Top

പടിഞ്ഞാറന്‍ യുപിയിലെ വര്‍ഗ്ഗീയ കലാപം; അക്രമം തുടരുന്നു; ഇന്റര്‍നെറ്റ് സര്‍ക്കാര്‍ വിച്ഛേദിച്ചു

പടിഞ്ഞാറന്‍ യുപിയിലെ വര്‍ഗ്ഗീയ കലാപം; അക്രമം തുടരുന്നു; ഇന്റര്‍നെറ്റ് സര്‍ക്കാര്‍ വിച്ഛേദിച്ചു
പടിഞ്ഞാറന്‍ യുപിയിലെ കാസ്ഗഞ്ച് ജില്ലയില്‍ വെള്ളിയാഴ്ച ഉണ്ടായ വര്‍ഗ്ഗീയ കലാപം ശനിയാഴ്ചയും തുടര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചു. വെള്ളിയാഴ്ച ഉണ്ടായ പരസ്പര വെടിവെപ്പില്‍ മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷം ആ വിഭാഗത്തില്‍ പെട്ടവര്‍ അഴിച്ചുവിട്ട അക്രമണങ്ങളാണ് ശനിയാഴ്ച ക്രമസമാധാനപാലനത്തിന് ഭീഷണിയായത്. ഒരു കൂട്ടം ആളുകള്‍ ജില്ല തലസ്ഥാനത്തെ പ്രധാന കമ്പോളത്തിലെ കടകള്‍ക്ക് തീവെച്ചു. രണ്ട് ബസുകളും അക്രമികള്‍ കത്തിച്ചു.

വെള്ളിയാഴ്ച റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് എബിവിപിയും വിശ്വഹിന്ദു പരിഷത്തും നടത്തിയ തിരാംഗ് ബൈക്ക് റാലിയാണ് കലാപത്തില്‍ കലാശിച്ചത്. ചില പ്രത്യേക മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ മറ്റൊരു വിഭാഗം ആളുകളെ റാലിയില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധിച്ചതാണ് കലാപത്തിന് കാരണമായത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് എന്തുകൊണ്ടാണ് ക്രമസമാധാനം നിലനിറുത്താന്‍ പോലീസിന് സാധിക്കാത്തതെന്ന ചോദ്യവും ബാക്കിയാവുന്നുണ്ട്. ശാന്തിയും സമാധാനവും പാലിക്കാന്‍ ഇരുവിഭാഗങ്ങളോടും സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കലാപവുമായി ബന്ധപ്പെട്ട് 49 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷപൂരിത സന്ദേശങ്ങള്‍ പ്രചരിക്കുന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. ഇത്തരത്തിലുള്ള ഒരു വീഡിയോയില്‍ ദേശീയ പതാകയും കാവിക്കൊടിയും ഏന്തിയ ഒരു സംഘം തെരുവിന്റെ ഒരു വശത്ത് നിന്ന് മറുഭാഗത്ത് നില്‍ക്കുന്നവരോട് വന്ദേമാതരം ചൊല്ലാതെ ഇന്ത്യയില്‍ ജീവിക്കാനാവില്ലെന്ന് ആക്രോശിക്കുന്നതാണ് പ്രചരിക്കുന്നത്. റോഡ് മുറിച്ച് കടക്കാന്‍ മറുവിഭാഗത്തെ അനുവദിക്കില്ലെന്നും അക്രമികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Next Story

Related Stories