TopTop
Begin typing your search above and press return to search.

ടെലിവിഷന്‍ റിയാലിറ്റി ഷോയായി മാറുന്ന ഇന്ത്യന്‍ ജനാധിപത്യം; ശശി കുമാര്‍

ടെലിവിഷന്‍ റിയാലിറ്റി ഷോയായി മാറുന്ന ഇന്ത്യന്‍ ജനാധിപത്യം; ശശി കുമാര്‍

നമ്മുടെ കാലത്തിലെ ഏറ്റവും വലിയ വാര്‍ത്ത നമ്മുടെ പ്രമുഖ മാധ്യമങ്ങളില്‍ വരില്ലെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശി കുമാര്‍ അഭിപ്രായപ്പെടുന്നു. കാരണം ആ വലിയ വാര്‍ത്ത മാധ്യമങ്ങളെ സംബന്ധിക്കുന്നത് തന്നെയാണെന്ന് അദ്ദേഹം പറയുന്നു. അവര്‍ എങ്ങനെയാണ് തങ്ങളെ തന്നെയും ജനാധിപത്യത്തിന്റെ നാലാം തൂണായ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിനെയും ദിനംപ്രതി അവഹേളിക്കുന്നത് എന്നതാണ് ആ വലിയ വാര്‍ത്തയെന്നും ഫ്രണ്ട്‌ലൈന്‍ മാസികയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിന്റെ പ്രത്യശാസ്ത്രവും അജണ്ടയും പ്രചരിപ്പിക്കുന്നതിനുള്ള ഉപാധികള്‍ മാത്രമായി ഇന്ത്യന്‍ മാധ്യമങ്ങള്‍ അധഃപതിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലീഷ് വാര്‍ത്ത ചാനലുകളിലാണ് ഇത്തരത്തിലുള്ള ദാസ്യവേല അധികമായി നടക്കുന്നത്. സര്‍ക്കാരിനെതിരായുള്ള ഏതൊരു പ്രതിപക്ഷ ശബ്ദത്തെയും അടിച്ചമര്‍ത്താനും ആക്ഷേപിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ഹിന്ദി ചാനലുകളില്‍ നല്ലൊരു ശതമാനത്തിന്റെയും പ്രാദേശിക വാര്‍ത്ത ചാനലുകളുടെയും അവസ്ഥയും ഇതുതന്നെയാണ്. ഒരുപക്ഷെ ഇതിലും മോശവും. അമിത ആവേശം വിതയ്ക്കുന്ന ടിവി അവതാരകര്‍ ബിജെപി വക്താക്കളുടെ ജോലി ഏറ്റെടുക്കുകയും ചെറിയ രീതിയില്‍ പോലുമുള്ള വിമതശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്നു. ഈ പ്രവണത മാധ്യമ പ്രവര്‍ത്തനത്തിന് തന്നെ അപമാനമാണ്.

ഇംഗ്ലീഷ് അച്ചടി മാധ്യമങ്ങള്‍ ഇത്രയും ആവേശം പ്രദര്‍ശിപ്പിക്കുന്നില്ലെങ്കിലും ബിജെപി-ആര്‍എസ്എസ് ദ്വയത്തിനും അത് നയിക്കുന്ന സര്‍ക്കാരിനും എതിരായി വരുന്ന ഏത് തരത്തിലുള്ള വിമര്‍ശനങ്ങളെയും ഒതുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അവരും നടത്തുന്നുണ്ട്. അധികാരത്തെ കുറിച്ചുള്ള വസ്തുതകള്‍ നേരിട്ട് പറയുന്നതിന് പകരം വളച്ചുകെട്ടാനും കാടിന് ചുറ്റും തല്ലാനും അവര്‍ തയ്യാറാവുന്നു.

അധികാരസ്ഥാനത്തിരിക്കുന്നവരുടെ എന്ത് പറയണം എന്നതിന് അപ്പുറം അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് മാത്രമാണ് ഇംഗ്ലീഷ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. അസുഖകരമായ കാര്യങ്ങള്‍ കണ്ടില്ലെന്ന്് നടിക്കാനും മൗനംപാലിക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പക്ഷെ 'സത്യത്തിന് പകരം നിശബ്ദത വരുമ്പോള്‍, ആ നിശബ്ദത ഒരു കള്ളമായി മാറുന്നു' എന്ന യേവ്ജനി യേവ്തുഷെങ്കോയുടെ വാക്കുകള്‍ അവര്‍ മറന്നുപോകുന്നു. തന്ത്രപരമായ നിശബ്ദത സ്വതന്ത്രമാധ്യമ പ്രവര്‍ത്തനവുമായി ഒത്തുപോകില്ല എന്ന് മാത്രമല്ല അത് ഭീരുക്കള്‍ക്ക് സൗകര്യപ്രദമായി മാറുകയും ചെയ്യും.

ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും നിയമവാഴ്ചയുടെ അഭാവത്തെയും കുറിച്ച് ഉയര്‍ന്നുവരുന്ന മാധ്യമ ആവേശങ്ങളെ ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍. 1957ല്‍ സംസ്ഥാനത്ത് ആദ്യമായി ജനാധിപത്യരീതിയിലൂടെ അധികാരത്തില്‍ വന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ 1959ല്‍ പിരിച്ചുവിടുന്നതിനായി രാഷ്ട്രീയ-മത-മാധ്യമ അച്ചുതണ്ട് പ്രവര്‍ത്തിച്ചതിന് സമാനമാണിത്. ഇപ്പോള്‍ പക്ഷെ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരില്‍ നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കുന്ന ദൃശ്യമാധ്യമങ്ങളാണ് കേരളത്തില്‍ മറ്റൊരു പ്രസിഡന്റ് ഭരണം അനിവാര്യമാണെന്ന രീതിയിലുള്ള ശബ്ദഘോഷങ്ങള്‍ മുഴക്കുന്നത്. എന്നാല്‍ ജനരോഷം തങ്ങള്‍ക്ക് എതിരായേക്കാം എന്ന ഒറ്റഭീതിമൂലമാണ് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താനും 356-ാം വകുപ്പ് എടുത്തുപയോഗിക്കാനും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമല്ല ഇവിടെ നടത്തുന്നത്. സംസ്ഥാനം നേടിയിട്ടുള്ള മാനവവികസന സൂചകങ്ങളും പക്വമായ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷവും കണക്കിലെടുക്കുമ്പോള്‍ അത് ഞെട്ടിക്കുന്നതും ക്രൂരവുമാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ക്രമസമാധാനനില വഷളായി എന്ന് പറയാനാവില്ല. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ജനക്കൂട്ടം നിയമം കൈയിലെടുക്കുകയും വ്യക്തിപരവും കൂട്ടത്തോടൈയുമുള്ള മതപരമായ കൊലപാതകങ്ങള്‍ നടത്തുകയും ചെയ്യുന്നു. പ്രതികാരത്തിന്റെയും അഴിമതിയുടെയും പേരിലുള്ള കൊലപാതകങ്ങളും ഈ സംസ്ഥാനങ്ങളില്‍ സാധാരണമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ ഈ പ്രതികാരത്തിന് തുടര്‍ച്ചയായി ഇരയാവുന്നു. പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്നു. എന്നാല്‍ കേന്ദ്രഭരണത്തിന് കീഴില്‍ നടക്കുന്ന ഈ ക്രമസമാധാനലംഘനങ്ങള്‍ക്കെതിരെ ഒരു ചെറുവിരല്‍ ഉയര്‍ത്താന്‍ പോലും മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല.

എന്നാല്‍ മാധ്യമപ്രവര്‍ത്തനം വളരെ സജീവമായ കേരളത്തെ സംബന്ധിച്ചിത്തോളം ഇപ്പോഴും ഫൂഡല്‍ മുല്യങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് അക്രമസംഭവങ്ങള്‍ സജീവമായി റി്‌പ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സമൂഹത്തിലെ സംഘര്‍ഷങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നില്ല. കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നില്ല. കേരളത്തിന്റെ മാത്രം പ്രത്യേകതയായ ഒരു മാധ്യമ രോഗഗ്രസ്തത തന്നെ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇവിടെയും മാധ്യമങ്ങളുടെ വര്‍ഗ്ഗവിവേചനം വാര്‍ത്തകളെ വളച്ചൊടിക്കുന്നുണ്ട്. കേരളത്തില്‍ പ്രത്യേകിച്ചും ഒരു മധ്യവര്‍ഗ്ഗ പൊതുബോധമാണ് ദൃശ്യമാകുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എന്ന സിനിമ നടന്‍ അറസ്റ്റ് ചെയ്തപ്പോള്‍ സീരിയലുകളില്‍ നിന്നും വാര്‍ത്തകളിലേക്ക് പ്രേക്ഷകരുടെ വ്യതിയാനം ഉണ്ടായത് രസകരമായ സംഭവമാണ്. കേരളത്തിലെ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളും ഉപഭോക്തൃസ്വഭാവവും തമ്മില്‍ ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഈ മാധ്യമ പ്രത്യേകതയെ നിയമപരമായ രാഷ്ട്രീയ പ്രക്രിയയെയും സംസ്ഥാന സര്‍ക്കാരിനെയും അട്ടിമറിക്കാനായി ഉപയോഗിക്കുമ്പോള്‍ ജനാധിപത്യം തന്നെ ഒരു ടെലിവഷന്‍ റിയാലിറ്റി ഷോയായി മാറും.

