TopTop

വൈഗ ഡാമിന് മേല്‍ തെര്‍മോകോള്‍ വിരിപ്പ്; വരള്‍ച്ച തടയാനുള്ള മണ്ടന്‍ പദ്ധതിക്ക് തമിഴ്നാട് മന്ത്രി ചിലവാക്കിയത് 10 ലക്ഷം രൂപ

വൈഗ ഡാമിന് മേല്‍ തെര്‍മോകോള്‍ വിരിപ്പ്; വരള്‍ച്ച തടയാനുള്ള മണ്ടന്‍ പദ്ധതിക്ക് തമിഴ്നാട് മന്ത്രി ചിലവാക്കിയത് 10 ലക്ഷം രൂപ
ഭരണാധികാരികള്‍ എന്ത് മണ്ടത്തരം കാണിച്ചാലും അത് മുഴുവന്‍ ഒരു പാവം തുഗ്ലക് സുല്‍ത്താന്റെ തലയില്‍ കെട്ടിവെക്കുകയാണ് പതിവ്. എന്നാല്‍ 'തുഗ്ലക്' എന്ന പേരില്‍ ഭരണാധികാരികളെ വിമര്‍ശിക്കുന്നതിനായി ഒരു പത്രം തന്നെ ഇറങ്ങിയിരുന്ന ഒരു സംസ്ഥാനത്ത് നടന്ന ഈ തമാശ കണ്ടാല്‍ ആരും കരഞ്ഞുപോകും. പൊതുജനങ്ങളും പണത്തില്‍ നിന്നും പത്തുലക്ഷം രൂപ ചിലവാക്കിയാണ് തമിഴ്‌നാട് സഹകരണമന്ത്രി ചെല്ലൂര്‍ കെ രാജു ഈ തമാശ ഒപ്പിച്ചത്.


മന്ത്രിയുടെ പരീക്ഷണത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. ജലക്ഷാമം രൂക്ഷമായ തമിഴ്‌നാട്ടിലെ ജലം സൂര്യതാപത്താല്‍ ബാഷ്പീകരിച്ചു പോകാതിരിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തെ ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. മധുരയിലെ വൈഗെ ഡാമിലെ ബാഷ്പീകരണം തടയുന്നതിനായി തെര്‍മോക്കോള്‍ ഷീറ്റുകള്‍ കൂട്ടിക്കെട്ടി ജലം മറയ്ക്കുക എന്ന അതിനൂനത സാങ്കേതികവിദ്യായാണ് അദ്ദേഹം നടപ്പിലാക്കിയത്. സെലോ ടേപ്പ് ഒട്ടിച്ച് തെര്‍മോക്കോള്‍ ഷീറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഡാമിലെ ജലത്തെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം.

ഇതിനായി പൊതുഖജനാവില്‍ നിന്നെടുത്ത പത്തുലക്ഷം രൂപയുടെ തെര്‍മോക്കോളും വാങ്ങി വെള്ളിയാഴ്ച രാവിലെ തന്നെ അദ്ദേഹം വൈഗെ ഡാമിലെത്തി. തന്റെ പുതിയ സാങ്കേതികവിദ്യ കാണാനും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യാനും പ്രധാന മാധ്യമങ്ങളെയെല്ലാം അദ്ദേഹം ക്ഷണിച്ചിരുന്നു.പക്ഷെ കാറ്റിന്റെ ചലനവേഗവും തെര്‍മോക്കോള്‍ ഷീറ്റിന്റെ സാന്ദ്രതയും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഭൗതീകശാസ്ത്ര തത്വം പുതിയ സാങ്കേതികവിദ്യ കണ്ടുപിടിക്കുന്ന തിരക്കില്‍ മന്ത്രി മറന്നുപോയിരുന്നു. പോട്ടെ എന്ന് വെക്കാം. മന്ത്രിയല്ലെ. ഭൗതീകശാസ്ത്രത്തില്‍ അത്ര അവഗാഹം ഒന്നും വേണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ പുത്തന്‍ കണ്ടുപിടിത്തത്തില്‍ മന്ത്രിയുടെ വലംകൈ ആയി നിന്ന മധുര കളക്ടര്‍ വി വീരരാഘവ റാവുവിന് അതാകാമായിരുന്നു. അറിഞ്ഞുകൂടെങ്കില്‍ ആരോടെങ്കിലും ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഉണ്ടായില്ല എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

ഏതായാലും മാധ്യമ പ്രവര്‍ത്തകരുടെ അനുയായി വൃന്ദത്തിന്റെയും നടുവില്‍ മന്ത്രി പണി തുടങ്ങി. തെര്‍മോക്കോള്‍ ഷീറ്റ് വെള്ളത്തിലിടും പറന്നുപോകും. വെള്ളത്തിലിടും പറന്നുപോകും, അടുത്ത ഷീറ്റിടും അതും പറന്നുപോകും ഇങ്ങനെ ശ്രീനിവാസന്‍ സിനിമയിലെ ഡയലോഗ് പോലെ പരീക്ഷണം കുറെ നേരം തുടന്ന് തളര്‍ന്ന മന്ത്രി ഒടുവില്‍ പണി നിറുത്തി. അവിടം കൊണ്ടും തീര്‍ന്നില്ല. കാറ്റിന്റെ ഗതിവേഗവും തെര്‍മോക്കോള്‍ ഷീറ്റിന്റെ സാന്ദ്രതയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് ഭാവിയില്‍ പഠനം നടത്തും എന്ന പ്രതിജ്ഞയുമായാണ് വീരരാഘവ റാവു മടങ്ങിയത്.തെര്‍മോക്കോള്‍ ഉപയോഗിച്ച് ബാഷ്പീകരണം തടയാമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചതായി ചില ശാസ്ത്ര മാസികയില്‍ വായിച്ചതാണ് മന്ത്രിയെ വെട്ടിലാക്കിയത്. പക്ഷെ അത് നിശ്ചലമായ വെള്ളമുള്ള ചെറിയ കുളങ്ങളിലോ അല്ലെങ്കില്‍ തണുത്തുറഞ്ഞ ജലത്തിലോ മാത്രമേ സാധ്യമാവൂ എന്ന് ബാക്കി വായിക്കാതെയാണ് അദ്ദേഹം തന്റെ 'തെര്‍മോക്കോള്‍ സാങ്കേതികവിദ്യയുമായി' ഇറങ്ങി പുറപ്പെട്ടത്. കൂടെ കളക്ടറും.

തന്റെ നാട്ടില്‍ നടന്ന ഈ ക്രൂരകൃത്യം കണ്ട് കണ്ണകി കണ്ണടയ്ക്കട്ടെ എന്ന് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ കഴിയൂ. ഏതായാലും സാമൂഹിക മാധ്യമങ്ങള്‍ ഇരുവര്‍ക്കും പൊങ്കാലയിടുകയാണ്. ടാര്‍പ്പാളിന്‍ വലിച്ചുകെട്ടി സൂര്യനെ മറയ്ക്കുന്നതാണ് ഇതിലും ഭേദം എന്ന് തുടങ്ങി മന്ത്രിക്ക് നോബല്‍ പ്രൈസ് നല്‍കണമെന്ന് അഭിപ്രായപ്പെടുന്നവര്‍ വരെയുണ്ട്.

Next Story

Related Stories