UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

അണ്ണാ ഹസാരെ തിരുത്താനാവാത്ത ഒരു മണ്ടനാണോ അതോ വളരെ, വളരെ കൗശലക്കാരനായ വൃദ്ധനാണോ?

2011ല്‍ ഹസാരെ വളരെ ദയാപൂര്‍ണമായ എതിര്‍പ്പുകള്‍ മാത്രമാണ് നേരിട്ടതെന്ന് ഇപ്പോള്‍ വ്യക്തമാവുന്നു. മര്യാദ പുലര്‍ത്തുന്ന ഒരു സംവിധാനമായിരുന്നു മന്‍മോഹന്‍ സിംഗ് ഭരണകൂടം.

ഹരീഷ് ഖരെ

ക്ഷീണിതനെങ്കിലും ഒരു ധാര്‍മ്മിക സമൂഹത്തിന്റെ സുസ്ഥിര സൈദ്ധാന്തികനായ അണ്ണാ ഹസാരെയെ കുറിച്ച് വീണ്ടും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗാന്ധിജയന്തി ദിനത്തില്‍ രാജ്ഘട്ടില്‍ ഒരു ഫോട്ടോയ്ക്ക് വേണ്ടി പ്രത്യക്ഷപ്പെട്ട അദ്ദേഹം, ഇക്കഴിഞ്ഞ മൂന്ന് വര്‍ഷം കാര്യങ്ങള്‍ നടത്തിയ നീതിയില്‍ അങ്ങേയറ്റത്തെ അസന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു; എന്തും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു രാജ്യത്തിന് നേരെ ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന ചെറിയ ആള്‍ക്കൂട്ടം വളരെ വ്യഗ്രതയോടെ വീശിക്കാണിച്ച മാന്ത്രിക നിയമനിര്‍മ്മാണം എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ലോക്പാലിനെ കുറിച്ച് ഒരു സൂചനയും ഇല്ല എന്നതില്‍ അദ്ദേഹത്തെ പ്രത്യേകിച്ചും അലോസരപ്പെടുത്തുന്നുണ്ട്. കാലം എങ്ങനെയാണ് അതിനെ മാറ്റിമറിച്ചത് എന്നതിനുള്ള ഒരു അളവുകോല്‍ കൂടിയാണത്. അവിടെയും ഇവിടെയുമുള്ള ചില ചെറിയ അപവാദങ്ങള്‍ ഒഴിവാക്കിയാല്‍, മിക്ക പത്രമാധ്യമങ്ങളും മുതിര്‍ന്ന ഗാന്ധിയനെ ഉള്‍പ്പേജുകളിലേക്ക് നാടുകടത്തിയിട്ടുണ്ട്.

തന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ വീണ്ടും പുനഃരുജ്ജീവിപ്പിക്കും എന്ന് അദ്ദേഹം ഭീഷണി മുഴക്കുമ്പോള്‍, അണ്ണാ ഹസാരെ തിരുത്താനാവാത്ത ഒരു മണ്ടനാണോ അതോ വളരെ, വളരെ കൗശലക്കാരനായ വൃദ്ധനാണോ എന്ന് നിശ്ചയിക്കുക ബുദ്ധിമുട്ടാവുന്നു. അതിന്റെ ചാപല്യങ്ങളിലും വ്യാമോഹങ്ങളിലും അഭിരമിക്കുന്നതിനായി ജനവിശ്വാസങ്ങളെ ഇത്ര ലജ്ജയില്ലാത്തവിധം അവഹേളിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതിലൂടെ ജനരോഷത്തിന് സ്വയം പാത്രമായിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ ആടിയുലയുകയാണെന്ന് അദ്ദേഹം കൗശലപൂര്‍വം മനസിലാക്കിയിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇത്തരത്തില്‍ സംശയാസ്പദമായ ബഹുമാന്യതയുടെ മേഖലയിലേക്ക് കടക്കുന്ന ഏത് ഭരണകൂടവും, അണ്ണാ ഹസാരെയെ പോലുള്ള ധാര്‍മ്മിക വില്ലാളികളുടെ കടന്നുകയറ്റം ക്ഷണിച്ചുവരുത്തുന്നു.

