Top

ആള്‍ക്കൂട്ട നീതിയുടെ കാലത്തെ ഇന്ത്യന്‍ ജീവിതം

ആള്‍ക്കൂട്ട നീതിയുടെ കാലത്തെ ഇന്ത്യന്‍ ജീവിതം
ഡൽഹി മെട്രോയിൽ ആഫ്രിക്കൻ യുവതികൾക്ക് നേരെ വംശീയാധിക്ഷേപം, വിവാഹത്തിന് ബാന്‍റ് മേളം നടത്തിയതിന് ദളിത് കുടുംബത്തിന്‍റെ കിണറ്റിൽ മണ്ണെണ്ണ കലക്കൽ, നൈജീരിയന്‍ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹിയിലുണ്ടായ അതിക്രമം, പശുവിന്‍റെ പേരിൽ ആവർത്തിച്ച് കൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ... നമ്മുടെ നാടിന്‍റെ കൊട്ടിഘോഷിക്കപ്പെടുന്ന ഏകതാ ബോധത്തിന്‍റെ കടക്കൽ കത്തി വെക്കുന്ന ആൾക്കൂട്ടാഭാസങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്നു. ജനാധിപത്യം പോലും വെറും വയലൻസായി മാറുന്നിടത്ത് നിന്ന് ഇത്തരം ആൾകൂട്ടാതിക്രമങ്ങൾ പൂർവ്വാധികം ശക്തി പ്രാപിച്ചിരിക്കയാണ്.

ഇവിടെ വംശീയമായാലും ജാതീയമായാലും അതിക്രമങ്ങൾ നടക്കുന്നിടങ്ങളിലെല്ലാം ഒരു ആൾക്കൂട്ടത്തെ നമുക്ക് കാണാൻ സാധിക്കുന്നുവെന്നതാണ് വസ്തുത. ഉള്ളിൽ പതുങ്ങി കിടക്കുന്ന വരേണ്യ ബോധം വിസർജ്ജിക്കാനുള്ള ഇടങ്ങളായി ചെറിയ ആൾക്കൂട്ടങ്ങൾ പോലും മാറുന്നുണ്ട്. ഈ ആൾക്കൂട്ടത്തെ സ്വലാഭത്തിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നതിൽ ഗവേഷണം നടത്തുക മാത്രമാണ് ഭരിക്കുന്നവരുൾപ്പടെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം ചെയ്യുന്നത്.

വംശീയ-വർഗീയ അതിക്രമങ്ങളുടെ പേരിൽ യു എൻ മനുഷ്യാവകാശ കൗൺസിലിൽ ചോദ്യങ്ങൾ നേരിടുമ്പോഴും മുൻ കാലത്തെ സമത്വ സുന്ദര ഭാരതത്തെ പറ്റി വാചാലരായി ദേ, രോമാഞ്ചം കണ്ടില്ലെയെന്ന് പറയുന്നവരെ ചരിത്രത്തിന് പലതും ഓർമ്മിപ്പിക്കാനുണ്ട്. ജാതി അതിക്രമങ്ങളിൽ തുടങ്ങി മുസ്ലിം, സിഖ് കൂട്ടക്കൊലകളിൽ അവസാനിക്കാത്തത്ര അനേകം പാപക്കറകൾ. ഒടുവിൽ ഇന്ന് നിത്യവും മണിക്കൂറുകളിടവിട്ട് പുറത്ത് വന്ന് കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ, നിറത്തിന്‍റെയും ജാതിയുടെയും ദേശത്തിന്‍റെയും പേരിൽ അതിക്രമo നേരിടുന്ന അനേകം പേർ, ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്റെയും പേരിൽ, ഒന്നിച്ചിരുന്നതിന്‍റെ, പ്രണയിച്ചതിന്‍റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിനിരയായവർ.

