Top

കല്‍ബുര്‍ഗി, പെഹ്ലു ഖാന്‍, ഗൗരി ലങ്കേഷ്; ഇവരെ ആരും കൊന്നിട്ടില്ല

കല്‍ബുര്‍ഗി, പെഹ്ലു ഖാന്‍, ഗൗരി ലങ്കേഷ്; ഇവരെ ആരും കൊന്നിട്ടില്ല
നിയമവ്യവസ്ഥയിലും അതിന്റെ നിര്‍വഹണത്തിലും വിശ്വസിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ രാജസ്ഥാന്‍ മുതല്‍ കര്‍ണാടക വരെ ഇന്ത്യയിലെമ്പാടുമുള്ള ഇപ്പോഴത്തെ സ്ഥിതിഗതികളിലേക്ക് ഒന്ന് കണ്ണോടിക്കൂ. ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു, പക്ഷെ കൊലപാതകികള്‍ ഇല്ല. രാജസ്ഥാനിലെ ആല്‍വാറില്‍, നിയമവിരുദ്ധമായി പശുവിനെ കടത്തി എന്നാരോപിച്ച് ഒരു കൂട്ടം തെമ്മാടികള്‍ പെഹ്ലുഖാനെ തല്ലിക്കൊന്നതിനെ കുറിച്ചുള്ള അന്വേഷണം ആശങ്കാജനകമായ ചില വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നു. ആശങ്കാജനകമാണ് അതെന്നത് പോലെ തന്നെ ലജ്ജാവഹവുമാണ് അതെന്നത് വേദനിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അദ്ദേഹത്തിന്റെ മരണമൊഴിയില്‍ ഖാന്‍ പേരുപറഞ്ഞ ആറുപേരെ കുറിച്ചുള്ള അന്വേഷണത്തില്‍ രാജസ്ഥാന്‍ പോലീസിലെ കുറ്റാന്വേഷണ വിഭാഗം പൂര്‍ണമായും ഇരുട്ടില്‍ തപ്പുകയാണ്.

ഇന്ത്യന്‍ തെളിവ് നിയമത്തില്‍ മരണമൊഴിക്ക് പ്രത്യേക സ്ഥാനമുണ്ട് എന്ന് മാത്രമല്ല ഈ ആറു പേരുകള്‍ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇവരില്‍ ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ ഒരു ഗോശാല നടത്തുന്നുണ്ടെങ്കിലും, ഇവരുടെ തലയ്ക്ക് വിലയിട്ടിട്ടുണ്ടെങ്കിലും ഇവര്‍ എപ്പോഴും ഒളിവില്‍ തന്നെയാണ്. എന്നിട്ടും ഖാന്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ ഇവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് സിഐഡി ഇപ്പോഴും ശഠിക്കുന്നത്. അതായത് നിഗൂഢരായ ഈ ആറുപേര്‍ ഇപ്പോള്‍ സംശയിക്കപ്പെടുന്നവര്‍ പോലുമല്ല: ദൃക്‌സാക്ഷികളുടെ മൊഴിക്കും തന്റെ പിതാവിന്റെ മരണമൊഴിക്കും ഇപ്പോള്‍ യാതൊരു വിലയുമില്ലാതായിരിക്കുകയാണെന്ന് ഖാന്റെ പുത്രന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സിഐഡി വെറുതെ ഇരിക്കുകയായിരുന്നുവെന്നോ കേസ് അവര്‍ അവഗണിക്കുകയായിരുന്നുവെന്നോ ആര്‍ക്കും പറയാന്‍ സാധിക്കില്ല. ആര്‍ക്കെതിരെയും ഒന്നും തെളിയിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ആളുകളെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ഓടിനടക്കുകയായിരുന്നു. മാത്രമല്ല, ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേരുകള്‍ അവര്‍ എഫ്‌ഐആറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഒരു കുറ്റകൃത്യത്തെ മറയ്ക്കുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍.