അതോ, 2011ല്‍ കലര്‍പ്പില്ലാത്ത ഒരു ‘അഴിമതി വിരുദ്ധ’ പ്രസ്ഥാനത്തെയാണ് താന്‍ നയിച്ചതെന്ന് തുടര്‍ന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു നിഷ്‌കപടനായ ഒരു മനുഷ്യനാണോ അദ്ദേഹം? ‘മാറ്റം’ സാധ്യമാണ് എന്ന് വിചാരിച്ചിരുന്ന സത്യസന്ധരും ആദര്‍പ്രചോദിതരുമായ മനസുകളെ അദ്ദേഹത്തിന്റെ പ്രസ്ഥാനം രാംലീല മൈതാനത്തേക്ക് ആകര്‍ഷിച്ചു എന്ന് സമ്മതിക്കേണ്ടി വരും. ആകട്ടെ, എന്തുതരം ‘മാറ്റ’മാണ് ഉണ്ടായത്. ലളിതമായി പറയുകയാണെങ്കില്‍, മറ്റൊരു ഭരണകൂടം അധികാരത്തില്‍ വരുന്നതിനുള്ള പശ്ചാത്തലം ഒരുക്കിക്കൊടുക്കുകയാണ് അണ്ണാ ഹസാരെ ചെയ്തത്. ജനവിശ്വാസം തിരികെപ്പിടിക്കാന്‍ തനിക്ക് ഇനിയും സാധിക്കുമെന്നും ക്ഷോഭിക്കുന്ന ആത്മാക്കളെ ഒരിക്കല്‍ കൂടി തന്റെ ബാനറിന് കീഴില്‍ അണിനിരത്താമെന്നും വിശ്വസിക്കുന്നെങ്കില്‍ വളരെ, വളരെ ഋജുവായി ചിന്തിക്കുന്ന ഒരു മനുഷ്യനായിരിക്കണം ഈ അണ്ണാ ഹസാരെ.

യുക്തിയുടെയും തന്ത്രത്തിന്റെയും നിയന്ത്രണം ‘കൗശലക്കാരനായ മോഹന്‍ദാസ്’ ഏറ്റെടുക്കാതിരിക്കുന്നിടത്തോളം കാലം ഗാന്ധിയന്മാര്‍ മോശം കലാപകാരികള്‍ മാത്രമേ ആകൂ. അണ്ണാ പക്ഷെ ഗാന്ധിയല്ല. ഗാന്ധി തൊപ്പി (മഹാത്മയ്ക്ക് ഒരിക്കലും ആവശ്യമില്ലാതിരുന്ന) ധരിച്ച ഒരു ആത്മാര്‍ത്ഥയുള്ള മനുഷ്യന്‍ മാത്രമാണ് അദ്ദേഹം. തന്റെ പന്തം പിടിച്ചിരുന്ന കിരണ്‍ ബേദിമാരും അരവിന്ദ് കെജ്രിവാളുമാരും തന്നെ വഞ്ചിച്ചുവെന്ന് വിചാരിക്കാനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ രൂപപ്പെട്ട പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ച് ആശ്ചര്യജനകമായ അജ്ഞത അദ്ദേഹം ഇപ്പോഴും പ്രകടിപ്പിക്കുന്നു.

‘സന്യാസി’മാര്‍, സര്‍ക്കാരിതര സംഘടനകള്‍, മാധ്യമ ചക്രവര്‍ത്തിമാര്‍ തുടങ്ങിയ ഭിന്നതരക്കാര്‍ക്ക് ഒന്നിക്കാനുള്ള ഒരു ഉത്തമ വേദിയായിരുന്നു ‘അഴിമതിക്കെതിരെ ഇന്ത്യ’; വന്‍കിട കമ്പനികളുടെ സാമ്പത്തിക സഹായം അതിനുണ്ടായിരുന്നു. അതുപോലെ ആസൂത്രണത്തിലും വാര്‍ത്താ പ്രചാരണത്തിലും സഹായിക്കുന്നതിനായി വിരമിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായവും ഉണ്ടായിരുന്നു. ചുറ്റുമൊന്ന് തിരിഞ്ഞു നോക്കിയാല്‍, 2014ന് ശേഷം രാജ് നിവാസുകളിലെയും പാര്‍ലമെന്റിലെയും നിയമസഭകളിലെയും മന്ത്രിസഭകളിലെയുമെല്ലാം പ്രധാന വിതരണക്കാര്‍ തന്റെ ‘ധര്‍മ്മസേനയില്‍’ നിന്നുള്ളവരാണെന്ന് അണ്ണാ ഹസാരെയ്ക്ക് കാണാന്‍ സാധിക്കും.

