TopTop
Begin typing your search above and press return to search.

മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ 'മെയ്ക്ക് ഇന്‍ ജപ്പാന്‍'; പ്രധാന കരാറുകളെല്ലാം ജാപ്പനീസ് കമ്പനികള്‍ക്ക്

മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ മെയ്ക്ക് ഇന്‍ ജപ്പാന്‍; പ്രധാന കരാറുകളെല്ലാം ജാപ്പനീസ് കമ്പനികള്‍ക്ക്

'ഇന്ത്യയില്‍ നിര്‍മ്മിക്കൂ' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലവിളി ഒരിക്കല്‍ കൂടി പൊളിയുന്നു. അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായ മുംബെ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രധാന കരാറുകളെല്ലാം ജാപ്പനീസ് കമ്പനികള്‍ കരസ്ഥമാക്കി. ഏകദേശം ഒരു ലക്ഷം കോടി രൂപ ചില പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രധാനപ്പെട്ട ഘടകങ്ങളുടെ ഏഴുപത് ശതമാനമെങ്കിലും വിതരണം ചെയ്യുന്നത് ജപ്പാന്‍ കമ്പനികളായിരിക്കുമെന്ന് പദ്ധതിയുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങള്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ജപ്പാന്‍ സര്‍ക്കാരാണ് പദ്ധതിക്ക് വായ്പ നല്‍കുന്നത് എന്നാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ വക്താവ് വിസമ്മതിച്ചു. എന്നാല്‍ പ്രധാന ഘടകങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള തന്ത്രം മെനയുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ മുന്നോട്ട് പോവുകയാണെന്ന് ജപ്പാന്‍ ഗതാഗത മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച ഒരു പദ്ധതിയാണിത്. ഇത്രയും പണച്ചിലവുള്ള പദ്ധതി ദൂര്‍വ്യയമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്ര ചിലവേറിയ പദ്ധതി പ്രായോഗികമാണോ എന്ന ചോദ്യത്തിന് മോദി നല്‍കിയ ഉത്തരങ്ങളെല്ലാം പൊളിയുകയാണെന്ന് വേണം പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും മനസിലാക്കാന്‍. 2017ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറിലെ പ്രധാനപ്പെട്ട രണ്ട് വ്യവസ്ഥകള്‍ 'മെയ്ക്ക് ഇന്‍ ഇന്‍ഡ്യ' പദ്ധതിയുടെ പ്രോത്സാഹനവും 'സാങ്കേതിക കൈമാറ്റവും' ആയിരുന്നു. ജപ്പാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രധാന ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുക വഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്ക് സാധിക്കുമെന്നും അന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

ഇന്ത്യയിലെ സംസ്‌കാരവും സംവിധാനങ്ങളും ജപ്പാനില്‍ നിന്നും തികച്ചും വ്യത്യസ്തമായതിനാല്‍ ചില കാര്യങ്ങളില്‍ അവര്‍ക്ക് ആശങ്കയുണ്ടെന്നാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ദേശീയ അതിവേഗ റയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ അച്ചല്‍ ഖരെ പറയുന്നത്. തൊഴില്‍ സംസ്‌കാരത്തില്‍ ഉള്ള വ്യത്യാസമാണ് ജപ്പാന്‍കാരെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. ഇന്ത്യന്‍ കമ്പനികളുടെ കാര്യക്ഷമതയിലും സമയബന്ധിതമായി ചുമതലകള്‍ നിര്‍വഹിക്കാനുള്ള ശേഷിയിലും ജപ്പാന്‍കാര്‍ക്ക് സംശയങ്ങളുണ്ടെന്ന് രണ്ട് ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിവേഗ റയില്‍ സംവിധാനങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുഭവസമ്പത്തോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലെന്നതാണ് പ്രശ്‌നമെന്ന് ഇന്റര്‍നാഷണല്‍ എഞ്ചിനീയറിംഗ് അഫയേഴ്‌സ് ഡയറക്ടര്‍ തോമോയുക്കി നകാനോ പറയുന്നു. ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ തമ്മില്‍ സഹകരിച്ചുകൊണ്ട് 'ഇന്ത്യയില്‍ നിര്‍മ്മിക്കുക' എന്ന കരാര്‍ ഘടകം പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ പങ്കൊന്നും ഉണ്ടാവില്ല എന്ന് തന്നെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നത്. ജപ്പാന്‍ സര്‍ക്കാര്‍ നല്‍കുന്ന 50 വര്‍ഷ കാലാവധിയുള്ള വായ്പയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് എന്നതിനാല്‍ അവരുടെ അഭിപ്രായത്തിനായിരിക്കും പ്രാധാന്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യന്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ നിര്‍മ്മാണ മേഖലയുടെ വിഹിതം 25 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനും 2022 ഓടെ 100 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആയാണ് മോദി സര്‍ക്കാര്‍ 'ഇന്ത്യയില്‍ നിര്‍മ്മിക്കൂ' മുദ്രാവാക്യം മുന്നോട്ട് വച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണ മേഖലയുടെ വിഹിതം 17 ശതമാനത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്.

http://www.azhimukham.com/kanpur-train-accident-143-dead-modi-suresh-prabhu/

ജപ്പാനിലെ വന്‍കിട കമ്പനികളായ നിപ്പോണ്‍ സ്റ്റീല്‍ ആന്റ് സുമിറ്റോമോ മെറ്റല്‍ കോര്‍പ്പ്, ജെഎഫ്ഇ ഹോള്‍ഡിംഗ്‌സ് ഇന്‍ക്, കവസാക്കി ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മിറ്റ്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, തോഷിബ കോര്‍പ്പറേഷന്‍, ഹിറ്റാച്ചി ലിമിറ്റഡ് തുടങ്ങിയ ജാപ്പനീസ് വമ്പന്മാര്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷെന്‍സോ അബെ തറക്കല്ലിട്ട പദ്ധതിയുടെ കരാറുകള്‍ക്ക് വേണ്ടി രംഗത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ ഒരു കമ്പനി മാത്രമാണ് മറ്റെരു ഇന്ത്യന്‍ കമ്പനിയുമായി സഹകരണത്തിന് തയ്യാറാവുന്നത്. കവസാക്കി ഹെവി ഇന്‍ഡസ്ട്രീസ് കോച്ചുകളുടെ നിര്‍മ്മാണ കരാറിന് ഭാരത് ഹെവി ഇലക്ട്രിക്കല്‍സുമായി ചേര്‍ന്ന് മത്സരിച്ചേക്കും.

കരാറുകളുടെ നല്ലൊരു ഭാഗം ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ക്ക് നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതായാണ് വിവരം. റയിലുകളുടെ നിര്‍മ്മാണത്തിനുള്ള സംയുക്ത സംരംഭത്തിനുള്ള നിപ്പോണ്‍ സ്റ്റീലും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മധ്യസ്ഥം വഹിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ കമ്പനിയുടെ ഗുണനിലവാരത്തില്‍ സംശയം പ്രകടിപ്പിച്ച ജാപ്പനീസ് കമ്പനി ചര്‍ച്ചകളില്‍ നിന്നും പിന്മാറുകയായിരുന്നു. ഇന്ത്യന്‍ റയില്‍വേയ്ക്ക് ദശാബ്ദങ്ങളായി റയില്‍ നിര്‍മ്മിച്ചു നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗുണനിലവാരത്തിലും ജപ്പാന്‍കാര്‍ക്ക് സംശയങ്ങളുണ്ട്.

http://www.azhimukham.com/who-needs-bullet-train-in-india/


Next Story

Related Stories