Top

അറസ്റ്റിലായത് ഇന്നത്തെ തലമുറയാണ്, അവരാണ് ശരി; IFFK ബഹിഷ്കരിച്ച ഒരാള്‍ക്ക് പറയാനുള്ളത്

അറസ്റ്റിലായത് ഇന്നത്തെ തലമുറയാണ്, അവരാണ് ശരി; IFFK ബഹിഷ്കരിച്ച ഒരാള്‍ക്ക് പറയാനുള്ളത്
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'ക്ലാഷ്' എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ, നീ അറസ്റ്റിലായോ എന്നു ചോദിച്ചു. അപ്പോഴാണ് ആറുപേരെ അറസ്റ്റ് ചെയ്ത കാര്യം ഞാന്‍ അറിഞ്ഞത്. അതറിഞ്ഞ ഉടനെ ഞാന്‍ എഴുന്നേറ്റ് നിന്നിട്ട് അവിടെ സംസാരിച്ചു. IFFK ഡെലിഗേറ്റുകളായി വന്ന ആറുപേരെ ദേശീയഗാനം ആലപിക്കുമ്പോള്‍ നിന്നില്ല എന്നുപറഞ്ഞിട്ട് അറസ്റ്റ് ചെയ്തിരിക്കുന്നു. അതില്‍ പ്രതിഷേധിച്ച് ഞാന്‍ IFFK ബഹിഷ്ക്കരിക്കുന്നു എന്നു പ്രഖ്യാപിച്ചു. അവരോട് അനുതാപമുള്ള നിങ്ങളും ഇതില്‍ പങ്കെടുക്കും എന്നു പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ഞാന്‍ തിയ്യറ്ററില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നു.

ദേശീയഗാനത്തെ ആദരവോട് കൂടെ കാണണം എന്ന കാര്യത്തില്‍ എനിക്കു മറിച്ചൊരു അഭിപ്രായമില്ല. അത് ഒരാളെ നിര്‍ബ്ബന്ധിച്ചു ചെയ്യിക്കേണ്ടതല്ല. തിയറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുന്നതിനോട് എനിക്കു രണ്ടു തരം വിയോജിപ്പുകള്‍ ഉണ്ട്. ഒന്നു സിനിമ തിയറ്ററില്‍ ദേശീയ ഗാനം ആലപിക്കേണ്ടതുണ്ടോ എന്നുള്ളതാണ്. കാരണം സിനിമ എന്നത് ഒരു വ്യവസായത്തിന്റെ ഭാഗമാണ്. മലയാളത്തില്‍ എന്നല്ല ഇന്ത്യയിലെ തന്നെ മറ്റു ഭാഷകളില്‍  ഇറങ്ങുന്ന മുഖ്യധാരാ സിനിമകള്‍ മിക്കവാറും ഒരു വിനോദ വ്യവസായമാണ്. മദ്യശാലപോലെയോ ഡാന്‍സ് ബാറുകള്‍ പോലെയോ മിമിക്രി പരേഡ് പോലെയോ ഒക്കെ തന്നെ ഒരു എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൊഡക്ടാണ് സിനിമ. ഇത് ആസ്വദിക്കാന്‍ വേണ്ടി പണം കൊടുത്തു കയറുന്ന ഒരാളുടെ മുന്‍പില്‍ ആലപിക്കേണ്ടതാണോ ദേശീയ ഗാനം എന്നുള്ളത് ഒരു ചോദ്യമാണ്. കോടതിയില്‍ ദേശീയഗാനം ആലപിക്കണം എന്ന ഹര്‍ജി കോടതി തന്നെ തള്ളുകയുണ്ടായി. നമ്മുടെ ഭരണഘടനയും നീതിയും സംരക്ഷിക്കുന്ന സുപ്രീം കോടതി പോലുള്ള ഉന്നത നീതിപീഠമാണ് ദേശീയഗാനം പാടാന്‍ ഏറ്റവും യോഗ്യമായ സ്ഥലം. പക്ഷേ അവിടെ അത് വേണ്ട, തികച്ചും വിനോദമായ സിനിമയ്ക്ക് മുന്‍പായി ദേശീയഗാനം ആലപിക്കണം എന്നത് സത്യത്തില്‍ ദേശീയഗാനത്തെ അപമാനിക്കുന്നതാണ്. തിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടവര്‍ക്ക് നില്‍ക്കാം. ഒരാള്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്ന കാരണത്താല്‍ അയാളെ അറസ്റ്റ് ചെയ്യുന്നതില്‍ നീതിയല്ല. അങ്ങനെ അറസ്റ്റ് ചെയ്യണം എന്നൊരു കോടതി വിധി ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

