Top

ജനാധിപത്യരഹിതമായ പാര്‍ലമെന്റ്

ജനാധിപത്യരഹിതമായ പാര്‍ലമെന്റ്
അവസാന നിമിഷത്തില്‍ നിരവധി ഭേദഗതികള്‍ അവതരിപ്പിച്ചതിന് ശേഷം ധന ബില്‍  2017-ന്റെ ഭാഗമായി 40 കേന്ദ്ര നിയമങ്ങള്‍ക്ക് ഭേദഗതി വരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം വ്യക്തമായ സന്ദേശം നല്കുന്നു. രാഷ്ട്രീയ എതിരാളികളുമായി ചര്‍ച്ച നടത്തുന്നതില്‍ അവര്‍ വിശ്വസിക്കുന്നില്ല. അതിനു സ്വതന്ത്രമായ കോടതിയില്‍ വിശ്വാസമില്ല. മുന്‍ സര്‍ക്കാരിനെ ‘നികുതി ഭീകരത’ എന്നാക്ഷേപിച്ചവര്‍ ഇപ്പോള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന, പിടിച്ചെടുക്കല്‍ എന്നിവക്കുള്ള അധികാരങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പോലും തയ്യാറല്ല. ഇതിനെല്ലാം പുറമെ രാഷ്ട്രീയകക്ഷികള്‍ക്കുള്ള സംഭാവന സുതാര്യമാക്കണമെന്ന് ഏറെ വാചമടിച്ചവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് കൂടുതല്‍ വിധേയമാക്കിക്കൊണ്ട് ഇതിന് നേരെ തിരിച്ചാണ് ചെയ്യുന്നത്.

ധന ബില്‍ 2017 ലോക്സഭയില്‍ മണി ബില്ലായാണ് അവതരിപ്പിച്ചത്.നമ്മുടെ ദ്വിസഭ പാര്‍ലമെന്‍റ് സമ്പ്രദായത്തില്‍ അധോസഭയ്ക്കാണ് ഇതില്‍ പൂര്‍ണ നിയമനിര്‍മ്മാണ അധികാരം. ആധാര്‍ ബില്‍, 2016 (ഇപ്പോള്‍ ആധാര്‍ നിയമം 2016) മണി ബില്‍ ഗണത്തില്‍ പ്പെടുത്തിയ ലോക്സഭാ സ്പീക്കറുടെ നടപടിക്കെതിരെ രാജ്യസഭാംഗം ജയറാം രമേശ് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി തീര്‍പ്പായിട്ടില്ല. എന്നാലും വിവാദ നിയമങ്ങള്‍ വ്യാപകമായ, കാതലായ ഭേദഗതികള്‍ സര്‍ക്കാര്‍ ഇതേ വഴിക്കു കൊണ്ടുവരികയായിരുന്നു. ലോക്സഭാ നടപടികളില്‍ സ്പീക്കര്‍ക്ക് പരമാധികാരം നല്‍കുന്ന ഭരണഘടനയുടെ 110(3) അനുച്ഛേദം ഇല്ലെങ്കില്‍ ധന ബില്‍ 2017 മണി ബില്‍ ആയി കൊണ്ടുവരുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഒരു ബില്‍ നികുതി, സര്‍ക്കാരിന്റെ വായപയെടുക്കല്‍, ഉറപ്പുനല്‍കല്‍, സര്ക്കാര്‍ ചെലവ്, അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയം ആണെങ്കില്‍ മാത്രമേ അതിനെ മണി ബില്‍ ആയി കണക്കാക്കാന്‍ പറ്റൂ എന് ഭരണഘടന അനുച്ഛേദം 110 (1) പറയുന്നു. വാര്‍ഷിക ബജറ്റ് പ്രക്രിയയുടെ ഭാഗമായി, ധന ബില്‍ എളുപ്പത്തില്‍ ഈ ഗണത്തില്‍ പെടും. എന്നാല്‍ ധന ബില്‍ 2017, പല കാരണങ്ങള്‍ക്കൊണ്ടും ഈ അതിരുകള്‍ കടക്കുന്നു.

