TopTop
Begin typing your search above and press return to search.

ചോദ്യചിഹ്നമാകുന്ന മോദിയുടെ ചൈനീസ് നയതന്ത്രം; ദോക്ക്‌ലാമിനെ കുറിച്ച് രാജ്യത്തോട് പറഞ്ഞതൊക്കെ സത്യമോ?

ചോദ്യചിഹ്നമാകുന്ന മോദിയുടെ ചൈനീസ് നയതന്ത്രം; ദോക്ക്‌ലാമിനെ കുറിച്ച് രാജ്യത്തോട് പറഞ്ഞതൊക്കെ സത്യമോ?
ദോക്‌ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ മുഖാമുഖം വന്ന സംഘര്‍ഷത്തിന് ഒരു ഉഭയസമ്മത നയതന്ത്ര അവസാനമാണ് ഉണ്ടായതെന്ന പ്രഖ്യാപനം പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതനുസരിച്ചാണെങ്കില്‍ പൂര്‍ണമായും സത്യമായിരിക്കണമെന്നില്ല. തര്‍ക്കപ്രദേശത്ത് നിന്നും ഏതാനും നൂറു മീറ്ററുകള്‍ മാത്രം അകലെ ആയിരത്തോളം ചൈനീസ് പട്ടാളക്കാര്‍ തമ്പടിച്ചതായും ആ പ്രദേശത്ത് ചൈനക്കാര്‍ ബങ്കറുകള്‍ നിര്‍മ്മിച്ചതായി സംശയിക്കപ്പെടുന്നുവെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് നിര്‍മ്മാണം നടത്തുന്നതിനായി അവര്‍ കൊണ്ടുവന്ന സാമഗ്രികള്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്. നേരത്തെയുണ്ടായ സംഘര്‍ഷം അവസാനിച്ചതിനു ശേഷം തര്‍ക്കപ്രദേശത്തു നിന്നും അധികം ദൂരെയല്ലാതെ ഒരു റോഡ് പുനര്‍നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

ശീതകാലം മൂര്‍ദ്ധന്യത്തിലെത്താന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ, ദോക്‌ലാമിലെ പുതിയ പ്രദേശങ്ങളിലുള്ള ചൈനീസ് സൈനിക സാന്നിദ്ധ്യം ഇന്ത്യന്‍ കരസേന നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. അവരെ അവിടെ തുടരാന്‍ അനുവദിച്ചാല്‍ അതൊരു പുതിയ കിഴ്‌വഴക്കമായി മാറും. പ്രദേശത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും സര്‍ക്കാരിലെ മറ്റ് അധികാരകേന്ദ്രങ്ങള്‍ക്കും കൃത്യമായി വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. 'നിലവിലെ സ്ഥിതി ഗുരുതരമല്ലെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം അവര്‍ പിന്‍വാങ്ങുമോ എന്നതാണ് കണക്കിലെടുക്കേണ്ടത്, 'എന്ന് പ്രതിരോധ മന്ത്രാലയത്തിലെ ചില വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.

