TopTop

മോദി - ഷെരീഫ് ചര്‍ച്ച; തമ്മില്‍ തൊട്ടുകൂടാത്തവര്‍ക്കിടയില്‍ മഞ്ഞുരുകുമോ?

മോദി - ഷെരീഫ് ചര്‍ച്ച; തമ്മില്‍ തൊട്ടുകൂടാത്തവര്‍ക്കിടയില്‍ മഞ്ഞുരുകുമോ?
"സംഭവിച്ച് കഴിയുന്നത് വരെ ഒന്നും സംഭവിക്കില്ല"- ഇന്ത്യ - പാകിസ്ഥാന്‍ ബന്ധങ്ങളിലെ കയറ്റിറക്കങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ഹായ് സഖ്യത്തിന്റെ (എസ് സി ഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി അനൗപചാരിക സംഭാഷണം നടത്തി. എന്നാല്‍ അപ്രതീക്ഷിത നീക്കങ്ങള്‍ ഇന്ത്യ - പാക് ബന്ധത്തില്‍ പുതിയ കാര്യമല്ല. മഞ്ഞുരുകലിന് തുടക്കം കുറിച്ചെങ്കിലും ഉഭയകക്ഷി ബന്ധത്തില്‍ നഷ്ടമായ പരസ്പര വിശ്വാസം വീണ്ടെടുക്കുക അത്ര എളുപ്പമാകില്ല.

നവാസ് ഷെരീഫിന്റെ ആരോഗ്യമടക്കമുള്ള വ്യക്തിപരമായ കാര്യങ്ങള്‍ മോദി അന്വേഷിച്ചിരുന്നു. മേയ് 31ന് ഷെരീഫ് ലണ്ടനിലെ ഒരു ആശുപത്രിയില്‍ തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഷെരീഫ് മോദിയെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഷെരീഫ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു. സംഭാഷണത്തിനിടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആരോഗ്യ സ്ഥിതിയെ പറ്റി മോദി ചോദിച്ചറിഞ്ഞു. ഷെരീഫിന്റെ അമ്മയെ കുറിച്ചും കുടുംബാംഗങ്ങളെ കുറിച്ചും മോദി ചോദിച്ചറിഞ്ഞു. എന്നാല്‍ അത് വെറുമൊരു സൗഹൃദ സംഭാഷണം മാത്രമല്ല നടന്നതെന്നാണ് സൂചന.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത നവാസ് ഷെരീഫ്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ആദ്യ പാക് പ്രധാനമന്ത്രിയായി. 2015 ഡിസംബര്‍ 25ന് കാബൂളില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ അപ്രതീക്ഷിതമായി ലാഹോറില്‍ വിമാനമിറങ്ങി മോദി നയതന്ത്ര വൃത്തങ്ങളെ അമ്പരപ്പിച്ചിരുന്നു. പാരീസില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎന്‍ ഉച്ചകോടിക്കിടെ 2015 നവംബര്‍ 30ന് ഷെരീഫുമായി മോദി അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. 2015 ഡിസംബര്‍ ആറിന് ഇരു രാജ്യങ്ങളുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ നടത്തിയ ചര്‍ച്ചയ്ക്ക് വഴി തുറന്നത് ഈ കൂടിക്കാഴ്ചയായിരുന്നു. ഇതിന് പിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇസ്ലാമബാദിലെത്തി ചര്‍ച്ച നടത്തി. മോദി ലാഹോറില്‍ ഇറങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. എന്നാല്‍ 2016 ജനുവരിയില്‍ നടന്ന പത്താന്‍ കോട്ട് ഭീകരാക്രമണവും, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും മറ്റ് ആക്രമണങ്ങളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചു. ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണവും പാക് അധീന കാശ്മീരില്‍ ഇന്ത്യ തിരിച്ചടിയായി നടത്തിയെന്ന് പറയുന്ന മിന്നലാക്രമണവും ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതുമെല്ലാം ബന്ധം വഷളാക്കി.

ഷാങ്ഹായ് സഖ്യത്തില്‍ പുതിയ അംഗങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. സുരക്ഷയും സൈനിക സഹകരണവും പ്രാധാന്യത്തോടെ കാണുന്ന ഷാങ്ഹായ് സഖ്യത്തിന്റെ ഭാഗമാകുമ്പോള്‍ പരസ്പര വിശ്വസമില്ലാതെ ഇന്ത്യയും പാകിസ്ഥാനും മുന്നോട്ട് പോകുന്നത് പ്രതിസന്ധി സൃഷ്ടിക്കും. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമ പോരാട്ടം നടക്കുന്നതിന് ഇടയിലാണ് മോദി - ഷെരീഫ് ചര്‍ച്ച നടന്നിരിക്കുന്നത്. ഇന്ത്യ - പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പാക് സൈന്യം പ്രതികൂല നിലപാട് സ്വീകരിക്കുകയാണെങ്കിലും പാകിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാരിന്റെ അധികാരത്തെ കുറച്ച് കാണുന്നത് ഗുണകരമാകില്ലെന്ന് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്.

Next Story

Related Stories