iffk5

കഴിഞ്ഞ ദിവസം ഐ എഫ് എഫ് കെ വേദിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ മേല്‍ ചുമത്തിയ കുറ്റം അപമര്യാദയായി പെരുമാറി എന്നതാണ്. കോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥ അനുസരിച്ച് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ ശിക്ഷിക്കാന്‍ നിയമം അനുശാസിക്കുന്നില്ല എന്നതാണു വാസ്തവം. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതിനോട് ഒരുകാരണവശാലും യോജിക്കാന്‍ പറ്റില്ല. ദേശീയഗാനം ആലപിക്കുമ്പോള്‍ നില്‍ക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ ഇരിക്കുന്നവര്‍ക്ക് ഇരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഇരിക്കുന്നവര്‍ക്ക് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടോ എന്നുള്ളതും അറസ്റ്റ് ചെയ്യുന്നവര്‍ അന്വേഷിക്കുന്നില്ല. മേജര്‍ രവി ഒരിക്കല്‍ ഒരു അനുഭവം പറയുകയുണ്ടായി. കോഴിക്കോട് കൈരളി തിയ്യറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം ആലപിച്ചപ്പോള്‍ കുടുംബവുമായിട്ടു വന്ന ഒരു മനുഷ്യന്‍ എഴുന്നേറ്റ് നിന്നില്ല. അപ്പോ താന്‍ തന്നെ പിറകില്‍ നിന്ന്‍ അവന്റെ കൊങ്ങയ്ക്ക് പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു എന്ന്‍ അഭിമാനത്തോടെയാണ് മേജര്‍ രവി പറഞ്ഞത്.  തന്റെ സിനിമകളിലൂടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മേജര്‍ രവിയെ പോലുള്ള ആളുകള്‍ ഇങ്ങനെയുള്ള പ്രവര്‍ത്തി ചെയ്യുമ്പോള്‍ പുതിയ തലമുറ അതിനെ പ്രതിരോധിക്കുന്നുണ്ടെങ്കില്‍ ധാര്‍മ്മികമായി അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്.

കിംകി ഡുക്കിന്‍റെ നെറ്റും അതേപോലെ അറസ്റ്റ് നടക്കുമ്പോള്‍ കണ്ടുകൊണ്ടിരുന്ന ക്ലാഷ് എന്ന സിനിമയും ഭരണകൂട ഭീകരതയ്ക്ക് എതിരെയുള്ള സിനിമയാണ്. കിംകി ഡുക്കിന്‍റെ നെറ്റ്  അധികാര കേന്ദ്രം അതിര്‍ത്തികള്‍ നിശ്ചയിച്ച് മനുഷ്യന്‍റെ നിലനില്‍പ്പിനെ ഇല്ലാതാക്കിക്കളയുന്ന രാഷ്ട്രീയത്തിന് എതിരെയുള്ള സിനിമയാണ്. ദേശീയതയെ ഭീകരമായി പരിഹസിക്കുന്നുണ്ട് ആ സിനിമ. നോര്‍ത്ത് കൊറിയക്കും സൌത്ത് കൊറിയക്കും ഇടയില്‍ ഇല്ലാതായിപ്പോകുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ആ സിനിമ. ആ സിനിമ കാണുമ്പോള്‍ പോലും ആളുകള്‍ എഴുന്നേറ്റ് നിന്ന്‍ തിയറ്ററിനുള്ളില്‍ മേജര്‍ രവിയെ പോലുള്ളവര്‍ ഉണ്ട് എന്ന ഭാവത്തില്‍ സല്യൂട്ട് ചെയ്തിട്ടാണ് സിനിമ കാണുന്നത്. അതില്‍ പത്തോ അന്‍പതോ പേര്‍ മാത്രമേ ഇരിക്കുന്നുള്ളൂ. അതില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണ്. അത് കണ്ടപ്പോ എനിക്കു ഭയങ്കര ആവേശം തോന്നി. ഈ പുതിയ ജനറേഷന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗിലൂടെയും മറ്റും രാഷ്ട്രീയ ബോധം ഉണ്ടായിട്ടുണ്ട്. നേരെ മറിച്ച് 70-കളിലെ ഭാവുകത്വം ഒക്കെ പറഞ്ഞു നടക്കുന്ന നാല്‍പ്പത് വയസ്സിന് മുകളില്‍ ഉള്ളവരൊക്കെ എഴുന്നേറ്റ് നിന്നു സിനിമയെ വന്ദിച്ചിട്ടാണ് സിനിമ കാണുന്നത്. ഈ ജനറേഷനെ ഞാന്‍ ബഹുമാനിക്കുന്നു. കാരണം ഈ ജനറേഷന്റെ പ്രതിനിധികളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

[caption id="attachment_38417" align="aligncenter" width="550"]കിം കി ഡുക്കിന്‍റെ നെറ്റ് കിം കി ഡുക്കിന്‍റെ നെറ്റ്[/caption]