ഇത്തരത്തിലുള്ള യുദ്ധമുഖ മേഖലകളില്‍ ചൈന സാധാരണ സൈനികരെ വിന്യസിക്കാറില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 'അതുകൊണ്ടുതന്നെ മറ്റ് അയല്‍ക്കാരുമായുള്ള തര്‍ക്കങ്ങളില്‍ അവര്‍ ചെയ്തതുപോലെ സേനയെ പിന്‍വലിക്കാതിരിക്കുകയാണെങ്കില്‍ അത് പ്രദേശത്ത് ഒരു പുതിയ 'തല്‍സ്ഥിതി' സൃഷ്ടിക്കുകയും ഭാവി അതിര്‍ത്തി ചര്‍ച്ചകളില്‍ ഭൂപ്രദേശത്തിന് മേലുള്ള അവകാശവാദം ഉറപ്പിക്കുന്നതിനായി ആ സ്ഥിതി ഉപയോഗിക്കുകയും ചെയ്യും,' എന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നിരുന്നാലും, ഒരു പിന്‍മാറ്റം ഉണ്ടാവും എന്ന ആത്മവിശ്വാസമാണ് ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നത്.'നമ്മുടെ ഭാഗത്തുനിന്നുള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് അവരുടെ സൈനിക നീക്കങ്ങള്‍. അതുകൊണ്ടുതന്നെ അതിര്‍ത്തിക്ക് എത്ര അടുത്താണ് അവര്‍ എന്നത് വലിയ വിഷയമല്ല. വരുന്ന മാസങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നം കാലാവസ്ഥയാണ്. അവര്‍ക്ക് പെട്ടെന്ന് തന്നെ പിന്‍വാങ്ങേണ്ടി വരും,' എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷമകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെങ്കിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഒരു നിര്‍ണായക സന്ദര്‍ശനത്തിന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച തുടക്കം കുറിച്ചു. ചൈന അതിര്‍ത്തിയിലുള്ള സാഹചര്യം നരേന്ദ്ര മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത ആക്രമണം പ്രതിപക്ഷമായ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുന്നതിനിടയിലാണ് നിര്‍മ്മല സീതാരാമന്റെ സന്ദര്‍ശനം.

ഇന്നു സിക്കിമില്‍ നിന്നും ആരംഭിക്കുന്ന സന്ദര്‍ശനത്തില്‍, അവര്‍ സിക്കിമിലേയും അരുണാചലിലെയും സൈനിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. ഞായറാഴ്ച അവര്‍ അരുണാചല്‍ പ്രദേശില്‍ ഉണ്ടാവും. ഡോക്‌ലാം പീഠഭൂമിയിലെ ചൈനീസ് നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തിയിലെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ പ്രതിരോധമന്ത്രിയെ ധരിപ്പിക്കും. ഡോക്‌ലാമില്‍ നിലവിലുണ്ടായിരുന്ന ഗതാഗതയോഗ്യമായ ഒരു റോഡിന് വീതികൂട്ടാന്‍ ചൈനയ്ക്ക് എങ്ങനെയാണ് സാധിച്ചതെന്ന് പ്രധാനമന്ത്രിയോട് വെള്ളിയാഴ്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

'മോദിജി, നെഞ്ചത്ത് മുഷ്ടിപതിപ്പിക്കുന്നത് അവസാനിപ്പിച്ച് കഴിയുമ്പോള്‍ ഇതിന് ഉത്തരം പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ?' ഡോക്‌ലാമിലെ ചൈനയുടെ റോഡ് വികസനത്തിന്റെ വാര്‍ത്തയോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി ചോദിച്ചു. ഡോക്‌ലാം പീഠഭൂമിയിലെ ആധിപത്യം പുനസ്ഥാപിക്കാന്‍ ചൈനയ്ക്ക് സാധിച്ചതായി കോണ്‍ഗ്രസ് വക്താവ് കബില്‍ സിബല്‍ പറഞ്ഞു. 'ഈ പ്രശ്‌നം അവസാനിച്ചു എന്നാണ് അന്ന് (പ്രധാനമന്ത്രി) പറഞ്ഞത്. മുക്കോണ പ്രദേശത്ത് ചൈന അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്,' സിബല്‍ ചൂണ്ടിക്കാണിക്കുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള തന്റെ കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു എന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പക്ഷെ പ്രദേശത്ത് 500 അല്ലെങ്കില്‍ 1000 സൈനികരെ വിന്യസിച്ചിരിക്കുന്നു എന്ന് മാത്രമല്ല, വീണ്ടും അവര്‍ റോഡ് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. സബര്‍മതിയിലെ ഊഞ്ഞാലില്‍ ഇരിക്കുന്നതിനായി പ്രസിഡന്റ് ഷി ജിന്‍പിംഗിനെ അങ്ങ് ഒരിക്കല്‍ കൂടി വിളിക്കാന്‍ പോവുകയാണോ?' എന്നും സിബല്‍ ചോദിച്ചു.

Next Story

Related Stories