അതുകൊണ്ടും തീര്‍ന്നില്ല. ശതകോടി രൂപയുടെ സാമ്രാജ്യങ്ങള്‍ ഭരിക്കുന്ന സംരംഭകരായി ‘സന്യാസി’മാര്‍ മാറി. സര്‍ക്കാരിന്റ രക്ഷാകര്‍തൃത്വത്തിലും സംരക്ഷണത്തിലും അവര്‍ അഭിവൃദ്ധിപ്രാപിക്കുന്നു. ദേശീയ പ്രതിരോധ പോര്‍ട്ടലുകള്‍ ഭരിക്കുന്ന അദൃശ്യ തന്ത്രജ്ഞരായി അവര്‍ വിലസുന്നു. അണ്ണാ ഹസാരെയുടെ പ്രസ്ഥാനം സൃഷ്ടിച്ച രാഷ്ട്രീയ മൂലധനത്തിന്റെ അവസാന നാണയം വരെ മുതലാക്കപ്പെട്ടിരിക്കുന്നു. സര്‍വോപരി, വിദ്വേഷ ദേശീയതയുടെ ഉത്സവത്തിന് കളമൊരുക്കുന്നതിനായി ബുദ്ധിപൂര്‍വം സംവിധാനം ചെയ്‌തെടുത്ത ഒന്നായിരുന്നു രാംലീല മൈതാനത്തെ പതാക പാറിക്കലുകളൊക്കെയും.

ഒരിക്കല്‍ സവാരിക്ക് കൂടെക്കൂട്ടപ്പെട്ട ആളാണ് താനെന്ന് മനസിലാക്കാന്‍ അദ്ദേഹം വിസമ്മതിക്കുന്നു എന്നത് ചിലര്‍ക്കെങ്കിലും കൗതുകരമായി തോന്നാം; എന്നാല്‍ തന്റെ ‘പ്രസ്ഥാന’ത്തെ വീണ്ടും ആവര്‍ത്തിക്കാമെന്ന് ആലോചിക്കാന്‍ അദ്ദേഹം പ്രേരിപ്പിക്കപ്പെടരുത്. രണ്ടാം തവണയും വഞ്ചിക്കപ്പെടാന്‍ ഒരു സമൂഹവും സ്വയം സമ്മതിക്കില്ല. ധാര്‍മ്മികമായി വഞ്ചിക്കപ്പെട്ടു എന്ന വികാരമാണ് നമുക്കുള്ളത്. നമ്മുടെ രക്ഷകരും സാമൂഹിക ശുചിത്വത്തൊഴിലാളികളുമായി സ്വയം സമര്‍പ്പിച്ചവര്‍, വളരെ സാധാരണ രാഷ്ട്രീയക്കാരോ അതിലും മോശപ്പെട്ടവരോ ആയി മാറി.

അതുപോലെ തന്നെ അദ്ദേഹത്തിന്റെ കൂടാരം സ്ഥാപിക്കാനും അനുവദിക്കപ്പെടരുത്. 2011ല്‍ ഹസാരെ വളരെ ദയാപൂര്‍ണമായ എതിര്‍പ്പുകള്‍ മാത്രമാണ് നേരിട്ടതെന്ന് ഇപ്പോള്‍ വ്യക്തമാവുന്നു. മര്യാദ പുലര്‍ത്തുന്ന ഒരു സംവിധാനമായിരുന്നു മന്‍മോഹന്‍ സിംഗ് ഭരണകൂടം. അതിനെ അലോസരപ്പെടുത്തുന്നവര്‍ക്കെതിരെ നവ മാധ്യമങ്ങള്‍ക്ക് അഴിച്ചുവിടാന്‍ സാധിക്കുന്ന ഔദ്യോഗിക ദയാരാഹിത്യത്തെ കുറച്ചുകാണുകയാണ് താന്‍ ചെയ്തതെന്ന് ഹസാരെയ്ക്ക് ബോധ്യപ്പെടും.

