അവര്‍ കൌമാരക്കാരാണ്. മിക്കവരും സ്‌കൂള്‍, കോളേജ് യൂണിഫോം അണിഞ്ഞവര്‍. ചിലര്‍ ബുര്‍ക ധരിച്ചിട്ടുണ്ട്. അവരുടെ ചുമലുകളില്‍ സ്‌കൂളുബാഗുകള്‍ തൂങ്ങിക്കിടക്കുന്നു. പക്ഷെ അവര്‍ കാശ്മീരിലെ സുരക്ഷസേനകള്‍ക്ക് നേരെ കല്ലെറിയുകയാണ്. അവരുടെ രോഷവും പ്രതിഷേധവും ശക്തമാണ്. കാശ്മീരിലെ പ്രതിഷേധ രംഗത്തെ ഈ പുതിയ മുഖം 28 വര്‍ഷമായി നീളുന്ന താഴ്വരയിലെ സംഘര്‍ഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയാണ്.
ഈ മാസം നിരപരാധികള്‍ എന്ന് നാട്ടുകാര്‍ പറയുന്നവരെ സുരക്ഷസേന വധിച്ചതോടെയാണ് വഷളായിരുന്ന കാശ്മീര്‍ ക്രമസമാധാനം കൂടുതല്‍ കൈവിട്ടുപോയത്. ഇതോടൊപ്പം മനുഷ്യകവചമായി ഒരു സാധാരണക്കാരനെ സുരക്ഷസേനയുടെ വാഹനത്തിന് മുന്നില്‍ കെട്ടിവെച്ച് പ്രദക്ഷിണം നടത്തിയത് സാമാന്യജനത്തിന്റെ രോഷത്തിന് ആക്കം കൂട്ടി. ജനങ്ങള്‍ തെരുവിലിറങ്ങി. യുവതികളായിരുന്നു മുന്‍നിരയില്‍. സ്‌കൂള്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും സുരക്ഷസേനകള്‍ക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രോഷാകുലായായി ഒരു വിദ്യാര്‍ത്ഥിനി പോലീസ് വാഹനത്തില്‍ തൊഴിക്കുന്ന ചിത്രം ഈ രോഷപ്രകടനങ്ങളുടെ മൂര്‍ത്തഭാവമായി മാറി.
എന്തിനാണ് തങ്ങള്‍ ഭയപ്പെടുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ കുട്ടി ഹിന്ദുസ്ഥാന്‍ ടൈംസിനോട് ചോദിച്ചു. കാശ്മീരില്‍ സംഭവിക്കാവുന്നതിന്റെ പരമാവധി മോശം അവസ്ഥയിലാണിപ്പോള്‍. മൃതദേഹങ്ങളും അംഗഭംഗം സംഭവിച്ച ശരീരങ്ങളും തങ്ങള്‍ ധാരാളം കണ്ടുകഴിഞ്ഞതായി ആ പെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു. പെല്ലറ്റുകള്‍ മുഖം വികൃതമാക്കിയ സഹോദരീസഹോദരന്മാര്‍ തങ്ങള്‍ക്കുണ്ടെന്നും പരമാവധി സംഭവിക്കുക തങ്ങള്‍ കൊല്ലപ്പെടുകയാണെന്നും രോഷാകുലയായ ആ പെണ്‍കുട്ടി പറയുന്നു.
രോഷാകുലരായ സ്ത്രീകളുടെ പ്രകടനം ഇന്ത്യയില്‍ പുതുമയല്ല. 2012ല്‍ നിര്‍ഭയക്കേസില്‍ നീതി ആവശ്യപ്പെട്ട് ആയിരക്കണക്കിന് സ്ത്രീകളാണ് തെരുവില്‍ ഇറങ്ങിയത്. ഈ പ്രവണത തന്നെയാണ് കാശ്മീരിലും സംഭവിക്കുന്നതെന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെമ്പാടും പ്രതിഷേധങ്ങളുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങാറുണ്ട്. കാശ്മീരില്‍ ചിലര്‍ വിദ്യാര്‍ത്ഥി അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങുമ്പോള്‍ മറ്റ് ചിലര്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാണിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആളിക്കത്തിയ പ്രതിഷേധത്തില്‍ 2016ലെ വേനല്‍ക്കാലത്ത് 90 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു. സര്‍ക്കാര്‍ സേനകളുടെ ഈ ഹീനമായ നടപടി അന്താരാഷ്ട്ര പ്രതിഷേധത്തിന് വരെ കാരണമായി.