സംസ്ഥാനത്തെ മാധ്യമ പ്രത്യേകതയോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് സംസ്ഥാനത്തെ ആര്‍എസ്എസ് ആണ്. രാജ്യത്ത് മറ്റ് ഏത് സംസ്ഥാനത്തില്‍ ഉള്ളതിനേക്കാള്‍ ശാഖകളാണ് ആര്‍എസ്എസിന് കേരളത്തില്‍ ഉള്ളത്. സമീപകാലത്തുവരെ സംസ്ഥാനത്ത് പ്രത്യേകിച്ച് രാഷ്ട്രീയ താല്‍പര്യങ്ങള്‍ ആര്‍എസ്എസിനോ ബിജെപിക്കോ ഇല്ലായിരുന്നു എന്ന് കണക്കിലെടുക്കുമ്പോള്‍ എന്ത് കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ശാഖകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന ചോദ്യം അത്ഭുതപ്പെടുത്തും. എന്നാല്‍ ഇപ്പോള്‍ കേരളത്തെ ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലും ആക്കുന്ന തരത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അധികാരരാഷ്ട്രീയ താല്‍പര്യങ്ങള്‍ സംസ്ഥാനത്ത് നടപ്പില്‍ വരുത്താന്‍ ആര്‍എസ്എസിന് സാധിക്കുന്നു.

അധികാരത്തില്‍ ഇരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മാധ്യമങ്ങളെ എങ്ങനെ ചട്ടുകമാക്കി മാറ്റാം എന്നാണ് കേരളം തെളിയിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ മാധ്യമങ്ങള്‍ വക്രീകരിക്കപ്പെട്ടിരിക്കുന്നു. 1970കളുടെ മധ്യത്തില്‍ സംഭവിച്ച അടിയന്തിരാവസ്ഥയുടെ കാലത്തേക്കാണ് ഇന്ന് മാധ്യമങ്ങള്‍ സഞ്ചരിക്കുന്നത്. എന്നാല്‍ അടിയന്തിരാവസ്ഥക്കാലത്ത് ഒരു വലിയ ബാഹ്യശക്തിയാണ് മാധ്യമങ്ങളെ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇന്ന് അവര്‍ സ്വയം നിയന്ത്രണമാണ് നടപ്പിലാക്കുന്നത്. ബിജെപിയോടുള്ള സ്‌നേഹം കൊണ്ടല്ല മറിച്ച് അതിനോടുള്ള ഭയം നിമിത്തമാണ് മാധ്യമങ്ങള്‍ ഇങ്ങനെയൊരു സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നേരിട്ടുള്ള ഭീഷണികള്‍ മുതല്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപയോഗിച്ചുകൊണ്ടും മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു.

പൊതുവില്‍ മാധ്യമങ്ങള്‍ ഭരണവര്‍ഗ്ഗങ്ങളെക്കാള്‍ പ്രതിപക്ഷത്തോട് ചായ്‌വ് രേഖപ്പെടുത്താറാണ് പതിവ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മറിച്ചും സംഭവിച്ചിട്ടുണ്ട്. 1700കളില്‍ ഇംഗ്ലണ്ടില്‍ ടോറി മന്ത്രിയായിരുന്ന റോബര്‍ട്ട് ഹാര്‍ലെ സ്വന്തമായി നിരവധി പത്രങ്ങള്‍ തുടങ്ങിയപ്പോഴായിരുന്നു ഇത്തരത്തിലുള്ള ആദ്യസംഭവം. എന്നാല്‍ പണം നല്‍കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പരിപാടി നമുക്കും അന്യമല്ല. റാഡിയ ടേപ്പുകള്‍ ഇതിന് നല്ല ഉദാഹരണമാണ്. ഇത്തരം ഉദാഹരണങ്ങളില്‍ നിന്നുതന്നെയാണ് ബിജെപി പാഠങ്ങള്‍ പഠിക്കുന്നതും.


Next Story

Related Stories