TopTop

സാനിട്ടറി മാലിന്യ സംസ്കരണത്തില്‍ പൂനയിലെ 'റെഡ് ഡോട്ട്' മാതൃകയാകുന്നതിങ്ങനെ

സാനിട്ടറി മാലിന്യ സംസ്കരണത്തില്‍ പൂനയിലെ
ആര്‍ത്തവം ഒളിച്ചുവെക്കപ്പെടേണ്ട ഒന്നാണെന്നാണ് ഇപ്പോഴും സമൂഹം നമ്മെ പഠിപ്പിക്കുന്നത്. അശുദ്ധിയുടെയും തൊട്ടുകൂടായ്മയുടെയും ലക്ഷണമായും അത് വിലയിരുത്തപ്പെടുന്നു. വിശുദ്ധ സ്ഥലങ്ങളില്‍ നിന്നും അകറ്റി നിറുത്തപ്പെടേണ്ട ഒന്നാണ് അതെന്ന് നമ്മെ കാലകാലങ്ങളായി വിശ്വസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതൊക്കെയായിരിക്കെ മറ്റുള്ളവര്‍ ആര്‍ത്തവകാലത്ത് ഉപയോഗിച്ച സാനിട്ടറി പാഡുകളും മറ്റും ദിവസവും കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു കൂട്ടം തൊഴിലാളികളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതും ചെറിയ അളവിലൊന്നുമല്ല. ദിവസവും 20 ടണ്‍ വരെ ആര്‍ത്തവ മാലിന്യങ്ങള്‍ വെറും കൈകൊണ്ട് ശേഖരിക്കേണ്ടി വരുന്നവരെക്കുറിച്ച്?

ഇന്ത്യയിലെ മറ്റ് നഗരങ്ങളിലെ പോലെ ഖരമാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും (സ്വച്ഛ്-സോളിഡ് വേസ്റ്റ് കളക്ഷന്‍ ആന്റ് ഹാന്റലിംഗ്), ഏര്‍പ്പെട്ടിരിക്കുന്ന പൂനെയിലെ ആയിരക്കണക്കിന് തൊഴിലാളികളില്‍ ഒരാളാണ് 43 കാരിയായ സാരു വാഗ്മാരെ. അവര്‍ ദിവസം ആയിരക്കണക്കിന് ആളുകളുടെ ആര്‍ത്തവ മാലിന്യങ്ങളും കുട്ടികള്‍ ഉപയോഗിച്ച ഡയപ്പറുകളും ശേഖരിച്ച് സംസ്‌കരിക്കുന്നു. ഒരു കൈയുറപോലും ധരിക്കാതെയാണ് അവരിത് ചെയ്യുന്നത് എന്നുകൂടി ആലോചിക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം കൂടുതല്‍ വെളിപ്പെടുന്നത്. പലവിധ രോഗങ്ങള്‍ക്കാണ് നഗരങ്ങളിലെ ഖരമാലിന്യം ശേഖരിക്കുന്നവര്‍ അടിമകളാകുന്നത്. സാരു തന്നെ രണ്ടു തവണ ബാക്ടീരിയ അണുബാധയ്ക്ക് ഇരയായി. തലവേദനയും വയറിളക്കവും ഇവര്‍ക്ക് സാധാരണമാണ്. കൂടാതെ സ്റ്റാഫൈലോകോസൂസ്, ഹെപ്പറ്റിറ്റിസ്, ഇ-കോളി, സാല്‍മോണെല്ല, ടൈഫായ്ഡ് തുടങ്ങിയ ഗുരുതര രോഗങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. അതുകൊണ്ടാണ് വിഷയം മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് സാരുവിനെ പോലുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.സാനിട്ടറി മാലിന്യങ്ങള്‍ ഇന്ത്യയില്‍ നിശബ്ദമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്‌നമാണ്. പൂനെയില്‍ അഞ്ച് ലക്ഷം വീടുകളില്‍ നിന്നായി 650 ടണ്‍ മാലിന്യങ്ങളാണ് പ്രതിദിനം സ്വച്ഛ് സംഭരിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ഈര്‍പ്പമുള്ളതും അല്ലാത്തതുമായ മാലിന്യങ്ങളെ കൈകൊണ്ട് തരംതിരിക്കുന്നു. ഇതില്‍ മൂന്ന് ശതമാനം സാനിട്ടറി മാലിന്യങ്ങളാണ്. അതായത് സാരുവിനെ പോലുള്ളവര്‍ ഒരു ദിവസം 20 ടണ്‍ സാനിട്ടറി മാലിന്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ ഈ വലിയ പ്രതിസന്ധിക്കെതിരെ പോരാടാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുമായി സ്വച്ഛ് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നു. കാഗാഡ് കാച്ച് പാത്ര കസ്തകാരി പഞ്ചായത്ത് എന്ന് മാലിന്യം പെറുക്കുന്ന തൊഴിലാളികളുടെ സംഘടനയുടെയും പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയും സഹായത്തോടെ സ്വച്ഛ്, സാനിട്ടറി മാലിന്യങ്ങളുടെ നിക്ഷേപത്തെയും സംസ്‌കരണത്തെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. റെഡ് ഡോട്ട് ക്യാമ്പയിന്‍ എന്നാണ് പുതിയ പ്രസ്ഥാനത്തിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി ഏഴിനാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.പൂനെയില്‍ താമസിക്കുന്നവരോട് തങ്ങള്‍ ഉപേക്ഷിക്കുന്ന സാനിട്ടറി നാപ്കിനുകളും കുട്ടികളുടെ ഡയപ്പറുകളും ഒരു കടലാസില്‍ പ്രത്യേകമായി പൊതിയാനും അതിന് മുകളില്‍ ഒരു ചുവന്ന കുത്തിടാനും സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഇതുവഴി മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികള്‍ക്ക് സാനിട്ടറി മാലിന്യങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും നിര്‍മ്മാര്‍ജ്ജനം ചെയ്യാനും സാധിക്കും.