മനുഷ്യര്‍ക്കിടയില്‍, രാഷ്ട്രങ്ങള്‍ക്കിടയില്‍ നിര്‍മ്മിക്കുന്ന അതിരുകള്‍ സിവിലിയന്‍സിന് വേണ്ടിയിട്ടുള്ള അതിര്‍ത്തികളല്ല. പവര്‍ പൊളിറ്റിക്സിന്റെ ഭാഗമായി അധികാര കേന്ദ്രം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ്. മനുഷ്യന്‍ എന്നുപറഞ്ഞാല്‍ ഇപ്പറഞ്ഞപോലെ അതിര്‍ത്തികളില്‍ വേര്‍തിരിച്ചു നിര്‍ത്തുന്ന ബലാല്‍കൃതമായ ഒരു ഏകതയാണ്. ഇന്ത്യ മുഴുവനും സഞ്ചരിച്ചു കഴിഞ്ഞാല്‍ നമുക്കത് മനസ്സിലാകും. ഇങ്ങനെ നിര്‍ണ്ണയിക്കുന്ന പുതിയ കാലത്ത് പ്രത്യേകിച്ചും ഇന്ത്യയുടെ സവിശേഷമായിട്ടുള്ള സാഹചര്യങ്ങളില്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു അധികാര കേന്ദ്രവും ഭരണകൂടവും ഒക്കെയുള്ള ഒരു കാലമാണിത്. സാധാരണ മനുഷ്യരൊക്കെ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു കാലമാണ്. കറന്‍സി നിരോധനവുമായി ബന്ധപ്പെട്ടു നൂറിലധികം പേര്‍ ഇല്ലാതായ ഒരുകാലമാണിത്. എന്നിട്ടുപോലും ആരും വേണ്ടത്ര പ്രതികരണം പ്രകടിപ്പിക്കാത്ത ഒരു കാലം. ആ കാലത്ത് ദേശീയത എന്നു പറയുന്ന വ്യവഹാരം കൊണ്ടുവന്ന്‍ ആളുകളുടെ ശ്രദ്ധ തിരിക്കുകയാണ്. അതുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ വിധി തികച്ചും അസംബന്ധ വിധിയാണ്.

ഇതൊരു ഇടക്കാല വിധിയാണ്. അത് പുന:പരിശോധിപ്പിക്കാനുള്ള വകുപ്പുകള്‍ ഒക്കെയുണ്ട്. ഇതിലുപരിയായിട്ട് ഇത് സ്റ്റേറ്റിന്റെ ഭീകരത കൂടിയാണ്. തുറന്നു പറയുകയാണെങ്കില്‍ കേന്ദ്രത്തില്‍ മാത്രമല്ല നമ്മുടെ ഇവിടെയും ഉണ്ട്. ലോകനാഥ് ബഹ്റ എന്ന ഡിജിപിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ് നടന്നത്. സത്യത്തില്‍ ലോകനാഥ് ബഹ്റ കേന്ദ്രത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ അന്വേഷണത്തില്‍ സംശയിക്കപ്പെട്ട ഒരാളാണ്. നിലമ്പൂരില്‍ നടന്ന മാവോയിസ്റ്റ് വേട്ടയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സത്യത്തില്‍ നമ്മുടെ സ്റ്റേറ്റ് ഇടതുപക്ഷമാണ് ഭരിക്കുന്നതെങ്കിലും ആരുടെ അജണ്ടയാണ് നടപ്പാക്കുന്നത് എന്നുകൂടി ആലോചിക്കണം.

ദേശീയഗാനം ആലപിക്കുമ്പോള്‍ ഇരിക്കുക എന്നത് നിയമപരമായിട്ട് രാജ്യദ്രോഹകുറ്റം ഒന്നും അല്ല എന്നുള്ളതാണ്. ഫേസ്ബുക്കില്‍ ഒരു അഭിഭാഷകന്‍റെ തന്നെ പോസ്റ്റ് ഞാന്‍ കണ്ടത് അപമര്യാദ എന്ന കുറ്റം മാത്രമേ ചുമത്താന്‍ പറ്റുകയുള്ളൂ എന്നാണ്. നമ്മള്‍ അടിസ്ഥാനപരമായിട്ട് രാജ്യദ്രോഹികള്‍ അല്ല. രാജ്യദ്രോഹ കുറ്റം ചെയ്യാനായിട്ട് തിയറ്ററിനകത്ത് കയറേണ്ട കാര്യമില്ലല്ലോ.

(മലയാളം സര്‍വ്വകലാശാല അസിസ്റ്റന്‍റ് പ്രൊഫസറായ മുഹമ്മദ് റാഫിയുമായി അഴിമുഖം പ്രതിനിധി സഫിയ സംസാരിച്ചു തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories