UPDATES

ഐഎസുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയില്‍ ആദ്യ ശിക്ഷ; രണ്ടു പേര്‍ക്ക് ഏഴ് വര്‍ഷം തടവ്

ഐഎസില്‍ ആളുകളെ ചേര്‍ക്കുകയും ഫണ്ട് സംഘടിപ്പിക്കുകയും ചെയ്യുന്നതിനായി ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്ന് കുറ്റസമ്മതം

ഭീകരസംഘടനയായ ഇസ്ലാമിക സ്റ്റേറ്റില്‍ ആളുകളെ ചേര്‍ക്കുകയും ഫണ്ട് സംഘടിപ്പിക്കുകയും ചെയ്യുന്നതിനായി ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്ന് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന്, ഒരു പ്രത്യേക കോടതി രണ്ടു പേരെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചു. ഒരു മാസം മുമ്പ് കോടതി ഇരുവര്‍ക്കുമെതിരെ ചാര്‍ത്തിയ കുറ്റകൃത്യങ്ങളില്‍ തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള മുഹമ്മദ് ഫര്‍ഹാന്‍ ഷെയ്ക് (25), ജമ്മുകാശ്മീരില്‍ നിന്നുള്ള അസര്‍-ഉല്‍-ഇസ്ലാം (24) എന്നിവരെയാണ് ജില്ല ജഡ്ജി അമര്‍ നാഥ് ശിക്ഷിച്ചത്. ഐഎസുമായി ബന്ധപ്പെട്ട കേസില്‍ ഇതാദ്യമായാണ് എന്‍ഐഎ കോടതി ആരെയെങ്കിലും ശിക്ഷിക്കുന്നത്.

‘തങ്ങള്‍ക്കെതിരായി ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ പശ്ചാത്താപമുണ്ടെന്നും തങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലെന്നും മുഖ്യധാരയില്‍ ചേരാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നതിനായി സ്വയം പുനരധിവസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ‘ പറഞ്ഞുകൊണ്ടുള്ള ഒരു അപേക്ഷ അഭിഭാഷകന്‍ എംഎസ് ഖാന്‍ മുഖേന അവര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ‘ആരുടെയും സമ്മര്‍ദത്തിനോ ഭീഷണിക്കോ ബലപ്രേയോഗത്തിനോ അല്ലെങ്കില്‍ അനാവശ്യ സ്വാധീനത്തിനോ വഴങ്ങിയല്ല അപേക്ഷകര്‍ കുറ്റസമ്മതം നടത്തിയതെന്നു,’ അപേക്ഷയില്‍ പറഞ്ഞിരുന്നു.

ഇസ്ലാമിക സ്റ്റേറ്റിനായി ധനസമാഹരണം നടത്തുന്നതിനും ഭീകര സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കുന്നതിനുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ക്കും 36കാരനായ അദ്‌നാന്‍ ഹസനും കഴിഞ്ഞ മാസം കോടതി കുറ്റപത്രം നല്‍കിയിരുന്നു. ഇതേ കോടതിയില്‍ തന്നെ ഹസന്റെ വിചാരണ പ്രത്യേകമായി നടക്കുകയാണ്.

യുഎപിഎയിലെ ചട്ടങ്ങള്‍ പ്രകാരവും ഐപിസി ചട്ടങ്ങള്‍ പ്രകാരവുമാണ് പ്രതികള്‍ക്ക് എതിരെ കുറ്റകരമായ ഗൂഢാലോചന നടത്തി എന്ന ആരോപണത്തില്‍ കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 28നാണ് മൂന്ന് പ്രതികള്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തത്. അബുദാബിയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയതിന്റെ പിറ്റെ ദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2008നും 2012നും ഇടയില്‍ തൊഴിലുമായി ബന്ധപ്പെട്ട് ഹസനും ഷേയ്ഖും തുടര്‍ച്ചയായി യുഎഇ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. 2015 ജൂലൈയിലാണ് ഇവരോടൊപ്പം ചേരുന്നതിനായി ഇസ്ലാം യുഎഇയില്‍ എത്തിയത്.