കൂടാതെ ചുവന്ന ചായം പൂശിയ ഉന്തുവണ്ടികളില്‍ സാനിട്ടറി മാലിന്യങ്ങള്‍ നിക്ഷേപിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. പ്രചാരണത്തിന്റെ ഭാഗമായി ചുവന്ന സഞ്ചികള്‍ നിര്‍മ്മിച്ച് ഉപഭോക്താക്കള്‍ക്ക് 1.25 രൂപ നിരക്കില്‍ വില്‍ക്കുന്നുമുണ്ട്. കടകളിലും മറ്റും സ്റ്റിക്കറുകളും ബാനറുകളും പതിപ്പിച്ച് പുതിയ പ്രവര്‍ത്തനത്തിന്റെ പ്രചാരണം ജനങ്ങളില്‍ എത്തിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലളിതമായ ഒരു ക്യൂആര്‍ കോഡിലൂടെ റെഡ് ഡോട്ട് ക്യാമ്പയിന്റെ വിശദാംശങ്ങള്‍ പൂനെ വാസികള്‍ക്ക് ലഭ്യമാകുകയും ചെയ്യുന്നു.

എന്നാല്‍ ജനങ്ങള്‍ പൂര്‍ണമായും ഈ പദ്ധതിയോട് പ്രതികരിച്ചു തുടങ്ങിയിട്ടില്ല. സാവധാനത്തിലാണെങ്കിലും പ്രതീക്ഷ നിര്‍ഭരമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മാലതി ഗാഡ്ഗില്‍ പറയുന്നു. സ്വന്തം മാലിന്യങ്ങള്‍ മാന്യമായി സംസ്‌കരിക്കാനുള്ള വഴിയിലേക്ക് ജനങ്ങള്‍ അധികം താമസിയാതെ എത്തിച്ചേരുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.


Next Story

Related Stories