ഏപ്രില്‍ 17ന് തെക്കന്‍ കാശ്മീരിലെ ഫുല്‍വാമ ഡിഗ്രി കോളേജില്‍ പോലീസ് കടന്നുകയറിയതോടെ വിദ്യാര്‍ത്ഥി രോഷം വര്‍ദ്ധിച്ചിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ആസാദി മുദ്രാവാക്യം മുഴക്കുകയും ആണ്‍കുട്ടികള്‍ സുരക്ഷസേനകളെ ആക്രമിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഫുല്‍വാമ കോളേജിലെ പോലീസ് നടപടിക്കെതിരായ പ്രതിഷേധം താഴ്വരയിലെങ്ങും വ്യാപിച്ചിരിക്കുകയാണ്. 'ഞങ്ങള്‍ നിശബ്ദരായി ഇരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഇന്ത്യന്‍ സേനകളുടെ ക്രൂരതകള്‍ തുടരുകയും 'കൂലിക്ക് കല്ലെറിയുന്നവര്‍' എന്ന് ഇന്ത്യന്‍ മാധ്യമങ്ങളുടെ ആഖ്യാനം തുടരുകയും ചെയ്യും. അവര്‍ ഞങ്ങള്‍ക്ക്
ചീത്തപ്പേരുണ്ടാക്കുകയാണ്. യൂണിഫോമില്‍ സ്‌കൂള്‍ കുട്ടികള്‍ കല്ലെറിയുമ്പോള്‍ അവര്‍ക്ക് എന്ത് പറയാനുണ്ടാവും എന്ന് നോക്കാം,' എന്ന് വിമണ്‍സ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി ചോദിക്കുന്നു.
രോഷം നിലനില്‍ക്കുന്നുണ്ടായിരുന്നു എന്നും എന്നാല്‍ ഫുല്‍വാമ സംഭവം അതിന് ആക്കം കൂട്ടിയെന്നും അവര്‍ പറയുന്നു. യുവത്വത്തിന്റെ ശക്തി തങ്ങള്‍ തിരിച്ചറിഞ്ഞതായും കാശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ഈ ശക്തിപ്രകടനം തുടരുമെന്നും അവര്‍ പറയുന്നു. 1989ല്‍ കാശ്മീരില്‍ സൈനീക നടപടി തുടങ്ങിയതിന് ശേഷമുള്ള പ്രതിഷേധങ്ങളിലൊക്കെ സ്ത്രീ സാന്നിധ്യം ശക്തമാണ്. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ എത്തുന്നത് ഇതാദ്യമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
'1990കളുടെ തുടക്കത്തില്‍, ഞങ്ങള്‍ സ്‌കൂളില്‍ പോകുന്ന സമയത്ത് ഒരു വെടിയൊച്ച പോലും ഞങ്ങളെ ഭയപ്പെടുത്തുമായിരുന്നു. കണ്ണീര്‍ വാതക ഷെല്ലിന്റെയോ ഗ്രേനേഡിന്റെയോ ശബ്ദം കേട്ടാല്‍ ഞങ്ങള്‍ ഏതെങ്കിലും മൂലയില്‍ ഒളിക്കുമായിരുന്നു. കൈകളില്‍ കല്ലുകളുമായി കാശ്മീരി പെണ്‍കുട്ടികള്‍ പോലീസ് വാഹനത്തെ പിന്തുടരുമെന്ന് ഞാന്‍ എന്റെ വന്യസ്വപ്‌നങ്ങളില്‍ പോലും കണ്ടിരുന്നില്ല. കാശ്മീരിലെ അവസ്ഥ ഭീദിതമാണ്. സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതോടെ അതിന്റെ ആഴം വര്‍ദ്ധിക്കുന്നു,' എന്ന് ശ്രീനഗറില്‍ നിന്നുള്ള ഒരു വനിത മാധ്യമ പ്രവര്‍ത്തക പറയുന്നു.