ഹസന്‍ നേരത്തെ ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പിന്നീട് ഇസ്ലാമിക സ്റ്റേറ്റിനോട് ചായ്വ് പ്രകടിപ്പിക്കുകയുമായിരുന്നു എന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. ഐഎസ്‌ഐഎസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും ആളുകളെ ചേര്‍ക്കുന്നതിനും ധനസമാഹരണം നടത്തുന്നതിനും സംഘടനയില്‍ ചേരുന്നതിനായി ആളുകളെ സിറിയയില്‍ എത്തിക്കുന്നതിന് യാത്ര സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സംഘടനയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുമായി ഇവര്‍ അറിയപ്പെടുന്നവരും അല്ലാത്തവരുമായ മറ്റ് സഹായികളുടെ മൗനാനുവാദത്തോടെ ക്രിമിന്ല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ നടത്തിയ കുറ്റപത്രത്തില്‍ അവകാശപ്പെട്ടിരുന്നു.

ഗൂഢാലോചന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രതികള്‍ അനേകം ഇമെയില്‍ വിലാസങ്ങള്‍ ഉണ്ടാക്കുകയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇവരുടെ സഹായികളില്‍ നിന്നും ലഭ്യമായി നിരവധി മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുകയും ഇന്റര്‍നെറ്റ് ഉപോയഗിച്ച് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, കിക്‌സ വികോണ്‍ടേക്ക്, വിബര്‍, സ്‌കൈപ്പ് എന്നിവയില്‍ നിരവധി ഓണ്‍ലൈന്‍ ചര്‍ച്ച വേദികളും ഗ്രൂപ്പുകളും സൃഷ്ടിക്കുകയും വിവിധ രാജ്യങ്ങളിലുള്ള സമാനമനസ്‌കരെ അതിലേക്ക് ക്ഷണിക്കുകയും പങ്കാളികളാക്കുകയും ചെയ്തതായി അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പ്രതികള്‍ ഒരു ഭീകര ഗ്രൂപ്പായും ഐഎസിന്റെ മുന്‍നിര സംഘമായും പ്രവര്‍ത്തിക്കുകയും ഐഎസ്‌ഐഎസിനെ പിന്തുണയ്ക്കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുമായി സ്വന്തം രാജ്യം വിട്ട് സിറിയയിലേക്ക് പോകുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രചോദിപ്പിക്കുകയും പ്രേരിപ്പിക്കുകയും ക്ഷണിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തു,’ എന്ന് അത് ആരോപിക്കുന്നു.

ഐഎസിന്റെ പ്രത്യയശാസ്ത്രവും ഭീകര പ്രവര്‍ത്തനങ്ങളും നിലനിറുത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രതികള്‍ സജീവമായി ഇടപെട്ടിരുന്നതായി ഏജന്‍സി പറഞ്ഞു.
‘ഐഎസ്‌ഐഎസിനെ പിന്തുണയ്ക്കുന്നവരും അതിലെ അംഗങ്ങളുമാണ് തങ്ങള്‍ എന്ന് ഇവര്‍ സ്വയം അവകാശപ്പെടുകയും വാദിക്കുകയും മറ്റുള്ളവരില്‍ നിന്നും പിന്തുണ ക്ഷണിക്കുകയും ഐഎസ്‌ഐഎസിന്റെ ഭീകര പ്രവര്‍ത്തനങ്ങളെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അഭിപ്രായങ്ങള്‍, പേജുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍, സാഹിത്യം തുടങ്ങിയ കുറ്റകരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഈ സംഘടനയിലേക്ക് മറ്റുള്ളവരെ അംഗങ്ങളാക്കുന്നതിന് മറ്റുള്ളവരെ ഗുണദോഷിക്കുകയും പ്രേരിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിരുന്നതായും ഐഎസ്‌ഐഎസിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ പരസ്യമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുയും പുകഴ്ത്തുകയും ചെയ്തിരുന്നതായും,’ എന്‍ഐഎ അവകാശപ്പെട്ടിരുന്നു.

‘ഇവര്‍ യുഎഇയില്‍ നിന്നും ധനസമാഹരണം നടത്തുകയും ഐഎസ്‌ഐഎസില്‍ ചേരുന്നതിന് സിറിയയിലേക്കുള്ള യാത്രയ്ക്കുള്ള സഹായം എന്ന നിലയില്‍ അത് ഇന്ത്യ, ഫിലിപ്പിന്‍സ്, ടുണീഷ്യ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് കൈമാറുകയും ചെയ്തു,’ എന്നും ഏജന്‍സി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