കൂടുതല്‍ സൂക്ഷ്മമായി പറയുകയാണെങ്കില്‍, ആഗോള സാഹചര്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു; ഒരു സര്‍ക്കാര്‍ വകുപ്പ് ഇന്ദ്രജാലമായി ‘അറബ് വസന്തം’ മാറിക്കഴിഞ്ഞിരിക്കുന്നു; ഒരു ധാര്‍മ്മിക പുനഃസൃഷ്ടിക്ക് പാത്രമാവും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഒരു രാജ്യവും സമാധാനമോ ഐക്യമോ രാഷ്ട്രീയ സുസ്ഥിരതയോ അനുഭവിക്കുന്നില്ല. നിയമലംഘനത്തെ കുറിച്ചുള്ള ഒരു ചെറിയ സൂചന പോലും ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തെ എളുപ്പത്തില്‍ ഭയപ്പെടുത്തുന്നു എന്ന് മാത്രമല്ല, ഒരു ശക്തന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ വാഗ്ദാനം ചെയ്യുന്ന സുരക്ഷയിലേക്ക് ഓടിയൊളിക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്യുന്നു. അറബ് വസന്തത്തിന്റെ ധാര്‍മ്മിക സമ്പദ്വ്യവസ്ഥ ശിഥിലമായിട്ട് ഏറെക്കാലമായിരിക്കുന്നു. ഈ ആഗോള വിധ്വംസക പദ്ധതിയുടെ ഭാഗമായിരുന്നു ഹസാരെ പ്രസ്ഥാനം; എന്നാല്‍ ഇപ്പോള്‍, വൈറ്റ് ഹൗസില്‍ വ്യാപാരിയും പങ്കുകച്ചവട വിദഗ്ധനുമായ ഒരാളുണ്ട്. മാത്രമല്ല രണ്ടാം അണ്ണാ ഹസാരെ പ്രസ്ഥാനത്തിന് എന്തെങ്കിലും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യാനുള്ള ധൈര്യം ഇന്ത്യയിലെ വന്‍കിടക്കാര്‍ക്കുമില്ല. സാമ്പത്തികരംഗം  കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ കഴിവില്ലായ്മ മൂലം പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന, മെരുക്കപ്പെട്ട ആള്‍ക്കൂട്ടമായി കോര്‍പ്പറേറ്റുകള്‍ മാറിയിരിക്കുന്നു.

അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ ശക്തമായ ഒരു സഖ്യമായിരുന്നു മാധ്യമങ്ങള്‍. എന്നാലിപ്പോള്‍, വലിയ യജമാനനുമായി സന്ധി ചെയ്യുന്നതാണ് ലാഭകരമെന്ന് മാധ്യമങ്ങള്‍ മനസിലാക്കിയതായി ഹസാരെ കണ്ടെത്തും; അനീതിയുടെയും അസമത്വത്തിന്റെയും ദൈനംദിന ആചാരങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ നിസ്സഹായരോടൊപ്പം നില്‍ക്കേണ്ടവരാണ് തങ്ങളെന്ന് അവരിപ്പോള്‍ ചിന്തിക്കുന്നില്ല; ദേശാഭിമാന വ്യാപാരത്തിലേക്ക് അവര്‍ സ്വന്തം പേര് ചേര്‍ത്തുകഴിഞ്ഞു. നീതിന്യായത്തിന്റെയും അനിഷ്ടപ്രകടനത്തിന്റെയും ജന്തര്‍ മന്ദര്‍ നാടകം ആവര്‍ത്തിക്കുന്നതിനായി മറ്റ് ചില നിഷ്‌കളങ്ക ആത്മാക്കളുടെ പിന്തുണ നേടിയെടുക്കാന്‍ ഹസാരെയ്ക്ക് സാധിച്ചാല്‍ പോലും, മാധ്യമങ്ങള്‍ പരിഹസിച്ച് ഓടിക്കുന്നത് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വരും.