ഒരെണ്ണം നോക്കാം. ഇതില്‍, കമ്പനി നിയമം 2013-ലെ 182-ആം വകുപ്പ് ഭേദഗതി ചെയ്യുന്നു. ഇതനുസരിച്ച് കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭത്തിന്റെ ശരാശരിയുടെ 7.5% സര്‍ക്കാരേതര കമ്പനികള്‍ക്ക് രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന നല്‍കാമായിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ ഇഷ്ടം പോലെ പണം നല്കാം. എത്ര സംഭാവന നല്‍കിയെന്നും രാഷ്ട്രീയ കക്ഷികളുടെ പേരും കമ്പനികള്‍ വെളിപ്പെടുത്തേണ്ടിയിരുന്നു. നിലവിലെ ഭേദഗതികള്‍ ആ പരിധി നീക്കിയെന്ന് മാത്രമല്ല, സംഭാവന ഏതൊക്കെ രാഷ്ട്രീയ കക്ഷികള്‍ക്കാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തണമെന്ന നിബന്ധനയും നീക്കി.കമ്പനി നിയമം 1956-നു 1985-ല്‍ ഭേദഗതി കൊണ്ടുവരുന്നതിന് മുമ്പേ അത്തരം സാമ്പത്തിക സഹായത്തിന് ഇന്ത്യയില്‍ നിരോധനം ഉണ്ടായിരുന്നു (1960-നും 1969-നും ഇടയിലൊഴിച്ച്).ഇത്തരം സംഭാവനകള്‍ ഈ കമ്പനികള്‍ ഒരു ‘നിക്ഷേപമായി’ കണക്കാക്കുമെന്നും ഭാവിയില്‍ അതിന്റെ ‘ആനുകൂല്യങ്ങള്‍’ കൈപ്പറ്റാന്‍ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങളെക്കുറിച്ചുള്ള വിവിധ സമിതികള്‍ വ്യക്തമായി കരുതിയിരുന്നു. ഇത്തരം ധനസഹായം ഈ കമ്പനികള്‍ക്കനുകൂലമായി സര്‍ക്കാര്‍ തീരുമാനങ്ങളെ സ്വാധീനിക്കും എന്നും വാദം ഉയര്‍ന്നു. ഇപ്പോഴത്തെ ഭേദഗതി രാജ്യത്തെ തീര്‍ത്തും വിരുദ്ധമായ ഒരു ദിശയിലേക്ക് നയിക്കുകയും വ്യാപാരവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. അജ്ഞാത സംഭാവനകള്‍ അനുവദിക്കുന്നതിലൂടെ രാഷ്ട്രീയ കക്ഷികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന ഒന്നുകൂടി അതാര്യമാവുകയും പരിശോധനകളെ മറികടക്കുകയും ചെയ്യും. കമ്പനി നിയമം 2013 ഭേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശത്തിനെ രാജ്യസഭ വേണ്ടെന്നുവെച്ചെങ്കിലും ലോക്സഭ അത് തള്ളിക്കളഞ്ഞു. ബിജെപി, കോണ്‍ഗ്രസ് മുതലായ കക്ഷികള്‍ക്ക് ലണ്ടന്‍ ആസ്ഥാനമായ വേദാന്ത കമ്പനി നല്കിയ സംഭാവനകള്‍ അനധികൃത സംഭാവനയാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ച സാഹചര്യത്തില്‍ വിദേശ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ നിര്‍വ്വചനം മാറ്റാന്‍ ധന ബില്‍ 2016-ല്‍ സര്‍ക്കാര്‍ ഒരു ഭേദഗതി തിരുകിക്കയറ്റിയിരുന്നു.

