TopTop
Begin typing your search above and press return to search.

അത്‌ലറ്റിക്‌സിലെ തിരിമറി; പുതിയ സെലക്ഷന്‍ വേണമെന്ന നിലപാടിലുറച്ച് പി.ടി. ഉഷ

അത്‌ലറ്റിക്‌സിലെ തിരിമറി; പുതിയ സെലക്ഷന്‍ വേണമെന്ന നിലപാടിലുറച്ച് പി.ടി. ഉഷ

കെ പി എസ് കല്ലേരി

ദേശീയ ഗെയിംസിനായി തെരഞ്ഞടുക്കപ്പെട്ട കേരളത്തിന്‍റെ അത്ലറ്റിക്സ് ടീമിനെ ഉടച്ചുവാര്‍ക്കണം. അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തുകയും അനര്‍ഹരെ ഒഴിവാക്കുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പ്രകടനത്തെ അത് ദോഷമായി ബാധിക്കുകയും ചെയ്യുമെന്ന് ഒളിംമ്പ്യന്‍ പി.ടി.ഉഷ. ദേശീയ ഗെയിംസ് പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ വിവാദ പ്രസ്താവനയെക്കുറിച്ച് ഉഷ അഴിമുഖവുമായി സംസാരിക്കുന്നു.

“എട്ടിന് എറണാകുളത്ത് നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കാളിയാവാന്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ഇന്നലെ അത്‌ലറ്റിക്‌സ് ലിസ്റ്റ് വന്നപ്പോള്‍ ഞെട്ടിപ്പോയി. ഇത്തരത്തില്‍ ദുര്‍ബലമായൊരു ടീമിനെ വെച്ച് നമ്മള്‍ ആതിഥ്യമരുളുന്നൊരു മേളയില്‍ എങ്ങനെ പങ്കെടുക്കും. സെലക്ഷനിലെ അപാകതയെക്കുറിച്ച് പറയാന്‍ അസോസിയേഷന്‍ സെക്രട്ടറിയെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. കേരള സ്പോര്‍ട്ട്സ് അസോസിയേഷന്‍ പ്രസിഡന്റ് പത്മിനിയെ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഉഷ പറയുന്നത് ഒരിക്കലും ഉഷ സ്‌കൂളിന് വേണ്ടിയിട്ടല്ല, രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടിയാണ്. അത് ബന്ധപ്പെട്ടവര്‍ പരിഗണിക്കുന്നില്ലെങ്കില്‍ കായികമന്ത്രിയേയും മുഖ്യമന്ത്രിയേയും കാണും. പരിമിതമായ ജീവിത സാഹചര്യത്തില്‍ നിരവധി പ്രതികൂല ഘടകങ്ങളോട് പൊരുതിയാണ് കേരളത്തില്‍ കായിക താരങ്ങളുണ്ടാവുന്നത്. അപ്പോള്‍ അത്തരം പ്രതിഭകളെ കണ്ടെത്താന്‍ കുറ്റമറ്റ സെലക്ഷനെങ്കിലും ഉണ്ടാവണം.” ഉഷ പറഞ്ഞു.“ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും അതുപോലെ ഇന്റര്‍ സ്‌റ്റേറ്റ് മത്സരങ്ങളിലും വ്യക്തിഗത ഇനങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നേരിട്ട് ദേശീയ ഗെയിംസില്‍ പങ്കെടുക്കാം. അല്ലാത്തവരെല്ലാം ട്രയല്‍സില്‍ പങ്കെടുക്കണം എന്നായിരുന്നു ചട്ടം. മേല്‍പറഞ്ഞ മത്സരങ്ങളില്‍ ജേതാക്കളായവരേക്കാള്‍ ട്രയല്‍സില്‍ പെര്‍ഫോം ചെയ്തവരുണ്ടെങ്കില്‍ അവരേയും പങ്കെടുപ്പിക്കും. എന്നാല്‍ ഏറണാകുളത്ത് നടന്നത് ഇതിനെല്ലാം കടകവിരുദ്ധമായ കാര്യങ്ങളായിരുന്നു. സെലക്ഷന്‍ നടത്തിയവര്‍ മുന്‍കൂട്ടി അവര്‍ക്ക് വേണ്ടപ്പെട്ടവരുടെ ലിസ്റ്റുമായി വന്നു. അവരാരും മുകളില്‍ പറഞ്ഞ മത്സരങ്ങളിലൊന്നും പെര്‍ഫോം ചെയ്തവരായിരുന്നില്ല. മാത്രമല്ല അവരൊന്നും ട്രയല്‍സില്‍ പങ്കെടുത്തുമില്ല. ട്രയല്‍സില്‍ മികച്ച പെര്‍ഫോം ചെയ്തവരെയൊന്നും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുമില്ല. എന്തിനാണ് ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്.

ആര്‍ക്കുവേണ്ടിയാണ് ഇത്തരമൊരു തിരിമറി. പണ്ടേതോകാലത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന് അവകാശപ്പെട്ടതുകൊണ്ട് കാര്യമില്ല. അത്‌ലറ്റിക്‌സില്‍ രണ്ടുമാസം കൊണ്ട് പെര്‍ഫോമന്‍സ് മാറും. കൃത്യമായ പരിശീലനമില്ലാതെ ഞാന്‍ ഒളിംമ്പ്യനാണ്, ഏഷ്യനാണ് എന്നൊന്നും അവകാശപ്പെടുന്നവര്‍ക്ക് വേണ്ടിയാവരുത് സെലക്ഷനുകള്‍. അത്തരക്കാരെ പങ്കെടുപ്പിക്കാം. അവര്‍ സെലക്ഷനില്‍ വന്ന് മത്സരിക്കട്ടെ. അവരേക്കാള്‍ മികച്ച പ്രകടനം നടത്തുന്നവരുണ്ടെങ്കില്‍ അവരേയാണ് പരിഗണിക്കേണ്ടത്. നമ്മുടെ ലക്ഷ്യം കേരളത്തിന്റെ മെഡലുകളാണ്. അതിന് യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാനാവില്ല. എന്നെപ്പോലുള്ള ഒരു കായിക താരത്തിന് ഇത്തരം അനീതികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അര്‍ഹതപ്പെട്ടവരുടേയും അനര്‍ഹരുടേയും പേരുവിവരങ്ങള്‍ ഞാനിവിടെ പറയുന്നില്ല. പക്ഷെ ദേശീയ ഗെയിംസ് നടക്കുന്നതിന് മുമ്പ് ഇതിന് മാറ്റമുണ്ടാകണം. ഞാനൊക്കെ മത്സരിക്കുന്ന കാലത്തേ ഉള്ളതാണ് പണവും സ്വാധീനവും ഉള്ളവര്‍ക്കുവേണ്ടിയുള്ള ഈ തിരിമറി. കാലം ഇപ്പോള്‍ ഒരു പാട് മാറി. ഇനിയും ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍ എന്നാല്‍ അത് വകവെച്ചുകൊടുക്കാന്‍ ആവില്ല" - പി ടി ഉഷ പറഞ്ഞു.


Next Story

Related Stories