എല്ലാത്തിനും ഉപരിയായി, വൈകാരികമായി ക്ഷീണിതമായ ഒരു സമൂഹമാണ് നമ്മള്‍. നമ്മുടെ അഭിനിവേശത്തിന്റെ ക്രിയാത്മക ശക്തി ഓരോ രാത്രിയിലും അധഃപതിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കൂട്ടായ വിവേകത്തെ മന്ദഗതിയിലുള്ള ഒരു ബൗദ്ധിക മണ്ടവീക്കം ബാധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ധാര്‍മ്മികതയെ വളരെ സൂക്ഷ്മമായും വളരെ പൊള്ളയായും വളരെ വിഷലിപ്തമായും പാകിസ്ഥാനെതിരെ തിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് മുദ്രകുത്തിയ ദേശദ്രോഹികള്‍ക്കുമെതിരെ നമ്മുടെ രോഷത്തെ തിരിച്ചുവിട്ട് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെ വിശ്വാസത്തെ പ്രധാനമന്ത്രി അവഹേളിച്ചിരിക്കുന്നു; ഒരു ദരിദ്ര കുടുംബത്തില്‍ നിന്നും വരുന്ന ആളായതിനാല്‍ തന്നെ വിശ്വസിക്കണമെന്ന് നമ്മോട് ആവശ്യപ്പെട്ടതിന് ശേഷം തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം തിരികെ ലഭിക്കുന്നതിനായി ദശലക്ഷക്കണക്കിന് വരുന്ന ദരിദ്രരും സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ജനങ്ങളെ ക്യൂവില്‍ പിടിച്ചു നിറുത്തി. അതേസമയം അശോക റോഡിലെ മുതലാളിമാരുമായി കരാറുകള്‍ ഉറപ്പിക്കാനുള്ള സാഹചര്യം കൊഴുത്ത പൂച്ചകള്‍ക്ക് ലഭ്യമാവുകയും ചെയ്തു. തങ്ങളുടെ ദുരിതങ്ങളില്‍ സന്തുഷ്ടരായിരിക്കാനും സര്‍വോപരി ശാക്തീകരിക്കപ്പെട്ടതായി സങ്കല്‍പിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ക്ഷയിച്ചുപോയ തന്റെ നേതൃത്വ സ്ഥലികളിലേക്ക് വൈകാരികമായി നമ്മെ പിന്‍മടക്കം നടത്തിക്കാന്‍ ഓരോ സായാഹ്നത്തില്‍ അല്ലെങ്കില്‍ ഓരോ ആഴ്ചയിലും അദ്ദേഹം നമ്മോട് ആവശ്യപ്പെടുന്നു. സന്തുഷ്ടരായിരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുക മാത്രമല്ല ചെയ്യുന്നത്. യശ്വന്ത് സിന്‍ഹയെ നിന്ദിക്കുകയും ഒരു തൊഴിലന്വേഷകന്‍ എന്ന് പരിഹസിക്കുകയും ചെയ്യുമ്പോള്‍ ചെറിയ മനുഷ്യരായി പോകാന്‍ കൂടി നാം പ്രേരിപ്പിക്കപ്പെടുന്നു.

ഇന്ന്, വൈകാരികമായി തളര്‍ന്ന് ഒരു രാജ്യമാണ് നമ്മള്‍. ഒരുപക്ഷെ ധാര്‍മ്മികമായും തളര്‍ന്ന ഒന്ന്. അപകടകരമായ ഒരു മേഖലയിലാണ് നമ്മള്‍. അണ്ണാ ഹസാരെ മാതൃകയിലുള്ള ആത്മാര്‍ത്ഥതയില്‍ ഒരു തരത്തിലുള്ള ധാര്‍മ്മിക ബലപ്രയോഗം അടങ്ങിയിരിക്കുന്നു. ഏകാധിപത്യ വഴിത്താരയില്‍ അവസാനിക്കുന്ന ഒന്നായതിനാല്‍ തന്നെ ഈ കെണി ഒഴിവാക്കാവുന്ന ഒന്നാണ്.

 

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