ചില ട്രിബ്യൂണലുകളെ മറ്റുള്ളവയുമായി ലയിപ്പിക്കാനുള്ള ഭേദഗതികളും ആശങ്കയുണ്ടാക്കുന്നവയാണ്. ഇത് ചില പ്രത്യേക മേഖലകളിലെ വൈദഗ്ദ്ധ്യമുള്ള ട്രിബ്യൂണലുകളെ ഒന്നിപ്പിക്കുകയും അവയുടെ പ്രത്യേക മേഖലകളുടെ ആവശ്യങ്ങള്‍ കണക്കിലെടുക്കാതെ പോകുന്നതോടൊപ്പം മറ്റുള്ളവയെ അമിതഭാരത്തിലാക്കുകയും ചെയ്യുന്നു. പ്രധാനപ്പെട്ട കാര്യം ഈ ട്രിബ്യൂണലുകളുടെ നിയനമനം, സേവനചട്ടങ്ങള്‍, ട്രിബ്യൂണല്‍ അംഗങ്ങളുടെ സേവനം അവസാനിപ്പിക്കല്‍ എന്നിവയിലെല്ലാം സര്‍ക്കാര്‍ വലിയതോതില്‍ നിയന്ത്രണം കയ്യാളാന്‍ ശ്രമിക്കുന്നു എന്നാണ്. ഇത്, ഹൈക്കോടതികള്‍ക്ക് സമാനമായ  അധികാരവും ചുമതലകളുമുള്ള അര്‍ദ്ധ-നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തും. സുപ്രീം കോടതി 2014-ല്‍ നിരീക്ഷിച്ചപ്പോലെ ഈ സമിതികളിലേക്കുള്ള നിയമനം ഭരണ ഇടപെടലില്‍ നിന്നും സ്വതന്ത്രം ആയിരിക്കണം. സര്‍ക്കാര്‍ തന്നെയാണ് ഇവയില്‍ പലപ്പോഴും വ്യവഹാരക്കാരന്‍. വിരുദ്ധ താത്പര്യങ്ങളുടെ ഈ പ്രശ്നത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. നിയമനങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നീതിപീഠവുമായി ആലോചിക്കുമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അത് ഒട്ടും മതിയാകില്ല.

ധന ബില്ലിലെ ആകുലപ്പെടുത്തുന്ന മറ്റൊരു വശം ആദായ നികുതി നിയമം 1961-ലെ ഭേദഗതിയാണ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ ഏകപക്ഷീയമായി വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോള്‍, അധികൃതര്‍ക്ക് ഒരു വസ്തുവില്‍ പരിശോധന നടത്താനും പിടിച്ചെടുക്കാനും ‘വിശ്വസിക്കാവുന്ന കാരണം’ മതി; അതും 1962 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ. അതിനെ ചോദ്യം ചെയ്താല്‍ ഉദ്യോഗസ്ഥന് അതിനുള്ള കാരണം ഏതെങ്കിലും പരാതി കേള്‍ക്കല്‍ സംവിധാനത്തിനൊ അപ്പെലേറ്റ് ട്രിബ്യൂണലിനോ മുന്നില്‍ നല്‍കേണ്ടതില്ല. ചുരുക്കത്തില്‍ ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനും ഉദ്യോഗസ്ഥര്‍ക്ക് ഏകപക്ഷീയമായി അധികാരം നല്‍കുന്ന ഒരു പൈശാചിക നീക്കമാണിത്. ഇതിലെല്ലാം രാജ്യസഭ നല്കിയ ഭേദഗതികള്‍ ലോക്സഭ നിരസിച്ചു.

ഭേദഗതികളുടെ സൂക്ഷ്മ വശങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യാമെങ്കിലും ഇന്ത്യയുടെ ദ്വിസഭ ഭരണ സമ്പ്രദായത്തെ അതെങ്ങിനെ അവഹേളിച്ചു എന്നും പാര്‍ലമെന്റിന്റെ ഉപരിസഭയ്ക്ക് ഭരണഘടന നല്കിയ പങ്കിനെ എങ്ങനെ ചവിട്ടിമെതിച്ചു എന്നുമാണ് ഇതിലെ നിര്‍ണായകമായ വശം. മണി ബില്‍ രീതിയില്‍ നിയമങ്ങള്‍ അംഗീകരിപ്പിച്ചെടുക്കുന്നതും അതുവഴി ബി ജെ പിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ മറികടക്കുന്നതും ഈ സര്‍ക്കാരിന്റെ ഒരു ശൈലിയായി മാറിയിരിക്കുന്നു. ഇത്, ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ഏത് കക്ഷിയും ഒരു തട എന്ന നിലയിലുള്ള രാജ്യസഭയുടെ അധികാരത്തെ ഇടിച്ചുതാഴ്ത്താനുള്ള അടവായി എടുക്കുന്നതാണ്. സ്വന്തം ലക്ഷ്യം നേടാന്‍ എന്ത് മാര്‍ഗവും ഉപയോഗിക്കുക വഴി സര്‍ക്കാര്‍ ജനാധിപത്യ രീതികളെ ലംഘിക്കുക മാത്രമല്ല ഭരണഘടനയുടെ മൂല്യങ്ങളെ തള്ളിക്കളയുക കൂടിയാണ്.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories