TopTop

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അക്രഡിറ്റേഷന്‍ 2017 നവംബര്‍ വരെ മരവിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അക്രഡിറ്റേഷന്‍ 2017 നവംബര്‍ വരെ മരവിപ്പിച്ച് ഐക്യരാഷ്ട്ര സഭ
ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അക്രഡിറ്റേഷന്‍ 2017 നവംബര്‍ വരെ മരവിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമീഷണര്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് തീരുമാനിച്ചു. അംഗീകാരം പുനഃസ്ഥാപിക്കുന്നതുവരെ യുഎനിന്റെ മനുഷ്യാവകാശ കൗണ്‍സിലിലും യുഎന്‍ പൊതുസഭയിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സാധിക്കില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമന പ്രക്രിയയെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടും അന്താരാഷ്ട്ര കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ജനുവരി അവസാനമാണ് അംഗീകാരം മരവിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജീവനക്കാരില്‍ വെറും 20 ശതമാനം മാത്രമാണ് സ്ത്രീകള്‍ ഉള്ളത് എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2004ന് ഒരു സ്ത്രീ പോലും ഗവേണിംഗ് ബോഡിയില്‍ അംഗമായിട്ടില്ല. വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിരിക്കണമെന്നും അംഗങ്ങള്‍ വിരമിച്ച ജഡ്ജിമാരായിരിക്കണമെന്നുമുള്ള നിയമപരമായ നിബന്ധന, വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമിക്കപ്പെടാനുള്ള സാധ്യത പരിമിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കമ്മീഷന്റെ അന്വേഷണ വിഭാഗത്തില്‍ എന്തിനാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. സര്‍ക്കാരും പോലീസ് ഉള്‍പ്പെടെയുള്ള അതിന്റെ ഏജന്‍സികളും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത് എന്നതിനാല്‍ ഈ ചോദ്യം നിര്‍ണായകമാണ്.

പോലീസ് ഉദ്യോഗസ്ഥരെ തന്നെ സര്‍ക്കാര്‍ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമായി കണക്കാക്കേണ്ടി വരുമെന്ന് കോമണ്‍വെല്‍ത്ത് ഹുമണ്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവിന്റെ പോലീസ് പരിഷ്‌കരണ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായ ദേവിക പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം വൈവിദ്ധ്യ അനുഭവങ്ങള്‍ ഉള്ളവരും വൈദഗ്ധ്യമുള്ളവരുമായ വ്യക്തികളെ കൂടി അന്വേഷണങ്ങള്‍ക്ക് നിയോഗിക്കുകയാണ് എന്‍എച്ച്ആര്‍സി ആദ്യം ചെയ്യേണ്ടതെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു.

എഎച്ചസിആറിന്റെ സെക്രട്ടറി ജനറലായി മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ദേശിയ എസ്‌ സി, എസ്ടി കമ്മീഷന്റെ അദ്ധ്യക്ഷന്‍ വോട്ടിംഗ് അധികാരങ്ങള്‍ നല്‍കുന്നതിനെയും റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനുകള്‍ സര്‍ക്കാര്‍, രാഷ്ട്രീയ സ്വാധീനങ്ങളില്‍ നിന്നും പൂര്‍ണമായും സ്വതന്ത്രവും സംരക്ഷിതവുമായിരിക്കണമെന്ന് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു.

കമ്മീഷനില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തിലും അന്താരാഷ്ട്ര റിപ്പോര്‍ട്ട് അതൃപ്തി രേഖപ്പെടുത്തുന്നു. ഇപ്പോള്‍ തന്നെ നാല്‍പതിനായിരത്തില്‍ പരം കേസുകളാണ് എന്‍എച്ച്ആര്‍സിയില്‍ കെട്ടിക്കിടക്കുന്നത്. എല്ലാ പരാതിക്കാര്‍ക്കും പ്രാപ്യമാകുന്ന രീതിയിലല്ല കമ്മീഷന്റെ പരാതി പരിഹാര സംവിധാനവും അര്‍ദ്ധ ജുഡീഷ്യല്‍ പ്രവര്‍ത്തനവുമെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എന്‍എച്ച്ആര്‍സി രൂക്ഷവും അടിസ്ഥാനപരവുമായ പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും അതിന്റെ ഘടനയും സ്വാതന്ത്ര്യവും എസിഎ റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരിക്കുകയാണെന്നും എന്‍ജിഒകളുടെ അഖിലേന്ത്യാ ശൃംഖലയുടെ ജനറല്‍ സെക്രട്ടറി ഹെന്‍ട്രി തിഫാഗ്നെയെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ 24 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പ്രധാന തസ്തികകളില്‍ ഒരു പൗരസമൂഹ പ്രതിനിധിയെ പോലും അംഗമാക്കിയിട്ടില്ല. വൈവിദ്ധ്യം അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാക്കി എന്‍എച്ച്ആര്‍സിയെ മാറ്റുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍എച്ച്ആര്‍സി പരിഷ്‌കരിക്കുന്നത് സംബന്ധിച്ചുള്ള ഒരു പരാതി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് പീപ്പിള്‍സ് വാച്ചിന്റെ പ്രോഗ്രാം ഡയറക്ടര്‍ മാത്യു ജേക്കബ് പറയുന്നു. സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതും ശക്തവുമായ ഒരു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്ന ദീര്‍ഘകാല ആവശ്യത്തിന് എസ്‌സിഎ വിമര്‍ശനങ്ങള്‍ വഴി തെളിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍.

Next Story

Related Stories