങിയ മുദ്രാവാക്യങ്ങളിൽ വിശ്വാസം അർപ്പിച്ചവർക്ക് എസ് ബി ഐക്കു പിന്നാലെ മറ്റു ബാങ്കുകൾ കൂടി പണി കൊടുത്താൽ സ്വയം ഒടുങ്ങി രാഷ്ട്രത്തെ സേവിക്കുക എന്നതല്ലാതെ മറ്റൊരു ഗതി വന്നുചേരുമോ എന്നുകൂടി ആലോചിച്ചു നോക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.

ഇതിനിടയിൽ പറഞ്ഞു കേൾക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അത് നമ്മുടെ പൊതുമേഖലാ ബാങ്കുകളൊക്കെ വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും അതിനു കാരണം വൻകിട കോർപറേറ്റുകൾ ആണെന്നുമാണ്. ഏതാണ്ട് ഇരുപതോളം വരുന്ന കോർപ്പറേറ്റ് ഭീമന്മാർ വായ്പ എടുത്ത കോടിക്കണക്കിനു പണം ഇനിയും ബാങ്കുകളിൽ എത്തിയിട്ടില്ലെന്നും ഇവയൊക്കെ കിട്ടാക്കടമായി എഴുതിത്തള്ളുന്നു എന്നും ഉള്ള വാർത്തകളെ അത്ര ലാഘവത്തോടെ എഴുതി തള്ളാൻ മനസ്സ് അനുവദിക്കുന്നില്ല. അല്ലെങ്കിലും വൻകിടക്കാരനെ സംരക്ഷിക്കാൻ ചെറിയവരെ കൊള്ളയടിക്കുന്ന രാജ്യതന്ത്രം ഇന്നും ഇന്നലെയും  തുടങ്ങിയ ഏർപ്പാടല്ലല്ലോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories