UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടകയില്‍ നടന്നത് 1000 കോടിയുടെ ഓപ്പറേഷന്‍; അട്ടിമറി ശ്രമം ആരംഭിച്ചത് ഒരു വര്‍ഷം മുമ്പെന്നും കര്‍ണാടക പിസിസി പ്രസിഡന്റ്‌ ദിനേശ് ഗുണ്ടു റാവു

വിമത എംഎല്‍എമാരുമായി ഇനിയൊരു സൗഹൃദത്തിന് യാതൊരു സാധ്യതയുമില്ലെന്നും കര്‍ണാടക പിസിസി പ്രസിഡന്റ്‌

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ഒരു വര്‍ഷം മുമ്പ് തന്നെ ശ്രമം തുടങ്ങിയിരുന്നെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു. 1000 കോടി രൂപയുടെ ഓപ്പറേഷനാണ് ബിജെപി നടത്തിയതെന്നും റാവു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം തകര്‍ന്നോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടിയല്ല നല്‍കിയത്. ‘നിയമസഭയില്‍ ഒരുമിച്ച് തന്നെ മുന്നോട്ട് പോകും. തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുകയോ ഇല്ലാതിരിക്കുകയോ ചെയ്യും. പാര്‍ട്ടിയാണ് അത് തീരുമാനിക്കേണ്ടത്. എനിക്ക് അതേക്കുറിച്ച് ഒന്നും പറയാനാകില്ല.’- അദ്ദേഹം വ്യക്തമാക്കി. ഇനി ആദ്യമായി കോണ്‍ഗ്രസില്‍ പുനഃസംഘടനയും വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുമുണ്ട്. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പും ഔദ്യോഗിക നയങ്ങളിലെ പ്രതിഷേധവും മൂലം പുനഃസംഘടന സാധ്യമായിരുന്നില്ല. ഇവിടെ തങ്ങള്‍ക്ക് വോട്ടര്‍മാരുടെ അടിത്തറയും പിന്തുണയുമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ നല്ല പ്രകടനമാണ് കാഴ്ച വച്ചത്. ഈ പിന്തുണ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് ജനങ്ങളിലേക്ക് തിരിച്ച് പോകുകയും ബിജെപിയുടെ അധാര്‍മ്മികവും ജനാധിപത്യ വിരുദ്ധവുമായ മാര്‍ഗ്ഗങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ചിന്താഗതിയും അവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടേണ്ടതുമുണ്ട്. തങ്ങള്‍ രാഷ്ട്രീയപരമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രീയാത്മകമായ ഒരു പ്രതിപക്ഷമായി ഞങ്ങള്‍ നിലകൊള്ളും. ബിജെപിയേക്കാള്‍ നല്ല നേതാക്കള്‍ ഞങ്ങള്‍ക്കുണ്ട്. പുതിയ ആശയങ്ങളും പുതിയ നേതൃത്വവും ഞങ്ങള്‍ തുറന്നെടുക്കും.

വിമത എംഎല്‍എമാരെ തങ്ങള്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ അയോഗ്യതാ പരാതിയുമായി മുന്നോട്ട് പോകും. എല്ലാ തെളിവുകളും അവരെ അയോഗ്യരാക്കാന്‍ പര്യാപ്തമായതാണ്. അവരുമായി ഇനിയൊരു സൗഹൃദത്തിന് യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൂടി അവര്‍ക്ക് തിരികെയെത്താനുള്ള അവസരം ഒരുക്കിയതാണ്. അവര്‍ തിരികെ വരില്ലെന്ന് മനസിലായിട്ടും തങ്ങള്‍ അതേക്കുറിച്ച് വേവലാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എവിടെയാണ് തെറ്റുപറ്റിയതെന്ന് പാര്‍ട്ടിയ്ക്കകത്ത് തന്നെ അന്വേഷണം നടത്തിയോയെന്ന ചോദ്യത്തിന് എവിടെയാണ് തെറ്റിയതെന്ന് തങ്ങള്‍ക്ക് അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേക്കുറിച്ച് തങ്ങള്‍ പരസ്യമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്ത് പോയ നേതാക്കളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത്. അവര്‍ പുറത്തുപോയതോടെ പാര്‍ട്ടിയെ ശുദ്ധീകരിക്കാനുള്ള അവസരം കൂടിയാണ് സാധ്യമായത്. കൂടുതല്‍ അച്ചടക്കത്തോടെ ഒരു ശക്തമായ പാര്‍ട്ടി കെട്ടിപ്പെടുക്കും.

കോണ്‍ഗ്രസ് പ്രത്യയശാസ്ത്രമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയോയെന്ന ചോദ്യത്തിനാണ് അദ്ദേഹം കര്‍ണാടകത്തില്‍ നടന്നത് 1000 കോടിയുടെ ഓപ്പറേഷനാണെന്ന് വെളിപ്പെടുത്തിയത്. ബിജെപി ഇപ്പോള്‍ വലിയൊരു ശക്തിയായി മാറിയിരിക്കുന്നു. എംഎല്‍എമാരെ തട്ടിയെടുക്കാന്‍ എന്ത് വഴിയും നോക്കാന്‍ അവര്‍ക്ക് ശേഷിയുണ്ട്. ഭീഷണിപ്പെടുത്തിയും വലിയ തുക വാഗ്ദാനം ചെയ്തും എംഎല്‍എമാരെ സ്വാധീനിക്കുന്നു. ഒരാള്‍ക്ക് 30ഉം 50ഉം കോടി രൂപ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. എംഎല്‍എമാരെ സ്വാധീനിക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഇന്റലിജന്‍സ് ബ്യൂറോയെയും അവര്‍ ഉപയോഗിക്കുന്നു. രാജ്യത്ത് ഒരു പാര്‍ട്ടിയും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

read more: വാടക വീട് കിട്ടിയില്ലെന്ന വിവാദങ്ങള്‍ക്ക് വിട; നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിയുടെ വീട് വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനം വടക്കേക്കര പഞ്ചായത്ത് ആരംഭിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