ഗൗരി ലങ്കേഷിനെയും ആരും കൊന്നിട്ടില്ല. ബംഗളുരുവില്‍ വച്ച് അവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച് അതേ തോക്ക് അല്ലെങ്കില്‍ അതുപോലെയുള്ള തോക്കാണ് 2015ല്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ എംഎം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചത്. അതേ തോക്ക് അല്ലെങ്കില്‍ അതുപോലെയുള്ള തോക്ക് ഉപയോഗിച്ചാണ് അതേ വര്‍ഷം ആദ്യം കോല്‍ഹാപ്പൂരില്‍ ഗോവിന്ദ് പന്‍സാരെയും 2013ല്‍ പൂനെയില്‍ വച്ച് നരേന്ദ്ര ധാബോല്‍ക്കറെയും വധിച്ചതെന്ന് ഫോറന്‍സിക് താരതമ്യം വെളിപ്പെടുത്തുന്നു.

അതേ തോക്ക് അല്ലെങ്കില്‍ അതുപോലെയുള്ള തോക്ക് ചുറ്റുപാടും സഞ്ചരിക്കുകയും ട്രിഗറില്‍ ഒരു വിരല്‍ പോലുമില്ലാതെ എതിരഭിപ്രായം പറയുന്നവരെയും യുക്തിവാദികളെയും കൊന്നൊടുക്കുകയും ചെയ്യുന്നു. ഫോറന്‍സിക് ശാസ്ത്രം വളര്‍ച്ച പ്രാപിക്കുന്നുണ്ടാവാം, പക്ഷെ ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് മുമ്പുള്ള മൂന്ന് കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികളായ കര്‍ണാടക സിഐഡി, സിബിഐ, മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘം എന്നിവര്‍ ഇരുളില്‍ തപ്പിത്തടയുകയാണ്. ഇതുവരെയുള്ള അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കേണ്ട അവസ്ഥ വരെയുണ്ടായിട്ടുണ്ട്.

കൊലപാതകം നടത്തിയ ശേഷം നിയമസംവിധാനങ്ങളില്‍ നിന്ന് എങ്ങനെയാണ് മറഞ്ഞിരിക്കേണ്ടത് എന്ന് ഈ കൊലയാളികള്‍ക്കെല്ലാം അറിയാവുന്ന പൊതുവായ ഒന്നുണ്ടോ? ഇവരെയെല്ലാം വിദഗ്ദ്ധമായി ഒളിപ്പിക്കാനുള്ള ശക്തമായ ഒരു സംവിധാനം ഈ കൊലപാതകങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നുണ്ടോ?

ഗൗരി ലങ്കേഷിന്റെ കൊലപാതകം കഴിഞ്ഞിട്ട് അധികനാളുകളായില്ലെന്നാണ് വാദമെങ്കില്‍ എന്തുകൊണ്ടാണ് ധാബോല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ചാര്‍ജ്ജ് ഷീറ്റ് പോലും സമര്‍പ്പിക്കാത്തത്? നിരന്തരം ഉത്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് ഇവ. ഇല്ലെങ്കില്‍ നാളെ നാമോരോരുത്തരുമാകും ആ ഉടമസ്ഥനില്ലാതെ ചുറ്റിത്തിരിയുന്ന തോക്കില്‍ നിന്നു പുറപ്പെടുന്ന വെടിയുണ്ടകളുടെ ഇര; അല്ലെങ്കില്‍ നാളത്തെ പരിശോധന നിങ്ങളുടെ അടുക്കളയിലായിരിക്കും, നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലാകും, നിങ്ങളുടെ പേരിന്റെയും തൊലിയുടെ നിറത്തിന്റെയും പേരിലാകും.

പെഹ്ലു ഖാനെയും ഗൌരി ലങ്കെഷിനെയുമൊന്നും ആരും കൊന്നിട്ടില്ല എന്ന ഉത്തരമാണ് അവര്‍ക്ക് വേണ്ടത്.

Next Story

Related Stories