ഇത്തരത്തിൽ ഒറ്റപ്പെട്ട അതിക്രമങ്ങൾക്ക് പുറമേ മുൻകൂട്ടി തീരുമാനിച്ച് സംഘടിതമായി നടത്തിയിട്ടുള്ള കലാപങ്ങളുo ഇവിടെ നടന്നിട്ടുണ്ട്. ഇവയുടെ കണക്കെടുത്ത് പരിശോധിക്കുമ്പോൾ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും സ്ഥിതി വ്യത്യസ്തമല്ലെന്ന് കാണാം. അതിക്രമങ്ങളും അവയുടെ സ്വഭാവവും മാറിയിരിക്കാം. തത്വത്തിൽ ഇതിന് നേതൃത്വം നൽകിയവരും വ്യത്യസ്ത വിഭാഗങ്ങളായിരിക്കാം. പൊതുവായി കുറ്റവാളികളെ ഒരാൾക്കൂട്ടമെന്ന് വിലയിരുത്താമെന്നതാണ് വസ്തുത. സാമൂഹികമായ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്നിരുന്ന അനവധി കൂട്ടങ്ങൾ ഇത്തരം വാദങ്ങൾക്ക് അപവാദമായിരിക്കുമെന്നത് ശരി തന്നെ. എങ്കിലുo ഈ മുന്നേറ്റങ്ങളെയെല്ലാം മാറ്റി നിർത്തിയാലും വലിയൊരു പറ്റം സാമൂഹിക വിരുദ്ധരുണ്ടാവുന്നുവെന്നത് നിസ്സാരമായി കണ്ടു കൂടാ.ഓരോ വ്യവസ്ഥാപിത ചട്ടക്കൂടുകൾക്ക് സമാന്തരമായിട്ടും ഇത്തരത്തിൽ വയലന്റായി പ്രതികരിക്കുന്ന ഒരു കൂട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അത് ഭരണകൂടമായാലും മതങ്ങൾ പോലെയുള്ള ഏത് ഇൻസ്റ്റിറ്റ്യൂഷനുകളായാലും. പശുവിന് വേണ്ടി സംസാരിക്കാനാളുണ്ടാവുന്ന മുറയ്ക്ക് കൊലപാതങ്ങൾ നടത്താനുമാളുണ്ടാവുന്നു. വെളുത്ത നിറമുള്ളവരാണ് കേമൻമാരെന്ന പൊതുബോധത്തോടൊപ്പം തന്നെ വംശീയമായി അധിക്ഷേപിച്ച് സുഖം നേടുന്നവരുമുണ്ടാകുന്നു. മതങ്ങളുടെ കാര്യമെടുത്താൽ മതബോധനം നടത്തുന്നവർക്കൊപ്പം ഒരു വശത്ത് അതിന് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും ആളുണ്ടാകുന്നു. സദാചാര ബോധവും ഇത്തരത്തിൽ ആൾക്കൂട്ടാതിക്രമങ്ങളെ പ്രോത്സാഹിപ്പിച്ച് കൊണ്ടേയിരിക്കുന്നു.

എന്തിനേറെ പറയണം ഇന്ന് വെർച്ച്വലിടങ്ങൾ പോലും പലപ്പോഴും ഇത്തരം ആൾക്കൂട്ടങ്ങളുടെ കയ്യിലകപ്പെടുന്നുണ്ട്. അഭിപ്രായമോ അനുഭവമോ പറയുന്നവരെ കൂട്ടമായി അക്രമിക്കുകയെന്നത് സോഷ്യൽ മീഡിയയിൽ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. അതിന് വാർത്താ പ്രാധാന്യം ലഭിക്കുന്നുമുണ്ട്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയെ പൊങ്കാലയിട്ടത് മുതൽ ഈ അടുത്തകാലത്ത് നടന്ന അനേകം സംഭവങ്ങൾ. ചാനലിൽ അഭിപ്രായം പറഞ്ഞ, എഫ് ബി യിൽ പോസ്റ്റിട്ട വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതി വെച്ച് പുലർത്തുന്ന വിദ്യാർത്ഥി നേതാക്കൾ കേട്ട തെറി വിളികൾക്കെതിരെ പ്രതിഷേധമുണ്ടായത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ക്രിയാത്മക പ്രതികരണങ്ങൾക്ക് പേര് കേട്ട സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വ്യക്തിപരമായി, കൂട്ടമായി അതിക്രമിക്കുന്ന ഇടങ്ങൾ നിരവധിയുണ്ട്.

ആൾക്കൂട്ടാതിക്രമങ്ങളെ ഭയന്ന് പ്രതികരണം സോഷ്യൽ മീഡിയയിൽ മാത്രമാക്കിയവർക്കും ഇനി നല്ല കാലമല്ലെന്ന് വേണം കരുതാൻ. വലിയൊരാൾക്കൂട്ടം നിങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുകയാണ്. നിങ്ങളെങ്ങനെ ജീവിക്കണമെന്ന് ആൾക്കൂട്ടം തീരുമാനിക്കും. പ്രതികരിക്കുന്നവരെ അവർ മുൻകാലാനുഭവങ്ങൾ ഓർമ്മിച്ച് കൊണ്ടിരിക്കും. എന്നാൽ ഇത്തരം ആൾകൂട്ട ഭീതികളിൽ നിന്നും സ്വാതന്ത്ര്യബോധത്തിലേക്ക് നടന്ന് നീങ്ങാൻ നമ്മളിനിയും പ്രതികരിക്കേണ്ടിയിരിക്കുന്നു. അതിനായി ഇത്തരത്തിൽ വയലൻസുണ്ടാവാൻ മൗനാനുവാദം നൽകുന്ന എല്ലാ വ്യവസ്ഥിതികളെയും നമ്മളൊരു വട്ടമെങ്കിലും പ്രതിക്കൂട്ടിൽ നിർത്തേണ്ടതായും വരും. ഒപ്പം ചിലപ്പോഴെങ്കിലും നമ്മളോരോരുത്തരും ഇത്തരം ആൾക്കൂട്ടങ്ങളിൽ പെട്ട് പോകുന്നുണ്ടോയെന്ന സ്വയം വിമർശനവും നടത്താം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories