Top

താന്‍ പുതിയ ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് ജസ്റ്റിസ് പട്ടേല്‍ അറിഞ്ഞിരുന്നില്ലേ?

താന്‍ പുതിയ ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് ജസ്റ്റിസ് പട്ടേല്‍ അറിഞ്ഞിരുന്നില്ലേ?
അവര്‍ പുതിയ ഇന്ത്യയെ  എങ്ങനെയാണ് വിഭാവനം ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ കുറച്ചു നാളുകളായി നമ്മുടെ മുന്നില്‍ ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അത് ശ്രദ്ധിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ എന്താണ് നിയമവാഴ്ചയെ കുറിച്ചും ഭരണഘടനയെ കുറിച്ചും ധാര്‍മ്മികതയെ കുറിച്ചുമുള്ള അവരുടെ ആശയങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്നറിയാന്‍ ബംഗളൂരുവിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി.

അവരുടെ സങ്കല്‍പ്പത്തിലുള്ള പുതിയ ഇന്ത്യയില്‍ കൊലപാതകികള്‍ ആഘോഷിക്കപ്പെടുകയും സ്വതന്ത്രമാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ നടക്കുകയും നിയമവാഴ്ച അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. കൊലപാതകവും ഭീഷണിപ്പെടുത്തലുമുള്‍പ്പെടെ എന്തും, ഏതും അധികാരത്തിന് വേണ്ടിയുള്ള ഓട്ടത്തില്‍ ന്യായീകരിക്കപ്പെടുന്നു. ഈ മഹത്തായ ജനാധിപത്യത്തിലെ ഭൂരിപക്ഷം സ്ഥാപനങ്ങളും അവരുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും ദുഃഖകരമായ ഭാഗം. ഈ ആഴ്ചയുടെ തുടക്കത്തില്‍ സുപ്രീം കോടതി കൊളീജിയം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം നല്‍കിയതിനെ തുടര്‍ന്ന് ജസ്റ്റിസ് ജയന്ത് എം പട്ടേല്‍ രാജിവെച്ചതാണ് ഇതിലെ ഏറ്റവും പുതിയ സംഭവവികാസം. ഹൈക്കോടതി ജഡ്ജിമാരില്‍ ഏറ്റവും മികവ് പുലര്‍ത്തിയിരുന്നവരില്‍ ഒരാളെന്ന് അറിയപ്പെടുന്ന ആളായിരുന്നു ജസ്റ്റിസ് പട്ടേല്‍.

സുപ്രീം കോടതിയിലെ ഉന്നത ജഡ്ജിമാരടങ്ങുന്ന കൊളീജിയം രാഷ്ട്രീയ ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നോ എന്നതിന് സംശയം ജനിപ്പിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ സ്ഥലംമാറ്റ ഉത്തരവ്. മാത്രമല്ല, കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയില്‍ ഗുജറാത്തില്‍ നടന്ന സംഭവവികാസങ്ങളൊന്നും അത്ര പെട്ടെന്ന് മറക്കുന്ന ആളല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ഈ ഉത്തരവ് തെളിയിക്കുന്നു.

ഒക്ടോബര്‍ ഒമ്പതിന് ചീഫ് ജസ്റ്റിസ് എസ്‌കെ മുഖര്‍ജി സ്ഥാനമൊഴിയുമ്പോള്‍ കര്‍ണാടക ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്ന ജഡ്ജിയായിരുന്നു ജയന്ത് പട്ടേല്‍.

എന്നാല്‍ വിചിത്രമായ നടപടികളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊളീജിയം സ്വീകരിക്കുന്നത്. പട്ടേലിനെക്കാള്‍ ജൂനിയറായ പലര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരായി സ്ഥാനക്കയറ്റം നല്‍കുകയും അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലമാറ്റുകയും ചെയ്തു. എന്തുകൊണ്ട്?

പ്രത്യേക അന്വേഷണ സംഘം വ്യാജ ഏറ്റുമുട്ടല്‍ നടത്തിയാണ് ഇഷ്‌റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും 2004ല്‍ കൊലപ്പെടുത്തിയത് എന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് രണ്ട് ജഡ്ജിമാരടങ്ങുന്ന ബഞ്ചിന്റെ ഭാഗമായി 2011ല്‍ ഉത്തരവിട്ടത് അദ്ദേഹമായിരുന്നു.

"എങ്ങനെയാണ് അത് സംഭവിച്ചതെന്ന് തീരുമാനമെടുത്തവര്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു", എന്നാണ് ആ വിധിന്യായത്തില്‍ ജസ്റ്റിസ് പട്ടേല്‍ എഴുതിയത്. തന്റെ ഭൂതകാലത്തിന്റെ പേരിലാണ് ജസ്റ്റീസ് പാട്ടീലിന് ഉന്നതപദവികള്‍ നിഷേധിക്കപ്പെട്ടതെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരായ ദുഷ്യന്ത് ദവെ, യാതിന്‍ ഒസ എന്നിവരുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രതികാരബുദ്ധിയോടെ പെരുമാറിയതിന്റെ പ്രതിഫലനമാണ് ജസ്റ്റിസ് പട്ടേലിന്റെ രാജിയെന്നാണ് ദുഷ്യന്ത് ദവേ അഭിപ്രായപ്പെട്ടത്.'എല്ലാ മന്ത്രിമാരോടും സര്‍ക്കാരുകളോടും ഞാന്‍ ഒരേ സമീപനമാണ് പുലര്‍ത്തിയിട്ടുള്ളത്' എന്ന് ചൊവ്വാഴ്ച തന്നെ വന്നുകണ്ട അഭിഭാഷകസംഘത്തോട് ജസ്റ്റിസ് പട്ടേല്‍ വിശദീകരിച്ചു.

പക്ഷേ, പുതിയ ഇന്ത്യയിലാണ് താന്‍ ജീവിക്കുന്നതെന്ന് ജസ്റ്റിസ് പട്ടേല്‍ വിസ്മരിച്ചു. ഇസ്രത് ജഹാന്‍ കേസിലെ വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ ആരോപണവിധേയരായ ഗുജറാത്തിലെ മുന്‍ ഡിജിപി പിപി പാണ്ഡെ, ഐപിഎസ് ഉദ്യോഗസ്ഥരായ എന്‍കെ അമിന്‍, തരുണ്‍ ബരോട്ട് തുടങ്ങിയവര്‍ക്കെല്ലാം സ്ഥാനക്കയറ്റം നല്‍കുകയും സേവനകാലം നീട്ടിക്കൊടുക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്തു. സുപ്രീം കോടതി കേസില്‍ ഇടപെടുന്നതുവരെ ഈ പ്രവണത തുടര്‍ന്നു.

സൊഹ്റാബുദ്ദീന്‍ ഷേഖ് വധക്കേസിലും ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമട്ടല്‍ കേസിലുമാണ് അമീന്‍ വിചാരണ നേരിടുന്നതെങ്കില്‍, സാദിഖ് ജമാല്‍, ഇസ്രത്ത് ജഹാന്‍ കേസുകളിലാണ് ബാരോട്ടിനെതിരെ കുറ്റം ചുമത്തിയത്. ഇസ്രത്ത് ജഹാന്‍ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഗുജറാത്തിലെ മുന്‍ ഡിജിപി പിപി പാണ്ഡെയ്ക്ക് സ്ഥാനക്കയറ്റവും മൂന്ന് മാസത്തേക്ക് സേവനം നീട്ടിക്കൊടുക്കയും ചെയ്തതും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാണ്ഡെ പിന്നീട് രാജിവെക്കാന്‍ തയ്യാറാവുകയും കോടതിയുടെ നിര്‍ബന്ധപ്രകാരം തന്നെ സംബന്ധിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാവുകയും ചെയ്തു.

കസ്റ്റഡിയില്‍ നിന്നും മോചനം നേടിയതിനെ തുടര്‍ന്ന് അമീനും ബാരോട്ടിനും വിരമിച്ചതിന് ശേഷമുള്ള തസ്തികകള്‍ കൈയില്‍ വച്ച് കൊടുക്കുകയായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍. സുപ്രീം കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് മാത്രമാണ് അവര്‍ പദവികള്‍ ഒഴിയാന്‍ തയ്യാറായത്.

കാര്യങ്ങള്‍ നീതിയുക്തമായി വീക്ഷിക്കുന്നവര്‍ നിശബ്ദരാവുമ്പോള്‍ കള്ളന്മാരും കൊലപാതകികളും ചതിയന്മാരും എങ്ങനെ വളര്‍ച്ച പ്രാപിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. നല്ല മനുഷ്യര്‍ ശബ്ദം ഉയര്‍ത്തേണ്ട സമയമായിരിക്കുന്നു. അല്ലെങ്കില്‍, നിങ്ങള്‍ക്ക് ശബ്ദിക്കാനുള്ള ഇടങ്ങള്‍ ബാക്കിയുണ്ടാവില്ല.

Next Story

Related Stories